Saturday, June 5, 2021

 

എഴുതിക്കൊണ്ടിരിക്കുന്ന "പ്രണയ സൂര്യൻ " എന്ന കവിതാ സമാഹാരത്തിലെ ഒരു കവിത.പ്രണയവും സൂര്യനുമൊക്കെ കാവ്യ ലോകത്ത് ധാരാളം ഉപയോഗിച്ച് പതം വന്നു പോയ പദങ്ങളാണ്. ഭാഷ തന്നെ കടം കൊള്ളുന്നതാണല്ലൊ. എന്നാൽ നിത്യേനയെന്നോണം പുതുമയും - ഭാവുകത്വവും നിറയുന്ന പദങ്ങളാണിവ. ഒട്ടും പഴക്കമേശാതെ. അതിനാൽ  ഈ പേര് തന്നെ പുസ്തകത്തിന് നൽകണമെന്ന് തോന്നി.('പ്രണയം എന്നത് വ്യക്തികളെ സംബന്ധിച്ച് ആത്മനിഷ്ഠമാണ്. സർവ്വ ചരാചരങ്ങളോടും തോന്നുന്ന അലൗകികമായ അനുഭൂതി. ചാന്ദ്രസ്പർശമാവാനും  ഉൻമത്ത മാവാനും  തപിച്ചുരുകി ലാവയായി പിളർന്നൊഴുകാനും ആനന്ദനടനമാവാനും നിരാകരിക്കാനുമെല്ലാം പ്രണയത്തിനാവും. "പ്രണയം" എന്ന വാക്കിന് തന്നെ വ്യത്യസ്ത അർത്ഥങ്ങൾ കൽപ്പിക്കപ്പെടുന്നുണ്ട്. നമിക്കുക, നയിക്കുക, പഴക്കം വിരഹം, വിശ്വാസം, യാചന, ഭക്തി എന്നെല്ലാം  ശബ്ദാർത്ഥ രൂപകങ്ങളായി വർത്തിക്കുന്നു. സ്ത്രീയും പുരുഷനും തമ്മിലുള്ള സ്നേഹം അഥവാ പ്രേമം എന്ന സ്ഥൂലാർത്ഥത്തിലൊ കേവലതയിലൊ അല്ല അത് ധ്വനിക്കപ്പെടുന്നത്.)

പ്രണയ സൂര്യൻ... 1

മനസ്സിന് തീപിടിച്ച്
എത്ര തവണയാണ്
സംഘർഷത്തിൻ്റെ
ആരണ്യകത്തിലകപ്പെട്ടത്
അക്കരെ പച്ച കാണുമെന്ന
വിശ്വാസത്തിൽ
ഉയിർത്തെഴുന്നേൽപ്പുകളുടെ
തിരുവുത്സവങ്ങളിൽ
കൊട്ടിക്കയറുകയും
കൊട്ടിയിറങ്ങുകയും ചെയ്തു
അവിരാമമായി
ജീവിതത്തിൻ്റെ മൈൽക്കുറ്റികൾ
താണ്ടുമ്പോഴും
പ്രണയ സൂര്യൻ കാത്തിരിപ്പുണ്ടെന്ന്
അറിഞ്ഞില്ല
എന്നാൽ വിനാഴികകൾക്കൊടുവിൽ
ആ മുഹൂർത്തം
സമാഗതമായി
കിഴക്കിൻ്റെ ചക്രവാളം
തുറന്ന്  പൂത്തുലഞ്ഞ്
പ്രണയ സൂര്യൻ തൊട്ടടുത്ത്
പ്രത്യാശയുടെ
പൂർണ്ണ കുംഭങ്ങളുമായി
പുതിയ യാത്രയുടെ
സ്വർണ്ണത്തേരുമായി. ....!




പ്രണയ സൂര്യൻ - 2

കൊടും മഞ്ഞിനാൽ 
ഘനീഭവിച്ചു കിടന്ന
എൻ്റെ പകലുകളിലേക്ക്
വെയിൽത്തുണ്ടുകളെറിഞ്ഞ്
നീഹാരമലിയിച്ച
 പ്രണയ സൂര്യൻ...
നീ വിഷാദത്തിൻ്റെ 
വനഗർഭങ്ങളിൽ
സ്വർണ്ണ മന്ദാരങ്ങൾ വിരിയിച്ചു
നിൻ്റെ അന്വേഷണങ്ങൾ
ചിന്തകൾ എൻ്റെ
സിരകളേയും  പ്രകമ്പനം കൊള്ളിച്ചു
തീക്കാറ്റു മാത്രം വീശി
വലിഞ്ഞു മുറുകിക്കിടന്നിരുന്ന
ആത്മാവിൻ്റെ തന്ത്രികളയഞ്ഞ്
ഒഴുകിയ മധുരസ്വനങ്ങൾ    
ചിന്തകളിൽ മയിൽപ്പീലിയുടെ
ഒളി പകർന്നു
മയിൽപ്പീലിക്കണ്ണുകൾക്ക്
പഞ്ചവർണ്ണമാണത്രെ
അവ പഞ്ചഭൂതങ്ങളെ
പ്രതിനിധാനം ചെയ്യുന്നു
ഉപരിപ്ലവതയിൽ
കാൽപ്പനികത മാത്രം
എന്നാൽ പുഴ കവിഞ്ഞും
ആ അർത്ഥം ഒഴുകുന്നു
അത് പോലെ
 പ്രണയവും
ആത്മീയ ദീപ്തി കൈവരിക്കുന്നു
ആകാശത്തിൻ്റെ അടരുകൾ പോലെ
പ്രണയത്തിൻ്റെ പാളികൾക്ക്
ഉയരമേറെ
അത് മണ്ണിന്നടിയിലും
ജന്മാന്തരങ്ങളായി ആഴ്ന്ന് കിടക്കുന്നു
നദിയുടെ ആഴം പോലെ
ഹേ, സഖേ ഞാനെങ്ങിനെയാണ്
നിനക്ക് നന്ദിയറിയിക്കേണ്ടത് 
അല്ലെങ്കിൽ നന്ദിയെന്തിന്
രണ്ടു പുഴകളും
കടലിൽ ലയിക്കുമ്പോൾ!


പ്രണയ സൂര്യൻ - 3.... ഇന്ദിരാ ബാലൻ

ബോധത്തിൻ്റേയും
അബോധത്തിൻ്റേയും
സ്വപ്ന സഞ്ചാരങ്ങൾക്കിടയിലാണ്
പ്രണയസൂര്യൻ 
എന്നിൽ ചേക്കേറിയത്
ചുറ്റും
അവ്യക്തതയുടെ 
മേഘമാലകൾ
മേഘങ്ങൾ 
പടം പൊഴിച്ച്  ഇഴഞ്ഞു നീങ്ങി
തൂവിപ്പോയ വർണ്ണങ്ങളെങ്കിലും
ചില്ലുകളിൽ പതിഞ്ഞ
ജലകണങ്ങൾ
മഴവില്ലുകളായി 
പ്രതിഫലിച്ചു
അബോധത്തിൻ്റെ
താഴ് വാരങ്ങളിൽ നിന്നും
ബോധത്തിൻ്റെ 
സമതലങ്ങളിലെത്തിയപ്പോൾ 
അതൊരു സ്വപ്നം 
മാത്രമായവശേഷിച്ചു 
ഉച്ചവെയിലിന് മുന്നെ
ഒരു സ്വരം പല്ലവിയായി 
പടി കടന്നെത്തി 
ജീവിതത്തിൻ്റെ
തിടമ്പേറ്റി
വർത്തമാനത്തിൻ്റെ ഉഷ്ണവെയിലിൽ
 ആ സ്വപ്നത്തേരിലാണ്
ഇപ്പോൾ ഞാനും സഞ്ചരിക്കുന്നത്

പ്രണയ സൂര്യൻ - 4... ഇന്ദിരാ ബാലൻ

എൻ്റെ ഗന്ധകപ്പുരയിലേക്ക്
നീ കടന്നു വന്നത്
കാർത്തിക വിളക്കുകൾ
തെളിച്ചാണ്
അത് കൈയിലായിരുന്നില്ല
കണ്ണുകളിലായിരുന്നു
ശാന്തമായി കത്തിയിരുന്നത്
ഏതൊക്കെയോ അഗ്നിസ്ഫോടനങ്ങളാൽ
പലപ്പോഴും പൊള്ളിപ്പോയ
മുഖത്തും ആ ദീപം തെളിഞ്ഞു
മുഖം മനസ്സിൻ്റെ കണ്ണാടിയാണെന്ന
പഴഞ്ചൊല്ല് എത്ര വാസ്തവം
ഗന്ധകപ്പുരയെപ്പോഴും 
സ്ഫോടനങ്ങളാൽ മുഖരിതം
എന്നാൽ അവിടേയും
വെളിച്ചത്തിൻ്റെ
വാതിലുകൾ ഉറപ്പിക്കാമെന്ന്
പറഞ്ഞു തന്നത്
പ്രണയസൂര്യനാണ്
മനസ്സാണ് പ്രധാനം
നരകത്തെ സ്വർഗ്ഗമാക്കാനും
കള്ളിമുൾക്കാടുകളെ
പൂന്തോട്ടമാക്കാനും
പറന്നു നടക്കാൻ
ഉള്ളാലെ വാനം
പുൽകാനുമെല്ലാം
മനസ്സിന് കഴിയണം
ആത്മവ്യഥയുടെ കുളമ്പടികൾ
വേട്ടയാടുമ്പോഴും
അവൾ മനസ്സിൽ
നക്ഷത്രങ്ങളെ
 കോർത്തുവെക്കാൻ പഠിച്ചു
അനന്തകോടിഗ്രഹങ്ങൾക്കധിപനായ
പ്രണയസൂര്യൻ്റെ കാലൊച്ച
കേൾക്കുവാനായി 
അകലെ പൂത്തു നിൽക്കുന്ന
സൂര്യകാന്തികളാകുവാൻ .....




പ്രണയസൂര്യൻ.. 5-ഇന്ദിരാബാലൻ

മരണമുഖത്തിൽ നിന്നും
എത്ര എത്ര 
നാഴികകളാണ് താണ്ടിയത്
നടന്നു തേഞ്ഞ കാലുകളിലെ
ദൂരം അളക്കാനാവുമോ
ദൂരത്തിന്നവസാനം എത്തിയത്
നിൻ്റെ സവിധത്തിലാണ്
നിന്ദയുടെ, അവഗണനയുടെ
 ചവർപ്പു രസങ്ങൾക്ക്
കാളകൂടത്തേക്കാൾ ശക്തിയാണ്
അവ സിരകളെയൊന്നാകെ
വെന്ത് ഭസ്മമാക്കിയപ്പോഴാണ്
താമരമൊട്ടുകൾ നിറഞ്ഞ
ഈ ചോല കണ്ടത്
പ്രണയസൂര്യനെ
കാത്തിരിക്കുന്ന താമരമൊട്ടുകൾ
പുനർജ്ജനിയുടെ തീരം പോലെ
വന്നുവീണ ആഗ്നേയാസ്ത്രങ്ങൾ
തൊടുത്തുവിട്ട പർജ്ജന്യാസ്ത്രങ്ങൾ
എൻ്റെ അഴലിൻ്റെ നീർ
തുടക്കാൻ നിൻ്റെ കരങ്ങളെ
എത്ര തിരഞ്ഞു
എന്നാലൊ പ്രണയസൂര്യ
നിന്നിലെ ചൂടിനിപ്പോളെങ്ങിനെ
പൗർണ്ണമിയാവാൻ കഴിയുന്നു?
 എന്നിലെ വേലിയേറ്റവും
വേലിയിറക്കവും
നീ തന്നെയെന്ന ഉൾവെളിച്ചം
പ്രക്ഷുബ്ധമായ എൻ്റെ
കടലുകളെ ശാന്തമാക്കുന്നു



പ്രണയസൂര്യൻ - 6

പ്രണയം അനാദിയാണ്
നീലാകാശവും നീലസമുദ്രവും
പാരസ്പര്യത്തിലലിയുമ്പോൾ
പ്രണയ സൂര്യൻ എന്നെ ജ്വലിപ്പിക്കുന്നു
ഹർഷവും വിഷാദവും
ഒരു പോലെ നിറഞ്ഞ
വിരഹത്തിൻ്റെ വിനാഴികകൾ
തീർക്കുമ്പോൾ പ്രണയസൂര്യൻ്റെ
നിനവുകളിൽ ഞാനലിഞ്ഞില്ലാതെയാവുന്നു



പ്രണയ സൂര്യൻ - 7

മുമ്പിലെ ഹിമപാളികൾ
ഓരോന്നായി മാറ്റിവെച്ച്‌
സുതാര്യമായ ചിന്തകൾക്ക്
തിരികൊളുത്തിയ പ്രണയസൂര്യൻ
തീക്ഷ്ണമായ തീജ്വാലകളുടെ
ചിറകുകളെ മാറ്റി പകരം
പ്രണയത്തിൻ്റെ സുഗന്ധപൂരിതമായ
ചിറകുകളെനിക്കേകി
സ്വപ്നത്തിൻ്റെ ആകാശ നിലങ്ങളിലേക്ക്
ചിക്കി മിനുക്കി പറക്കാൻ
വാക്കുകളിൽ നക്ഷത്രങ്ങൾ പൂത്തു
ചിത്തത്തിലായിരം മയിൽപ്പീലിക്കണ്ണുകളും



പ്രണയസൂര്യൻ - 18

എനിക്ക് ചുറ്റുമിപ്പോൾ
വസന്തം പെയ്യുന്നു
ശിശിരത്തെക്കുറിച്ചിപ്പോൾ
ഓർക്കാറേയില്ല
ശരത്കാലത്തെ
മഞ്ഞു പൂക്കളെപ്പോലെ
ആത്മാവിലും കുളിരേകുന്ന
ഹിമപുഷ്പങ്ങൾ

പ്രണയ സൂര്യൻ - 17

സൂര്യനെ കാത്തിരിക്കുന്ന
താമരയോടൊ, സൂര്യകാന്തിയോടൊ
ആരോടായിരിക്കും സൂര്യന്
ഏറെയടുപ്പം? 
ചെളിയിൽ വിടരുന്ന
താമര വിടർന്ന മിഴികളിലെ
പ്രണയ ദൂരങ്ങൾ
താണ്ടിയെത്തിയവ
പ്രതിസന്ധികളേയും 
തരണം ചെയ്ത്
ചെളിയിൽ നിന്നും വിടരുന്നവൾ
എന്ന അവഗണനയെ
നിഷേധിച്ച്
തലയുയർത്തി നിൽക്കുന്നവൾ
സൂര്യനെ കാത്തിരിക്കുന്ന
സൂര്യകാന്തിയോ
സൂര്യനൊപ്പമെങ്കിലും
അനുഭവങ്ങളുടെ
കനലേൽക്കാത്തവൾ
ഒരുക്കി വെച്ച പാടത്ത് വിരിയുന്നവൾ
ചെളി പുരളാത്ത നാമം
താമരക്ക് സ്വന്തം
അവൾ പൂക്കളിൽ
രാജ്ഞിയാണ്
ബ്രഹ്മകമലമത്രെ
അപരനാമം...!


മധ്യാഹ്ന വെയിലിൻ്റെ
ഉഷ്ണതാപങ്ങളിൽ
സമരസപ്പെട്ട്
നീങ്ങുമ്പോഴാണ്
നീലാകാശത്ത് നിന്നും
ഒരു പൂത്തുമ്പി പറന്നെത്തിയത്
ജന്മങ്ങൾക്കപ്പുറത്തെ
നിയോഗം പോലെ
ഓർക്കാപ്പുറത്ത് ആ തുമ്പി
ചിറകുകൾ വിരുത്തി
പറയാതെ പറഞ്ഞു
നിന്നോടെനിക്ക് പ്രണയമാണെന്ന്
അളന്നു മുറിച്ച വാക്കുകളിൽ
പറയാതെ തന്നെ പ്രണയം
ഒളിഞ്ഞിരുന്നു
അത് പറഞ്ഞ് ആ
പ്രണയത്തുമ്പി 
പൂമരച്ചില്ലയിലേക്കാണ്
പറന്നു പോയത്
പ്രണയത്തിൻ്റെ വാചാലതയിലേക്ക്
പുതിയ ഭൂമിയും പുതിയ ആകാശവും
വീണ്ടും പ്രണയഭരിതരായി ...!











No comments: