Social Icons

Featured Posts

Thursday, July 6, 2017

2...കളരിയിലേക്ക്1924 ജൂലായ് 8 നു(മലയാളവർഷം 1100 എടവം 26)വാഴേങ്കട ക്ഷേത്രപരിസരത്തുള്ള മല്ലിശ്ശേരി നീലകണ്ഠൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ നടത്തിയിരുന്ന കഥകളിക്കളരിയിൽ കുഞ്ചു കഥകളി പഠിക്കാൻ കച്ചകെട്ടി. കഥകളിയഭ്യാസം തുടങ്ങിയപ്പോ
ൾ അമ്മയെ വിട്ടു നില്ക്കേണ്ടി വന്നു. അമ്മ കാറല്മണ്ണയിലും കുഞ്ചു വാഴേങ്കടയിലുമായി. പാലക്കാട് ജില്ലയിലെ ചെർപ്പുളശ്ശേരിക്കടുത്തു ഗ്രാമമാണു കാറല്മണ്ണ എന്നു മുന്നേ സൂചിപ്പിച്ചിരുന്നല്ലൊ.. വള്ളുവനാടു താലൂക്കിലെ മലകളും കുന്നുകളും പുഴകളും തോടുകളും നിറഞ്ഞ സാംസ്ക്കാരികത്തനിമകളുടെ ഉരകല്ലായിരുന്നു ആ സ്ഥലം. അഷ്ടമി രോഹിണിനാളിൽ കുഞ്ചു കൃഷ്ണനായി ജന്മം കൊണ്ട മണ്ണു. അക്കാലത്ത് ആയുർവേദചികിൽസക്കും വിഷചികിൽസക്കും വിദഗ്ദ്ധരായ വൈദ്യന്മാരും കാറല്മണ്ണയിലുണ്ടായിരുന്നു. മൺ മറഞ്ഞുപോയ പുള്ളുവസംഗീതത്തിന്റെ നാവൂറുകളും ഈ മണ്ണിലുയർന്നുകേട്ടിരുന്നു.അവിടെ നിന്നും മകനെ കാണാൻ കുഞ്ചുവിന്റെ അമ്മ ഇടക്കിടെ വാഴേങ്കടക്ക് പോവും.

വാഴേങ്കട കളരിയിൽ ആദ്യം അഞ്ചു വിദ്യാർത്ഥികളാണുണ്ടായിരുന്നത്. എല്ലാവരും വാഴേങ്കടക്കാർ. അഭ്യാസച്ചിലവുകളിൽ ഗുരുവിന്റെ ഭക്ഷണം മല്ലിശ്ശേരി നമ്പൂതിരി നല്കും. വിദ്യാർത്ഥികൾക്ക് വേണ്ടതായ എണ്ണ നെയ്യ് ഗുരുവിന്റെ ശമ്പളം മുതലായവ രക്ഷിതാക്കൾ ചെയ്യണം. കുഞ്ചുവിനെ സംബന്ധിച്ച എല്ലാം ബുദ്ധി മുട്ടുതന്നെയായിരുന്നു. മരിച്ചുപോയ വലിയമ്മയുടെ മകൻ രാമേട്ടന്റെ കനിവു കൊണ്ടാണു ഭക്ഷണം തന്നെ കിട്ടിയിരുന്നത്. ബാക്കി ചിലവുകൾക്കും ഗുരുനാഥനു കൊടുക്കാനും ഉള്ള ത് അമ്മയും ഏട്ടനും കടം മേടിച്ചിട്ടാണെങ്കിലും സമയത്ത് എത്തിച്ചുകൊടുത്തു. ജീവിതത്തിന്റെ ഗതിയില്ലായ്മകൾ പലപ്പോഴും കുഞ്ചുവിനെ വിഷമിപ്പിച്ചു. എന്നാലും മുമ്പിൽ ഒരുറച്ച ലക്ഷ്യമുണ്ട്. മുന്നിലെ കല്ലും മുള്ളും കുപ്പിച്ചില്ലുകളും വകഞ്ഞുമാറ്റി തന്നെ പോകണം. പിൻ മടങ്ങരുത്..പലപ്പോഴും മനസ്സ് ഓർമ്മിപ്പിച്ചു. കഷ്ടപ്പാടിന്റെ നൂൽപ്പാലം താണ്ടുമ്പോഴും കഥകളിയെന്ന മഹത്തായ കല മനസ്സിന്റെ മതിഭ്രമങ്ങളെ തളച്ചിട്ടു.

കരിയാട്ടിൽ കോപ്പൻനായരുടെശിക്ഷണമായിരുന്നു ആദ്യവർഷങ്ങളിൽ..കുഞ്ചുവിന്റെ കഥകളിയിലെ ബാലപാഠങ്ങൾ അവിടെ തുടങ്ങി.
വെള്ളത്താടിയും ചുവന്ന താടിയും കെട്ടിയിരുന്ന അദ്ദേഹം ഏറ്റവും പ്രശസ്തനായത് ബകവധത്തിലെ ആശാരിയിലൂടെയായിരുന്നു.കഥകളിക്കു ചേരുന്ന പല വിദ്യാർത്ഥികളും അഭ്യാസത്തിന്റെ കാഠിന്യം നിമിത്തം പഠിത്തം നിർത്തുകയോ കളരി വിട്ടുപോവുകയൊ പതിവാണു. എന്നാൽ കോപ്പന്നായരുടെ ശിക്ഷണം ആദ്യം കുട്ടികളുടെ മനസ്സ് വായിച്ചെടുത്ത ശേഷമുള്ള ശിക്ഷണരീതിയായിരുന്നു . അതിനാൽ അദ്ദേഹത്തിന്റെ കളരിയിൽ കുട്ടികൾക്ക് കഥകളിയോടുള്ള അകല്ച്ച കുറയുകയും അടുപ്പം കൂടുകയും ചെയ്തു. അദ്ദേഹത്തിന്റെ ശൈലികൾ ഓരോ ദിവസവും കഥകളിയോടുള്ള അടുപ്പം വർദ്ധിപ്പിച്ചു.
കളരിയിലെ ആറുമാസം പോയതറിഞ്ഞില്ല. കഥകളിയിലെ രംഗദേവതാവന്ദനമെന്നോ അഥവാ അതിന്റെ ശുഭാപ്തിപ്രാർത്ഥനയെന്നോ ആയി കല്പ്പിക്കപ്പെട്ടിരുന്ന തോടയം പുറപ്പാട് എന്നിവ പഠിച്ചുതുടങ്ങി. അഭ്യാസത്തിന്റെ ഓരോ ഘട്ടങ്ങൾ. അവസാനം ഒരു മാസത്തോളം രാത്രി വിളക്കു വെച്ച് തിരശ്ശീല പിടിച്ച് കാലിൽ കച്ചമണിയും കെട്ടി സന്ദർഭത്തിന്നനുസരിച്ച് ഗദ വാൾ അമ്പ് എന്നിവധരിച്ച് അലർച്ചയോടും തിരനോക്കോടും കൂടിയതുമായ രാച്ചൊല്ലിയാട്ടം അഭ്യസിച്ചു അതോടൊപ്പം ചില കുട്ടിത്തരം വേഷങ്ങളും പഠിച്ചുതുടങ്ങി. അതെല്ലാം അരങ്ങത്തവതരിപ്പിക്കാമെന്ന മനോധൈര്യം മെല്ലെ കൈവന്നതുപോലെ. ഗുരുനാഥനും ശിഷ്യന്റെ കഴിവിൽ പൂർണ്ണ ബോധ്യം വന്നു.
1925 ഡിസംബർ 20 ധനുമാസത്തിലെ അവിട്ടം നക്ഷത്രം. അന്നത്തെ വിഭാതമേറെ കാന്തിയണിഞ്ഞതുപോലെ കുഞ്ചുവിനു തോന്നി. പുതിയ ചില ജീവിത ചൊല്ലുകളുടെ തിരനോട്ടം. കിളികളുടെ വായ്ത്താരികളിൽ പുതിയ പകലിന്റെ ജതികൾ,. പ്രഭാതത്തിൽ വിരിഞ്ഞുനില്ക്കുന്ന പൂവുകളിൽ വട്ടമിട്ടു പറക്കുന്ന വണ്ടുകളും ശലഭങ്ങളും മാമാങ്കനൃത്തച്ചുവടുകൾ വെക്കുന്ന മാമരച്ചില്ലകൾ കൺ തുറന്ന പുലരിയൊ സ്വപ്നത്തിടമ്പേന്തി മുന്നിൽ...ജീവിതത്തിനു പുതിയ അർത്ഥതലങ്ങൾ തളിരിടുന്നു. ഉദിച്ചുയരുന്നു ഒരു കുഞ്ഞുസൂര്യൻ!“ലോലപീതാംബര ചാർത്തുകൾക്കപ്പുറം
പീലിമുടിവനമാലകൾക്കപ്പുറം
പ്രീതിപ്പൊലിമ തൻ പൊൻ തിടമ്പാം
മഹാജ്യൊതിസ്വരൂപനെ ക്കാനുന്നതില്ലയോ”

ചിരകാലാഭിലാഷത്തിന്റെ നാന്ദി കുറിക്കുന്ന ശുഭമുഹൂർത്തം സമാഗതമാകുന്നു. കുഞ്ചുവിന്റെ അരങ്ങേറ്റം! കൃഷ്ണമുടി വെച്ച പുറപ്പാട്. രാവിലെ വാഴേൻകട തേവരെ തൊഴുതു പ്രാർത്ഥിച്ചു. കഥകളി പഠിക്കാൻ വേണ്ട സഹായങ്ങൾ ചെയ്തുതന്ന മല്ലിശ്ശേരി നമ്പൂതിരിയേയും മറ്റുള്ളവരേയും ചെന്ന് കണ്ട് അനുഗ്രഹാശിസ്സുകൾ വാങ്ങി. വൈകുന്നേരം ആശാൻ പറഞ്ഞതനുസരിച്ച് അണിയറയിലെത്തി .കേളികൊട്ടിന്റെ മന്ദ്രധ്വനിയിൽ അവിടെയുള്ള കുന്നുകൾ പുളകിതരായപ്പോൾ കുഞ്ചുവിന്റെ ഉള്ളും കുളിർത്തു. അണിയറയിലെ തെളിഞ്ഞുകത്തുന്ന നിലവിളക്കിൻ തിരിയിൽ കുഞ്ചു ഒരു വാഴ്വിന്റെ സംഗീതം കേട്ടു. താഴെ നിവർത്തിയിട്ട പായകൾ, വേഷമൊരുങ്ങുന്നവർ, തൂക്കിയിട്ട മെയ്ക്കോപ്പുകൾ ,കിരീടങ്ങൾ വലിയ കളിപ്പെട്ടികൾ ..എത്രയോ തവണ ഇതൊക്കെ ഒന്നു തൊടാൻ കൊതിച്ചിരുന്ന മനസ്സ്...സാർത്ഥകമായ വർത്തമാനനിമിഷം വിശ്വസിക്കാനാവാതെ....നിലവിളക്കിനു മുന്നിലിരുന്നു പ്രാർത്ഥിച്ചു. മനസ്സ് വികാരഭരിതമായി. ആശാൻ മോതിരവിരൽകൊണ്ട് മനയോല തൊട്ട് ഹൃദയത്തിൽ വെച്ച് ധ്യാനിച്ച് ശിഷ്യന്റെ മുഖത്ത് ആ മനയോല തൊട്ടു. ചുട്ടികുത്തലിനു ശേഷം ശിരസ്സിൽ കൃഷ്ണമുടിക്കിരീടം ചാർത്തിക്കൊടുത്തു.അസുലഭനിമിഷത്തിന്റെ ഗുരുകടാക്ഷം. അടുത്ത് സന്തോഷാശ്രുക്കൾ തൂകി എന്നും ഒപ്പം കൂട്ടായി നിന്ന സ്നേഹനിധിയായ അമ്മയേയും ഗുരുസ്ഥാനീയരേയും പ്രണമിച്ചു. കുഞ്ചു ഹൃദയദുന്ദിഭത്തോടെ അരങ്ങത്തേക്ക് .

കഥകളി രംഗത്തെ പ്രശസ്തരായ ഇലപ്പുള്ളി കേശവൻ നായർ(ഭാഗവതർ) മൂത്തമന കേശവൻ നമ്പൂതിരി(ചെണ്ട) തിരുവില്വാമല മാധവവാരിയർ(മദ്ദളം) എന്നിവർക്കൊപ്പമുള്ള അരങ്ങിലാണു കുഞ്ചുവിന്റെ കൃഷ്ണവേഷം .പകുതി താഴ്ത്തിയ തിരശ്ശീലക്കൊപ്പം ആലവട്ടവും മേലാപ്പും ...ഒട്ടും പരിഭ്രമിക്കാതെ പുറപ്പാടെടുത്തു. അന്നു തന്നെ പട്ടിക്കാംതൊടിക്കൊപ്പം സുഭദ്രാഹരണത്തിലെ കൃഷ്ണനായും ആടാനായത് ഗുരുത്വം എന്നേ പറയേണ്ടു. അപൂർവ്വ പുണ്യത്തിന്റെ മൌനമുദ്രിതമായ ഇടങ്ങൾ!അന്നുമുതൽ പിന്നീട് എല്ലാവർഷവും വാഴേങ്കട കളിക്ക് കുഞ്ചുവിന്റെ പുറപ്പാട് നിർബന്ധമായിരുന്നു. അരങ്ങേറ്റത്തിനു ശേഷം മറ്റു ചില വേഷങ്ങൾ കെട്ടിയും അരങ്ങിനോടും കഥകളിയോടും ഉള്ള ഇഴയടുപ്പം കൂടിവന്നു. വർഷക്കാലത്ത് കഥകളിയഭ്യാസവും വേനല്ക്കാലത്ത് ഗുരുനാഥന്നൊപ്പം കളിക്കും പോയിത്തുടങ്ങി.

അപ്പോഴേക്കും കുട്ടിത്തരം മുഴുവനും അല്പ്പം ഉയർന്ന നിലയിലുള്ള ചില ഭാഗങ്ങളും പരിചയിക്കാൻ തുടങ്ങി. അഭ്യാസത്തിന്റെ മൂന്നാം കൊല്ലം മുതൽ കല്ലുവഴി ഗോവിന്ദപിഷാരോടിയുടെ കീഴിലായി പഠനം. അസാധാരണവേഷഭംഗിയും അഭ്യാസബലവും അദ്ദേഹത്തിന്റെ വേഷത്തിന്റെ സവിശേഷഗുണങ്ങളായിരുന്നു. ഈ കാലമായപ്പോഴേക്കും ഭക്ഷണം തന്നിരുന്ന വലിയമ്മയുടെ മകൻ നേരിയ തോതിൽ അകല്ച്ചയും ഇഷ്ടക്കേടും ഭാവിച്ചുതുടങ്ങി. എന്നാൽ കഥകളിയെ അളവറ്റ് സ്നേഹിച്ച കുഞ്ചുവിനെ ഇത്തരം അല്പ്പത്തരങ്ങൾ അലട്ടിയില്ല. മനസ്സ് കഥകളിയിൽ മാത്രം വ്യാപരിച്ചു.

കഥകളി കേരളീയരുടെ സാംസ്ക്കാരികമേന്മയുടെ ഉരകല്ലാണു.എന്നാൽ സങ്കേതബദ്ധമായ ഈ കലയിൽ തന്നെ അവാന്തരവിഭാഗങ്ങളുണ്ട്. തെക്ക് നടുക്ക് വടക്ക് എന്നിങ്ങനെ. തെക്കർ ഭാവാവിഷ്ക്കരണത്തിനു പ്രാധാന്യം കല്പ്പിക്കുപ്പോൾ വടക്കർ മെയ്യഭ്യാസത്തിനു പ്രാധാന്യം നല്കുന്നു എന്ന് അഭിപ്രായങ്ങൾ. നടുക്കരുടെ നില മേല്പ്പറഞ്ഞ രണ്ടിൽ നിന്നും വ്യത്യാസമത്രെ. വടക്ക് മെയ്യഭ്യാസം എന്നത് കളരിപയറ്റിന്റെ പാരമ്പര്യത്തിൽ നിന്നുകൊണ്ടാണു വീക്ഷിക്കുന്നത്. തെക്കും വടക്കും നിന്ന ഈ കല മദ്ധ്യമലയാളത്തിലേക്ക് കടന്നപ്പോൾ അതിന്റെ രൂപവും ഭാവവും മാറി എന്ന് ചരിത്രകാരന്മാർ പറയുന്നു. പ്രാകൃതമായിരുന്ന ഈ കലയെ പരിഷ്ക്കരിച്ചത് കല്ലടിക്കോട് നമ്പൂതിരിയും കപ്ളിങ്ങാട് നമ്പൂതിരിയും ആണത്രെ. മധ്യകേരളത്തിലും ഈ കലയുടെ പരിഷ്ക്കരണത്തെകുറിച്ച് പലരും ചിന്തിച്ചിരുന്നു. അതിൽ നിന്നും ഉരുത്തിരിഞ്ഞുവന്നതാണു കഥകളിയിലെ കല്ലുവഴിച്ചിട്ട. കൈമുദ്രകളുടെ വെടിപ്പ് ഭാവാഭിനയത്തിന്റെ പൂർണ്ണത, ആട്ടത്തിന്റെ ഒതുക്കവും നിയന്ത്രണവും ഇവയാണു കല്ലുവഴിച്ചിട്ടയുടെ സവിശേഷതകൾ. കല്ലുവഴിച്ചിട്ടയുടെ കുലഗുരു ഇട്ടിരാരിച്ചമേനോനായിരുന്നു. കൊടുങ്ങല്ലൂർ തമ്പുരാക്കന്മാരിൽ നിന്നും,ഗുരു ഇട്ടിരാരിച്ചമേനോനിൽ നിന്നും ലഭിച്ച കല്ലുവഴിച്ചിട്ടയെ കടുകു കീറി പരിശോധിച്ച് ഉലയിലൂതിയ സ്വർണ്ണം പോലെ കാച്ചിയെടുത്ത് ജീവൻ നല്കിയവരിൽ പ്രധാനി പട്ടിക്കാംതൊടിയായിരുന്നു. . അഞ്ചാമത്തെ കൊല്ലം മുതൽ കുഞ്ചുവിന്റെ ശിക്ഷണം കല്ലുവഴിചിട്ടയുടെ കുലപതി ശ്രീ പട്ടിക്കാംതൊടി രാവുണ്ണിമേനോന്റെ കളരിയിലായിരുന്നു. നിഷ്കൃഷ്ടമായ ചൊല്ലിയാട്ടക്രമങ്ങൾ കുഞ്ചു സ്വായത്തമാക്കി. ചൊല്ലിയാട്ടം എന്ന വാക്കിനു കഥകളിയുടെ സൌന്ദര്യശാസ്ത്രത്തെ വിശദമാക്കാനുതകുന്ന ഒന്നിലധികം നിർവ്വചനങ്ങളുണ്ടെന്ന് പണ്ഡിതമതം.മെയ്യുറപ്പടവു മുതൽ കലാശങ്ങളും തോടയവും പുറപ്പാടും വരേയുള്ള എണ്ണങ്ങൾ അഭ്യസിച്ചു കഴിഞ്ഞ വിദ്യാർത്ഥി , പാട്ടും കൊട്ടും ചേർത്ത് പദാഭിനയം ശീലിച്ചുതുടങ്ങുന്നു. കളരിയിൽ നടക്കുന്ന ഈ പദാഭിനയത്തെ സാങ്കേതികമായി “ചൊല്ലിയാട്ടം” എന്നു പറയും. ഇപ്രകാരം വേഷം കെട്ടാതെ കളരിയിൽ ചെയ്യുന്ന പദാഭിനയപരിശീലനമെന്നതാണു ചൊല്ലിയാട്ടത്തിന്റെ കളരിനിയമപ്രകാരമുള്ള അർത്ഥം. കഥകളിയുടെ വ്യാകരണശാസ്ത്രം അറിഞ്ഞുകൊണ്ടുള്ള പഠനത്തിലൂടെ ആട്ടത്തിൽ കർശനമായ ഔചിത്യം പാലിക്കുന്ന പട്ടിക്കാംതൊടൊയുടെ ശിക്ഷണത്തിൽ നായകവേഷങ്ങൾ ധൈര്യപൂർവ്വം രംഗത്തവതരിപ്പിക്കാനുള്ള ഉൾക്കരുത്ത് ഇക്കാലമായപ്പോഴേക്കും കുഞ്ചു നേടി. കൃത്യവും വ്യക്തവുമായ ചൊല്ലിയാട്ട നിഷ്ഠകളിലൂടേയും മെയ്യഭ്യാസത്തിന്റെ ലാവണ്യമാർന്ന രീതിശാസ്ത്രത്തിലൂടേയും വളർന്നു വരുന്ന ഒരു വിദ്യാർത്ഥി കറകളഞ്ഞ നല്ലൊരു നടനായി വാർത്തെടുക്കപ്പെടുന്നു. ആ ഗുണഗണങ്ങൾ കുഞ്ചുവിനും ലഭിച്ചു. “ലോകത്തിൽ കലകൾ പലതുമുണ്ട്. എല്ലാം എല്ലാവർക്കും ഒരു പോലെ സ്വാധീനമായിക്കൊള്ളണമെന്നില്ല. ഒന്നിൽ മാത്രം മനസ്സുറപ്പിച്ച് അതിനെ കൈവശപ്പെടുത്തി ഉയരത്തിലെത്തുക” എന്ന ആശാന്റെ വാക്കുകൾ എപ്പോഴും ഓർക്കുകയും അതിനനുസരിച്ച് കഠിനപ്രയത്നത്തിലേർപ്പെടുകയും ചെയ്തു. 

കച്ചമണിക്കിലുക്കം........... 1


വാനിന്റെ വിസ്തൃതമായ മണ്ഡലത്തിലാണല്ലൊ നക്ഷത്രങ്ങൾ വന്നുവീണു പ്രകാശം ചൊരിയുന്നത്. ജന്മം കൊണ്ട് മനുഷ്യരിൽ ചിലർ സൂര്യനായും ചന്ദ്രനായും നക്ഷത്രങ്ങളായും ഭൂമിയിലെ അല്പ്പകാലത്തെ മിന്നാമിനുങ്ങുകളായും പ്രകാശം ചൊരിയാറുണ്ട്.സൂര്യ ചന്ദ്ര നക്ഷത്രശോഭകൾ കാലവിപര്യയങ്ങൾക്കുള്ളിൽ മറഞ്ഞാലും അതിന്റെ തേജസ്സ് ഭൂമിയിലെ അനന്തരകാലത്തെ തേജോമയമാക്കും. അതാണു ആ ശോഭകളുടെ ഓജസ്സ്. ഓരോ മേഖലകളിലും അത്തരം സൂര്യതേജസ്സുകൾ കാലത്തെ പ്രതിനിധീകരിക്കാറുണ്ട്.
വള്ളുവനാട്ടിലെ പ്രകൃതിമനോഹരമായ ഒരു ഗ്രാമമാണു പാലക്കാട് ജില്ലയിൽ ചെർപ്പുളശ്ശേരിക്കടുത്തുള്ള കാറൽ മണ്ണ എന്ന കൊച്ചുദേശം. .കൂട്ടത്തിൽ കൂടുതൽ നായന്മാരും നമ്പൂതിരിമാരും താമസിക്കുന്നയിടം.നായർത്തറവാടുകളിലധികവും സാമ്പത്തികമായി ശോഷിച്ചുപോയിരുന്നു. നായന്മാർ നമ്പൂതിരിയില്ലങ്ങളിൽ കാര്യസ്ഥപ്പണിയും,ദാസ്യവൃത്തിയും ആയി കഴിഞ്ഞിരുന്ന ഒരു കാലം. അങ്ങിനെ ശോഷിച്ചുപോയ ഒരു ശാഖയിൽ പെട്ട തറവാടായിരുന്നു “ചേനമ്പുറത്ത്” വീട്. ദാരിദ്ര്യവും പരിദേവനങ്ങളും ഇരുൾ പടർത്തിയ ഇടനാഴിയിൽ തങ്ങളുടെ ഇല്ലായ്മയിലും വല്ലായ്മയിലും ഒതുങ്ങിക്കൂടിയിരുന്നവർ. ചേനമ്പുറത്തു വീട്ടിലെ അംഗമായിരുന്നു ഇട്ടിച്ചിരിയമ്മയും അവരുടെ ജ്യേഷ്ഠസഹോദരി കുഞ്ഞുകുട്ടിയമ്മയും. വാഴേങ്കടയിലുള്ള ഒരാളായിരുന്നു കുഞ്ഞികുട്ടിയമ്മയുടെ ഭർത്താവു .അവർ ഭാര്യയേയും മക്കളെയും വാഴേങ്കടയിലേക്കു കൊണ്ടുപോയപ്പോൾ അനിയത്തി ഇട്ടിച്ചിരിയമ്മയും മകനും ഒറ്റപ്പെട്ടു. ഭർത്താവും അടുത്തില്ല. കുഞ്ഞിക്കുട്ടിയമ്മ സഹോദരിയേയും മകൻ നാരായണനേയും വാഴേങ്കടയിലേക്ക് ഒപ്പം കൂട്ടി. വാഴേങ്കട വെച്ച് ഇട്ടിച്ചിരിയമ്മയുടെ ഭർത്താവ് മരിച്ചു.കുറച്ചുകാലങ്ങൾക്കു ശേഷം നിരാശ്രയായ ഇട്ടിച്ചിരിയമ്മയെ നെടുമ്പെട്ടി വീട്ടിൽ ഗണപതിനായർ വിവാഹം കഴിച്ചു . ഭാര്യയേയും അവരുടെ മകനേയും സംരക്ഷിച്ചു. തൃക്കടീരി മനക്കലെ കാര്യസ്ഥനായിരുന്നു ഗണപതിനായർ. ജീവിതം ഒരു പുഴ പോലെ ഒഴുകുമ്പോൾ അവർക്കൊരു മകൻ ജനിച്ചു. 1085 ചിങ്ങമാസത്തിലെ അഷ്ടമിരോഹിണി നാളിൽ. ആ ദിവസത്തെ പ്രത്യേകതയാൽ അവർ മകനു കൃഷ്ണനെന്നു പേരിട്ടു. പക്ഷേ അമ്മയുടെ നാവിൻ തുമ്പിലെപ്പോഴും അവനെ കുഞ്ചുവെന്ന് വാൽസല്യപൂർവ്വം നീട്ടിവിളിച്ചു.അപ്പോഴും ജീവിതം പ്രതിസന്ധിയിൽ തന്നെ. സ്വന്തമായൊരു വീടില്ല. വലിയമ്മയുടെയും മക്കളുടേയും ഉദാരതയിൽ തന്നെ കഴിയുന്നു. ഇടക്കൊക്കെ അവിടെ ഉയരുന്ന കാർമേഘങ്ങൾ. സ്വന്തമാണെങ്കിലും ഓരോ കുടുംബങ്ങളാകുമ്പോൾ അവിടെ എപ്പോഴൊക്കെയോ പിളർപ്പുകളും വിള്ളലുകളും ആരംഭിക്കുന്നു. അച്ഛൻ ഇടയ്ക്കു മാത്രം വന്നുപോകുന്ന ഒരതിഥിയെപ്പോലെ. കുഞ്ചുവും അമ്മയും ജ്യേഷ്ഠനും മാത്രം അവിടെ. അപ്പോഴാണു വലിയമ്മയുടെ മരണം നടന്നത്. അതോടു കൂടി അവിടെ താമസിക്കുവാൻ നിർവാഹമില്ലതായി. അവിടെ നിന്നും എത്രയും വേഗം മാറിത്താമസിക്കുകയെന്നത് അനിവാര്യമായി. അവസാനം അച്ഛന്റെ കഠിനാദ്ധ്വാനത്തിന്റെ ഫലമായി കാറൽ മണ്ണയിൽ ഒരു വീടെടുത്ത് അവിടേക്കു തന്നെ ഇട്ടിച്ചിരിയമ്മ മക്കളെയും കൂട്ടിപ്പോന്നു. അമ്മയുടെ ബ്രഹ്മാലയ ദാസ്യവും അച്ഛന്റെ കാര്യസ്ഥപ്പണിയും കൊണ്ട് കിട്ടുന്ന തുച്ഛമായ വരുമാനത്തിൽ ആ അമ്മ ജീവിതത്തെ പിടിച്ചുനിർത്തി. വ്യക്തമായ ചില കള്ളികൾക്കുള്ളിൽ അപ്പോൾ ജീവിതത്തെ തളച്ചിടേണ്ടി വരുന്നു. ഇല്ലെങ്കിൽ ജീവിതത്തിന്റെ ത്രാസിനെ ഒരുമിച്ചുനിർത്താൻ കഴിഞ്ഞെന്നു വരില്ല. വീട്ടിലെ വീർപ്പുമുട്ടിക്കുന്ന അന്തരീക്ഷത്തിൽ നിന്നും കുഞ്ചുവിന്റെ ഏട്ടൻ ജോലി തേടി മദിരാശിയിലേക്ക് പോയി. അഞ്ചു വയസ്സുള്ള കുഞ്ചുവും അമ്മയും മാത്രമായി വീട്ടിൽ. അച്ഛൻ ഇടയ്ക്കു വരും വല്ലതും കൊടുക്കും. ജീവിതത്തിന്റെ അരക്ഷിതാവസ്ഥയിലും അച്ഛനമ്മമാർ മകനു സ്നേഹം വാരിക്കോരി വിളമ്പി . അഞ്ചു വയസ്സായ കുഞ്ചുവിനവർ അന്നത്തെ കാലത്തെ ആചാരപ്രകാരമുള്ള പ്രാഥമിക വിദ്യാഭ്യാസം നല്കി. പക്ഷെ തുടർന്ന് പഠിപ്പിക്കാൻ ആഗ്രഹമുണ്ടായിരുന്നെങ്കിലും അതിനുള്ള നിവൃത്തി ആ പാവപ്പെട്ട മാതാപിതാക്കൾക്കുണ്ടായിരുന്നില്ല. നിസ്സഹായതയുടെ ഉള്ളുരുക്കങ്ങളിൽ പിടയുമ്പോഴും തങ്ങളുടെ അല്ലലുകൾ കുഞ്ചുവറിയരുതെന്ന് അവരാഗ്രഹിച്ചു. പക്ഷേ മകന്റെ മനസ്സിൽ തുടർന്ന് പഠിക്കാനുള്ള ആഗ്രഹം അദമ്യമായി വളരുകയായിരുന്നു. വിദ്യ നേടുക എന്നത് ആത്മദാഹമായി . മനസ്സിന്റെ ത്വരയെ മുൻ നിർത്തി കുഞ്ചു നടന്നു..വെള്ളിനേഴി ഹയർ എലിമെന്റരി സ്ക്കൂളിലേക്കു. അവിടെ ആരുമറിയാതെ നാലാം ക്ളാസ്സിൽ പോയി ചേർന്നു. പിന്നീടാണു അച്ഛനും അമ്മയും ഈ വിവരം അറിഞ്ഞതു. കുഞ്ചുവിനെ അറിയാവുന്ന ചില അദ്ധ്യാപകരും കൂട്ടുകാരും ഇതിനായി സഹായിച്ചു. അക്കാലത്തു തന്നെ വേറേ ചില മോഹങ്ങളും കുഞ്ചുവിനെ പിടി കൂടി. പഠിത്തത്തോടൊപ്പം കഥകളിയും ചിത്രകലയും ഇഷ്ടപ്പെട്ടു. എല്ലാം പഠിക്കണമെന്നുണ്ട്. പക്ഷേ ഏതിനും ഇണങ്ങാത്ത സാഹചര്യം! എല്ലാ മോഹങ്ങളും ഉള്ളിലടക്കി.
സ്ക്കൂളിലേക്കുള്ള പോക്കുവരവു കാന്തള്ളൂരമ്പലത്തിന്നടുത്തുള്ള കഥകളി പഠിപ്പിക്കുന്ന മഠത്തിനു മുമ്പിലൂടെയാണു. വീട്ടിൽ നിന്നു സ്ക്കൂളിലേക്ക് ദൂരമേറെയുണ്ടു. കൂട്ടിനാരുമില്ലാത്തതിനാൽ പലപ്പോഴും അമ്മ തന്നെ കൂട്ടിനു പോയി. പക്ഷെ പല വൈകുന്നേരങ്ങളിലും മകൻ വൈകിയെത്തുമ്പോൾ അമ്മക്കാധി കൂടും. പാടവരമ്പത്തും തോട്ടുവക്കിലും ഇടവഴിയിലും അമ്മ മകനെ കാത്തുനില്ക്കലും മകൻ വൈകിവരലും പതിവായി.കളരിയിലെ കഥകളി ശിക്ഷണം കണ്ടു നില്ക്കുന്നതൊരു പതിവായി. അതിന്നിടയിൽ മറ്റൊരു സ്ക്കൂളിലേക്ക്മാറി. കെ.ടി നാണു എഴുത്തച്ഛന്റെ കീഴിൽ പഠനം തുടർന്നു. .......കേളികൊട്ടുയരുന്ന കഥകളിയും മയിൽ പീലിവർണ്ണങ്ങൾ വിടർത്തുന്ന ചിത്രങ്ങളുടെ ക്യാൻ വാസും മനസ്സിനെ മാറി മാറി ഭരിച്ചുകൊണ്ടിരുന്നു. സ്ക്കൂൾ വിട്ടുപോരുമ്പോൾ കേൾക്കുന്ന കച്ചമണികളുടെ കിലുക്കം മനസ്സിൽ വിവിധവിചാരവികാരങ്ങളുടെ ആരോഹണങ്ങൾ സൃഷ്ടിച്ചു. അവിടെ നിന്നും കേട്ട വാദ്യസംഗീതവിസ്മയങ്ങളിൽ മുഴുകിപ്പോയ മനസ്സിനെ പലപ്പോഴും കുലുക്കിയുണർത്താനാവാതെ കളരിവാതില്ക്കൽ അറിയാതെ എത്രയോ നേരം നിന്നുപോവുന്നതൊരു പതിവായി.അമ്പലമുറ്റത്തെ അരയാൽ ച്ചില്ലകളിലെ കിളികളുടെ സ്വരജതികളിൽ പോലും കഥകളിശീലുകളുടെ പല്ലവികൾ. ഇളകുന്ന ആലിലകളിൽ കലാശച്ചുവടുകളുടെ നൃത്തതരംഗങ്ങൾ. അങ്ങിനെ ചില ചിത്രങ്ങൾ കുഞ്ചുവിന്റെ മനസ്സിൽ ആഴത്തിൽ പതിഞ്ഞു.
കേരളത്തിൽ തെക്കും വടക്കുമായി ധനുമാസം മുതൽ മീനമാസം വരെ പൂരങ്ങളുടേയും വേലകളുടെയും ഉൽസവങ്ങളുടെയും കൊടി കയറും. പല പരിപാടികൾക്കൊപ്പം കഥകളിയരങ്ങുകളും ധാരാളം ഉണ്ടാവും.കഥകളിയെത്തിയാൽ കുഞ്ചുവിന്റെ മനസ്സ് ആഹ്ളാദത്തിന്റെ കൊടുമുടി കയറും. അത്രയേറെ ആ കലയേയും കലാകാരന്മാരേയും മനസ്സിൽ ബഹുമാനിക്കുന്നു. അണിയറയ്ക്കുള്ളിൽ ചുറ്റിപറ്റി നില്ക്കുക, ചുണ്ടപ്പൂ തയാറാക്കികൊടുക്കുക, പറ്റിയാൽ അവരെ ഒന്നു തൊടുക, ചുട്ടിക്കാരും പെട്ടിക്കാരുമായി ഒരു സൌഹൃദം സ്ഥാപിക്കുക..ഇതൊക്കെ കുഞ്ചുവിനെ സംബന്ധിച്ച് വളരെ സന്തോഷം പകരുന്ന അനുഭവങ്ങളായിരുന്നു. കഥകളിക്കാ
ലം കഴിഞ്ഞാൽ കുഞ്ചുവിനെ ഒരു വിഷാദം പിടിപെടും. കളി കഴിഞ്ഞുറങ്ങുന്ന അമ്പലമുറ്റത്ത് കൂട്ടുകാരുമൊത്ത് ചിലവേഷങ്ങൾ കെട്ടിക്കളിക്കുന്ന നേരമ്പോക്കും ഉണ്ടായിരുന്നു. അതിനായി ചെർപ്പുളശ്ശേരി ചന്തയിൽ നിന്നും ചെറിയ ചില കഥകളി പുസ്തകങ്ങൾ വാങ്ങും. സ്ക്കൂളില്ലാത്ത ദിവസങ്ങളിലെ ഉച്ചനേരങ്ങളിലായിരുന്നു ഈ വക തമാശകൾ അരങ്ങേറിയിരുന്നത്. ദാരിദ്ര്യത്തിന്റെ നെല്ലിപ്പലകയിൽ മൂണ്ടു മുറുക്കി വിശപ്പിനെ തടുക്കാൻ പഠിച്ചു. അപ്പോൾ മനസിനിഷ്ടപ്പെട്ട കാര്യങ്ങൾ ചെയ്തു വിശപ്പിനെ മറന്നു. വർണ്ണങ്ങളുടെ വിസ്മയങ്ങൾ നിറഞ്ഞ ചില ചിത്രങ്ങൾ തന്റെ ബാലഭാവനയിൽ കുഞ്ചു കൂട്ടുകാർക്ക് വരച്ചുകൊടുത്തു. ഉച്ചവിശപ്പ് പലപ്പോഴും അങ്ങിനെ അറിയാതെപോയി.
തിരിമുറിയാതെ പെയ്തു നിറയുന്ന ഒരു കർക്കിടകക്കാലം. കൈയിലെ വിള്ളലുള്ള ഓലക്കുടയിൽ നിന്നും തണുത്ത മഴത്തുള്ളികൾ ദേഹം നനച്ചു.മഴയുടെ ശക്തി കുറയുന്നതു വരെ ഒരിടത്ത് കയറി നിന്നു. മഴയുടെ മേളപ്പദത്തിനൊപ്പം അപ്പുറത്തും നിന്നും കേൾക്കുന്ന കഥകളിസംഗീതം സിരകളെ ഉണർത്തി. കളി പഠിപ്പിക്കുന്ന കളരിയിൽ നിന്നാണത്. അതു കേട്ട പാടെ ഉള്ളിലെ വിശപ്പണഞ്ഞു. രാവിലെ അമ്മ പകർന്നു തന്ന കഞ്ഞി മാത്രമെ വയറ്റിലുണ്ടായിരുന്നുള്ളു. മഴയും കളരി ശിക്ഷണവും കണ്ടു നിന്ന് നേരം പോയതറിഞ്ഞില്ല. നടന്നു ....വീട്ടിലേക്ക് വേഗം. പകുതിവഴിയെത്തിയപ്പോൾ അന്വേഷിച്ചു വരുന്നു അമ്മ.
കളരിയിൽ കണ്ട ആശാനോട് കുഞ്ചുവിനു അറിയാതൊരു മമതാബന്ധം വളർന്നിരുന്നു. ആശാനു തിരിച്ച് ഈ ബാലനോടും അങ്ങിനെയൊരു അടുപ്പം തോന്നിയിരുന്നുവോ? ഒരു വശത്തേക്ക് കെട്ടിവെച്ച കുടുമ, വിശാലമായ നെറ്റിത്തടത്തിൽ ചന്ദനക്കുറി, തോളിലൊരു വേഷ്ടി. ആജാനുബാഹുവായ ആ വലിയ മനുഷ്യനെ കുഞ്ചു മനസ്സിൽ നമിച്ചു. കഥകളിക്കമ്പം ഏറിയ കാലത്താണു ഒരു വേഷം മായാതെ പച്ച കുത്തിയതുപോലെ മനസ്സിൽ സ്ഥാനം പിടിച്ചത്. ആലവട്ടവും മേലാപ്പും അമ്പും വില്ലുമായി അരങ്ങ് നിറഞ്ഞു നിന്ന വേഷം. അങ്ങിനെയൊരു വേഷം കെട്ടുവാൻ തനിക്കു ഭാഗ്യമുണ്ടാകുമോ? സ്വയം ചോദിച്ച ചോദ്യം!ഉത്തരം തിരമാലകൾ പോലെ പൊങ്ങിയും താണും !. ആ പച്ച വേഷം സാക്ഷാൽ പട്ടിക്കാംതൊടി രാവുണ്ണിമേനോന്റെയായിരുന്നു. അദ്ദേഹമാണു ഈ കളരിയിലെ ആശാൻ. ദിവസേനയുള്ള തന്റെ ഈ നോക്കിനില്പ്പ് കണ്ടപ്പോൾ ഒരു നാൾ അദ്ദേഹം ചോദിച്ചു. “ ഉം എന്താ കഥകളി പഠിക്കണോ?
താൻ ആരാധിക്കുന്ന ആ വലിയ മനുഷ്യനിൽ നിന്നും വിചാരിക്കാത്ത നേരത്തു കേട്ട ചോദ്യം കുഞ്ചുവിനെ അല്ഭുതത്തിലാഴ്ത്തി. മറുപടിയായി തലായാട്ടുക മാത്രം ചെയ്തു . കുട്ടിത്തത്തിന്റെ നിഷ്ക്കളങ്കത മുറ്റി നില്ക്കുന്ന കണ്ണുകളിൽ പ്രതീക്ഷയുടെ തിരിനാളങ്ങൾ തെളിഞ്ഞു. അങ്ങിനെ തലയാട്ടിയെങ്കിലും മറുഭാഗത്ത് സാഹചര്യങ്ങളുടെ പിരിമുറുക്കവും പൊരുത്തക്കേടുകളും മനസ്സിനെ മഥിച്ചു. അനുകൂലസാഹചര്യത്തിൽ നിന്നും ഒരു കാര്യം പഠിച്ചുയരുക എന്നത് പ്രയാസമുള്ള കാര്യമല്ല. പക്ഷെ പ്രതികൂലാവസ്ഥയെ തരണം ചെയ്ത് മുന്നേറുകയെന്നതുതന്നെ ജീവിത വിജയം എന്ന് കുഞ്ചുവിനുള്ളിൽ ആരോ ഊട്ടിയുറപ്പിക്കുന്നതുപോലെ തോന്നി. എന്തായാലും അന്നു വീട്ടിലേക്ക് കുഞ്ചു കയറിച്ചെന്നത് വ്യക്തമായ ഒരു തീരുമാനത്തോടെയായിരുന്നു. തനിക്കു കഥകളി പഠിക്കണം. ക്ളേശപൂർണ്ണമായ ജീവിതസാഹചര്യത്തിൽ അച്ഛനമ്മമാരും കുഞ്ചുവിന്റെ ഇംഗിതത്തിനവസാനം വഴങ്ങി. പക്ഷേ അവർ തീരുമാനമെടുത്തത് ചിത്രകല പഠിപ്പിക്കാമെന്നായിരുന്നു. അതിനും കന്യാകുമാരിയിൽ അയച്ചു പഠിപ്പിക്കണം. ഏതിനും സാമ്പത്തികം തന്നെ അടിസ്ഥാനം. തൃക്കടീരി നാരായണൻ നമ്പൂതിരി അതിനു സഹായിക്കാമെന്നേറ്റതിനാലാണു മാതാപിതാക്കൾ ആ തീരുമാനത്തെ അനുകൂലിച്ചത്.ശരി എന്നാലങ്ങിനെ..കുഞ്ചുവും സമ്മതിച്ചു. മാത്രമല്ല കഥകളി പഠിക്കാൻ കഠിനമായ ശിക്ഷണ രീതി സ്വീകരിക്കണം .അതിന് ഈ ദാരിദ്ര്യാവസ്ഥയിൽ കുഞ്ചുവിന് കഴിയുമോ എന്നും അമ്മ ആശങ്കപ്പെട്ടു. കന്യാകുമാരിക്കു പോകുവാൻ രണ്ടു ദിവസമുള്ളപ്പോഴാണു അമ്മക്കൊപ്പം കുഞ്ചു വാഴേങ്കടക്ക് പോയത്. പക്ഷേ വാഴേങ്കട കുഞ്ചുവിനെ തിരയുക തന്നെയായിരുന്നു.. ദേശനാമം കൂടി അന്വർത്ഥമാക്കിയ ഭാവിയിലെ വലിയ കലാകാരനെ. കഥകളി പഠിക്കാം എന്ന നിയോഗം അവിടെ വന്നുചേരുകയായിരുന്നു. ജീവിതത്തിന്റെ മനയോലപ്പാടുകൾ തന്നെയായിരിക്കാം കുഞ്ചുവിനു നിയോഗമായിട്ടുള്ളത് അച്ഛനമ്മമാരും അങ്ങിനെ വിശ്വസിച്ചു. മനുഷ്യജീവിതത്തിന്റെ നിഗൂഢതകൾ അജ്ഞാതങ്ങളാണല്ലൊ. .കഥകളി പഠനത്തിനു കുട്ടപ്പപൊതുവാൾ എന്നൊരു സഹൃദയൻ സഹായിച്ചു. അതോടെ മനസ്സിലെ ചിത്രവർണ്ണങ്ങൾ മായ്ച്ച് കഥകളിക്ക് കച്ച മുറുക്കി. എരിയുന്ന തീക്കനലിൽ അരവയർ മുറുക്കിയുടുക്കുമ്പോഴും ഹൃദയധമനിയിൽ ചുഴിപ്പുകളുതിരുന്ന ചൊല്ലിയാട്ടക്കളരിയുടെ സ്വപ്നങ്ങൾ സാക്ഷാല്കൃതമാകുന്നു. കൃഷ്ണമുടിയിലെ വെള്ളിയലുക്കുകളിലെ വിസ്മയാവഹമായ പ്രകാശം കഥകളിലോകത്തേക്കു ഒരു പുതിയ സൂര്യനെ വരവേല്ക്കുകയായിരുന്നു...

Sunday, June 25, 2017

പൊട്ടിച്ചിരികൾ


ഉച്ചവെയിലൊഴിഞ്ഞു കുന്നിറങ്ങി വരുവതാരെ
വേനൽ മഴ തൻ തകിലു താളമോ
നോവിൻ കനമൊഴിഞ്ഞു നീ ലാകാശ
മുറ്റത്തു നിറയുന്നു ചില്ലു കവാടം
പതിയെ തുറന്നീ ശലഭമഴകൾ
ഒട്ടുമേ നോവിക്കാതെ ഭൂമി തൻ
ചെവിയിൽ കോരി വിളമ്പുന്നു
അമൃതവർഷിണിതൻ മന്ദ്ര ധ്വനികൾ
കാരണവരെപ്പോലിടക്കെത്തി നോക്കി
പത്തായം തുറന്നൊച്ചയനക്കുന്നിടിമിന്നലുകൾ
മണ്ണിൻ മാറിൽ നിന്നുയർന്ന സുഗന്ധത്തിൽ
നീന്തിത്തുടിക്കുന്നിതാ അക്ഷരത്തുള്ളികൾ
മിഴിയടക്കാതെ കാലപ്പകർച്ച തൻ
കാവലാളായൊതുങ്ങി നിൽക്കുന്നു
കാർമുകിലിലൊളിച്ച സൂര്യനും
കൈകൾ കോർത്തോടി വരുന്നു
രാവും പകലുമെന്നപോലെ
വെയിലും മഴയും പൊട്ടിച്ചിരിച്ചിങ്ങനെ

ആഞ്ഞു കൊത്തുക

ആഞ്ഞു കൊത്തുക
അധീശത്വത്തിൻ മസ്തകത്തിൽ
തക്ഷകനായ് വന്നു നീ
ഈ കെട്ട കാലത്തിൻ നിറുകയിൽ
അലിയട്ടെ അഹങ്കാരത്തിൻ ആക്രോശങ്ങൾ
പുലരട്ടെ പുതിയ പുലരിതൻ മലരുകളുംകഴുകി സ്ഫുടം ചെയ്തെടുക്കുന്ന ജീവിതത്തേക്കാൾ പരിപാവനമായത് മറ്റൊന്നില്ല

ജുഗൽബന്ദി

ജുഗൽബന്ദിയാടിത്തളർന്ന
ജീവിത മഹാനടനവേദിയിൽ 
നന്മ തൻ പൂക്കൾ വിടരുമൊരു 
വസന്ത കാലത്തിനായ്
നക്ഷത്രക്കണ്ണുകൾ കൊളുത്തി 
കാത്തിരിപ്പൂ :....

തൂലികത്തമ്പിൽ

പ്രതിജനഭിന്ന ജീവിതങ്ങളെ
ആവാഹിച്ചീ തൂലികത്തമ്പിൽ
നിന്നിറ്റു വീഴ്ത്തുന്നു അക്ഷരങ്ങൾ തൻ
വർണ്ണരാജിയാർന്നൊരു ലോകത്തെ ബഹുവിധം

അക്ഷരപുണ്യം


നവരാത്രി നിലാവിൻപൊയ്കയിൽ
മുങ്ങിക്കുളിച്ചീറൻ ചുററി വലം -
വെച്ചു തൊഴുതു പടികളിറങ്ങി
മൗനമുടച്ച ദിനങ്ങളിൽ
സ്വർണ്ണാംഗുലീയം കൊണ്ടു നാവിൽ
കുറിച്ച ഹരിശ്രീയിൽ നിന്നും
നൃത്തം വെച്ചുയിർക്കൊണ്ട സ്വര-
ങ്ങളിന്നുമെൻ രസനയിൽ ആദ്യാ-
ക്ഷര മന്ത്രത്തിൻ മാറെറാലികളായ്
തരിമണലിലൊ, അരിയിലൊ
മോതിരവിരലിൽ തൊട്ടുമ്മ വെച്ച
അക്ഷരപുണ്യത്തിൻ കൈ പിടിച്ചിന്നും
നടക്കുന്നു, ജീവിത പെരുങ്കളിയാട്ട
കനലിൽ ചവുട്ടി ......
അറിവിൻ പുതിയ പന്തങ്ങൾ
അക്ഷരത്തിന്നാകാശ ഗീതങ്ങൾ
പകരുന്നു ത്രിപുട താളത്തിൻ
അർത്ഥവിന്യാസങ്ങളെ
പുതമുളകളായ് പൊട്ടിത്തളിർക്കുന്നു
സ്വരരാഗസുധ തൻ നാരായവേരുകളും
പിച്ചവെച്ചെത്തി അക്ഷര മധുവുണ്ടു
നാവിൽ പൊൻതരികളുമായ്
ചിണുങ്ങിയ പിഞ്ചു ബാല്യത്തിൻ
മണ്ണിൽ ചവുട്ടി നിൽക്കവെ
എത്തി നോക്കുന്നു കരിമഷിയെഴുതിയ
കടൽ നക്കിയ കാലത്തിൻ തീരങ്ങളും
മിഴികളിലഞ്ജനമെഴുതി നിൽക്കും
കുന്നിമണികൾ പോലവെ കവിയുന്നു
അക്ഷരത്തേരിറങ്ങി വന്ന സ്വപ്നങ്ങളും
തുഷാരഹാരമണിഞ്ഞു നിൽക്കും
വാക്കിന്നഗ്നിയും അമൃതും തീർക്കുന്നു
അഴലും പുണ്യവുമേകി ഹൃദയ നഭസ്സിൽ
നവമൊരക്ഷരഗീതത്തിൻ നൂപുരധ്വനികൾ:

മറന്നില്ല

കനലിൽ ചവുട്ടി
കാൽ വെള്ളകൾ പൊള്ളിയപ്പോഴും
അവൾ പുഞ്ചിരിയുടെ
മഞ്ചാടിമണികൾ
വിതറിയിടാൻ മറന്നില്ല

പ്രണയവള്ളികൾ ഊഞ്ഞാലാടുന്ന ഗാനങ്ങൾ


കാളിദാസന്റെ ശാകുന്തളത്തിൽ ശകുന്തളയോടൊപ്പം പ്രണയപ്രതീകമായ വനജ്യോൽസ്നയെന്ന മുല്ലവള്ളിയും ഉണ്ട് ഒപ്പം ആ വള്ളിക്കു പടർന്നുകയറാൻ തേൻ മാവിനേയും കവി ഒരുക്കിവെച്ചിരുന്നു. .പ്രകൃതിയും മനുഷ്യനും ഉള്ളിടത്തെല്ലാം പ്രണയവും ഉണ്ട്. പ്രണയവള്ളികളിലൂഞ്ഞാലാടി ഈ പ്രപഞ്ചത്തെ നിലനിർത്തുന്ന ശക്തി .. അത് അനാദിയാണു. മലയാളസാഹിത്യത്തിൽ പ്രണയത്തിന്റെയെത്രയോ ഹംസപഥങ്ങളുടെ കേസരങ്ങൾ വിരിഞ്ഞിട്ടുണ്ട് . ഈ സകലചരാചരങ്ങളും പ്രണയതാളത്തിന്റെ തന്ത്രികളിൽ ചലിക്കുന്നു. . കേവലം പുരുഷനും സ്ത്രീയും തമ്മിലുള്ള ബന്ധം എന്നതു മാത്രമല്ല പ്രണയം.സംഗീതത്തിലെ പ്രണയഭാവങ്ങളെക്കുറിച്ചാണു ഇവിടെയെനിക്കു കുറിക്കാനുള്ളതു. മനസ്സിൽ ഇടം നേടിയ ചില പാട്ടുകൾ. പാട്ടുകാർ,,....അവ ഇന്നും ജീവനൌഷധം പോലെ ജീവിതത്തെ ഊഷ്മളമാക്കുന്നു
60 കാലഘട്ടം മുതൽ 90 വരേയുള്ള നമ്മുടെ ഗാനങ്ങളെല്ലാം പ്രണയത്തിന്റെ തീവ്രാനുരാഗവും സ്നേഹവും വിശ്വാസവും അർപ്പണ ഭാവവും ദ്യോതിപ്പിക്കുന്ന ശീലുകളാണു. ആ പാട്ടുകൾ ഇന്നും ജീവിക്കുന്നതും അതിലെ സത്യസന്ധതകൊണ്ടാണു. ആ കാലവും ജീവിതപശ്ച്ചാത്തലങ്ങളും സ്നേഹവും വിശ്വാസവും പരിഗണനയും എല്ലാം ആ ഗാനങ്ങളിൽ ലീനമായിരിക്കുന്നു, . കാലത്തിന്റെ ഓളങ്ങളിൽ മറഞ്ഞുപോയെങ്കിലും അത്തരം പാട്ടുകൾ കേൾക്കുമ്പോൾ ഒന്നു ചെവിയോർക്കാതിരിക്കാനാവില്ല. തപിച്ചു നിറയുകയും ,മറിയുകയും ,കലങ്ങുകയും ചെയ്യുന്നതാണു ഏതനുരാഗവും. പക്ഷെ കുമാരനാശാൻ പറഞ്ഞതുപോലെ ഭാവത്തിന്റെ പരകോടിയിൽ അഭാവവും സൃഷ്ടിക്കപ്പെടുന്നു. അരികിലേക്കെത്തുന്നെന്നു തോന്നുമ്പോഴേക്കും ഓടിമറിയുന്നതു പോലെ. ജീവിതമാകുന്ന മഹായാത്രയിൽ തടഞ്ഞുപോകലും, വീണുപോകലും പ്രാപ്യതയിലെത്തലുമെല്ലാമുണ്ട്. അതൊക്കെ അത്തരം ഗാനങ്ങളിലും കവിതകളിലും ദൃശ്യമാണു. പ്രണയത്തെക്കുറിച്ച് ഇന്നും എഴുതിക്കൊണ്ടിരിക്കുന്നെങ്കിലും പഴയ പാട്ടുകളു ടെ മനോഹാരിതയും വശ്യതയും ദുർല്ലഭമാണു. നെഞ്ചു കീറിക്കാട്ടുന്ന നേരിൽ ഇന്ന് പ്രണയത്തിന്റെ ജലാംശം വറ്റിക്കഴിഞ്ഞിരിക്കുന്നു.പകരം പ്രയോജനവാദങ്ങൾ വഴി തടഞ്ഞെത്തിയിരിക്കുന്നു.. ആത്മ്മാർത്ഥത എന്നൊന്ന് ഇല്ലേയില്ല. മറഞ്ഞതിനെ ചൊല്ലിയുള്ള വേദനകൾക്ക് ശരിയായ രൂപം നല്കാനാവാത്ത ആധി പുതിയ കാലത്തുണ്ട്. ചിങ്ങവെയിലിലും ആതിരനിലാവിലും പാവുമുണ്ടുടുത്ത് നീൾക്കണ്ണുകളെഴുതി നിന്ന കന്യകയെ കാത്തു നില്ക്കുന്ന കാമുകനെ ഇന്നത്തെ തലമുറ പരിഹാസത്തോടെ കാണൂ.. അവർ പ്രായോഗികതക്കാണു മുൻ തൂക്കം നല്കുക. ജീവിതത്തിന്റെ നേട്ടങ്ങൾക്കു വേണ്ടി മാത്രം പ്രണയിക്കുന്നു. ചങ്ങമ്പുഴ ഒരു കാലഘട്ടത്തെ പ്രണയകവിതകളിലൂടെ പൊന്നുരുക്കിയപ്പോ ൾ പിന്നീട് മൂന്നു പതിറ്റാണ്ടുകളിലധികം പി ഭാസക്കരൻ എന്ന കവി തന്റെ തൂലികയിലൂടെ ചലച്ചിത്രലോകത്തെ പ്രണയഗാനങ്ങളെഴുതി അനശ്വരമാക്കി. പിന്നീട് വന്ന ബാബുരാജ്, ദേവരാജൻ, ഓ എൻ വി വയലാർ തുടങ്ങി നിരവധി കവികളും എഴുത്തുകാരും ഗാനരംഗത്തെ ധന്യമാക്കി. കവിതകളിൽ
പി .യും വൈലോപ്പിള്ളിയും മാധവിക്കുട്ടിയും പ്രണയത്തിന്റെ മയിൽപ്പീലി വർണ്ണങ്ങൾ തീർത്തു.
ഇവിടെ പരാമർശിക്കാൻ പോകുന്നത് ഗാനരംഗത്തെ ധന്യമാക്കിയ ഈ ഗിരിശൃംഗങ്ങളെക്കുറിച്ചല്ല . പകരം ലളിതസംഗീതത്തിലൂടെ ജന മനസ്സുകളിലേക്കിറങ്ങിച്ചെന്ന് അകാലത്തിൽ പൊലിഞ്ഞു പോയ ഗായകൻ ശ്രീ തൃക്കൊടിത്താനം സച്ചിദാനന്ദനെക്കുറിച്ചാണ്. മറ്റേത് ഗാനശാഖക്കൊപ്പം കിട നിന്നിരുന്നതാണു ലളിതസംഗീതവും. ഇന്നു ലളിതസംഗീതം തന്നെ അന്യമായിരിക്കുന്നു. പണ്ട് റേഡിയോ നിലയത്തിൽ രാവിലെ ലളിതസംഗീതപാഠം തന്നെയുണ്ടായിരുന്നു. പുലർവെയിലൊളി വീശുമ്പോൾ ജീവിതവും പ്രണയവുമൊക്കെ ലളിതസംഗീതത്തിലൂടെയും ഒഴുകിയെത്തിയിരുന്നു. അങ്ങിനെ മനസ്സിൽ തങ്ങി നില്ക്കുന്ന ചില ഗാനങ്ങളിലൊന്നാണു പറന്നു പറന്നു പറന്നു ചെല്ലാൻ പറ്റാത്ത കാടുകളിൽ ...കൂടൊന്നു കൂട്ടി ഞാനൊരു പൂമരക്കൊമ്പിൽ...പൂമരക്കൊമ്പിൽ .എന്ന പാട്ട് .... തൃക്കൊടിത്താനം സച്ചിദാനന്ദന്റെ ശബ്ദത്തിൽ ആ ഗാനം കേൾക്കുമ്പോൾ ആ വരികൾക്ക് ഇന്നും ജീവൻ തുടിക്കുന്നു.. ശബ്ദസൌഷ്ഠവം തന്നെയാണു ആ മസ്മരികതക്കു നിദാനം. അദ്ദേഹം പാടിയ എത്രയോ പാട്ടുകളുണ്ട് .. ശാസ്ത്രീയതയും ലാളിത്യവും നാട്ടുമൊഴിയും ഭക്തിയും പ്രണയവും നിരാശയും വിരഹവും എല്ലാം ഒത്തിണങ്ങിയ ശബ്ദത്തിന്നുടമയായിരുന്നു സച്ചിദാനന്ദൻ. കാലമെത്തുന്നതിനു മുമ്പെ അദ്ദേഹം പാടിയപോലെ പറന്നു ചെല്ലാൻ പറ്റാത്തകാട്ടിലെ പൂമരക്കൊമ്പിലുള്ള കൂട്ടിലേക്ക് പറന്നുപോയ പൂങ്കുയിൽ . വിശ്വാസങ്ങൾ പൊലിഞ്ഞുപോയ വർത്തമനകാല ജീവിതമുറ്റത്തു നിന്നും മറവിയിലാണ്ടുപോയ ആ ഗാനങ്ങളൊക്കെ കേൾക്കുമ്പോൾ വീണ്ടും വരണ്ട മനസ്സുകൾ ഉർവരമായിത്തീരാനുള്ള ശക്തിലേപനങ്ങൾ ആ ഗാനനിർഝരികളിലുണ്ടെന്ന് തിരിച്ചറിയാം. ഈ ഗാനകർത്താവ് ആരെന്നറിയില്ല. പക്ഷെ ആ വരികളിലെ കാവ്യഭംഗി അരഞ്ഞാണം ചുറ്റി ഒഴുകുന്ന പുഴ പോലെ മനോഹരമാണു. .കിലുകിലുങ്ങനെ രാക്കിളികൾ വളകിലുക്കിയ കാലം കൊലുകൊലുന്നനെ കാട്ടുപൂക്കൾ .....എത്തിപ്പിടിക്കാനാവാത്ത ഒരു കാലത്തിന്റെ സ്വപ്നമിരുന്ന് വിങ്ങുന്നുണ്ട് ഈ വരികളിൽ. . ജാലകങ്ങൾ നീ തുറന്നു ഞാനതിന്റെ കീഴിൽ നിന്നു പാട്ടു പാടി നീയെനിക്കൊരു കൂട്ടുകാരിയായി...മാലകോർത്തു ഞാൻ നിനക്കൊരു മന്ത്രകോടി വാങ്ങി വെച്ചു, പന്തലിട്ട് കാത്തിരുന്നു ഒരിക്കലും സാക്ഷാത്കരിക്കപെടാനവാത്ത ,പ്രണയത്തിന്റെ നിത്യരാഗവേദനയുടെ വാങ്മയചിത്രം ധ്വനിക്കുന്ന ഈ വരികളെ കേൾക്കുന്ന മനസ്സുകളും വിരഹാതുരമാവാതിരിക്കില്ല. എത്രയൊക്കെ കാത്തിരുന്നിട്ടും കാണേണ്ടയാളെ കാണാൻ കഴിയാത്ത അഥവാ പൊൻ കിനാക്കൾ പൂത്ത കാലം സഫലമാകാത്ത ഒരു സ്വപ്നം മാത്രമായവശേഷിക്കുന്ന ഭാവത്തിൽ സച്ചിദാനന്ദൻ പാടുമ്പോൾ കണ്ണുനിറയാതിരിക്കില്ല. രചനയോടും കാലത്തോടും നീതി പുലർത്തുന്ന ആലാപനസൌന്ദര്യം അവസാനം ഒരു നിശ്ശബ്ദ നിലവിളിയായി മനസ്സിൽ തങ്ങി നില്ക്കുന്നു. ഇപ്പോഴും ഇടവേളകളിൽ അദ്ദേഹത്തിന്റെ പാട്ടുകൾ എന്നെ ആകർഷിക്കാറുണ്ട് .മനസ്സിന്റെ തീരത്ത് ഒരു ഓടക്കുഴലിന്റെ വ്യഥിതലയനതരംഗങ്ങൾ പോലെ ആ നാദമിപ്പോഴും അറിയാനോവായി കടലിലെ തിരമാലകളെന്ന പോലെ ചുറ്റും നൃത്തം വെക്കാറുണ്ടു. അനശ്വ രനായ ഗായകന്റെ സ്മരണക്ക് മുമ്പിൽ ആദരപ്രണാമം

ധ്രുവനക്ഷത്രം'.... ഇന്ദിരാ ബാലൻ


കാലത്തിൻകുട കണ്ണു പൂട്ടിയെങ്കിലും
ഞാറ്റുവേല പോലെതുടിച്ചാർക്കുന്നു
കവിയച്ഛന്റെ തൂലികപകർന്ന കാവ്യഗാഥകൾ
നിളാനദി പോലൊഴുകുന്നുഹൃദയത്തിൽ
നിത്യകന്യകയെത്തേടി നടന്നവസന്തങ്ങൾ
മഹാ പാദധൂളികൾ നമിച്ചയവിറക്കുന്നു
ഉഷസ്സിൻ മലരുകളിന്നുമാകാവ്യ
വൈഭവത്തിൻ സർഗ്ഗജാലങ്ങളോരോന്നായ്
വന്നു പറയുന്നു തെന്നൽ കുറിപ്പുകൾ
പാടുക പാടുക കവിയച്ഛൻതോറ്റി -
യുണർത്തിയ മാനവ ഗീതങ്ങൾ
ഒഴുകി നീല നീരദ ചാർത്തുകളിൽ നിന്നും
സ്ഫടിക രാഗത്തിൻനിലാവഴകുകൾ
രഥോൽസവത്തിൻ ചക്രങ്ങൾതിരിച്ചു
ചിത്രവർണ്ണാങ്കിത സ്വപ്നങ്ങളൊരുക്കി
കുടഞ്ഞിട്ടു കാവൃമധുവിൻസ്നേഹാക്ഷരങ്ങൾ
കളിയച്ഛനും കവിയച്ഛനുംഇരുന്നരുളി
പകർന്നാടിയ മാനുഷവേഷഭാവത്തിൽ
നിന്നുയിർക്കൊണ്ടു പുതിയൊരു കടൽകാവ്യം
രാഷ്ട്രത്തിൻ നരബലിയേറ്റുവാങ്ങി
നടന്നു നീങ്ങി സർവ്വ സാക്ഷിയായ്
കുറ്റബോധത്തിൻ നീതിശാസ്ത്രങ്ങൾ
ശിരസ്സിലേറ്റിഅവധൂതനെപ്പോൽ
നിസ്സംഗനായെങ്കിലും നിറഞ്ഞു തുളുമ്പി
തൂലികത്തുമ്പിൽ സരസ്വതീയാമങ്ങൾ
ആദർശ്ശ മണ്ഡല സൗരയൂഥത്തിൻ
സൂര്യനായ് നിന്നു വെളിച്ചത്തിൻസ്വാതന്ത്ര്യം
തൂകി നിന്നബാപ്പുജി തൻ മെതിയടികളെ
പാടി 'സ്തുതിച്ച മഹാകവേ..
വിണ്ണിൽ മിഴി തുറക്കുംധ്രുവ നക്ഷത്രം പോൽ
ജ്വലിച്ചു നിൽപ്പൂ ഇന്ദ്രധനുസ്സൊളി ചിതറിയ
കാവ്യ സുമങ്ങളിന്നുമീകാവ്യാരാമത്തിൽ
നിറവും മണവുംതൂകിയനുദിനം
ജീവിതാക്ഷരങ്ങളിൽകലരുന്നു
സൂര്യശോഭ പകർന്നവായ്ത്താരികൾ
പൂപ്പൊലിപ്പാട്ടിലാർത്തുകുളിച്ചു
ഒളിച്ചു പൂക്കളംതീർത്ത
കാവ്യപുലർവേളകളിന്നും
തൊട്ടുണർത്തുന്നു മലനാടിനെ
ആർത്തലയ്ക്കുന്ന തിരകളിലൊരു
ചെറുതോണിയായ് മന്ദംതുഴഞ്ഞെത്തുന്ന
പ്രഭാതങ്ങളിന്നും നെയ്തെടുക്കുന്നു
ചന്ദന കാവൃമലരുകളാൽ
സ്മൃതി മണ്ഡപങ്ങൾ!

ശിൽപ്പി


ഇവിടെയൊരു സന്ധ്യ പൂത്തൊഴിയുമ്പോൾ
നിവരുന്നു രാവിൻ കനത്ത കരിമ്പടങ്ങൾ
തല്ലിക്കെടുത്തിയ കസവു കിനാക്കൾ നിദ്ര -
വിട്ടെഴുന്നേറെറതിരേൽക്കുന്നു ഏഴുരഥങ്ങളിൽ
പൂട്ടിയ സ്വർണ്ണ കുതിരകളുമായെഴുന്നെള്ളുന്ന ശിൽപ്പിയെ
മുനതേഞ്ഞു മുറിഞ്ഞുപോയ വാക്കുകൾ മൂർച്ച കൂട്ടി
ചൊല്ലി മുറുക്കുന്നു താരും താരയും ചേർന്ന കവിതകൾ
പുലരിവെയിലിൻ പൊന്നൊളി നാളങ്ങൾ തൻ
ചുംബനമേറ്റു ചിരിക്കും ചിറകുകൾ ചിക്കി മിനുക്കി
വീശി പറക്കുന്നിതാ മനസ്സിന്നാകാശ മുറ്റത്ത്
പ്രതീക്ഷ കൊറിക്കും കൊച്ചരിപ്രാവുകൾ നിത്യവും
തിരഞ്ഞു പോവുക ആഴത്തിൻ തെളിനീരുറവകളെ
' എന്നാരോ മന്ത്രിക്കും പോൽ പ്രതിധ്വനിപ്പൂ
വാക്കിൻ ശംഖൊലികളീ മണ്ണിന്നടരിൽ നിന്നും
ഇരുട്ടിൻ വിരലിലമർന്ന് വക്കു പൊട്ടിയ വാക്കുകൾ
ഉയിർത്തെഴുന്നേറ്റു പാടുന്നു വീണ്ടുമേഴുകടലിന്റെ
ആഴങ്ങളിലമർന്നു പോയ നോവിൻ സ്വരസ്ഥാനങ്ങൾ
എറിഞ്ഞു തരികയകക്കാഴ്ചയിൽ നിന്നുമറിവിൻ ധാന്യമണികൾ
കൊറിക്കട്ടെ ഉയിരിൻ സംഗീതമൂറുന്ന വെളിച്ചം കുടയുന്ന ഭൂമിയേയും!

അപൂർവ്വാനുഭവത്തിന്റെ കാൽപ്പാടുകൾക്കൊപ്പം ..17.6.2017


മലയാളകവിതയിൽ മയൂരവർണ്ണങ്ങളുടെ പീലി വിടർത്തി കാവ്യപൂങ്കുലകൾ പൊഴിച്ച മഹാകവി പി കുഞ്ഞിരാമൻ നായരുടെ അനുസ്മരണയോഗം അവിസ്മരണീയാനുഭവമായി. 2017 ജൂൺ 17 ശനിയാഴ്ച്ച തിരുവനന്തപുരത്തു വെച്ച് മഹാകവി പി ഫൌണ്ടേഷനും ഭാരത് ഭവനും സംയുക്തമായാണു ഈ കാവ്യസ്മൃതിക്ക് തിരി തെളിച്ചത്. പരിപാടിയുടെ മുന്നോടിയായി തലേ ദിവസം മലയാളത്തിന്റെ പ്രിയ കവി ഡോ: പുതുശ്ശേരി രാമചന്ദ്രനെ മലയാള കവിതയുടെ അക്ഷരസുകൃതമായ ശ്രീമതി സുഗതകുമാരിടീച്ചർ അദ്ദേഹത്തിന്റെ വസതിയിൽ വെച്ച് സംഘാടകരുടെ നേതൃത്വത്തിൽ പൊന്നാടയണിയിച്ച് ആദരിച്ചു. മലയാളത്തിനു മറക്കാനാകാത്ത ഒരു കാവ്യസംഗമമായി മാറിയ നിമിഷങ്ങൾ. പി ഫൌണ്ടേഷൻ സെക്രട്ടറി ശ്രീ എം. ചന്ദ്രപ്രകാശ്, ഭാരത് ഭവൻ സെക്രട്ടറി ശ്രീ പ്രമോദ് പയ്യന്നൂർ, ശ്രീ മുരളീധരൻ,സുധാകരൻ രാമന്തളി, ചിത്രകാരി ബ്രിജി കൂടാതെ മറ്റു ചില സഹൃദയർ എന്നിവർക്കൊപ്പം എനിക്കും ഈ ധന്യമുഹൂർത്തത്തിനു സാക്ഷിയാകാൻ കഴിഞ്ഞു എന്നത് ജീവിതത്തിലെ മഹാഭാഗ്യമായി കരുതുന്നു. കവികളുടെ വർത്തമാനത്തിലും കവിത നിറഞ്ഞുതുളുമ്പി. സുഗതകുമാരിടീച്ചറുടെ കവിതയായ “ഇനിയീ മനസ്സിൽ കവിതയില്ല” എന്ന കവിത പ്രണാമമായി ചൊല്ലി. ഒപ്പം എന്റെ ഒരു കവിതയും ടീച്ചർ ചൊല്ലാൻ ആവശ്യപ്പെട്ടു. അക്ഷരപുണ്യം എന്ന കവിത വായിച്ചു. പദ്യത്തിൽ ചൊല്ലാതിരുന്നപ്പോൾ ടീച്ചർ പറഞ്ഞു കവിത വൃത്തത്തിൽ എഴുതണം. ഗദ്യമെഴുതേണ്ട...ഒപ്പം “പ്രോസ് ഈസ് വാക്കിംഗ് ആൻഡ് പോയട്രി ഈസ് ഡാൻസിങ്ങ്”...എന്നും ടീച്ചർ കൂട്ടിച്ചേർത്തു. സ്വാഭാവികമായും എന്റെ മനസ്സിൽ തോന്നിയ സംശയം ഞാൻ ചോദിച്ചു. വർത്തമാനകാലത്ത് മുഖ്യധാരയിലും അല്ലാതേയും കൂടുതൽ കാണുന്നത് ഗദ്യകവിതകളല്ലെ. എന്താണു അതിനിത്ര പ്രചാരം സാഹിത്യലോകം നല്കുന്നതെന്ന്...ടീച്ചർക്ക് ഒരുത്തരമെ പറയാനുണ്ടായിരുന്നുള്ളു എഴുതുന്നവർ എഴുതട്ടെ ..കഥകളിപദങ്ങൾ കേട്ട് വളർന്ന കുട്ടിയല്ലെ പദ്യത്തിൽ എഴുതു. എഴുതാൻ ഭാഷയും ആശയവും വാക്കുകളും ഉണ്ട്.. അത് കളയാതെ വൃത്തത്തിൽ തന്നെ എഴുതു എന്നു. സത്യത്തിൽ ഒരു പാടു സന്തോഷം തോന്നി. നേരിട്ട് ടീച്ചർ ഇങ്ങിനെ പറഞ്ഞത് ജീവിതത്തിലെ വലിയൊരു അനുഗ്രഹമായി അനുഭവപ്പെട്ടു.
ജൂൺ 17 നു രാവിലെ വൈലോപ്പിള്ളി സംസ്കൃതിഭവനിൽ രാവിലെ 9.30 നു പി സ്മൃതി മണ്ഡപത്തിൽ നടത്തിയ പുഷ്പാർച്ചനയോടുകൂടി മഹാകവിയുടെ 39 താമത് ചരമവാർഷികദിനാചരണത്തിനു നാന്ദി കുറിച്ചു.
മലയാളത്തിന്റെ അതിർത്തികൾ മറികടന്ന് വിശ്വമാനവികതയുടെ വേരുകൾ ആഴ്ത്തിയ മഹാകവിയുടെ കവിതകളെ കുറിച്ച് പുഷ്പാർച്ചനയിൽ പങ്കെടുത്തവർ വാചാലരായി. കവി പി നാരായണക്കുറുപ്പ്,എം ആർ.ജയഗീത, മഹാകവിയുടെ പുത്രൻ ശ്രീ രവീന്ദ്രൻ നായരും കുടുംബവും ,സഹൃദയരും സംഘാടകർക്കൊപ്പം അവിടെ സന്നിഹിതരായിരുന്നു. പിന്നീട് ഭാരത് ഭവൻ വേദിയിൽ പി കവിതകളുടെ കാവ്യാഞ്ജലി, പി പുരസ്ക്കാരസമർപ്പണം ,കവിയോർമ്മ,കവിസമ്മേളനം,സാംസ്ക്കാരികസെമിനാർ, പി കവിതകളുടെ ചിത്രപ്രദർശനം, സോപാനസംഗീതം, ഫറൂഖ് അബ്ദുൾ രഹ് മാൻ സംവിധാനം നിർവ്വഹിച്ച “കളിയച്ഛൻ സിനിമ” എന്നിവക്ക് തിരശ്ശീല ഉയർന്നു. പി കവിതകളുടെ കാവ്യാഞ്ജലി പുതിയ കാലത്തെ കുട്ടികളാണു ആലപിച്ചതു. സാംസ്ക്കാരികത അന്യമാകുന്ന ഈ കാലത്ത് കുട്ടികളിലേക്ക് കാവ്യസംസ്ക്കാരം പകർന്നുകൊടുക്കുക എന്നത് വലിയൊരു സാംസ്ക്കാരികദൌത്യമാണു. ആ കടമയാണു കാവ്യാഞ്ജലിയിലൂടെ നിർവ്വഹിക്കപ്പെട്ടതു. ശേഷം നടന്ന ചിത്രപ്രദർശനം കേരള ലളിതകലാ അക്കാദമി വൈസ് ചെയർമാൻ ശ്രീ നേമം പുഷ്പരാജ് ഉല്ഘാടനം ചെയ്തു. ചിത്രകാരികളായ ഗ്രേസി ഫിലിപ്പ്, ബ്രിജി എന്നിവർ കവിയുടെ കവിതകളെ ആസ്പദമക്കി വരച്ച ചിത്രങ്ങളാണു പ്രദർശനത്തിലുണ്ടായിരുന്നത്. കവിയോർമ്മ പുഴയും കടലും പോലെ ഉൾച്ചേർന്നുകിടക്കുന്ന മഹാകവിയുടെ ജീവിതത്തേയും സാഹിത്യത്തേയും അടയാളപ്പെടുത്തുന്നതായിരുന്നു. എം.ചന്ദ്രപ്രകാശ് അദ്ധ്യക്ഷതവഹിച്ച വേദിയിൽ വി രവീന്ദ്രൻ നായർ. പ്രമോദ് പയ്യന്നൂർ ,കെ എ മുരളീധരൻ, മാധവൻ പുറച്ചേരി, പീ.വി. കൃഷ്ണൻ എന്നിവർ കവിയോർമ്മകൾ പങ്കു വെച്ചു. കവിസമ്മേളനത്തിൽ പ്രൊഫസ്സർ അലിയാർ കുഞ്ഞ് അദ്ധ്യക്ഷത വഹിച്ചു. പട്ടാമ്പി കോളേജിൽ 87..88 കാലത്ത് മലയാളം എം എ ക്കു എന്റെ അദ്ധ്യാപകനായിരുന്നു അലിയാർ മാഷ്. 30 വർഷത്തിനു ശേഷമുള്ള ഈ കൂടിക്കാഴ്ച്ചയും മനസ്സിൽ മറ്റൊരു സന്തോഷമായി. മാഷും ആ സന്തോഷം വേദിയിൽ പങ്കുവെച്ചു. കവിയരങ്ങിൽ അമ്പലപ്പുഴ ശിവകുമാർ. ദിവാകരൻ വിഷ്ണുമംഗലം,സുമേഷ് കൃഷ്ണൻ, അനുജാഗണേഷ്, ജയശ്രീ ഇ എസ്, ഹരി നീലഗിരി ,ജി.വിശ്വംഭരൻ നായർ,ഇന്ദിരാബാലൻ എന്നിവർ പങ്കെടുത്തു. സ്വന്തം കവിതകളും ,കവിയെക്കുറിച്ചുള്ള കവിതകളും കവിയരങ്ങിൽ അവതരിപ്പിച്ചു. പിന്നീട് വേദി ഉണർന്നത് “മലയാളഭാഷയും സംസ്ക്കാരവും” എന്ന വിഷയത്തിലുള്ള ഗഹനമായ പണ്ഡിതപ്രാഭാഷണങ്ങൾക്കായിരുന്നു. കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ, ശ്രീ കാർത്തികേയൻ നായർ, മുൻ ഡയറക്ടർ ശ്രീ എം ആർ തമ്പാൻ ,പ്രൊഫസ്സർ ഒലീന എന്നിവർ ഭാഷയുടെ ഉൽഭവവും, വളർച്ചയും ,വഴിപിരിയലുകളും തുടങ്ങി എല്ലാ സാങ്കേതിക ജ്ഞാനങ്ങളേയും ആഴത്തിൽ രേഖപ്പെടുത്തി. അതിനുശേഷം ശ്യാം കുമാർ പന്തളത്തിന്റെ നേതൃത്വത്തിൽ അഖിൽ, യെശ്വന്ത് എന്നിവർ നയിച്ച സോപാനസംഗീതമായിരുന്നു. ജയദേവകവിതയുടെ അർത്ഥതലങ്ങളിലേക്ക് സോപാനസംഗീതത്ത്ന്റെ മാസ്മരികതയിലൂടെ നടന്നേറിയ നിമിഷങ്ങൾ സദസ്സിനെ സംഗീതസാന്ദ്രമാക്കി.7 മണിയോടുകൂടിയായിരുന്നു മലയാളത്തിലെ മഹാപ്രതിഭകൾ അണിനിരന്ന ഉജ്ജ്വലമായ അരങ്ങ്. പൊതുസമ്മേളനവും പുരസ്ക്കാരസമർപ്പണവും.. കെ.എ മുരളീധരൻ ആദ്ധ്യക്ഷം വഹിച്ച ചടങ്ങിൽ പ്രമോദ് പയ്യന്നൂർ സ്വാഗതവും എം ചന്ദ്രപ്രകാശ് ആമുഖപ്രഭാഷണവും നടത്തി. മലയാളത്തിന്റെ പ്രിയപ്പെട്ട കവി ശ്രീകുമാരൻ തമ്പി മഹാകവിയെക്കുറിച്ച് അനുസ്മരണപ്രഭാഷണം നടത്തി. പിയുടെ സ്മരണാർത്ഥം പി ഫൌണ്ടേഷൻ ഏർപ്പെടുത്തിയ “കളിയച്ഛൻ” പുരസ്ക്കാരം ശ്രീകുമാരൻ തമ്പി മലയാളത്തിന്റെ പ്രശസ്ത എഴുത്തുകാരൻ ശ്രീ സി. രാധാകൃഷ്ണനു നല്കി. നിളാകഥാപുരസ്ക്കാരം സിതാരക്കും, താമരത്തോണി കവിതാപുരസ്ക്കാരം അമ്പലപ്പുഴ ശിവകുമാർ, ദിവാകരൻ വിഷ്ണുമംഗലം എന്നിവർക്കും,വൈജ്ഞാനികഗ്രന്ഥത്തിനുള്ള പയസ്വനി പുരസ്ക്കാരം രവീന്ദ്രൻ നായർക്കും, വിവർത്തനത്തിനുള്ള തേജസ്വനി പുരസ്ക്കാരം മൂഞ്ഞിനാട് പത്മകുമാറിനും, നോവലിനുള്ള സമസ്തകേരളം പി. ഓ പുരസ്ക്കാരം യു.കെ കുമാരനും നല്കി. വേദിയിൽ കാനായി കുഞ്ഞിരാമൻ, ജോർജ്ജ് ഓണക്കൂർ,
ശ്രീകുമാരൻ തമ്പി എന്നിവരെ പൊന്നാടയണിയിച്ച് ആദരിച്ചു. ടി ആർ അജയൻ സുധാകരൻ രാമന്തളി. ചന്ദ്രശേഖരൻ തിക്കോടി എന്നിവർ ആശംസാപ്രസംഗം നടത്തി. നന്ദിപ്രസംഗത്തോടെ പൊതുസമ്മേളനത്തിനു വിരാമം കുറിച്ചു.അവസാനയിനമായി മഹാകവിയുടെ ജീവിതത്തേയും കവിതയേയും അടിസ്ഥാനമാക്കി നിർമ്മിച്ച “കളിയച്ഛൻ” സിനിമയുടെ പ്രദർശനത്തോടെ മഹാകവി പി അനുസ്മരണത്തിനു യവനിക വീണു. .മണ്മറഞ്ഞ മഹത് വ്യക്തികൾ ഇവിടെ അടയാളപ്പെടുത്തി കടന്നുപോകുന്നത് ധാർമ്മികമായ വലിയൊരു ഉത്തരവാദിത്വമാണെന്ന് ഓർമ്മിപ്പിച്ച ഈ കാവ്യയാത്ര സത്യത്തിൽ അപൂർവ്വാനുഭവത്തിന്റെ കാല്പ്പാടുകളാണു വ്യക്തിപരമായി എനിക്കു സമ്മാനിച്ചത്. ഒരു ദിവസം മുഴുവൻ നീണ്ടു നിന്ന ഈ കാവ്യതീർത്ഥയാത്രയിൽ ഭാഗഭാക്കാകാനും സാക്ഷിയാകാനും സാധിച്ചത് കുട്ടിക്കാലത്ത് മഹാകവി ശിരസ്സിൽ കൈവെച്ചനുഗ്രഹിച്ച നിമിഷങ്ങളായിരുന്നു എന്ന വിശ്വാസം ഇപ്പോൾ പൂർണ്ണമായും ഊട്ടിയുറപ്പിക്കപ്പെടുന്നതിന്റെ ചാരിതാർത്ഥ്യത്തോടെ ഈ മഹാപ്രതിഭാസംഗമവേദിയുടെ താളുകൾ അടയ്ക്കട്ടെ...!

അച്ഛൻ പറഞ്ഞത്


ഭീതി തൻ പെരുമ്പാമ്പുകൾ
ചുറ്റി വരിഞ്ഞോരു രാവിൽ
മൃതസഞ്ജീവനിയായണയുന്നിതാരേ
മായ്ക്കാത്ത കാലത്തിൻ കളിയച്ഛനോ
ചുട്ടുപൊള്ളുമീ ജീവിത തിക്തമേറെ
കുടിച്ചവശയായൊരീ മകൾക്കിത്തിരി
പ്രാണവായുവിറ്റുവാൻ വന്നതോ താതൻ
ശ്രുതിലയ വിന്യാസങ്ങളില്ലിവിടെ
സ്നേഹക്കൂട്ടിൻ നറും തേനുമില്ല
അവശേഷിപ്പതീ പാഴ് മഞ്ഞേറ്റു
വിറച്ച പാട്ടിന്നപസ്വരങ്ങൾ മാത്രം
ഇരുൾ സർപ്പങ്ങൾ ചീറ്റിനിൽക്കുന്ന
നേരത്തു കേട്ടേൻ ആർദ്രമാമൊരു സ്വരം
പഠിച്ചുവോ മകളെ നീ ജീവിത നിലങ്ങളിൽ
പോരാട്ടത്തിൻ അർത്ഥശാസ്ത്രങ്ങൾ
ഇടറിയോ മറുമൊഴി ചൊല്ലിയോ
കലങ്ങിയോ മിഴിയിണകൾ
വായിക്കാതെപ്പോയോരു
പുസ്തകത്തിൻ താളുകളായിവൾ
മൂകഗംഭീരമാം ഘനനിമിഷങ്ങൾ
മുന്നിലൂടൊരു മിന്നലായ് വീശി
ചേറിക്കൊഴിച്ചു നെല്ലും പതിരും
തമോപൂർണ്ണമീ പാത മാത്രം ബാക്കി
കഴിഞ്ഞു കാലത്തിൻ പാതിയും
കള്ളച്ചൂതുകളെയെറിഞ്ഞു തോൽപ്പിക്കുക
ഭിക്ഷയാണീ ബാക്കിപത്രവും
മകളെ നീയിതു ഊതിത്തെളിച്ചു
മണിവിളക്കാക്കീടേണമെന്ന് ചൊല്ലി
പകലിൻ ശിരോവസ്ത്രമീ പ്രകൃതി
അണിയുന്ന നേരത്തെൻ സ്വപ്ന
രഥ്യ തൻ പടികളിറങ്ങിപ്പോയി
ആകുല മാനസനായച്ഛൻ...!

കവിത


വർത്തമാനത്തിന്റെ കവിത
അലങ്കാരങ്ങളുടേയും
കൽപ്പനകളുടേയും
രൂപകങ്ങളുടേയും ഭാരങ്ങൾ
കുടഞ്ഞെറിഞ്ഞ് നഗ്നപാദയായി
ആശയത്തിന്റെ കനം
മാത്രം തോളിലേന്തി
നാട്യങ്ങളുടെ ജാടകളില്ലാതെ
ജീവിത സമസ്യകളുടെ
രേഖീയ ചിത്രങ്ങളുമായി
വലിയ ലോകത്തെ
അടയാളപ്പെടുത്തി
കാറ്റിൽ പറന്നു നടക്കുന്നു!

Tuesday, June 6, 2017

ബ്രിജിയുടെ നാലാംചക്രവർത്തി.. ഒരെത്തിനോട്ടം..... ഇന്ദിരാ ബാലൻ


കൃതികളിലേക്കുള്ള എത്തിനോട്ടങ്ങൾ പലപ്പോഴും പൂർണ്ണങ്ങളല്ല. എന്നാലും നോക്കാതിരിക്കാനുമാവില്ല. കൃതികളുടെ നാലുവശങ്ങളിലേയും സൂക്ഷ്മാപഗ്രഥനം എന്നത് കൃച്ഛൃ സാദ്ധ്യമല്ല. എഴുത്തുകാരിയേക്കാൾ വായനക്കാർ കൃതികളിൽ പൂർണ്ണമായും അടയിരുന്നാൽ മാത്രമെ ഏകദേശ പഠനം നിർവ്വഹിക്കാനാകു. ഭാവനയിൽകൂടി പ്രതിഫലിച്ചുകാണുന്ന ജീവിതത്തിനു ആകർഷകത കൂടും എന്ന മാധവിക്കുട്ടിയുടെ വാക്കുകൾ ഇവിടെ സ്മരണീയമാകുന്നു. കഥാകാരിയിൽ ഇടയ്ക്കു വന്നു വീഴുന്ന വെളിച്ചങ്ങളും ഇരുട്ടുകളും അനുഭവങ്ങളും കാഴ്ച്ചകളും എല്ലാം കഥയിലൂടെ ആവിഷ്ക്കരിക്കുമ്പോൾ അതിനു ഒരു കടലോളം ആഴം കൈവരുന്നു. അതാണു കഥാകാരിയും ചിത്രകാരിയുമായ ബ്രിജിയുടെ കഥകൾ. തിരുവനന്തപുരം ബുദ്ധ ബുക്സ് പ്രസിദ്ധീകരിച്ച "നാലാമത്തെ ചക്രവർത്തി " എന്ന കഥാസാമാഹാരത്തിലെ കഥകളാണു ഇവിടെ വിചിന്തനം ചെയ്യപ്പെടുന്നത്. സ്വതന്ത്രശീലനായ ഒരു കുതിരയെപ്പോലെ അവരുടെ തൂലിക ചലിക്കുന്നു. വർത്തമാനകാലത്തെ കഥകളിൽ ഏറിയ പക്ഷവും ധൈഷണികതലങ്ങളാണു മുന്നിട്ടു നില്ക്കുന്നത്. എന്നാൽ ബ്രിജിയുടെ കഥകൾ ഹൃദയത്തെ തൊടുന്നു.എഴുത്തുകാരനും വായനക്കാരനും തമ്മിലുള്ള ഹൃദയോന്മീലനം അവ സാദ്ധ്യമാക്കുന്നു. അതുകൊണ്ടു തന്നെ  വായനക്കാരനും അനായസേന കഥകളിലേക്ക് ആകർഷിക്കപ്പെടാം .കഥക്ക് പ്രധാനം വിചാരങ്ങൾ തന്നെയാണു. ആ വിചാരതലങ്ങളിലൂടെ പല ജീവിതങ്ങളുടെ പശ്ച്ചാത്തലങ്ങൾ മനോഹരമായ ഒരു ചിത്രംപോലെ   ജീവിതമാകുന്ന ക്യാൻവാസിൽ  ബ്രിജി വരച്ചിടുന്നു. കവിതകൾ തുളുമ്പുന്ന കഥകൾ. നാട്ടുവെളിച്ചങ്ങളും നഗരവെളിച്ചങ്ങളും ഒരു പോലെ ഇതിവൃത്തങ്ങളിൽ കടന്നുവരുന്നു. ഒപ്പം നീതിബോധവും അനീതിക്കെതിരെ  സൌമ്യമായ പ്രതിഷേധങ്ങളും പ്രതീക്ഷകളും നഷ്ടബോധങ്ങളും നിവൃത്തികേടുകളുമെല്ലാം കഥയുടെ വേദിയിലുണരുന്നു.

നാലാമത്തെ ചക്രവർത്തി എന്നതുകൊണ്ട് എഴുത്തുകാരി ഉദ്ദേശിക്കുന്നത് എന്നും വൈകിയെത്തുന്ന ഒരു കഥാപാത്രത്തെക്കുറിച്ചാണ്. സ്നേഹത്തിന്റെ വെട്ടം പരത്തി മിന്നിനിന്ന വലിയ നക്ഷത്രത്തെ പിന്തുടർന്ന് ഉണ്ണിയേശുവിനെ കാണാൻ പുറപ്പെട്ട നാലു രാജാക്കന്മാർ. പക്ഷേ യാത്ര പുറപ്പെടാൻ നിശ്ച്ചയിച്ച സ്ഥലത്ത് നിന്നും പുറപ്പെടാൻ വൈകിയപ്പോൾ മൂന്നു  പേർ യാത്ര തുടർന്ന് പല സ്ഥലങ്ങളിലും കാത്തു നിന്നെങ്കിലും നാലാമത്തെ ചക്രവർത്തി എത്താൻ വൈകുന്നു. എവിടെയും അവസരങ്ങൾ ഉണ്ടായിട്ടും അവിടെയൊക്കെ താൻ എത്താൻ വൈകുന്നല്ലൊ എന്ന വ്യഥ കഥാകാരിയുടെ വ്യഥ കൂടിയായി വായിച്ചെടുക്കാം.പക്ഷെ വൈകിയെത്തിയാലും എല്ലായിടത്തും നിറഞ്ഞു നില്ക്കുന്ന തൊമ്മൻ എന്നു വിവക്ഷിക്കുന്ന കഥാപാത്രം സ്വന്തം കാലിൽ ഉറച്ചു നിന്നു എന്നു പറയുമ്പോൾ എഴുത്തുകാരിക്കുള്ളിലും  സ്ഥൈര്യം നിറയുന്നു. . നാലാമത്തെ ചക്രവർത്തി എന്നതിൽ തികച്ചും  നാടകീയത തുടിച്ചു നില്ക്കുന്നു എന്ന് ആമുഖത്തിൽ ശ്രീ ജോർജ്ജ് ഓണക്കൂർ  വ്യക്തമാക്കിയിട്ടുണ്ട്. തൊമ്മൻ എന്ന കേന്ദ്രകഥാപാത്രത്തിലൂടെ ഈ കഥയുടെ ഇതൾ വിടരുന്നു. 
വർത്തമാനജീവിതത്തിൽ പ്രസക്തമായ ഒരു വിഷയമാണു ”തൊപ്പിയിട്ടവൻ“ എന്ന കഥയിലൂടെ പരാമർശിക്കപ്പെടുന്നത്.എയർപോർട്ടിൽ സുരക്ഷാപരിശോധനയുടെ പേരിൽ ചോദ്യം ചെയ്യലുകൾക്ക് വിധേയനാകുന്ന ഒരു ചെറുപ്പക്കാരൻ. താൻ പാരീസിലേക്ക് പോവുകയാണെന്നും അവിടെ ലൂവ്ര് മ്യൂസിയത്തിലെ പെയിന്റിംഗ്സ് കാണാനും ഫീച്ചർ തയ്യാറാക്കാനുമാണു പോകുന്നതെന്ന ഉത്തരത്തിൽ സുരക്ഷാ പരിശോധകർ  അവിശ്വസിക്കുന്നു. ഇതിനുള്ള ഫണ്ടിംഗ് എവിടെ നിന്നാണെന്ന് പരിശോധകർക്ക് അറിയണം. മറുപടികളൊക്കെ പ്രകോപനപരമാകുന്നു. പേരുകളും പലവിധത്തിൽ കാണുന്നു. പല ഭാവങ്ങളേയും രൂപങ്ങളെയും ആയുധമാക്കി ലോകത്തെ നശിപ്പിക്കുന്ന തീവ്രവാദസംഘടനയിലെ ആളെന്നപോലെ കടുത്ത ചോദ്യംചെയ്യലിനു വിധേയമാകുന്ന കഥാപാത്രം പരോക്ഷമായി നൈതികതക്കു വേണ്ടി കേഴുന്നു. ജീവിതയരങ്ങിൽ  അതിജീവനത്തിനു വേണ്ടി  പല വേഷങ്ങൾ ആടുമ്പോൾ നിസ്സഹായരായ പലരും ബലിയാടാകുന്നതിന്റെ പ്രത്യക്ഷ  ചിത്രം ഈ കഥയിൽ തെളിയുന്നു. തൊപ്പിയിട്ടവൻ എന്നതിൽ പല അർത്ഥങ്ങളും നിഗൂഹനം ചെയ്യപ്പെടുന്നു. ഇതൊരു നിലനിൽപ്പിന്റെ  പ്രശ്നമാണ്. നിലനിൽപ്പിനു  വേണ്ടി പിതാവിന്റെ പേരില്ലാതെ വന്നപ്പോൾ അമ്മയോട് ചോദിച്ചു അച്ഛനാരെന്ന്. ”ഒരു മനുഷ്യനുണ്ടായതാണു നീ .മനുഷ്യനായി ജീവിക്കുക. അന്ധനും ബധിരനും മൂകനുമായി എന്നു കഥാകൃത്ത് അടിവരയിട്ടു പറയുമ്പോൾ തന്നെ അസഹിഷ്ണുത നിറഞ്ഞ ഒരു ഇന്നിന്റെ വാങ്മയചിത്രം പ്രസക്തമാകുന്നു. "തൊപ്പി "പ്രണയത്തിന്റെ സ്മാരകമായും പരിശോധനാവേളയിൽ ഭീകരതയുടെ അടയാളവുമായി  വിരുദ്ധധ്രുവങ്ങളിൽ നില്ക്കുന്നു . . സമർത്ഥനായ ഒരഭിനേതാവിന്റെ മുഖത്ത് നിമിഷങ്ങൾക്കകം നിഴലിക്കുന്ന ഭാവവൈചിത്ര്യത്തിന്റെ വൈഭവം പോലെ വളരെ കരവിരുതോടെയാണു ഈ എഴുത്തുകാരിയുടെ തൂലിക വാക്കുകൾ കോറിയിടുന്നത് .
സുന്ദരമായ ഭൂതകാലജീവിതം അടി പിഴുതെടുത്തപ്പോൾ  സംഘർഷഭരിതമായി എപ്പോഴും അപകടമരണങ്ങളെ കുറിച്ച് കഥ മെനയുന്ന കഥാപാത്രമാണു പാനിവാലയുടെ ചിന്തകളിലെ “ പാനിവാല ” എന്ന കഥാപാത്രം.സ്നേഹത്തിന്റെയും ഒരുമയുടെയും ഇമ്പമാർന്ന ജീവിതത്തിൽ എപ്പോഴും ഒപ്പം നിന്നിരുന്ന ഭാര്യക്കുപ്പോലും പാനിവാലയുടെ ബീഭൽസത സൃഷ്ടിക്കുന്ന നുണക്കഥകൾ വിരസതയും മടുപ്പും അസഹിഷ്ണുതയും ഉളവാക്കുന്നു.എപ്പോഴും അപകടങ്ങളെക്കുറിച്ച് കഥകൾ നെയ്യുന്ന പാനിവാലക്കു നേരെ തന്നെ അവസാനം അപകടം കുതിച്ചെത്തുന്നു. ഭാര്യയുടെ സ്നേഹം  നഷ്ടപ്പെട്ടിരുന്നു എന്ന് കരുതിയിരുന്ന  പാനിവാല ആ അവസരത്തിലാണു ഭാര്യ ഇപ്പോഴും ഉള്ളിൽ പഴയ സ്നേഹം കാത്തുസൂക്ഷിക്കുന്നു എന്ന് മനസ്സിലാക്കുന്നത്.  ജീവിതവിപര്യയങ്ങളിൽ സ്നേഹവും സമാധാനവും നഷ്ടപ്പെടുമ്പോൾ ചിലപ്പോൾ സമനില തെറ്റി മാനസിക അകൽച്ചകൾക്ക്  കാരണമാകാം.  വീണ്ടും സംഘർഷഭരിതമായ ഒരവസ്ഥയിലോ, അഥവാ ജീവിതം കൈവിട്ടുപോകുന്ന നിമിഷത്തിലോ ആയിരിക്കാം ഒരു പക്ഷെ ഭാര്യാഭർത്തൃ ബന്ധത്തിന്റെ വിലയറിയുക എന്നൊരു സന്ദേശം ഈ കഥയിൽ ദൃശ്യമാകുന്നു. മഴക്കാലത്തു പാടവരമ്പത്തും തൊടിയിലും മുതുകിൽ ഭാരവും വലിച്ചു നീങ്ങുന്ന കോസ്മിക് ഒച്ച് എന്ന കഥയിലൂടെ വിസ്തൃതമാകുന്നത് നാമാവശേഷമാകുന്ന നാട്ടറിവുകളുടേയും നാട്ടുവൈദ്യങ്ങളുടെയും കലവറയാണ്. കൃത്രിമത്വമൊട്ടുമേശാത്ത കാട്ടുമൂപ്പത്തിയുടെ പരിവേഷമണിയുന്ന കാളായി എന്ന കഥാപാത്രം വായനക്കാരുടെ മനസ്സിൽ  ഇടം പിടിക്കും .മനുഷ്യജീവിതത്തിലെ ആദിമഗോത്രസങ്കല്പങ്ങളും വിശ്വാസങ്ങളുമെല്ലാം ഒരു ഒച്ചിലൂടെ മിഴി തുറക്കുന്നു. കാളായിക്കറിയാത്ത മരുന്നുകളില്ല. കാളായി കാടു കയറിയാൽ കിട്ടാത്ത മരുന്നുകളില്ല.അതായിരുന്നു  ഒരു കാലത്തെ വിശ്വാസം . ഇന്ന് എല്ലാം ശാസ്ത്രത്തിനു വിധേയമായി. പ്രകൃതിയുമായി മനുഷ്യനകന്നു. സ്ത്രീകൾ മാറുമറയ്ക്കാത്ത കാലത്തിന്റെ പ്രതീകമാണു കാളായി. ഉടുമുണ്ടിന്റെ കോന്തല വലിച്ചു കുത്തിയതിനകത്തു ഒതുങ്ങാത്ത മുഴുപ്പ് കണ്ട് മൂത്താരുടെ വെറളി പിടിച്ച കണ്ണുകൾ കണ്ടപ്പോഴാണു ഭർത്താവായ മല്ലൻ കാളായിക്ക് ഒരു ജോഡി റൌക്ക തയ്പ്പിച്ചുകൊണ്ടു വന്ന് കൊടുത്തത്. മല്ലന്റെ കൈപിടിച്ച് മലമ്പുഴക്കാടുകളിറങ്ങി മാറു മറയ്ക്കാതെ വന്ന കാളായിയെ അന്നെല്ലാവരും അല്ഭുതത്തോടെ നോക്കി അടക്കം പറഞ്ഞു. പക്ഷെ ചട്ടയിട്ടതുകൊണ്ടൊന്നും കാമവെറളി പിടിച്ച ഒരു സമൂഹത്തിന്റെ കണ്ണിൽ നിന്നും പെണ്ണിനു രക്ഷയാവില്ലെന്ന് പരോക്ഷമായി മല്ലന്റെ വാക്കുകളിലൂടെ കഥാകൃത്ത് സൂചിപ്പിക്കുന്നു.എല്ലാവരും പോയപ്പോൾ 
പഴയൊരു ചരിത്രാവിശിഷ്ടം പോലെ കാളായി മാത്രം ശേഷിച്ചു.അപ്പോഴും കാളായിയുടെ തൊടിയിലെ ഒച്ചുകളെ കുറിച്ചുള്ള ഗവേഷണത്തിനായി ഒരു പറ്റം ആൾക്കാർ.ഒച്ച് പാമ്പിനേക്കാൾ വിഷമുള്ളവയെന്ന പ്രസ്താവനകൾ ജനങ്ങളിൽ ഭീതിയുളവാക്കുന്നു. ആയിടെ ചിലകുട്ടികൾ ഒച്ച് കടിച്ചു മരിച്ചെന്ന സ്ഥിരീകരണങ്ങൾ. ! പക്ഷെ ആധുനികവൈദ്യശാസ്ത്രത്തിന്  ഒച്ചിനെ നശിപ്പിക്കാനായില്ല. ചില പൈതൃകങ്ങൾ കാത്തു​സൂക്ഷിക്കപ്പെടേണ്ടതാണെന്നിവിടെ വ്യംഗ്യമായി ധ്വനിക്കുന്നു.അവസാനം കാളായി വന്നു ഒച്ചിനു മേൽ കല്ലുപ്പു വിതറുന്നതോടെ ഒച്ചുകളെല്ലാം നശിക്കുന്നു. അതു കണ്ട് ആദ്യം പുച്ഛിക്കാൻ നോക്കിയ ഗവേഷകർ തോൽവി സമ്മതിക്കാതെ പിന്നീട് ഉപ്പിലുള്ള രാസവസ്തുക്കൾ ഒച്ചിന്റെ ശരീരഘടനയെ എങ്ങിനെ ബാധിക്കുമെന്ന് സമർത്ഥിക്കാൻ ശ്രമിക്കുന്നു  . പഴമയിൽ ചിലതെല്ലാം ശരിയെന്ന് പറയുവാനും സമ്മതിക്കാനും വിസമ്മതിക്കുന്ന ഒരാധുനികമനസ്സിന്റെ ചിത്രം കയ്യടക്കത്തോടെ എഴുത്തുകാരി നിർവഹിക്കുന്നു.പഴമയും പുതുമയും തമ്മിലുള്ള ഏറ്റുമുട്ടലിൽ പഴമ തന്നെ ഇവിടെ ജയിക്കുന്നു. ശാസ്ത്രത്തേയും തോൽപ്പിക്കുന്ന  പ്രകൃതിയും മനുഷ്യനും  തമ്മിലുള്ള അഭേദ്യബന്ധം കൂടി ഈ കഥയിൽ പീലി വിടർത്തുന്നു. ഇങ്ങിനെ ഓരോ കഥയും ഇഴവിടർത്തിയാൽ   സമൂഹത്തിന്റെ വിവിധ   തുറകളിലെ സംഭവങ്ങൾ  കാണാനാകും. സമാധാനപാലകരുടെ വേഷം കെട്ടി ഏതു പന്തിയിലും കയറിയിരുന്ന് അസമാധാനത്തിന്റെ  വിത്തുകൾ വിതയ്ക്കുകയും  അവസാനം അവനവൻ തന്നെ ചതിക്കുഴികളിലെത്തിപ്പെടുന്ന സർവ്വകക്ഷിഗുണശേഖരന്മാർ നർമ്മത്തിന്റെ മേമ്പൊടി വിതറി സമൂഹത്തിനെ കടുത്ത വിമർശനവിധേയമാക്കുന്ന കഥയാണ്.  വയസ്സാവുമ്പോൾ മക്കൾക്ക് ഭാരമായി മക്കളിറക്കിവിടുന്ന മാതാപിതാക്കൾ, വിവരസാങ്കേതികവിദ്യയുടെ വികാസത്തിൽ പുതിയ കണ്ടുപിടുത്തങ്ങൾക്കും പരീക്ഷണങ്ങൾക്കുമായി ഭൂമിയും കൃഷിയും വിയർപ്പും കമ്പോളവല്ക്കൃതങ്ങൾക്ക് വിട്ടുകൊടുക്കാനാകാതെ കാടുകളിലേക്ക് പലായനം ചെയ്യുന്ന  മനുഷ്യരും ,കുടിയിറക്കങ്ങളും, പ്രലോഭനങ്ങളിൽ വഴുതിവീണ്  ഉള്ള സമാധാനവും  നഷ്ടപ്പെട്ട് അരക്ഷിതാവസ്ഥയിലെത്തിപ്പെടുന്നവർ, കഷ്ടപ്പെട്ട് നേടിയ ജീവിതം മുഴുവൻ നഗരവല്ക്കരണത്തിൽ പുതിയ മെട്രൊ പദ്ധതികളുടെ തൂണിന്നടിയിൽ പെട്ട് ചതഞ്ഞരഞ്ഞുപോകുന്ന സ്വപ്നങ്ങൾ, ജീവിതം തന്നെ ഊർന്നിറങ്ങിപ്പോയി കമ്പോളസംസ്ക്കാരത്തിന്റെ 
വിപണിയിലെ ചതിക്കുഴികളിലേക്കെത്തുന്ന  പെൺ ജീവിതങ്ങളുടെ 
 കയ്പ്പേറിയ ദുരനുഭവങ്ങൾ ,മിശ്രവിവാഹജീവിതങ്ങളിൽ 
സംഭവിക്കുന്ന കുടിപ്പകകൾ,ജീവിക്കാനായി  സ്വത്വം വിൽക്കുമ്പോൾ  അവൾ വേശ്യ എന്ന അവഹേളനത്തിനും ശകുനം നന്നാവാൻ മറ്റുള്ളവരുടെ പടിപ്പുരയിലെത്തുന്നത് ഐശ്വര്യവും ആയി കാണുന്ന പുഴുക്കുത്തേറ്റ സമൂഹചിത്രങ്ങൾ എന്നു വേണ്ട മനുഷ്യജീവിതത്തിന്റെ സമസ്തഭാവങ്ങളും പ്രശ്നങ്ങളും ഒരു നാടകീയ ചാരുതയോടെ ഈ കഥാകാരി ഒരു ചരടിൽ കോർത്തെടുത്തിരിക്കുന്നു. ആമുഖത്തിൽ പ്രശസ്ത എഴുത്തുകാരൻ ഓണക്കൂർ സാർ വിശേഷിപ്പിച്ചിരിക്കുന്നത് "അപൂർവ്വസുന്ദരമായ കഥാവഴി "എന്നാണു. തികച്ചും അന്വർത്ഥമായ പദം. ഓരോ കഥയും സൂക്ഷ്മമായ വായനയും പഠനവും അർഹിക്കുന്നതാണ്. മൌലികതയും ,ശിൽപ്പ ഗുണവും, ആഖ്യാനപരതയും,ആർജ്ജവവും സ്വായത്തമാക്കിയ ഈ കഥകാരിയുടെ കഥകൾ എന്തുകൊണ്ടും മലയാള സാഹിത്യത്തിൽ ഗണ്യമായ പങ്കു വഹിക്കാൻ പ്രാപ്തമാണെന്ന് ചുവന്ന ലിപികളാൽ  കുറിക്കുന്നു! 

Monday, May 29, 2017

പ്രകൃതിസംഗീതമാകുന്ന തോറ്റ കുട്ടി


കമ്പോളവൽകൃത കാലഘട്ടത്തിൽ ബഹുനിലകെട്ടിടസമുച്ചയങ്ങളിൽ പാർക്കുന്ന ആധുനികമനുഷ്യന്റെ ചിന്തയിൽ നിന്നും തീർത്തും വിട്ടുപോയ മരതകപച്ചതുരുത്തുകളെ അതിന്റെ സർവ്വസൌന്ദര്യഭാവത്തിലൂടെയും വാർത്തെടുക്കുന്ന കവിതയാണു കവി റഫീക്ക് അഹമ്മദിന്റെ “തോറ്റ കുട്ടി” എന്ന കവിത. കവിത പുതിയ സങ്കേതങ്ങളെ തേടുകയും കാവ്യഭൂപടങ്ങളിൽ വികൃതവരകൾ ചാലിക്കുകയും ചെയ്യുന്ന ഈ കാലത്ത് തോറ്റ കുട്ടി ഭൌതികജീവിതത്തിൽ തോറ്റെന്ന് നിനക്കുമ്പോഴും അവൻ എത്തിനില്ക്കുന്നത് വിജയത്തിന്റെ മരതകക്കുന്നിലാണെന്ന് കവി സാക്ഷ്യപ്പെടുത്തുന്നു. മാനവികതയുടെ പച്ചതുരുത്തുകൾ നഷ്ടപ്പെടുമ്പോഴും ഉള്ളിലുള്ള സർഗ്ഗാത്മകതയിലൂടെ കവി വരച്ചിടുന്ന പ്രകൃതിയുടെ ജീവതാളത്തിന്റെ ഹൃദയ രേഖയാണു ഈ കവിത എന്നെനിക്കു തോന്നുന്നു. മുഖ്യധാരകളിൽ കാണുന്ന കവിതകളധികവും മനസ്സിലാവാറില്ല. മനസ്സിലാവാത്ത ഭാഷയിൽ ദുർഗ്രഹതയും വളച്ചുകെട്ടലുകളും ചേർന്നാൽ ഉദാത്ത കാവ്യശില്പ്പങ്ങളായിയെന്ന അബദ്ധധാരണകൾക്ക് കൂട്ടു നില്ക്കാനും കഴിയാറില്ല. അതുകൊണ്ടു തന്നെ ബഹുസ്വരതയുടെ കാവ്യമുഖങ്ങളിൽ നിന്നും ഈ കവിത അതിന്റെ തനതായ ഇടം നേടിയിരിക്കുന്നു. ജീവിതത്തിന്റെ ജ്യാമിതീയകള്ളികളിൽ നിന്നും ഒഴിഞ്ഞുപോകുന്ന കുട്ടി പ്രകൃതിയിലേക്കിറങ്ങുകയാണു. അവന്റെ കയ്യിലെ പുസ്തകം തോട്ടുവെള്ളത്തിലേക്കെറിഞ്ഞ്, കാറ്റിലേക്ക് കയ്യിലെ കുടയും കൊടുത്ത് , തുണ്ടുപെൻസിൽ വഴിയിലെറിഞ്ഞ് കണ്ട കാട്ടുവഴിയിലൂടെ നടക്കുന്നു. നടക്കുമ്പോൾ പിറകിൽ വന്ന് ആരൊക്കെയോ വിളിക്കുന്നതുപോലെ തോന്നുന്നു. അത് മനുഷ്യരാരുമല്ല തിത്തിരിപ്പക്ഷികളൊ കൊച്ചുത്തുമ്പിയോ മൈനയോ ഒക്കെയാവാം എന്നാണു കവി പറയുന്നത്.അഥവാ അവയുടെ മൂളലാവാം.പ്രകൃതിയിൽ നിന്നും അന്യ മാകുന്ന മനുഷ്യനിന്ന് തിത്തിരിപ്പക്ഷികളും മൈനയുമൊക്കെ അപരിചിതരാകാം. പോയ കാല ചിത്രത്തിന്റെ ഗൃഹാതുരത്വം കൂടി ഈ വരികളിലൂടെ ഒഴുകിവരുന്നതു ശ്രദ്ധേയം. കാട്ടുവള്ളി ഊഞ്ഞാലാക്കി ആടിക്കുതിച്ചവൻ പോകുന്നത് കാടിന്റെ നിബിഢ ഭംഗികളിലേക്കാണു. ബഷീറിന്റെ കഥയായ ഭൂമിയിലെ അവകാശികളെപ്പോലെ സർവ്വജീവജാലങ്ങൾക്കും ജീവിക്കാനവകാശമുള്ള മണ്ണിന്റെ വന്യഗർഭങ്ങളിലേക്ക്. മനുഷ്യരേക്കാൾ സ്നേഹമുള്ള മറ്റു ജീവജാലങ്ങൾക്കിടയിലേക്ക്.അവിടെയൊക്കെ ശ്വസിക്കുന്നത് വിഷവായുവല്ല പൂത്ത മുല്ലപ്പൂക്കളുടെ വശ്യസൌരഭമാണു. ആ സുഗന്ധത്തിൽ നീന്തുന്ന കാറ്റ് ഒരു സംഗീതമായവനു തോന്നുന്നു. പൂക്കളൊക്കെയും വാക്കുകൾ പായുന്ന കാട്ടരുവിയുടെ മധുരഗാനങ്ങളായും. അതിഭാവുകത്വങ്ങളൊട്ടുമേശാത്ത നൈസർഗ്ഗികമായ ഭാവന.രാത്രിയിൽ നക്ഷത്രങ്ങൾ നിറഞ്ഞ ആകാശമാകട്ടെ നീർത്തിവെച്ചൊരു പുസ്തകമായാണു കുട്ടിക്കനുഭവപ്പെടുന്നത്. കവിമനസ്സിലുള്ള കുട്ടി തന്നെയാണു ഈ കഥാപാത്രം. ഇന്നിന്റെ ചുടുചോര ചിന്നുന്ന സ്വാർത്ഥതയുടെ ലോകം തന്നെയാണു കുട്ടിയിലൂടെ കവിയെ ഇങ്ങിനെ ചിന്തിപ്പിക്കുന്നതും. അവസാനം തോറ്റിറങ്ങിവന്ന കുട്ടിയെ തോളത്തുവെച്ച് മരതകക്കുന്ന് പറയുന്നു ..നീയൊരിക്കലും തോല്ക്കുകില്ല നിന്നെ ഇവിടെയൊരു അമ്പിളിത്തെല്ല് കാത്തിരിക്കുന്നു എന്നു പറയുന്നിടത്ത് കവിതയുടെ വാതിലടയുന്നു. ഈ അമ്പിളിത്തെല്ല് പ്രത്യാശയുടെ പ്രകൃതിയുടെ സംഗീതം തന്നെയാണു. നമുക്കു ചുറ്റും പ്രകൃതി ഒരുക്കിവെച്ചിരിക്കുന്ന വിഭവങ്ങൾ വിലമതിക്കാനാവാത്തതാണു. അതറിയാൻ ആധുനികമനുഷ്യനൊട്ടും നേരവും ഇല്ല.കേവലം വാർത്തകളൊ പ്രസ്താവനകളൊ മുദ്രാവാക്യങ്ങളൊ കവിതയാകുന്ന വർത്തമാനത്തിന്റെ ഇടനാഴിയിൽ നിന്നും തീർത്തും വ്യത്യസ്ഥമായി കവിതയുടെ ജീവനരാഗങ്ങൾ പൂർണ്ണമായും ആവാഹിക്കുവാൻ ഈ കവിതക്ക് കഴിയുന്നു. കവിതാവഴികളുടെ മൌലികതയും ജൈവികതയും നഷ്ടപ്പെടുന്ന ലോകത്തേക്കു മരതകസൌന്ദര്യത്തിന്റെ ഉൾക്കാഴ്ച്ചയാണു ഈ കവിത വായനക്കാർക്ക് നല്കുന്നത്.

അമ്മക്കൊരു ദിനമൊ?


അമ്മ എന്നത് മാനവികതയാണു. സർവ്വമാനവഗുണങ്ങളും തികഞ്ഞ ഭാവം. അതാണു അമ്മയുടെ സങ്കല്പ്പം. പക്ഷെ കാലപ്പകർച്ചയിൽ അമ്മ എന്ന അർത്ഥവിശേഷണത്തിനും അർഥലോപങ്ങൾ സംഭവിച്ചു എന്നത് സത്യം. പക്ഷേ ശരിയായ അമ്മ എന്നും ആ വിശേഷണത്തിന്നർഹയായിരിക്കും.ഒരു പെൺകുട്ടി ഒരു കുഞ്ഞിനെ ഗർഭം ധരിക്കുന്നതോടുകൂടി അവൾ മാനസികമായും ശാരീരികമായും അമ്മ എന്ന ഭാവത്തിലേക്ക് പരിവർത്തനം ചെയ്യപ്പെടുന്നു. മക്കളെ നെഞ്ചോട് ചേർത്ത് വെച്ച് എന്നും തന്റെ ചിറകിനുള്ളിൽ സംരക്ഷണം നല്കി കാത്തുസൂക്ഷിക്കുന്നവർ.അവർ അമ്മക്കരികിൽ നിന്നും എത്രദൂരെയാണെങ്കിലും ഓരോ നിശ്വാസത്തിലും മക്കൾക്കായി പ്രാർത്ഥനാനിരതരായി ഇരിക്കുന്നവർ. വർത്തമാനകാലത്ത് അമ്മമാരെ ശ്രദ്ധിക്കാത്ത എത്രയോ അമ്മമാരുടെ ദുഃഖം നേരിലറിഞ്ഞിട്ടുള്ള വ്യക്തി എന്ന നിലക്ക് ചില കാര്യങ്ങൾ ഇവിടെ കുറിക്കാതിരിക്കാനാവില്ല. ജീവിതത്തിലെ സന്തോഷങ്ങളെല്ലാം മാറ്റിവെച്ച് മക്കൾക്കായി ജീവിതം ഉരുക്കിത്തീർത്തവർ ഇന്ന് പടിക്കു പുറത്തു ധാരാളമുണ്ട്.കണ്ണീർ തുളുമ്പിയ മിഴികളുമായി കീറിയ ജീവിതം വീണ്ടും വീണ്ടും തുന്നിച്ചേർത്തുകൊണ്ട് മക്കളെ ഭയത്തോടെ കാണുന്ന അമ്മമാർ! മക്കൾ കുടുംബമായിക്കഴിയുമ്പോൾ അമ്മ അവർക്കധികപ്പറ്റാവുന്നു. അമ്മയുടെ ഇഷ്ടാനിഷ്ടങ്ങളെല്ലാം മാറ്റിവെച്ച് ഒരു കാരാഗൃഹത്തിലെന്നതുപോലെ സ്വാതന്ത്ര്യത്തിന്റെ ചിറകുകൾ മുറിച്ച് മുറിയ്‌ല് പൂട്ടിയിടുന്നവർ,തെരുവിലേക്കിറക്കിവിടുന്നവർ,അങ്ങിനെ എത്രയോ ഉദാഹരണങ്ങൾ സഹിതം ഈ സമൂഹത്തിൽ അമ്മമാർ ജീവിക്കുന്നുണ്ടെന്ന യാഥാർത്ഥ്യത്തെ മറികടന്ന് നമുക്ക് സഞ്ചരിക്കാനാവില്ല. തങ്ങൾക്കു ഇതേ കാലഘട്ടം കാത്തിരിക്കുന്നുണ്ടെന്ന സത്യം അവർ വിസ്മരിക്കുന്നു. അമ്മ തണലും സ്നേഹവുമാണെന്ന് പല മക്കളും ആലോചിക്കുന്നില്ല്ല. സ്വന്തം കഴിവുകളുടെ മാറ്റുരച്ചുനോക്കാൻ പോലും ശ്രമിക്കാതെ മക്കൾക്കു വേണ്ടി മാത്രം ജീവിതം ഉഴിഞ്ഞുവെച്ച് മദ്ധ്യവയസ്സിലെത്തുമ്പോൾ രോഗിയും അശരണയുമാകുന്ന അമ്മമാരെ ശ്രദ്ധിക്കാതെ പോകരുത്.അമ്മമാർ ഒരിക്കലും മക്കളെ ശപിക്കില്ല. പക്ഷേ അവരുടെ വേദനകൾ മക്കളെ വേട്ടയാടും. അത് തീരാവേദനയായി ജീവിതത്തിൽ വന്ന് പതിക്കുമ്പോൾ പശ്ച്ചാത്തപിച്ചിട്ടോ മറ്റു കാരുണ്യപ്രവർത്തനങ്ങൾ ചെയ്തിട്ടോ ഫലമില്ലെന്നുകൂടി സമൂഹം മനസ്സിലാക്കേണ്ടിയിരിക്കുന്നു. മരിച്ചുകഴിയുമ്പോൾ ഫോട്ടോസ് വെച്ച് പൂജകൾ ചെയ്തിട്ടോ അനാഥാശ്രമങ്ങൾക്ക് സഹായങ്ങൾ ചെയ്താലോ ചെയ്തുകൂട്ടിയ പാപങ്ങൾക്ക് മോക്ഷം ലഭിക്കില്ല. ജീവിച്ചിരിക്കുമ്പോൾ ചെയ്താലേ ആ പുണ്യം വരുംതലമുറയ്ക്കും കൈവരുകയുള്ളു. ആ ചിന്ത ഓരോ മക്കൾക്കുള്ളിലും ശക്തമായി ഉണ്ടെങ്കിൽ ഇവിടെ അശരണരായ അമ്മമാർ ഉണ്ടാവില്ല. തെറ്റുകുറ്റങ്ങൾ മനുഷ്യരിൽ സ്വാഭാവികമാണു പക്ഷേ അതു തിരിച്ചറിഞ്ഞ് ആത്മവിശകലനത്തിനു തയ്യാറായി സ്വയം മനസ്സിലാക്കാനും നല്ല രീതിയിൽ മാറാനും ഓരോരുത്തരും ശ്രദ്ധിക്കണം. ജീവിതം കവി പറഞ്ഞതുപോലെ ഒരു നീർപ്പോള പോലെയാണു. അതു പൊട്ടിപ്പോകുവാൻ അധികം സമയം വേണ്ട. പക്ഷേ ജീവിക്കുമ്പോൾ ചെയ്യേണ്ടതും ഓർക്കേണ്ടതുമായ കാര്യങ്ങൾ നിരവധിയുണ്ട്. അതു കൃത്യമായി ചെയ്തുതീർക്കാൻ ശ്രമിക്കുക.ആരേയും വേദനിപ്പിക്കാൻ ഇടവരാതെ. ഇവിടെ ഓരോ മാതാപിതാക്കളും സുരക്ഷിതരായിരിക്കണം മക്കളുടെ കൈകൾക്കുള്ളിൽ.ഒരു ദിനം മാത്രമല്ല എല്ലാ ദിനത്തിലും അമ്മക്ക് പ്രസക്തിയേറേയാണു. ലോകത്തിലെ എല്ലാ അമ്മമാർക്കുമായി മഹാപ്രണാമം!

Thursday, February 23, 2017

സൂര്യ ഗായത്രികൾ

മെഴുകുപ്രതിമയായ്‌
അണയാറായെങ്കിലും
വാക്കിൻ നക്ഷത്രങ്ങളെത്തേടി
ഉഴറുന്നോരോ യാമങ്ങളും
അരുണശോഭയിൽ 
മുങ്ങിക്കുളിച്ചു പതിയെ
അടിവെച്ചു വരുന്നിതാ
സൂര്യഗീതങ്ങളും പാടി
ആത്മതമസ്സകറ്റി
കിഴക്കന്മലയിൽ
സൂര്യഗായത്രികൾ

Wednesday, February 22, 2017

ശിഷ്ടസംഖ്യ

ഇരുട്ടിന്റെ പർദ്ദക്കുള്ളിൽ
പരൽമീനിനെപ്പോലെ പിടയുമ്പോഴും
മഴ പോലെ പെയ്തിറങ്ങുന്ന
ഓർമ്മകളുടെ പെരുക്കങ്ങൾ
ജീവിതം ഇങ്ങിനെയൊക്കെ
വീണ്ടും കൂട്ടിയും കിഴിച്ചും ഗുണിച്ചും
ശിഷ്ടസംഖ്യയിൽ....പുലരുന്നു
വീണ്ടുമീ പുലരിപൂവുകൾ

Tuesday, February 21, 2017

പടിയിറക്കംഅവഗണനകൾ,ഒഴിഞ്ഞുമാറലുകൾ
ചില മൌനങ്ങൾ
പടിയിറക്കങ്ങളാണു 
 
Blogger Templates