Social Icons

Thursday, July 6, 2017

കച്ചമണിക്കിലുക്കം........... 1


വാനിന്റെ വിസ്തൃതമായ മണ്ഡലത്തിലാണല്ലൊ നക്ഷത്രങ്ങൾ വന്നുവീണു പ്രകാശം ചൊരിയുന്നത്. ജന്മം കൊണ്ട് മനുഷ്യരിൽ ചിലർ സൂര്യനായും ചന്ദ്രനായും നക്ഷത്രങ്ങളായും ഭൂമിയിലെ അല്പ്പകാലത്തെ മിന്നാമിനുങ്ങുകളായും പ്രകാശം ചൊരിയാറുണ്ട്.സൂര്യ ചന്ദ്ര നക്ഷത്രശോഭകൾ കാലവിപര്യയങ്ങൾക്കുള്ളിൽ മറഞ്ഞാലും അതിന്റെ തേജസ്സ് ഭൂമിയിലെ അനന്തരകാലത്തെ തേജോമയമാക്കും. അതാണു ആ ശോഭകളുടെ ഓജസ്സ്. ഓരോ മേഖലകളിലും അത്തരം സൂര്യതേജസ്സുകൾ കാലത്തെ പ്രതിനിധീകരിക്കാറുണ്ട്.
വള്ളുവനാട്ടിലെ പ്രകൃതിമനോഹരമായ ഒരു ഗ്രാമമാണു പാലക്കാട് ജില്ലയിൽ ചെർപ്പുളശ്ശേരിക്കടുത്തുള്ള കാറൽ മണ്ണ എന്ന കൊച്ചുദേശം. .കൂട്ടത്തിൽ കൂടുതൽ നായന്മാരും നമ്പൂതിരിമാരും താമസിക്കുന്നയിടം.നായർത്തറവാടുകളിലധികവും സാമ്പത്തികമായി ശോഷിച്ചുപോയിരുന്നു. നായന്മാർ നമ്പൂതിരിയില്ലങ്ങളിൽ കാര്യസ്ഥപ്പണിയും,ദാസ്യവൃത്തിയും ആയി കഴിഞ്ഞിരുന്ന ഒരു കാലം. അങ്ങിനെ ശോഷിച്ചുപോയ ഒരു ശാഖയിൽ പെട്ട തറവാടായിരുന്നു “ചേനമ്പുറത്ത്” വീട്. ദാരിദ്ര്യവും പരിദേവനങ്ങളും ഇരുൾ പടർത്തിയ ഇടനാഴിയിൽ തങ്ങളുടെ ഇല്ലായ്മയിലും വല്ലായ്മയിലും ഒതുങ്ങിക്കൂടിയിരുന്നവർ. ചേനമ്പുറത്തു വീട്ടിലെ അംഗമായിരുന്നു ഇട്ടിച്ചിരിയമ്മയും അവരുടെ ജ്യേഷ്ഠസഹോദരി കുഞ്ഞുകുട്ടിയമ്മയും. വാഴേങ്കടയിലുള്ള ഒരാളായിരുന്നു കുഞ്ഞികുട്ടിയമ്മയുടെ ഭർത്താവു .അവർ ഭാര്യയേയും മക്കളെയും വാഴേങ്കടയിലേക്കു കൊണ്ടുപോയപ്പോൾ അനിയത്തി ഇട്ടിച്ചിരിയമ്മയും മകനും ഒറ്റപ്പെട്ടു. ഭർത്താവും അടുത്തില്ല. കുഞ്ഞിക്കുട്ടിയമ്മ സഹോദരിയേയും മകൻ നാരായണനേയും വാഴേങ്കടയിലേക്ക് ഒപ്പം കൂട്ടി. വാഴേങ്കട വെച്ച് ഇട്ടിച്ചിരിയമ്മയുടെ ഭർത്താവ് മരിച്ചു.കുറച്ചുകാലങ്ങൾക്കു ശേഷം നിരാശ്രയായ ഇട്ടിച്ചിരിയമ്മയെ നെടുമ്പെട്ടി വീട്ടിൽ ഗണപതിനായർ വിവാഹം കഴിച്ചു . ഭാര്യയേയും അവരുടെ മകനേയും സംരക്ഷിച്ചു. തൃക്കടീരി മനക്കലെ കാര്യസ്ഥനായിരുന്നു ഗണപതിനായർ. ജീവിതം ഒരു പുഴ പോലെ ഒഴുകുമ്പോൾ അവർക്കൊരു മകൻ ജനിച്ചു. 1085 ചിങ്ങമാസത്തിലെ അഷ്ടമിരോഹിണി നാളിൽ. ആ ദിവസത്തെ പ്രത്യേകതയാൽ അവർ മകനു കൃഷ്ണനെന്നു പേരിട്ടു. പക്ഷേ അമ്മയുടെ നാവിൻ തുമ്പിലെപ്പോഴും അവനെ കുഞ്ചുവെന്ന് വാൽസല്യപൂർവ്വം നീട്ടിവിളിച്ചു.അപ്പോഴും ജീവിതം പ്രതിസന്ധിയിൽ തന്നെ. സ്വന്തമായൊരു വീടില്ല. വലിയമ്മയുടെയും മക്കളുടേയും ഉദാരതയിൽ തന്നെ കഴിയുന്നു. ഇടക്കൊക്കെ അവിടെ ഉയരുന്ന കാർമേഘങ്ങൾ. സ്വന്തമാണെങ്കിലും ഓരോ കുടുംബങ്ങളാകുമ്പോൾ അവിടെ എപ്പോഴൊക്കെയോ പിളർപ്പുകളും വിള്ളലുകളും ആരംഭിക്കുന്നു. അച്ഛൻ ഇടയ്ക്കു മാത്രം വന്നുപോകുന്ന ഒരതിഥിയെപ്പോലെ. കുഞ്ചുവും അമ്മയും ജ്യേഷ്ഠനും മാത്രം അവിടെ. അപ്പോഴാണു വലിയമ്മയുടെ മരണം നടന്നത്. അതോടു കൂടി അവിടെ താമസിക്കുവാൻ നിർവാഹമില്ലതായി. അവിടെ നിന്നും എത്രയും വേഗം മാറിത്താമസിക്കുകയെന്നത് അനിവാര്യമായി. അവസാനം അച്ഛന്റെ കഠിനാദ്ധ്വാനത്തിന്റെ ഫലമായി കാറൽ മണ്ണയിൽ ഒരു വീടെടുത്ത് അവിടേക്കു തന്നെ ഇട്ടിച്ചിരിയമ്മ മക്കളെയും കൂട്ടിപ്പോന്നു. അമ്മയുടെ ബ്രഹ്മാലയ ദാസ്യവും അച്ഛന്റെ കാര്യസ്ഥപ്പണിയും കൊണ്ട് കിട്ടുന്ന തുച്ഛമായ വരുമാനത്തിൽ ആ അമ്മ ജീവിതത്തെ പിടിച്ചുനിർത്തി. വ്യക്തമായ ചില കള്ളികൾക്കുള്ളിൽ അപ്പോൾ ജീവിതത്തെ തളച്ചിടേണ്ടി വരുന്നു. ഇല്ലെങ്കിൽ ജീവിതത്തിന്റെ ത്രാസിനെ ഒരുമിച്ചുനിർത്താൻ കഴിഞ്ഞെന്നു വരില്ല. വീട്ടിലെ വീർപ്പുമുട്ടിക്കുന്ന അന്തരീക്ഷത്തിൽ നിന്നും കുഞ്ചുവിന്റെ ഏട്ടൻ ജോലി തേടി മദിരാശിയിലേക്ക് പോയി. അഞ്ചു വയസ്സുള്ള കുഞ്ചുവും അമ്മയും മാത്രമായി വീട്ടിൽ. അച്ഛൻ ഇടയ്ക്കു വരും വല്ലതും കൊടുക്കും. ജീവിതത്തിന്റെ അരക്ഷിതാവസ്ഥയിലും അച്ഛനമ്മമാർ മകനു സ്നേഹം വാരിക്കോരി വിളമ്പി . അഞ്ചു വയസ്സായ കുഞ്ചുവിനവർ അന്നത്തെ കാലത്തെ ആചാരപ്രകാരമുള്ള പ്രാഥമിക വിദ്യാഭ്യാസം നല്കി. പക്ഷെ തുടർന്ന് പഠിപ്പിക്കാൻ ആഗ്രഹമുണ്ടായിരുന്നെങ്കിലും അതിനുള്ള നിവൃത്തി ആ പാവപ്പെട്ട മാതാപിതാക്കൾക്കുണ്ടായിരുന്നില്ല. നിസ്സഹായതയുടെ ഉള്ളുരുക്കങ്ങളിൽ പിടയുമ്പോഴും തങ്ങളുടെ അല്ലലുകൾ കുഞ്ചുവറിയരുതെന്ന് അവരാഗ്രഹിച്ചു. പക്ഷേ മകന്റെ മനസ്സിൽ തുടർന്ന് പഠിക്കാനുള്ള ആഗ്രഹം അദമ്യമായി വളരുകയായിരുന്നു. വിദ്യ നേടുക എന്നത് ആത്മദാഹമായി . മനസ്സിന്റെ ത്വരയെ മുൻ നിർത്തി കുഞ്ചു നടന്നു..വെള്ളിനേഴി ഹയർ എലിമെന്റരി സ്ക്കൂളിലേക്കു. അവിടെ ആരുമറിയാതെ നാലാം ക്ളാസ്സിൽ പോയി ചേർന്നു. പിന്നീടാണു അച്ഛനും അമ്മയും ഈ വിവരം അറിഞ്ഞതു. കുഞ്ചുവിനെ അറിയാവുന്ന ചില അദ്ധ്യാപകരും കൂട്ടുകാരും ഇതിനായി സഹായിച്ചു. അക്കാലത്തു തന്നെ വേറേ ചില മോഹങ്ങളും കുഞ്ചുവിനെ പിടി കൂടി. പഠിത്തത്തോടൊപ്പം കഥകളിയും ചിത്രകലയും ഇഷ്ടപ്പെട്ടു. എല്ലാം പഠിക്കണമെന്നുണ്ട്. പക്ഷേ ഏതിനും ഇണങ്ങാത്ത സാഹചര്യം! എല്ലാ മോഹങ്ങളും ഉള്ളിലടക്കി.
സ്ക്കൂളിലേക്കുള്ള പോക്കുവരവു കാന്തള്ളൂരമ്പലത്തിന്നടുത്തുള്ള കഥകളി പഠിപ്പിക്കുന്ന മഠത്തിനു മുമ്പിലൂടെയാണു. വീട്ടിൽ നിന്നു സ്ക്കൂളിലേക്ക് ദൂരമേറെയുണ്ടു. കൂട്ടിനാരുമില്ലാത്തതിനാൽ പലപ്പോഴും അമ്മ തന്നെ കൂട്ടിനു പോയി. പക്ഷെ പല വൈകുന്നേരങ്ങളിലും മകൻ വൈകിയെത്തുമ്പോൾ അമ്മക്കാധി കൂടും. പാടവരമ്പത്തും തോട്ടുവക്കിലും ഇടവഴിയിലും അമ്മ മകനെ കാത്തുനില്ക്കലും മകൻ വൈകിവരലും പതിവായി.കളരിയിലെ കഥകളി ശിക്ഷണം കണ്ടു നില്ക്കുന്നതൊരു പതിവായി. അതിന്നിടയിൽ മറ്റൊരു സ്ക്കൂളിലേക്ക്മാറി. കെ.ടി നാണു എഴുത്തച്ഛന്റെ കീഴിൽ പഠനം തുടർന്നു. .......കേളികൊട്ടുയരുന്ന കഥകളിയും മയിൽ പീലിവർണ്ണങ്ങൾ വിടർത്തുന്ന ചിത്രങ്ങളുടെ ക്യാൻ വാസും മനസ്സിനെ മാറി മാറി ഭരിച്ചുകൊണ്ടിരുന്നു. സ്ക്കൂൾ വിട്ടുപോരുമ്പോൾ കേൾക്കുന്ന കച്ചമണികളുടെ കിലുക്കം മനസ്സിൽ വിവിധവിചാരവികാരങ്ങളുടെ ആരോഹണങ്ങൾ സൃഷ്ടിച്ചു. അവിടെ നിന്നും കേട്ട വാദ്യസംഗീതവിസ്മയങ്ങളിൽ മുഴുകിപ്പോയ മനസ്സിനെ പലപ്പോഴും കുലുക്കിയുണർത്താനാവാതെ കളരിവാതില്ക്കൽ അറിയാതെ എത്രയോ നേരം നിന്നുപോവുന്നതൊരു പതിവായി.അമ്പലമുറ്റത്തെ അരയാൽ ച്ചില്ലകളിലെ കിളികളുടെ സ്വരജതികളിൽ പോലും കഥകളിശീലുകളുടെ പല്ലവികൾ. ഇളകുന്ന ആലിലകളിൽ കലാശച്ചുവടുകളുടെ നൃത്തതരംഗങ്ങൾ. അങ്ങിനെ ചില ചിത്രങ്ങൾ കുഞ്ചുവിന്റെ മനസ്സിൽ ആഴത്തിൽ പതിഞ്ഞു.
കേരളത്തിൽ തെക്കും വടക്കുമായി ധനുമാസം മുതൽ മീനമാസം വരെ പൂരങ്ങളുടേയും വേലകളുടെയും ഉൽസവങ്ങളുടെയും കൊടി കയറും. പല പരിപാടികൾക്കൊപ്പം കഥകളിയരങ്ങുകളും ധാരാളം ഉണ്ടാവും.കഥകളിയെത്തിയാൽ കുഞ്ചുവിന്റെ മനസ്സ് ആഹ്ളാദത്തിന്റെ കൊടുമുടി കയറും. അത്രയേറെ ആ കലയേയും കലാകാരന്മാരേയും മനസ്സിൽ ബഹുമാനിക്കുന്നു. അണിയറയ്ക്കുള്ളിൽ ചുറ്റിപറ്റി നില്ക്കുക, ചുണ്ടപ്പൂ തയാറാക്കികൊടുക്കുക, പറ്റിയാൽ അവരെ ഒന്നു തൊടുക, ചുട്ടിക്കാരും പെട്ടിക്കാരുമായി ഒരു സൌഹൃദം സ്ഥാപിക്കുക..ഇതൊക്കെ കുഞ്ചുവിനെ സംബന്ധിച്ച് വളരെ സന്തോഷം പകരുന്ന അനുഭവങ്ങളായിരുന്നു. കഥകളിക്കാ
ലം കഴിഞ്ഞാൽ കുഞ്ചുവിനെ ഒരു വിഷാദം പിടിപെടും. കളി കഴിഞ്ഞുറങ്ങുന്ന അമ്പലമുറ്റത്ത് കൂട്ടുകാരുമൊത്ത് ചിലവേഷങ്ങൾ കെട്ടിക്കളിക്കുന്ന നേരമ്പോക്കും ഉണ്ടായിരുന്നു. അതിനായി ചെർപ്പുളശ്ശേരി ചന്തയിൽ നിന്നും ചെറിയ ചില കഥകളി പുസ്തകങ്ങൾ വാങ്ങും. സ്ക്കൂളില്ലാത്ത ദിവസങ്ങളിലെ ഉച്ചനേരങ്ങളിലായിരുന്നു ഈ വക തമാശകൾ അരങ്ങേറിയിരുന്നത്. ദാരിദ്ര്യത്തിന്റെ നെല്ലിപ്പലകയിൽ മൂണ്ടു മുറുക്കി വിശപ്പിനെ തടുക്കാൻ പഠിച്ചു. അപ്പോൾ മനസിനിഷ്ടപ്പെട്ട കാര്യങ്ങൾ ചെയ്തു വിശപ്പിനെ മറന്നു. വർണ്ണങ്ങളുടെ വിസ്മയങ്ങൾ നിറഞ്ഞ ചില ചിത്രങ്ങൾ തന്റെ ബാലഭാവനയിൽ കുഞ്ചു കൂട്ടുകാർക്ക് വരച്ചുകൊടുത്തു. ഉച്ചവിശപ്പ് പലപ്പോഴും അങ്ങിനെ അറിയാതെപോയി.
തിരിമുറിയാതെ പെയ്തു നിറയുന്ന ഒരു കർക്കിടകക്കാലം. കൈയിലെ വിള്ളലുള്ള ഓലക്കുടയിൽ നിന്നും തണുത്ത മഴത്തുള്ളികൾ ദേഹം നനച്ചു.മഴയുടെ ശക്തി കുറയുന്നതു വരെ ഒരിടത്ത് കയറി നിന്നു. മഴയുടെ മേളപ്പദത്തിനൊപ്പം അപ്പുറത്തും നിന്നും കേൾക്കുന്ന കഥകളിസംഗീതം സിരകളെ ഉണർത്തി. കളി പഠിപ്പിക്കുന്ന കളരിയിൽ നിന്നാണത്. അതു കേട്ട പാടെ ഉള്ളിലെ വിശപ്പണഞ്ഞു. രാവിലെ അമ്മ പകർന്നു തന്ന കഞ്ഞി മാത്രമെ വയറ്റിലുണ്ടായിരുന്നുള്ളു. മഴയും കളരി ശിക്ഷണവും കണ്ടു നിന്ന് നേരം പോയതറിഞ്ഞില്ല. നടന്നു ....വീട്ടിലേക്ക് വേഗം. പകുതിവഴിയെത്തിയപ്പോൾ അന്വേഷിച്ചു വരുന്നു അമ്മ.
കളരിയിൽ കണ്ട ആശാനോട് കുഞ്ചുവിനു അറിയാതൊരു മമതാബന്ധം വളർന്നിരുന്നു. ആശാനു തിരിച്ച് ഈ ബാലനോടും അങ്ങിനെയൊരു അടുപ്പം തോന്നിയിരുന്നുവോ? ഒരു വശത്തേക്ക് കെട്ടിവെച്ച കുടുമ, വിശാലമായ നെറ്റിത്തടത്തിൽ ചന്ദനക്കുറി, തോളിലൊരു വേഷ്ടി. ആജാനുബാഹുവായ ആ വലിയ മനുഷ്യനെ കുഞ്ചു മനസ്സിൽ നമിച്ചു. കഥകളിക്കമ്പം ഏറിയ കാലത്താണു ഒരു വേഷം മായാതെ പച്ച കുത്തിയതുപോലെ മനസ്സിൽ സ്ഥാനം പിടിച്ചത്. ആലവട്ടവും മേലാപ്പും അമ്പും വില്ലുമായി അരങ്ങ് നിറഞ്ഞു നിന്ന വേഷം. അങ്ങിനെയൊരു വേഷം കെട്ടുവാൻ തനിക്കു ഭാഗ്യമുണ്ടാകുമോ? സ്വയം ചോദിച്ച ചോദ്യം!ഉത്തരം തിരമാലകൾ പോലെ പൊങ്ങിയും താണും !. ആ പച്ച വേഷം സാക്ഷാൽ പട്ടിക്കാംതൊടി രാവുണ്ണിമേനോന്റെയായിരുന്നു. അദ്ദേഹമാണു ഈ കളരിയിലെ ആശാൻ. ദിവസേനയുള്ള തന്റെ ഈ നോക്കിനില്പ്പ് കണ്ടപ്പോൾ ഒരു നാൾ അദ്ദേഹം ചോദിച്ചു. “ ഉം എന്താ കഥകളി പഠിക്കണോ?
താൻ ആരാധിക്കുന്ന ആ വലിയ മനുഷ്യനിൽ നിന്നും വിചാരിക്കാത്ത നേരത്തു കേട്ട ചോദ്യം കുഞ്ചുവിനെ അല്ഭുതത്തിലാഴ്ത്തി. മറുപടിയായി തലായാട്ടുക മാത്രം ചെയ്തു . കുട്ടിത്തത്തിന്റെ നിഷ്ക്കളങ്കത മുറ്റി നില്ക്കുന്ന കണ്ണുകളിൽ പ്രതീക്ഷയുടെ തിരിനാളങ്ങൾ തെളിഞ്ഞു. അങ്ങിനെ തലയാട്ടിയെങ്കിലും മറുഭാഗത്ത് സാഹചര്യങ്ങളുടെ പിരിമുറുക്കവും പൊരുത്തക്കേടുകളും മനസ്സിനെ മഥിച്ചു. അനുകൂലസാഹചര്യത്തിൽ നിന്നും ഒരു കാര്യം പഠിച്ചുയരുക എന്നത് പ്രയാസമുള്ള കാര്യമല്ല. പക്ഷെ പ്രതികൂലാവസ്ഥയെ തരണം ചെയ്ത് മുന്നേറുകയെന്നതുതന്നെ ജീവിത വിജയം എന്ന് കുഞ്ചുവിനുള്ളിൽ ആരോ ഊട്ടിയുറപ്പിക്കുന്നതുപോലെ തോന്നി. എന്തായാലും അന്നു വീട്ടിലേക്ക് കുഞ്ചു കയറിച്ചെന്നത് വ്യക്തമായ ഒരു തീരുമാനത്തോടെയായിരുന്നു. തനിക്കു കഥകളി പഠിക്കണം. ക്ളേശപൂർണ്ണമായ ജീവിതസാഹചര്യത്തിൽ അച്ഛനമ്മമാരും കുഞ്ചുവിന്റെ ഇംഗിതത്തിനവസാനം വഴങ്ങി. പക്ഷേ അവർ തീരുമാനമെടുത്തത് ചിത്രകല പഠിപ്പിക്കാമെന്നായിരുന്നു. അതിനും കന്യാകുമാരിയിൽ അയച്ചു പഠിപ്പിക്കണം. ഏതിനും സാമ്പത്തികം തന്നെ അടിസ്ഥാനം. തൃക്കടീരി നാരായണൻ നമ്പൂതിരി അതിനു സഹായിക്കാമെന്നേറ്റതിനാലാണു മാതാപിതാക്കൾ ആ തീരുമാനത്തെ അനുകൂലിച്ചത്.ശരി എന്നാലങ്ങിനെ..കുഞ്ചുവും സമ്മതിച്ചു. മാത്രമല്ല കഥകളി പഠിക്കാൻ കഠിനമായ ശിക്ഷണ രീതി സ്വീകരിക്കണം .അതിന് ഈ ദാരിദ്ര്യാവസ്ഥയിൽ കുഞ്ചുവിന് കഴിയുമോ എന്നും അമ്മ ആശങ്കപ്പെട്ടു. കന്യാകുമാരിക്കു പോകുവാൻ രണ്ടു ദിവസമുള്ളപ്പോഴാണു അമ്മക്കൊപ്പം കുഞ്ചു വാഴേങ്കടക്ക് പോയത്. പക്ഷേ വാഴേങ്കട കുഞ്ചുവിനെ തിരയുക തന്നെയായിരുന്നു.. ദേശനാമം കൂടി അന്വർത്ഥമാക്കിയ ഭാവിയിലെ വലിയ കലാകാരനെ. കഥകളി പഠിക്കാം എന്ന നിയോഗം അവിടെ വന്നുചേരുകയായിരുന്നു. ജീവിതത്തിന്റെ മനയോലപ്പാടുകൾ തന്നെയായിരിക്കാം കുഞ്ചുവിനു നിയോഗമായിട്ടുള്ളത് അച്ഛനമ്മമാരും അങ്ങിനെ വിശ്വസിച്ചു. മനുഷ്യജീവിതത്തിന്റെ നിഗൂഢതകൾ അജ്ഞാതങ്ങളാണല്ലൊ. .കഥകളി പഠനത്തിനു കുട്ടപ്പപൊതുവാൾ എന്നൊരു സഹൃദയൻ സഹായിച്ചു. അതോടെ മനസ്സിലെ ചിത്രവർണ്ണങ്ങൾ മായ്ച്ച് കഥകളിക്ക് കച്ച മുറുക്കി. എരിയുന്ന തീക്കനലിൽ അരവയർ മുറുക്കിയുടുക്കുമ്പോഴും ഹൃദയധമനിയിൽ ചുഴിപ്പുകളുതിരുന്ന ചൊല്ലിയാട്ടക്കളരിയുടെ സ്വപ്നങ്ങൾ സാക്ഷാല്കൃതമാകുന്നു. കൃഷ്ണമുടിയിലെ വെള്ളിയലുക്കുകളിലെ വിസ്മയാവഹമായ പ്രകാശം കഥകളിലോകത്തേക്കു ഒരു പുതിയ സൂര്യനെ വരവേല്ക്കുകയായിരുന്നു...

No comments:

 
Blogger Templates