Friday, June 4, 2021

 ആദരവുകൾ - ഇന്ദിരാ ബാലൻ

(അവലോകനം)
'' ആദരവ്'' എന്നതിൻ്റെ വാച്യാർത്ഥം ബഹുമാനം എന്നാണല്ലൊ. ആദരിക്കൽ ബഹുമാനിക്കലാകുന്നു. കോവിഡ് പ്രതിസന്ധിക്ക് മുമ്പെ നടന്നിരുന്ന ആദരിക്കൽച്ചടങ്ങിൻ്റെ ഘോഷമാണ് പി.രഘുനാഥിൻ്റെ "ആദരവേ ആദരവ് " എന്ന കഥയിലെ പ്രമേയം. ആ ചൊല്ലല്ലിന് തന്നെ ഒരു വിൽപ്പനയുടെ ചുവയുണ്ട്. ആദരവ് കുട്ടയിലേറ്റി നടക്കുന്നത് പോലെ! ആദരവ് ഏറ്റുവാങ്ങി മടുത്ത രവീന്ദ്രൻ, സുന്ദരി നൃത്തകലാ പീഠത്തിൻ്റെ വാർഷിക പരിപാടിയോടനുബന്ധിച്ച ആദരവിനായി ക്ഷണിക്കുന്ന ഗീത, ആദരവിനെ പ്രതീക്ഷിച്ചിരിക്കുന്ന രാജേഷ്, ഡാനി ഒക്കെ ഈ കഥയിലെ കഥാപാത്രങ്ങളായി സന്ദർഭങ്ങൾക്ക് മുറുക്കം കൂട്ടുന്നു. വർത്തമാനകാലത്ത് എല്ലാ മേഖലയിലും അരങ്ങേറിക്കൊണ്ടിരിക്കുന്ന ആദരിക്കൽച്ചടങ്ങിനെ വളരെ നർമ്മരസപ്രധാനമായി ആഖ്യാന ചടുലതയോടെ അവതരിപ്പിച്ചിട്ടുണ്ട്. സ്വത: സിദ്ധമായ തൃശൂർ വർത്തമാന ശൈലിയും കഥക്ക് മിഴിവേകുന്നു. ജീവിതമോ ചുറ്റും നടക്കുന്ന സംഭവങ്ങളൊ ആണല്ലൊ കഥക്ക് വിഷയമാകുന്നത്.
നിരന്തരം ആദരവ് ഏറ്റുവാങ്ങി മടുത്ത രവീന്ദ്രന് അടുത്തൊരു ആദരവിന് ക്ഷണം ലഭിക്കുമ്പോൾ സുഹൃത്തായ ഒരു സിനിമയെടുത്ത രാജേഷിനത് നൽകണമെന്ന് സംഘാടകരോട് പറഞ്ഞ് ചെയ്യിക്കുന്നു. താൻ മൂലമാണത് കൊടുക്കുന്നതെന്ന് സുഹൃത്തായ രാജേഷ് അറിയരുതെന്നും ചട്ടം കെട്ടുന്നു. എന്നാൽ രാജേഷ് തന്നെ സംസാരിച്ച് സംസാരിച്ച് ഒടുവിൽ രവീന്ദ്രനത് തുറന്നു പറയേണ്ടി വരികയും ചെയ്യുന്നു. പുതിയ കാലത്ത് നടക്കുന്നതും ഇതൊക്കെയല്ലെ ? പരസ്പരമുള്ള പ്രീണനങ്ങൾ ! സമൂഹത്തിൽ കാര്യമായി സ്വാധീനം ചെലുത്തിയവരെ അവരുടെ പ്രവർത്തന മാനദണ്ഡത്തിന്നനുസരിച്ച് ആദരിക്കുന്നതിൽ അപകടമില്ല . പക്ഷേ, ഏത് മേഖലയിലായാലും ഒന്നോ, രണ്ടോ കാര്യങ്ങൾ ചെയ്തു എന്ന് വെച്ച് ആദരിക്കുന്നത് ശരിയാണോ എന്നാലോചിക്കേണ്ടതുണ്ട്. കാശെറിഞ്ഞും സ്വാധീനം പിടിച്ചുപറ്റിയും ആദരവ് പിടിച്ചുപറ്റുന്നവരെക്കുറിച്ചുള്ള ചിത്രം മനോഹരമായ ഒരു കഥയായി രഘുനാഥ് വിളമ്പുന്നു. യഥാർത്ഥ പ്രതിഭയുള്ളവർ ഇത്തരം കാര്യങ്ങളെ നിസ്സംഗമായി അകലെ നിന്ന് നോക്കിക്കാണും. തിക്കിതിരക്കി കയറി വരില്ല. യഥാർത്ഥ പ്രതിഭകൾ തമസ്ക്കരിക്കപ്പെടുകയും സർഗ്ഗാത്മകതയുടെ തെളിച്ചം ഒട്ടുമില്ലാത്തവർ പ്രശസ്തരാവുകയും ചെയ്യുന്ന
വർത്തമാനകാല സാമൂഹ്യ സാംസ്ക്കാരിക രാഷ്ട്രീയാവസ്ഥകളിലേക്ക് ഒരെത്തിനോട്ടം കൂടിയാണ് ഈ കഥ. സഭാകമ്പവും, പ്രഭാഷണമികവില്ലായ്മയുമൊക്കെ കടന്നു വരുന്നു. പ്രസംഗിക്കാനറിയില്ലെങ്കിലും മൊമെൻ്റൊ പിടിച്ച് വേദിയിലിരുന്ന് തന്നാൽ മതിയെന്നുമുള്ള സംഘാടകരുടെ അഭ്യർത്ഥനയുമൊക്കെ ഹാസ്യരസപ്രദാനമാകുന്ന സന്ദർഭങ്ങളാണ്. സമകാലിക പരിസരത്തിൻ്റെ കെട്ടുകാഴ്ചകൾ! പ്രയോജനവാദങ്ങളുയരുന്ന ഇക്കാലത്ത് കൊടുക്കൽ വാങ്ങലുകളുടെ പൊള്ളയായ ചിത്രങ്ങൾ ആക്ഷേപഹാസ്യ രൂപത്തിൽ പ്രതിപാദിക്കുന്നു. തിരക്കഥയും സംഭാഷണവും സംവിധാനവും ഒക്കെ നിർവ്വഹിച്ച് 'ഒരു സിനിമയിറക്കിയ രാജേഷും ഒപ്പം ഡാനിയും പിന്നീട് സ്വയം പണമിറക്കി ആദരവുകൾ സംഘടിപ്പിക്കുന്നതുമെല്ലാം നിശിത വിമർശനത്തിന് വിധേയമാകുന്ന സമൂഹത്തിൻ്റെ പരിഛേദങ്ങൾ തന്നെയാകുന്നു.
ഒരാളെ അംഗീകരിക്കേണ്ടത് സമൂഹമാണ്. അവനവനല്ല. സ്വയം കച്ചവടവൽക്കരിക്കപ്പെടുന്ന ഇക്കാലത്തെ നേർച്ചിത്രമാണ് എഴുത്തുകാരൻ വായനക്കാർക്ക് നൽകുന്നത്. ദുരൂഹമായ ദർശനങ്ങളുടെ പിന്നാലെ ഈ കഥാകാരൻ പോകുന്നില്ല. കപട മനോവൃത്തികളേയും വ്യക്തിപരവും സാമൂഹികവുമായ താളപ്പിഴകളേയും കഥാകൃത്ത് തുറന്നു കാണിക്കുന്നു. ചിരിയെ ചിന്തയിലേക്ക് നയിക്കുന്നു. വ്യക്തിപരമോ സാമൂഹികമോ ആയ അസമത്വങ്ങളെ നർമ്മ ചാതുര്യത്തോടെ വിമർശിക്കുമ്പോൾ ആദ്യം ചിരി വരാം. എന്നാലാ ചിരി ചിന്തയിലേക്ക് നയിക്കപ്പെടുമെങ്കിൽ എഴുത്തും ഉദാത്തമാകുന്നു. ഇത്തരം എഴുത്തിലൂടെ സാമൂഹികവും വ്യക്തിപരവുമായ പരിഷ്ക്കരണവും ശുദ്ധീകരണവും ധാർമ്മിക ബോധമുള്ളവരിൽ സംഭവിക്കാം.
ആദരവ്ച്ചടങ്ങിൽ പ്രസംഗിക്കാൻ സമയം കൊടുത്താൽ സമയപരിധി കടന്നും മൈക്ക് വിടാത്തവരേയും പരിചയപ്പെടുത്താൻ കഥാകൃത്ത് മറക്കുന്നില്ല. അപ്രതീക്ഷിതമായിയെത്തിയ കോവിഡ് പ്രതിസന്ധി സൃഷ്ടിച്ച ആശങ്കയിലും ഭീതിയിലും സാമൂഹികാകലം പാലിക്കുകയും പൊതു പരിപാടികൾക്ക് വിലക്ക് വന്നതിനാലും ആദരവ് ചടങ്ങ് സംഘടിപ്പിക്കാനാകാത്ത വിഷമവും കോവിഡ് കാലാനന്തരം പഴയത് പോലെ പരിപാടികൾ സജീവമാകുകയും ആദരവ് ലഭിക്കുകയും ചെയ്യുമെന്ന കഥാപാത്രങ്ങളുടെ പ്രതീക്ഷയിൽ കഥക്ക് തിരശ്ശീലയിടുന്നു. മനുഷ്യർ സ്വയം മറന്ന് വിഡ്ഢികളാകുകയും ആദരവുകളിൽ മതിഭ്രമരാവുകയും ചെയ്യുന്നതിൻ്റെ ഹാസ്യരസ പ്രധാനമായ ഇതിവൃത്തം തന്നെയാണ് പി.രഘുനാഥിൻ്റെ "ആദരവേ, ആദരവ് " എന്ന കഥ. എല്ലാം കച്ചവടവൽക്കരിക്കപ്പെടുന്ന ആത്മാർത്ഥതയും സത്യസന്ധതയും നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ആധുനിക സമൂഹത്തിൻ്റെ സന്ദർഭോചിതമായ അവതരണം !
(ആനുകാലികങ്ങളിൽ നിരവധി കഥകളെഴുതി ശ്രദ്ധേയനായ എഴുത്തുകാരനാണ് പി. രഘുനാഥ് )

No comments: