Sunday, June 6, 2021

 പരകായങ്ങൾ

മുരൾച്ചയും കിതപ്പും
ഇപ്പോൾ പതിവായിരിക്കുന്നു
അശരണനായ ബാലന്റെ
രക്ഷകനായാണ് തുടക്കം
പിന്നീടത് ജീവിതം പോലെ
ഓരത്ത് തന്നെ നിന്നു
പറിച്ചെറിയാനാവാതെ
മനയോല തൊട്ട നാളുകളിൽ
അരികുവൽക്കരിക്കപ്പെട്ടു
അരങ്ങു ഭാഷ്യങ്ങളിലൂടെ
മറുപടികൾ കൊടുത്തു
എന്നാലെപ്പോഴൊ
അരങ്ങിന്നപ്പുറം
കഥാപാത്രങ്ങളെത്തിയിരുന്നു
മെയ്യും ചുവടും ഉറച്ച്
മുഖത്തെഴുത്തിലൂടെ
ഉണർന്നെണീക്കുന്ന
പരകായങ്ങൾ
ആത്മപ്രകാശനങ്ങളായി
അരങ്ങിൽ നിന്നും അരങ്ങിലേക്കുള്ള
പ്രയാണങ്ങൾ
കലയുടെ അകമറിഞ്ഞുള്ള
മുറുക്കങ്ങൾ
കൊട്ടിക്കയറലുകൾ
ആഹാര്യത്തിന്റെ
വർണ്ണ വിസ്മയങ്ങളിൽ
അരങ്ങിൽ ജീവിച്ചു
അലർച്ചകളായും പകർച്ചകളായും
നോട്ടങ്ങളായും
ഊക്കായും
എപ്പോഴോ കേശഭാരക്കിരീടം
അഴിക്കുമ്പോൾ അറിഞ്ഞു
അഴിക്കാനാവാത്ത
കഥാപാത്ര സ്വഭാവത്തെ...
ബാലിയായും കലിയായും
വൃദ്ധയായും ദ്രോണരായും
ഭീമനായും കചനായും
ത്രിഗർത്തനായും ദുശ്ശാസനനായും പകർന്നാടി
അവരൊക്കെ
കച്ചയഴിക്കുമ്പോൾ
ശരീരത്തെ സ്വതന്ത്രമാക്കി
അവരുടെ ഇടങ്ങളിലേക്ക് ഇറങ്ങിപ്പോയി
എന്നാൽ ഒരാൾ മാത്രം
അവിടെ തന്നെ ഇരിപ്പുറച്ചു
കണ്ണുകളിലെ അഗ്നിയുമായി
നരനും സിംഹവും ഒന്നായ ഭാവത്തിൽ
വർത്തമാനകാലത്തിലെ
ഹിരണ്യകശിപുകളെ
ഉന്മീലനം ചെയ്യാൻ
നരസിംഹം ഉണർന്നിരിക്കണം
അത് കൊണ്ട് തന്നെ
വേഷമഴിച്ചിട്ടും
കൈകളിൽ നഖങ്ങൾ നീണ്ടു നിവർന്നു
ദംഷ്ട്രകൾ
അകത്തേക്കെടുക്കാനാവാതെ
ജടകൾ സടകുടഞ്ഞെഴുന്നേൽക്കുന്നു
രസനയിൽ
രക്ത ദാഹവും
നരനേക്കാൾ കൂടുതൽ
സിംഹമായിരിപ്പാണിപ്പോൾ!

No comments: