Friday, June 4, 2021

 പെണ്മയുടെ വർത്തമാനങ്ങൾ ......ഇന്ദിരാബാലൻ

കാലത്തിന്റെ ഏടുകളിൽ സ്ത്രീമുന്നേറ്റത്തിനും സ്ത്രീപിന്നോക്കാവസ്ഥക്കും സമൂഹത്തിൽ കാര്യമായ സ്വാധീനം ഉണ്ടെന്നത് ചരിത്രലിപികളാൽ കുറിക്കപ്പെട്ടിട്ടുണ്ട്.ഓരോ കാലഘട്ടത്തിലും അതാത് ദേശ-ഭാഷാ-ജാതി-മത-ജീവിതാടിസ്ഥാനത്തിൽ സ്ത്രീജീവിതങ്ങൾ പരുവപ്പെടുത്തുകയും സമൂഹത്തിനാവശ്യമായ ആരോഹണാവരോഹണക്രമങ്ങൾ സൃഷ്ടിക്കുകയും ചെയ്തിരുന്നു. പഴയ കാല ധീരവനിതകൾ നടത്തിയ തീക്ഷ്ണവും തീവ്രവുമായ സമരമൂറകളിലൂടെ നേടിയെടുത്തതാണ്‌ ഇന്നത്തെ സ്ത്രീസ്വാതന്ത്ര്യം.അതിന്‌ നിരവധി ഉൽപ്പതിഷ്ണുക്കളായ മഹാരഥൻമാർ വഴിവിളക്കുകളായിട്ടുമുണ്ട്‌. എന്നാൽ കാലം തേച്ചുമിനുക്കപ്പെടുമ്പോൾ പലതിനും മാറ്റം സംഭവിച്ചിട്ടുണ്ട്‌.അത് സ്ത്രീജീവിതങ്ങൾക്കും ബാധകമായിട്ടുണ്ട്‌. മാറ്റമെന്നത് അനിവാര്യവും. ഓരോ പൊളിച്ചെഴുത്തുകളിലൂടേയാണ് ഓരോ മുന്നേറ്റവും നടക്കുന്നത്.
വർത്തമാനകാലസ്ത്രീകൾ ഇന്ന് പുരുഷൻ വ്യാപരിക്കുന്ന എല്ലാമേഖലകളിലും പുരുഷനൊപ്പമോ അതിന്നപ്പുറമോ ക്രിയാത്മകാമായി പ്രവർത്തിക്കുന്നവരാണ്‌.സ്വത്വബോധമുള്ളവരും സ്വയം നിലപാടെടുക്കുന്നവരുമാണ്‌ ആധുനികകാലത്തെ ബഹുഭൂരിപക്ഷം സ്ത്രീകളും. അത്‌ സമൂഹത്തിന്‌ അസഹിഷ്ണുതയുളവാക്കുന്നു എന്നതിന്‌ തെളിവാണ്‌ കാര്യപ്രാപ്തിയുള്ള സ്ത്രീകളെ അകത്തേക്കു തന്നെ പറഞ്ഞയക്കുകയെന്ന സമൂഹത്തിന്റെ താൽപ്പര്യം.. പുതിയ ലോകത്തേക്ക് രഥം തിരിച്ച് അതിജീവനത്തിന്റെ പാതയിൽ നിന്നു സഞ്ചാരപഥങ്ങൾ തെളിക്കുമ്പോൾ അവളുടെ രഥത്തിന്റെ ഞാണൂരാൻ സമൂഹം തിടുക്കപ്പെടുന്നുണ്ടെന്ന് പുതിയകാല സ്ത്രീകൾ മനസ്സിലാക്കേണ്ടതുണ്ട്‌. ഉദാത്തവൽക്കരിക്കുകയും ഒപ്പം പാർശ്വവൽക്കരിക്കുകയും ചെയ്യുന്ന ഇരട്ടത്താപ്പുനയങ്ങൾ പഴയകാല സ്ത്രീകളെപ്പോലെ ആധുനികസ്ത്രീജീവിതങ്ങൾക്കു മുന്നിൽ വിലപ്പോവില്ല. സ്ത്രീ വൈകാരികമായി മാത്രം ഉണരുന്നു എന്നുള്ള കേവലധാരണയും തിരുത്തിക്കുറിക്കേണ്ടതുണ്ട്‌. അവൾ ബൌദ്ധികമായും വളർന്നിട്ടുണ്ട്‌. സ്ത്രീ പുരുഷന്റെ അടിമയല്ല അവൾ സഖിയും സഹായിയും ആണെന്ന അസ്ഥിവാരമിട്ട ചിന്ത കുടുംബ -സാമൂഹിക - രാഷ്ട്ര പുരോഗതിക്ക് ആവശ്യമാണ്‌.സ്ത്രീയും പുരുഷനും ഒരേ മനസ്സോടെ ഒത്തുചേരുമ്പോഴാണ്‌ കുടുംബം ഇമ്പമാകുന്നതും.അതിന്‌ പരസ്പരധാരണയും സ്നേഹവും പരിഗണനയും അംഗീകാരവും ആവശ്യമാണ്‌.
“അമ്മ” യാണ്‌ സ്ത്രീയുടെ ഏറ്റവും ഉദാത്തമായ തലം. സർവ്വമാനവഗുണങ്ങളും സമ്മേളിക്കുന്നതാണ്‌ അമ്മ. സ്ത്രീ അമ്മയാണ്‌ പ്രകൃതിയാണ്‌ ശക്തിയാണ്‌. ഇതൊക്കെയാണ്‌ പൊതുവായ സ്ത്രീ നിർവ്വചനങ്ങൾ. ഇതെത്രത്തോളം ഈ കാലഘട്ടത്തിൽ സാക്ഷാൽകൃതമാകുന്നുണ്ട്‌ എന്നതും ആലോചനീയം.
പഴയകാല വീട്ടമ്മ എന്ന പദം കേവലതയിൽ നിന്നും ഉയർന്നുകൊണ്ടിരിക്കയാണ്‌. പ്രത്യേകിച്ചു അന്യനാടുകളിലേക്ക് ചേക്കേറിയിരിക്കുന്ന സ്ത്രീകളിൽ. ആദ്യകാലത്ത് വിവാഹിതരായി മറുനാടുകളിലെത്തിപ്പെടുന്നവരിൽ പലരും വീട്ടകങ്ങളിൽ തന്റെ കൃത്യനിർവ്വഹണങ്ങളിൽ മാത്രമായി ഒതുങ്ങും. അവരുടെ ഉള്ളിലെ ആഗ്രഹങ്ങളേയും കഴിവുകളേയുമൊക്കെ മറച്ചുവെച്ച് വീടിനും ഭർത്താവിനും മക്കൾക്കും മാത്രമായുള്ള ഒരു ലോകമായിരിക്കും അവളുടേത്‌. എന്നാലിന്നത്തെ പ്രവാസിസ്ത്രീകളും പെൺകുട്ടികളും തങ്ങളുടേതായ മേഖലകളിലേക്ക് ധൈര്യസമേതം കടന്നുവരുന്നു എന്നത് അഭിമാനാർഹമാണ്‌. വീട്ടമ്മ ,ഉദ്യോഗസ്ഥ, പൊതുപ്രവർത്തക എന്നീ ഇടങ്ങൾ മനോഹരമായും ഉത്തരവാദിത്വത്തോടേയും കൈകാര്യം ചെയ്യാൻ അവൾ മിടുക്കിയായിരിക്കുന്നു. സ്വയം പര്യാപ്തത നേടി സ്വാശ്രയശീലരായി ജീവിക്കുക എന്നത് തന്നെയാണ്‌ സ്വാതന്ത്ര്യവും. പഴയതിനേക്കാളധികം ഇച്ഛാശക്തിയും കർമ്മോൽസുകതയും സ്വാതന്ത്ര്യബോധവും ധീരതയും മറുനാടൻ വീട്ടമ്മമാരിൽ കാണാം. ഒരു വ്യത്യാസം ഇന്നത്തെ പെൺകുട്ടികൾ 20 വയസ്സിൽ അനുഭവങ്ങളുടെ വയസ്സറിയിക്കുമ്പോൾ 40 നുശേഷമാണ്‌ പണ്ട് പ്രവാസജീവിതത്തിലേക്കെത്തിയവർ അനുഭവങ്ങളുടെ വയസ്സറിയുന്നത് എന്നതാണ്. കേരളമണ്ണിലുള്ളവർ എവിടെയായാലും അവരുടെ പ്രാമാണികത്തം സ്ഥാപിക്കാൻ മിടുക്കരാണ്‌.അതിനാൽ അന്യനാടുകളിൽ പല സ്വഭാവങ്ങളുള്ള സംഘടനകളും ഏറെയാണ്‌. ചെറുപ്പകാരികൾ തന്റേതായ ഇടങ്ങൾ കണ്ടെത്തുമ്പോൾ മധ്യവയസ്സിലെത്തുന്നവർ പലസംഘടനാപ്രവർത്തനങ്ങളിലേക്കും ഇറങ്ങിവരുന്നു എന്നതും സ്വാഗതാർഹമാണ്‌. വെച്ചും തിന്നും തീറ്റിപ്പിച്ചും മാത്രം കഴിഞ്ഞുപോകേണ്ടതല്ല ഈ ജീവിതലക്ഷ്യം എന്ന് സ്ത്രീകൾ തിരിച്ചറിവ്‌ നേടിക്കഴിഞ്ഞു. നവസാങ്കേതികതയുടെ വളർച്ചയും പലർക്കും തന്റേതായ പ്രവർത്തനങ്ങൾക്ക് സഹായകമാകുന്നുണ്ട്‌. ക്രിയാത്മകതയുടെ ഇടങ്ങളായി ഓൺലൈൻ മാധ്യമങ്ങൾ മാറിക്കഴിഞ്ഞു. ഏതിനും നല്ലതും ചീത്തയും രണ്ടു വശങ്ങളുണ്ടാകും. അതിൽ നല്ലതിനെ തിരഞ്ഞെടുക്കുകയെന്നതാണ്‌ പ്രധാനം.
സ്ത്രീകൾ ഒരിക്കലും തളച്ചിടപ്പെടേണ്ടവരല്ല. പുരുഷനെപ്പോലെത്തന്നെ എല്ലാ പൌരവാവകാശത്തോടും സ്വാതന്ത്ര്യബോധത്തോടും ജീവിക്കേണ്ടവരാണെന്ന് സ്ത്രീകൾ സ്വയം പ്രഖ്യാപിക്കുകയും സമൂഹത്തെ പല രീതികളിലൂടെ ബോധ്യപ്പെടുത്തുകയും ചെയ്യുന്ന ശക്തമായ വർത്തമാനകാലമാണ്‌ നമുക്ക് മുന്നിൽ. പുരുഷനത്ര കായബലമോ പേശീബലമോ ഇല്ലെങ്കിലും സ്ത്രീക്ക് മാനസികബലം കൂടുതലാണ്‌. പണ്ട് മറുനാടുകളിൽ ഭാഷയും യാത്രയുമൊക്കെ സ്ത്രീകൾക്ക് മുന്നിൽ ബാലികേറാമലകളായിരുന്നെങ്കിൽ ഇന്നത് വളരെ സുതാര്യവും സുഗമവുമായിത്തീർന്നിരിക്കുന്നു. പ്രശ്നങ്ങളെ ദൂരീകരിക്കാൻ മുന്നിൽ പല വാതിലുകളും ഉണ്ട്‌. കഠിനമായ പരിശ്രമങ്ങൾക്കും അതിജീവനത്തിനും മുമ്പിൽ ഏതു തോൽവിയേയും വിജയമാക്കിമാറ്റിയെടുക്കാൻ ആത്മവിശ്വാസമുള്ള സ്ത്രീക്ക് കഴിയും. കുടുംബത്തിലെ വിളക്ക് സ്ത്രീയാണെങ്കിൽ ആ വിളക്കിലെ എണ്ണയാകാൻ അവളുടെ പുരുഷന്‌ കഴിയണം.എന്നാലേ ആ വിളക്കിന്റെ തിരി പ്രകാശത്തോടെ ജ്വലിക്കു.
വൈകാരികമായ തിളച്ചുമറിയലിൽ ചാരം മൂടിക്കിടക്കുന്ന പല പെണ്മനസ്സുകളും ഉണ്ട്‌. ആ ചാരത്തെ മാറ്റി ഉള്ളിലെ കനലിനെ ഊതിത്തെളിക്കാൻ ഓരോ സ്ത്രീക്കും കഴിയണം. ലോകത്തിന്റെ കരിങ്കൽമതിലുകൾക്കുള്ളിൽ അവൾ പീഡിതയും അസ്വതന്ത്രയുമാണെന്ന വികലമായ ധാരണകളിൽ നിന്നും സ്വയം മോചിതരാകേണ്ടതുണ്ട്‌.ജീവിതം എങ്ങിനെ വേണമെന്ന് നിർണ്ണയിക്കാനുള്ള അധികാരം പുരുഷനെപ്പോലെത്തന്നെ സ്ത്രീക്കും ഉണ്ട്‌. മുൻവിധിയോടെ സ്ത്രീക്കു മാത്രമായി നൽകിയിട്ടുള്ള ചില ആശയനിർമ്മിതികളുടെ തായ് വേരറുത്തു മുന്നിലേക്ക് വരേണ്ടതും സ്ത്രീകൾതന്നെയാണ്‌. ജീവിതത്തിന്റെ ആഴങ്ങളിൽക്കിടന്ന്‌ ശ്വാസമുട്ടിയിരുന്ന പഴയകാല ക്ഷമാസഹനങ്ങളുടെ പ്രതീകമല്ല വർത്തമാനകാലസ്ത്രീ. അവൾക്കു് മുന്നിൽ കൊട്ടിയടച്ചിരുന്ന പുരോഗമനത്തിന്റേയും സ്വാതന്ത്ര്യത്തിന്റേയും വാതിലുകളിലെ കനത്ത സാക്ഷ നീക്കി പുറത്തുവരാനും സ്ത്രീസഹജമായ മതിഭ്രമങ്ങളെ കുടഞ്ഞെറിഞ്ഞ് പല മേഖലകളുടേയും അമരക്കാരായി വ്യക്തിത്വം നേടാനും ഇന്ന് സ്ത്രീകൾ പ്രാപ്തരായിട്ടുണ്ട്. പൊരുതി ജയിക്കുന്ന ഒറ്റപ്പെട്ട സ്ത്രീജീവിതങ്ങളും ഉണ്ട്‌. സാമൂഹിക സാംസ്ക്കാരികമണ്ഡലങ്ങളിലെല്ലാം സ്ത്രീത്വത്തിന്റെ ശക്തമായ തിളക്കങ്ങൾ കാണാം. ഇതിന്നിടയിൽ ബോധപൂർവ്വം പ്രവർത്തിച്ചിരുന്നവരേക്കാൾ അബോധപൂർവ്വം ഇടപെട്ടിരുന്ന സ്ത്രൈണതയുടെ ശക്തിയാർന്ന വ്യക്തിത്വങ്ങളും ഉണ്ടെന്നുള്ളത് മറക്കാവതല്ല. ഒരേ സമയം സാത്വികതയും ശക്തിയും സ്ത്രീക്ക് കൈവരിക്കാനാകും. സ്ത്രീയുടെ ആന്തരികവും ബാഹ്യവുമായ എല്ലാ സംഘർഷങ്ങളും ഇടപെടലുകളും നാട്ടുചരിത്രങ്ങളേയും നഗരജീവിതങ്ങളേയും അഥവാ ലോകഗതിയെത്തന്നേയും മാറ്റിമറിച്ചു. പുതിയ കരുത്തുറ്റ സ്ത്രീജീവിതഭാഷ്യങ്ങൾക്ക് തിരി കൊളുത്തി. ചരിത്രകേന്ദ്രങ്ങളിലേക്ക് ഒരു സ്ത്രീയെ എത്തിക്കുന്ന അവസ്ഥ അവളുടെ ചരിത്രപരമായ സ്ഥാനത്തിലുപരി സാമൂഹികപദവികൂടി നിർണ്ണയിക്കുന്നതാണ്‌.
ചില സത്യങ്ങൾ ഇതിനോടൊപ്പം പറയാതെ വയ്യ. എത്രത്തോളം പുരോഗമനവും സ്വാതന്ത്ര്യവും അവകാശബോധവുമൊക്കെ കൈവരിച്ചെങ്കിലും ഈ പകൽവെളിച്ചത്തിലും സ്ത്രീ ചൂഷണം ചെയ്യപ്പെടുകയും കബളിപ്പിക്കപ്പെടുകയും പീഡിപ്പിക്കപ്പെടുകയും ചെയ്യുന്നുണ്ട്‌. വാർദ്ധക്യം പൂകിയ അമ്മമാരും മുലപ്പാൽ മണം വറ്റാത്ത പിഞ്ചുബാല്യങ്ങളും വരെ അതിനു ബലിയാടാകുന്നുവെന്നതും ഖേദകരം. അകത്തും പുറത്തും ഒരുപോലെ അവൾ വേട്ടയാടപ്പെടുന്നു. അപകടം മനസ്സിലാക്കി പരൽമീനിനെപ്പോലെ വഴുതിമാറാനുള്ള പുതിയ അടവുകൾ സ്ത്രീകൾ പഠിക്കേണ്ടതും അനിവാര്യം. മഴപെയ്യുക തന്നെചെയ്യും. മഴ നനയാതിരിക്കാൻ കുടപിടിക്കുകതന്നെ വേണം. സ്വയം പര്യാപ്തത നേടിയവർ കുടുംബത്തിനും സമൂഹത്തിനും നല്ല പ്രവർത്തനങ്ങൾ കാഴ്ച്ച വെക്കുമ്പോൾ അവൾ ലോകത്തിന്‌ ആദരണീയയായിത്തീരുന്നു. അതിനാൽ സ്ത്രീയുടെ കഴിവ് അവൾ തന്നെ തിരിച്ചറിഞ്ഞ് മുന്നോട്ട് സധൈര്യം കയറിവരിക.ആത്മാർത്ഥവും സത്യസന്ധവുമായ പ്രവർത്തനങ്ങൾ വൈകിയാലും മാനിക്കപ്പെടുകതന്നെ ചെയ്യും. സ്വയമൊരു വാൽമീകം സൃഷ്ടിച്ച് അധോമുഖരായി വിലപിച്ചിരിക്കാതെ ഓരോ സ്ത്രീയും ലോകത്തിന്‌ തിരിവെളിച്ചമാകുക. അത് ജീവിത വ്രതവും ധർമ്മവുമാണെന്നറിയുക. സാമൂഹികവിപ്ലവത്തിന്‌ സ്ത്രീശക്തിയും അനിവാര്യമാണെന്ന് ഒരിക്കൽ കൂടി ഊന്നിപ്പറഞ്ഞുകൊണ്ട് ഈ " പെണ്മയുടെ വർത്തമാനങ്ങൾക്ക് " തല്ക്കാലം വിരാമം കുറിക്കുന്നു....!

No comments: