Sunday, June 6, 2021

 ഇടവപ്പാതി..... ഇന്ദിരാ ബാലൻ

തിരിമുറിയാതെ പെയ്തു മുറുകുന്ന
മഴയെ നോക്കി ഞാനിറയത്തു നിൽക്കെ
പടി കടന്നാരോ വരുന്നു പോൽ
എളിയിലൊരു കുഞ്ഞുമായീറൻ മിഴികൾ
ഏതു ദേശത്തിലെ പാതക മഴയിൽ നിന്നു
മതി കെട്ടു വരുവതോയിടവപ്പാതിയിൽ
മലവെള്ളപ്പാച്ചിലിൽ കുത്തിയൊലിച്ച ജീവിതം തിരക്കി നടപ്പതോ
ആരുമില്ലിവിടെ തണലേകുവാൻ
ഞാനുമീ മഹാവർഷക്കോളുമല്ലാതെ
ഋണബാധ്യത തൻ പേമാരിയിൽ
നനഞ്ഞു കുതിർന്നു വിറച്ചിരിപ്പവൾ ഞാനും
ജീവിത ബാക്കി തേടിയെത്തിയ
കദനക്കരിനിഴൽ പടർന്ന നീർമിഴികളെന്തേ
ചൊൽവൂ ദീനമായ്
ഇറയത്തു വീഴുമീ ജലധാരകൾ
ഒരു കുറി കൂടി നെയ്തെടുക്കുന്നു
വർണ്ണമഴനൂലുകളെന്നോ?
നെയ്തെടുക്കേണ്ട കനവുകളൊന്നുമിനി
കനലായിയെരിഞ്ഞില്ലേ ജീവിതവും
താരകങ്ങളുമില്ലിവിടെ രാപ്പാർക്കുവാൻ
സ്നേഹത്തിൻ മുന്തിരിവള്ളികളുമില്ലാ
പോക നീർമിഴിയെ നിരാലംബ ഞാൻ
മാറാവ്യഥകളായി പിൻതുടരുന്ന
ജീവിതേതിഹാസത്തിന്നന്ത്യത്തിൽ
വിരൽത്തുമ്പിൽ നിന്നൂർന്നിറങ്ങിപ്പോയ
ജീവിതം തിരക്കി നടപ്പവൾ ഞാനും
കാറ്റും കോളുമണിഞ്ഞു മിന്നൽപ്പിണറുകൾ വീശി
മുറുകുന്നു പിന്നെയുമീയിടവപ്പാതി.....!

No comments: