Friday, June 4, 2021

 മുറ്റം - ഇന്ദിരാ ബാലൻ

അന്ന് ഈ മുറ്റം
എന്ത് മനോഹരമായിരുന്നു
തെച്ചിപ്പൂക്കളും നന്ദ്യാർവട്ടവും
അരികുകളിൽ
കുശലം പറയുന്നത് കാണാം
മറുവശത്ത്
പഴുത്തിലകളും പച്ചിലകളും
കൂട്ടം കൂടുന്നതും
കാണാം
കയ്യിലെ ചൂല്
അവരോടെല്ലാം
വിശേഷം ചോദിച്ച്
നൃത്തം വെയ്ക്കും
മുക്കും മൂലയുമെല്ലാം
ജാഡ്യം വിട്ട്
തങ്ങളുടെ ചുളിവുകൾ
നിവർത്തി നിൽക്കും
അപ്പോഴേയ്ക്കും വിരുന്നിനെത്തും
തുളസിയും തുമ്പയും മുക്കുറ്റിയും
നാട്ടുവിശേഷവും
വീട്ടുവിശേഷവുമായി
അവരങ്ങനെ ചിരിച്ച്
വശംകെടും
നിഷ്ക്കളങ്കതയുടെ
മാറ്റുകൾ ....
ഇന്നോ,
മാലിന്യങ്ങളുടെ കൂമ്പാരമാണീ മുറ്റം
വിഷം തീണ്ടിയ
നീലിച്ച ബോധങ്ങളിൽ
ഒരു നിലാവെളിച്ചത്തിനായി
കൊതിക്കാറുണ്ടീ മുറ്റം
മാലിന്യങ്ങളുടെ വേരുകൾ
അടിയോടെ പിഴുതെറിയണം
ഇല്ലെങ്കിൽ ഈ മുറ്റത്തിൻ്റെ
ഈർപ്പത്തെ നാമാവശേഷമാക്കും
അതിനിട കൊടുക്കാതെ
ഈ ചപ്പുചവറുകൾ ഇവിടെ
നിക്ഷേപിക്കരുത്
മാലിന്യങ്ങളെ തൂത്തെറിയണം
അപ്പോൾ കാണാം
കാറ്റും വെളിച്ചവും
കടക്കുന്ന
ആകാശത്തിൻ്റെ
തുറന്നിട്ട വിശാലമായ
ജനാലകൾ
കാറ്റും വെളിച്ചവും
നിറഞ്ഞതാകട്ടെ
വർത്തമാനകാല മനസ്സുകളും ...!

No comments: