Friday, June 4, 2021

 മഹാത്മാവിനോട് .... ഇന്ദിരാ ബാലൻ

പണ്ട് ......
അകലങ്ങളാണെങ്കിലും
സ്വന്തങ്ങൾക്കും
സൗഹൃദങ്ങൾക്കും
ആത്മബന്ധത്തിൻ്റെ
ഇഴയടുപ്പങ്ങളുണ്ടായിരുന്നു
വിവരങ്ങളറിയാൻ .... ഉത്സവങ്ങൾ
പിറന്നാളുകൾ , പ്രണയങ്ങൾ
വീട്ടുവിശേഷങ്ങൾ
നാട്ടുവിശേഷങ്ങൾ
എല്ലാം കടലാസു താളുകളിലെ
വടിവൊത്ത അക്ഷരങ്ങളായി
തേടിയെത്തിയിരുന്നു
എന്നാൽ ഒന്നിനും
അകലമില്ലാത്ത
അടുപ്പത്തിൻ്റെ
വർത്തമാനകാലത്തോ
ഏതിലാണ്
ഹൃദയത്തിൻ്റെ നിറമുള്ളത്?
മിടിപ്പുള്ളത്?
എല്ലാം ക്രിത്രിമത്വത്തിൻ്റെ
ആവരണങ്ങളിൽ പൊതിഞ്ഞു
പുറമെ വർണ്ണക്കടലാസിൻ്റെ
തിളക്കത്തോടെ
പ്രദർശിപ്പിക്കപ്പെടുന്നു
അകലങ്ങളിൽ നിന്നും
ഒഴുകിയെത്തിയിരുന്ന
പാട്ടുകളിൽ നിറഞ്ഞ
കാവ്യഭാവനകൾ
വരികളുടെ അർത്ഥ പൂർണ്ണിമകൾ
സ്നേഹത്തിൻ്റെ ഇഴയടുപ്പങ്ങൾ
കാലത്തിൻ്റെ കാറ്റു വീശലുകൾ
ചെറു തെന്നലുകൾ
ചിരികൾ എല്ലാം ഇന്നലെയുടെ
പുഴയിലേക്ക് തന്നെ മടങ്ങി
അസ്വാതന്ത്ര്യത്തിൻ്റെ
ചങ്ങലക്കെട്ടുകളെ അറുത്ത് മാറ്റി
ത്യാഗത്തിൻ്റേയും സഹനത്തിൻ്റേയും
പാതയിലെത്തിച്ച്
അഹിംസാ മന്ത്രം ചൊല്ലിത്തന്ന
ബാപ്പുജിയുടെ പാദങ്ങൾ പതിഞ്ഞ
ഈ മണ്ണിലിന്ന്
ക്രൂരതയുടെ അടയാളങ്ങൾ മാത്രം
അവശേഷിക്കുന്നു.
വംശീയതയുടെ ,വർഗ്ഗീയതയുടെ
സ്ത്രീഹത്യകളുടെ ചോരപ്പൂക്കളിപ്പോഴും
ഒഴുകുന്നു!
ജീവിതത്തിൻ്റെ ഉപ്പുരസം കുടിച്ച്
സഹനത്തിൻ്റെ തീയിൽ നടന്ന്
സ്വാതന്ത്ര്യത്തിൻ്റെ
പടിവാതിൽ തുറന്നു തന്ന
മഹാത്മാവേ - അങ്ങയുടെ
പവിത്ര സ്മരണകൾക്ക്
മുന്നിൽ ശിരസ്സു നമിക്കുന്നു....!
പാപഭൂമിയാക്കുന്നവർക്ക് കൂടി
ഈ ശിരസ്സ് താഴ്ന്നു പോകുന്നു
അഹങ്കാരധാടികളുടെ
സങ്കുചിതത്വങ്ങളിപ്പോഴും
മതവും ജാതിയും രാഷ്ട്രീയവും
പറഞ്ഞ് രണാങ്കണമാക്കുകയാണിവിടെ
പൊറുത്താലും മഹാത്മാവേ ...!

No comments: