Friday, June 4, 2021

 ചീകിയുണരുന്ന ചിത്രങ്ങൾ- ഇന്ദിരാ ബാലൻ

വർത്തമാനകാലത്ത് നിന്നും ജീവിതത്തിൻ്റെ ഭൂതകാലത്തെ ചീകിയുണർത്തുമ്പോൾ പുറത്താക്കപ്പെട്ട അനുഭവങ്ങളുടെ ,അഥവാ പടിയിറക്കി വിടാൻ വെമ്പുന്നവയുടെ ചിത്രങ്ങളാണ് ഡോ: പി.സജീവ് കുമാറിൻ്റെ "ഔട്ട് ഓഫ് ഫോക്കസ് " എന്ന കവിത.
ചില കവിതകൾ ഒറ്റ വായനയിൽ തന്നെ മനസ്സിലിടം പിടിക്കും. സമാനമായ ചിന്തയുടെ വിചാരങ്ങളുടെ കാൽത്തള കിലുക്കമവിടെ കേൾക്കാം. ഒറ്റ വായനയിൽ താളുകൾ മറിച്ചാലും പരിചിതാനുഭവങ്ങളുടെ, തൊട്ടു നിൽക്കുന്ന ചില സ്മരണകളുടെ കെട്ടുകളവിടെ അഴിയുന്നു.
കവി വാക്യം പോലെ ,ഓർമ്മകളിൽ നിന്നും പടിയിറക്കി വിടാൻ വെമ്പുന്ന ചില ചിത്രങ്ങൾ .... മുറിവുകൾ മിക്ക ജീവിതങ്ങളിലുമുണ്ടാകാം. ഔട്ട് ഓഫ് ഫോക്കസ്സായ ഭൂതകാലത്തെ ചീകിയുണർത്തുന്നവ എന്ന കവിയുടെ പ്രയോഗം വായനക്കാരനൊപ്പം ചേർന്ന് കാവ്യാത്മകമായി നടക്കുന്നു. വേദനയുടെ നീറ്റൽ പടർത്തി വിടാതെ പിൻതുടരുന്ന കാരമുള്ളിൻ്റെ നോവാണതിന്. ഓർക്കുന്തോറും മടുപ്പിൻ്റെ ഗന്ധവും അയവിറക്കലിൻ്റെ ചെടിപ്പും മുറിഞ്ഞ പ്രണയത്തിൻ്റെ അഴലുമാണ് ആ ഓർമ്മകൾക്കെന്ന് കവി സാക്ഷൃപ്പെടുത്തുന്നു. വിഷാദത്തിൻ്റേയും നിസ്സഹായതയുടേയും അരക്ഷിതത്വത്തിൻ്റേയും ഇടങ്ങളിലൂടെ ആ ഓർമകൾ മേഞ്ഞു നടക്കുന്നു. "തെരുവോരങ്ങളിൽ, അരണ്ട നൂൽ വെളിച്ചങ്ങളുള്ള തെരുവിൻ്റെ പിന്നാമ്പുറങ്ങളിൽ, വിശന്നു തീർത്ത സത്രമുറികളിൽ, മനംമടുത്ത സായന്തനങ്ങളിലെ
കടൽത്തിരകൾക്കുമുന്നിൽ,
ഇരമ്പങ്ങളൊടുങ്ങാത്ത
റെയിൽപ്പാളങ്ങളിൽ,
ദുരാത്മാക്കൾ മേയുന്ന
അഗാധമാം, കൊക്കകളുള്ള
കുന്നുകളിൽ,
ആടിക്കഴിഞ്ഞ പഴയകാല
നിറമൂർന്ന ചിത്രങ്ങൾ " എന്ന് വരച്ചിടുമ്പോൾ അത് വ്യക്തിനിഷ്ഠമല്ലാതെ ബഹുസ്വരതയുടെ ചുട്ടുപൊള്ളിക്കുന്ന ജീവിത സത്യങ്ങളായി മാറുന്നു. ഭൂതകാലത്തിൻ്റെ അസഹിഷ്ണുത നിറഞ്ഞ അസ്വസ്ഥതയുടെ വീർപ്പുമുട്ടലുകൾ ഓരോ വരിയും ഉണർന്നെണീട്ട് പറയുന്നു. മുഖംമൂടിയണിയാത്ത ജീവിത സത്യങ്ങളുടെ വാങ്മയ ചിത്രങ്ങൾ വരക്കുകയാണ് കവി. ജീവിത ദു:ഖങ്ങളിൽ നിന്നും എത്ര തന്നെ മാറി നടന്നാലും കവിക്കണ്ണ് അവിടേക്ക് തന്നെ തുറക്കുന്നു. നടക്കുമ്പോൾ ആ സ്മരണകൾ തട്ടി കാലിടറാം. കവിക്കുള്ളിൽ എന്നും ഒരു പീഡിത മനുഷ്യനുണ്ട്. അതാണ് എഴുത്തിൻ്റെ ശക്തിക്ക് പ്രേരകമാകുന്നതും. തുറക്കാനാഗ്രഹിക്കാത്ത നോവിൻ്റെ ഭൂതകാലമാണ് ഒരർത്ഥത്തിൽ വർത്തമാനകാലത്തെ പ്രവർത്തനത്തിന് ഹേതുവായി വർത്തിക്കുക. കടന്നു പോന്ന സമുദ്രയാനങ്ങൾ, വേദനയുളവാക്കുന്നതെങ്കിലും ഏറെ തിളക്കമാർന്ന് നിന്ന് അകമനസ്സിന് , പ്രതിപ്രവർത്തനങ്ങൾക്ക് വളമായിത്തീരാം. ഒന്ന് ചീഞ്ഞ് മറ്റൊന്നിന് വളമായിത്തീരുന്നത് പോലെ.
തലമുടിയാണ് ചീകി വെക്കുക.
ഭൂതകാലത്തെയാണ് ഇവിടെ ചീകിയുണർത്തുന്നത്. ചീകി വെക്കുന്നത് ഒതുക്കി വെക്കുകയെന്ന അർത്ഥത്തിലാണ്. ഒതുക്കി വെക്കുന്തോറും അനുസരിക്കാൻ മടിച്ച് ഉണർന്നെഴുന്നേൽക്കുന്ന ഓർമ്മയുടെ മുടിച്ചുരുളുകൾ .അലോസരം സൃഷ്ടിക്കുന്നെങ്കിലും അവ തികട്ടിവരുകയാണ്. അത് പുറത്തേക്കൊഴുകുമ്പോൾ കവിതയായിത്തീരുന്നു. അത് കൊണ്ട് തന്നെ മുഷിഞ്ഞതെങ്കിലും ഓർമ്മകളുണ്ടായിരിക്കണം എന്ന നിഗമനത്തിലേക്ക് ഡോ: പി.സജീവ് കുമാറിൻ്റെ കവിത എത്തിച്ചേരുന്നു .അതിനാലാണ്
"ഓരോ തവണയും
കളയാനായ്
മാറാപ്പിലാക്കി
ദൂരെയെറിയവെ
ശരവേഗത്തിൽ
തിരിച്ചെത്തുന്നവ
എന്നിട്ടൊരു ചോദ്യവും,
ഞങ്ങളില്ലെങ്കിൽ നീയുണ്ടോ " എന്ന് കവി തന്നെ സാധൂകരിക്കുന്നത്. ഒരു പക്ഷേ വേണ്ട എന്ന് തീരുമാനിച്ച് മാറ്റിവെച്ചതാവും ജീവൻ്റെ കണികയെ നിലനിർത്താൻ അവസാനം ഏറ്റവും അടുത്തുണ്ടാകുക എന്ന ദർശനവും ഇവിടെ ചുരുളഴിയുന്നു. ഓർമ്മകളുണ്ടായിരിക്കണം - ആ ഓർമ്മകളാണ് ജീവിതത്തിൻ്റെ ഓരോ പടികളും കയറാൻ സഹായകമായി വർത്തിക്കുന്നത്. അതിനാൽത്തന്നെ കളയാനായി മാറാപ്പിൽ കെട്ടിവെച്ചാലും ശരവേഗത്തിലെത്തി ജീവിതത്തിനെ അള്ളിപ്പിടിക്കുന്നു. പടിയിറക്കാനാവാത്ത വിധം . ഞങ്ങളില്ലെങ്കിൽ നീയുണ്ടോ? എന്ന ചോദ്യമെറിഞ്ഞ് കവിത പൂർണ്ണമാകുന്നു. ആ ചോദ്യത്തിന്നിവിടെ ഉത്തരമുണ്ട്. കാരണം കഴിഞ്ഞു പോയതാണ് മനുഷ്യനെ മുന്നോട്ട് നടത്തുന്നത്.
ഇത് കവിയുടെ മാത്രം വിചാരമല്ല. വായിക്കുന്ന ഓരോരുത്തരുടേയും വിചാരധാരകളായി പരിണമിക്കുന്നു! ഓർമ്മകളില്ലെങ്കിൽ വേരില്ലാത്ത മരം പോലെ ജീവിതത്തിനും വേരില്ലാതാകും.മണ്ണിലാഴ്ന്നിറങ്ങിയ വേരുകളെപ്പോലെ മനസ്സിലാഴ്ന്നിറങ്ങിയ അനുഭവക്കനലുകളും ആവശ്യം. അതിനാൽ ഓർമ്മകളെത്ര തിക്തമെങ്കിലും മറുകരയെത്താൻ ഇതനിവാര്യം എന്ന മറു വെളിച്ചം തരാൻ ഈ കവിതക്കാവുന്നു ഒപ്പം കവി വിജയലക്ഷ്മിയുടെ "ഓർമ്മകൾക്കില്ല ചാവും ചിതകളും " എന്ന വരികളും പടി കയറി വരുന്നുണ്ട്. ...!

No comments: