Social Icons

Thursday, July 6, 2017

2...കളരിയിലേക്ക്1924 ജൂലായ് 8 നു(മലയാളവർഷം 1100 എടവം 26)വാഴേങ്കട ക്ഷേത്രപരിസരത്തുള്ള മല്ലിശ്ശേരി നീലകണ്ഠൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ നടത്തിയിരുന്ന കഥകളിക്കളരിയിൽ കുഞ്ചു കഥകളി പഠിക്കാൻ കച്ചകെട്ടി. കഥകളിയഭ്യാസം തുടങ്ങിയപ്പോ
ൾ അമ്മയെ വിട്ടു നില്ക്കേണ്ടി വന്നു. അമ്മ കാറല്മണ്ണയിലും കുഞ്ചു വാഴേങ്കടയിലുമായി. പാലക്കാട് ജില്ലയിലെ ചെർപ്പുളശ്ശേരിക്കടുത്തു ഗ്രാമമാണു കാറല്മണ്ണ എന്നു മുന്നേ സൂചിപ്പിച്ചിരുന്നല്ലൊ.. വള്ളുവനാടു താലൂക്കിലെ മലകളും കുന്നുകളും പുഴകളും തോടുകളും നിറഞ്ഞ സാംസ്ക്കാരികത്തനിമകളുടെ ഉരകല്ലായിരുന്നു ആ സ്ഥലം. അഷ്ടമി രോഹിണിനാളിൽ കുഞ്ചു കൃഷ്ണനായി ജന്മം കൊണ്ട മണ്ണു. അക്കാലത്ത് ആയുർവേദചികിൽസക്കും വിഷചികിൽസക്കും വിദഗ്ദ്ധരായ വൈദ്യന്മാരും കാറല്മണ്ണയിലുണ്ടായിരുന്നു. മൺ മറഞ്ഞുപോയ പുള്ളുവസംഗീതത്തിന്റെ നാവൂറുകളും ഈ മണ്ണിലുയർന്നുകേട്ടിരുന്നു.അവിടെ നിന്നും മകനെ കാണാൻ കുഞ്ചുവിന്റെ അമ്മ ഇടക്കിടെ വാഴേങ്കടക്ക് പോവും.

വാഴേങ്കട കളരിയിൽ ആദ്യം അഞ്ചു വിദ്യാർത്ഥികളാണുണ്ടായിരുന്നത്. എല്ലാവരും വാഴേങ്കടക്കാർ. അഭ്യാസച്ചിലവുകളിൽ ഗുരുവിന്റെ ഭക്ഷണം മല്ലിശ്ശേരി നമ്പൂതിരി നല്കും. വിദ്യാർത്ഥികൾക്ക് വേണ്ടതായ എണ്ണ നെയ്യ് ഗുരുവിന്റെ ശമ്പളം മുതലായവ രക്ഷിതാക്കൾ ചെയ്യണം. കുഞ്ചുവിനെ സംബന്ധിച്ച എല്ലാം ബുദ്ധി മുട്ടുതന്നെയായിരുന്നു. മരിച്ചുപോയ വലിയമ്മയുടെ മകൻ രാമേട്ടന്റെ കനിവു കൊണ്ടാണു ഭക്ഷണം തന്നെ കിട്ടിയിരുന്നത്. ബാക്കി ചിലവുകൾക്കും ഗുരുനാഥനു കൊടുക്കാനും ഉള്ള ത് അമ്മയും ഏട്ടനും കടം മേടിച്ചിട്ടാണെങ്കിലും സമയത്ത് എത്തിച്ചുകൊടുത്തു. ജീവിതത്തിന്റെ ഗതിയില്ലായ്മകൾ പലപ്പോഴും കുഞ്ചുവിനെ വിഷമിപ്പിച്ചു. എന്നാലും മുമ്പിൽ ഒരുറച്ച ലക്ഷ്യമുണ്ട്. മുന്നിലെ കല്ലും മുള്ളും കുപ്പിച്ചില്ലുകളും വകഞ്ഞുമാറ്റി തന്നെ പോകണം. പിൻ മടങ്ങരുത്..പലപ്പോഴും മനസ്സ് ഓർമ്മിപ്പിച്ചു. കഷ്ടപ്പാടിന്റെ നൂൽപ്പാലം താണ്ടുമ്പോഴും കഥകളിയെന്ന മഹത്തായ കല മനസ്സിന്റെ മതിഭ്രമങ്ങളെ തളച്ചിട്ടു.

കരിയാട്ടിൽ കോപ്പൻനായരുടെശിക്ഷണമായിരുന്നു ആദ്യവർഷങ്ങളിൽ..കുഞ്ചുവിന്റെ കഥകളിയിലെ ബാലപാഠങ്ങൾ അവിടെ തുടങ്ങി.
വെള്ളത്താടിയും ചുവന്ന താടിയും കെട്ടിയിരുന്ന അദ്ദേഹം ഏറ്റവും പ്രശസ്തനായത് ബകവധത്തിലെ ആശാരിയിലൂടെയായിരുന്നു.കഥകളിക്കു ചേരുന്ന പല വിദ്യാർത്ഥികളും അഭ്യാസത്തിന്റെ കാഠിന്യം നിമിത്തം പഠിത്തം നിർത്തുകയോ കളരി വിട്ടുപോവുകയൊ പതിവാണു. എന്നാൽ കോപ്പന്നായരുടെ ശിക്ഷണം ആദ്യം കുട്ടികളുടെ മനസ്സ് വായിച്ചെടുത്ത ശേഷമുള്ള ശിക്ഷണരീതിയായിരുന്നു . അതിനാൽ അദ്ദേഹത്തിന്റെ കളരിയിൽ കുട്ടികൾക്ക് കഥകളിയോടുള്ള അകല്ച്ച കുറയുകയും അടുപ്പം കൂടുകയും ചെയ്തു. അദ്ദേഹത്തിന്റെ ശൈലികൾ ഓരോ ദിവസവും കഥകളിയോടുള്ള അടുപ്പം വർദ്ധിപ്പിച്ചു.
കളരിയിലെ ആറുമാസം പോയതറിഞ്ഞില്ല. കഥകളിയിലെ രംഗദേവതാവന്ദനമെന്നോ അഥവാ അതിന്റെ ശുഭാപ്തിപ്രാർത്ഥനയെന്നോ ആയി കല്പ്പിക്കപ്പെട്ടിരുന്ന തോടയം പുറപ്പാട് എന്നിവ പഠിച്ചുതുടങ്ങി. അഭ്യാസത്തിന്റെ ഓരോ ഘട്ടങ്ങൾ. അവസാനം ഒരു മാസത്തോളം രാത്രി വിളക്കു വെച്ച് തിരശ്ശീല പിടിച്ച് കാലിൽ കച്ചമണിയും കെട്ടി സന്ദർഭത്തിന്നനുസരിച്ച് ഗദ വാൾ അമ്പ് എന്നിവധരിച്ച് അലർച്ചയോടും തിരനോക്കോടും കൂടിയതുമായ രാച്ചൊല്ലിയാട്ടം അഭ്യസിച്ചു അതോടൊപ്പം ചില കുട്ടിത്തരം വേഷങ്ങളും പഠിച്ചുതുടങ്ങി. അതെല്ലാം അരങ്ങത്തവതരിപ്പിക്കാമെന്ന മനോധൈര്യം മെല്ലെ കൈവന്നതുപോലെ. ഗുരുനാഥനും ശിഷ്യന്റെ കഴിവിൽ പൂർണ്ണ ബോധ്യം വന്നു.
1925 ഡിസംബർ 20 ധനുമാസത്തിലെ അവിട്ടം നക്ഷത്രം. അന്നത്തെ വിഭാതമേറെ കാന്തിയണിഞ്ഞതുപോലെ കുഞ്ചുവിനു തോന്നി. പുതിയ ചില ജീവിത ചൊല്ലുകളുടെ തിരനോട്ടം. കിളികളുടെ വായ്ത്താരികളിൽ പുതിയ പകലിന്റെ ജതികൾ,. പ്രഭാതത്തിൽ വിരിഞ്ഞുനില്ക്കുന്ന പൂവുകളിൽ വട്ടമിട്ടു പറക്കുന്ന വണ്ടുകളും ശലഭങ്ങളും മാമാങ്കനൃത്തച്ചുവടുകൾ വെക്കുന്ന മാമരച്ചില്ലകൾ കൺ തുറന്ന പുലരിയൊ സ്വപ്നത്തിടമ്പേന്തി മുന്നിൽ...ജീവിതത്തിനു പുതിയ അർത്ഥതലങ്ങൾ തളിരിടുന്നു. ഉദിച്ചുയരുന്നു ഒരു കുഞ്ഞുസൂര്യൻ!“ലോലപീതാംബര ചാർത്തുകൾക്കപ്പുറം
പീലിമുടിവനമാലകൾക്കപ്പുറം
പ്രീതിപ്പൊലിമ തൻ പൊൻ തിടമ്പാം
മഹാജ്യൊതിസ്വരൂപനെ ക്കാനുന്നതില്ലയോ”

ചിരകാലാഭിലാഷത്തിന്റെ നാന്ദി കുറിക്കുന്ന ശുഭമുഹൂർത്തം സമാഗതമാകുന്നു. കുഞ്ചുവിന്റെ അരങ്ങേറ്റം! കൃഷ്ണമുടി വെച്ച പുറപ്പാട്. രാവിലെ വാഴേൻകട തേവരെ തൊഴുതു പ്രാർത്ഥിച്ചു. കഥകളി പഠിക്കാൻ വേണ്ട സഹായങ്ങൾ ചെയ്തുതന്ന മല്ലിശ്ശേരി നമ്പൂതിരിയേയും മറ്റുള്ളവരേയും ചെന്ന് കണ്ട് അനുഗ്രഹാശിസ്സുകൾ വാങ്ങി. വൈകുന്നേരം ആശാൻ പറഞ്ഞതനുസരിച്ച് അണിയറയിലെത്തി .കേളികൊട്ടിന്റെ മന്ദ്രധ്വനിയിൽ അവിടെയുള്ള കുന്നുകൾ പുളകിതരായപ്പോൾ കുഞ്ചുവിന്റെ ഉള്ളും കുളിർത്തു. അണിയറയിലെ തെളിഞ്ഞുകത്തുന്ന നിലവിളക്കിൻ തിരിയിൽ കുഞ്ചു ഒരു വാഴ്വിന്റെ സംഗീതം കേട്ടു. താഴെ നിവർത്തിയിട്ട പായകൾ, വേഷമൊരുങ്ങുന്നവർ, തൂക്കിയിട്ട മെയ്ക്കോപ്പുകൾ ,കിരീടങ്ങൾ വലിയ കളിപ്പെട്ടികൾ ..എത്രയോ തവണ ഇതൊക്കെ ഒന്നു തൊടാൻ കൊതിച്ചിരുന്ന മനസ്സ്...സാർത്ഥകമായ വർത്തമാനനിമിഷം വിശ്വസിക്കാനാവാതെ....നിലവിളക്കിനു മുന്നിലിരുന്നു പ്രാർത്ഥിച്ചു. മനസ്സ് വികാരഭരിതമായി. ആശാൻ മോതിരവിരൽകൊണ്ട് മനയോല തൊട്ട് ഹൃദയത്തിൽ വെച്ച് ധ്യാനിച്ച് ശിഷ്യന്റെ മുഖത്ത് ആ മനയോല തൊട്ടു. ചുട്ടികുത്തലിനു ശേഷം ശിരസ്സിൽ കൃഷ്ണമുടിക്കിരീടം ചാർത്തിക്കൊടുത്തു.അസുലഭനിമിഷത്തിന്റെ ഗുരുകടാക്ഷം. അടുത്ത് സന്തോഷാശ്രുക്കൾ തൂകി എന്നും ഒപ്പം കൂട്ടായി നിന്ന സ്നേഹനിധിയായ അമ്മയേയും ഗുരുസ്ഥാനീയരേയും പ്രണമിച്ചു. കുഞ്ചു ഹൃദയദുന്ദിഭത്തോടെ അരങ്ങത്തേക്ക് .

കഥകളി രംഗത്തെ പ്രശസ്തരായ ഇലപ്പുള്ളി കേശവൻ നായർ(ഭാഗവതർ) മൂത്തമന കേശവൻ നമ്പൂതിരി(ചെണ്ട) തിരുവില്വാമല മാധവവാരിയർ(മദ്ദളം) എന്നിവർക്കൊപ്പമുള്ള അരങ്ങിലാണു കുഞ്ചുവിന്റെ കൃഷ്ണവേഷം .പകുതി താഴ്ത്തിയ തിരശ്ശീലക്കൊപ്പം ആലവട്ടവും മേലാപ്പും ...ഒട്ടും പരിഭ്രമിക്കാതെ പുറപ്പാടെടുത്തു. അന്നു തന്നെ പട്ടിക്കാംതൊടിക്കൊപ്പം സുഭദ്രാഹരണത്തിലെ കൃഷ്ണനായും ആടാനായത് ഗുരുത്വം എന്നേ പറയേണ്ടു. അപൂർവ്വ പുണ്യത്തിന്റെ മൌനമുദ്രിതമായ ഇടങ്ങൾ!അന്നുമുതൽ പിന്നീട് എല്ലാവർഷവും വാഴേങ്കട കളിക്ക് കുഞ്ചുവിന്റെ പുറപ്പാട് നിർബന്ധമായിരുന്നു. അരങ്ങേറ്റത്തിനു ശേഷം മറ്റു ചില വേഷങ്ങൾ കെട്ടിയും അരങ്ങിനോടും കഥകളിയോടും ഉള്ള ഇഴയടുപ്പം കൂടിവന്നു. വർഷക്കാലത്ത് കഥകളിയഭ്യാസവും വേനല്ക്കാലത്ത് ഗുരുനാഥന്നൊപ്പം കളിക്കും പോയിത്തുടങ്ങി.

അപ്പോഴേക്കും കുട്ടിത്തരം മുഴുവനും അല്പ്പം ഉയർന്ന നിലയിലുള്ള ചില ഭാഗങ്ങളും പരിചയിക്കാൻ തുടങ്ങി. അഭ്യാസത്തിന്റെ മൂന്നാം കൊല്ലം മുതൽ കല്ലുവഴി ഗോവിന്ദപിഷാരോടിയുടെ കീഴിലായി പഠനം. അസാധാരണവേഷഭംഗിയും അഭ്യാസബലവും അദ്ദേഹത്തിന്റെ വേഷത്തിന്റെ സവിശേഷഗുണങ്ങളായിരുന്നു. ഈ കാലമായപ്പോഴേക്കും ഭക്ഷണം തന്നിരുന്ന വലിയമ്മയുടെ മകൻ നേരിയ തോതിൽ അകല്ച്ചയും ഇഷ്ടക്കേടും ഭാവിച്ചുതുടങ്ങി. എന്നാൽ കഥകളിയെ അളവറ്റ് സ്നേഹിച്ച കുഞ്ചുവിനെ ഇത്തരം അല്പ്പത്തരങ്ങൾ അലട്ടിയില്ല. മനസ്സ് കഥകളിയിൽ മാത്രം വ്യാപരിച്ചു.

കഥകളി കേരളീയരുടെ സാംസ്ക്കാരികമേന്മയുടെ ഉരകല്ലാണു.എന്നാൽ സങ്കേതബദ്ധമായ ഈ കലയിൽ തന്നെ അവാന്തരവിഭാഗങ്ങളുണ്ട്. തെക്ക് നടുക്ക് വടക്ക് എന്നിങ്ങനെ. തെക്കർ ഭാവാവിഷ്ക്കരണത്തിനു പ്രാധാന്യം കല്പ്പിക്കുപ്പോൾ വടക്കർ മെയ്യഭ്യാസത്തിനു പ്രാധാന്യം നല്കുന്നു എന്ന് അഭിപ്രായങ്ങൾ. നടുക്കരുടെ നില മേല്പ്പറഞ്ഞ രണ്ടിൽ നിന്നും വ്യത്യാസമത്രെ. വടക്ക് മെയ്യഭ്യാസം എന്നത് കളരിപയറ്റിന്റെ പാരമ്പര്യത്തിൽ നിന്നുകൊണ്ടാണു വീക്ഷിക്കുന്നത്. തെക്കും വടക്കും നിന്ന ഈ കല മദ്ധ്യമലയാളത്തിലേക്ക് കടന്നപ്പോൾ അതിന്റെ രൂപവും ഭാവവും മാറി എന്ന് ചരിത്രകാരന്മാർ പറയുന്നു. പ്രാകൃതമായിരുന്ന ഈ കലയെ പരിഷ്ക്കരിച്ചത് കല്ലടിക്കോട് നമ്പൂതിരിയും കപ്ളിങ്ങാട് നമ്പൂതിരിയും ആണത്രെ. മധ്യകേരളത്തിലും ഈ കലയുടെ പരിഷ്ക്കരണത്തെകുറിച്ച് പലരും ചിന്തിച്ചിരുന്നു. അതിൽ നിന്നും ഉരുത്തിരിഞ്ഞുവന്നതാണു കഥകളിയിലെ കല്ലുവഴിച്ചിട്ട. കൈമുദ്രകളുടെ വെടിപ്പ് ഭാവാഭിനയത്തിന്റെ പൂർണ്ണത, ആട്ടത്തിന്റെ ഒതുക്കവും നിയന്ത്രണവും ഇവയാണു കല്ലുവഴിച്ചിട്ടയുടെ സവിശേഷതകൾ. കല്ലുവഴിച്ചിട്ടയുടെ കുലഗുരു ഇട്ടിരാരിച്ചമേനോനായിരുന്നു. കൊടുങ്ങല്ലൂർ തമ്പുരാക്കന്മാരിൽ നിന്നും,ഗുരു ഇട്ടിരാരിച്ചമേനോനിൽ നിന്നും ലഭിച്ച കല്ലുവഴിച്ചിട്ടയെ കടുകു കീറി പരിശോധിച്ച് ഉലയിലൂതിയ സ്വർണ്ണം പോലെ കാച്ചിയെടുത്ത് ജീവൻ നല്കിയവരിൽ പ്രധാനി പട്ടിക്കാംതൊടിയായിരുന്നു. . അഞ്ചാമത്തെ കൊല്ലം മുതൽ കുഞ്ചുവിന്റെ ശിക്ഷണം കല്ലുവഴിചിട്ടയുടെ കുലപതി ശ്രീ പട്ടിക്കാംതൊടി രാവുണ്ണിമേനോന്റെ കളരിയിലായിരുന്നു. നിഷ്കൃഷ്ടമായ ചൊല്ലിയാട്ടക്രമങ്ങൾ കുഞ്ചു സ്വായത്തമാക്കി. ചൊല്ലിയാട്ടം എന്ന വാക്കിനു കഥകളിയുടെ സൌന്ദര്യശാസ്ത്രത്തെ വിശദമാക്കാനുതകുന്ന ഒന്നിലധികം നിർവ്വചനങ്ങളുണ്ടെന്ന് പണ്ഡിതമതം.മെയ്യുറപ്പടവു മുതൽ കലാശങ്ങളും തോടയവും പുറപ്പാടും വരേയുള്ള എണ്ണങ്ങൾ അഭ്യസിച്ചു കഴിഞ്ഞ വിദ്യാർത്ഥി , പാട്ടും കൊട്ടും ചേർത്ത് പദാഭിനയം ശീലിച്ചുതുടങ്ങുന്നു. കളരിയിൽ നടക്കുന്ന ഈ പദാഭിനയത്തെ സാങ്കേതികമായി “ചൊല്ലിയാട്ടം” എന്നു പറയും. ഇപ്രകാരം വേഷം കെട്ടാതെ കളരിയിൽ ചെയ്യുന്ന പദാഭിനയപരിശീലനമെന്നതാണു ചൊല്ലിയാട്ടത്തിന്റെ കളരിനിയമപ്രകാരമുള്ള അർത്ഥം. കഥകളിയുടെ വ്യാകരണശാസ്ത്രം അറിഞ്ഞുകൊണ്ടുള്ള പഠനത്തിലൂടെ ആട്ടത്തിൽ കർശനമായ ഔചിത്യം പാലിക്കുന്ന പട്ടിക്കാംതൊടൊയുടെ ശിക്ഷണത്തിൽ നായകവേഷങ്ങൾ ധൈര്യപൂർവ്വം രംഗത്തവതരിപ്പിക്കാനുള്ള ഉൾക്കരുത്ത് ഇക്കാലമായപ്പോഴേക്കും കുഞ്ചു നേടി. കൃത്യവും വ്യക്തവുമായ ചൊല്ലിയാട്ട നിഷ്ഠകളിലൂടേയും മെയ്യഭ്യാസത്തിന്റെ ലാവണ്യമാർന്ന രീതിശാസ്ത്രത്തിലൂടേയും വളർന്നു വരുന്ന ഒരു വിദ്യാർത്ഥി കറകളഞ്ഞ നല്ലൊരു നടനായി വാർത്തെടുക്കപ്പെടുന്നു. ആ ഗുണഗണങ്ങൾ കുഞ്ചുവിനും ലഭിച്ചു. “ലോകത്തിൽ കലകൾ പലതുമുണ്ട്. എല്ലാം എല്ലാവർക്കും ഒരു പോലെ സ്വാധീനമായിക്കൊള്ളണമെന്നില്ല. ഒന്നിൽ മാത്രം മനസ്സുറപ്പിച്ച് അതിനെ കൈവശപ്പെടുത്തി ഉയരത്തിലെത്തുക” എന്ന ആശാന്റെ വാക്കുകൾ എപ്പോഴും ഓർക്കുകയും അതിനനുസരിച്ച് കഠിനപ്രയത്നത്തിലേർപ്പെടുകയും ചെയ്തു. 

No comments:

 
Blogger Templates