Friday, June 4, 2021

 പുണ്യം - ഇന്ദിരാ ബാലൻ

നിറയും തമോവായു തൻ
പാരതന്ത്ര്യത്തിൽ നിന്നും
ജീവകണമായി നിറയുന്നു
കവിതേ നീയെന്നുൾപ്പൂവിൽ
പൊൻകതിർപ്പാടത്തെ
പൊന്നൊളി ദീപമായി
പാരിതിൻ വെളിച്ചമായി
വിലസുന്നു കവിതേ
മഴമേഘത്തേരിലേറി
അഴകിൻ തിരനോട്ടവുമായി
എന്നിലെയുയിരിൽ
പൂത്തുലഞ്ഞ വാസന്തമേ
ഭാവരാഗതാളമേളത്തിൻ
പൊൻച്ചിലമ്പൊലിയുതിർത്ത
നൃത്യദ്ധൂർജ്ജടി തൻ
മധുരോദാര നർത്തനമാടിടുന്നു
നിശീഥത്തിൻ നീലയാമങ്ങളിൽ
പൂക്കും നിശാഗന്ധി പോൽ
ധവളാഭ ചൊരിഞ്ഞു വെള്ളി -
ക്കൊലുസ്സണിഞ്ഞ നിലാവായി
ചിരന്തന പുണ്യമാക്കുകെൻ
ബോധത്തെ, പുണരുകയെൻ
സിരകളെ, വർഷിച്ചീടുക
വാക്കിൻ നവകേസരങ്ങളെ
വിനിദ്രയായ് തൂലികയെൻ
കരത്തിലേന്തുമ്പോഴും കവിതേ
നിൻ ഭാവശുദ്ധി തൻ
ഭാസുര പരിമളമൊഴുകുന്നു ...!

No comments: