Friday, June 4, 2021

 ദേവസ്പന്ദം - ഇന്ദിരാ ബാലൻ

ആരിതാടുന്നു കളി -
വിളക്കിൻ ശോഭയിൽ
തൗര്യത്രികത്തിൻ
കാന്തിയുതിർത്ത്
നരനും സിംഹവും
ഒന്നായി ലയിച്ചു
ബ്രഹ്മാണ്ഡത്തിൻ
പരകോടിയിൽ നിന്ന്
വാത്സല്യം വഴിയും
പ്രഹ്ളാദചിത്തനായ്
നിസ്വർക്കു ശാന്തി -
യേകും നരസിംഹമായ്
മുറുകുന്നിതരങ്ങിൽ
ആസുര വാദ്യങ്ങൾ
കലാശത്തിൻ
വേഗപ്രയാണങ്ങളും
കൊട്ടിക്കയറും
ഇരട്ടമേളങ്ങളിൽ
ജനിപ്പൂ ജനമനസ്സുകളിൽ
ഭയവും വാത്സല്യവുമൊന്നിച്ച്
പ്രതിധ്വനിപ്പൂ പ്രപഞ്ചത്തിൻ
ഹൃദയതാളങ്ങളും
കാറ്റു വീശിയുണർത്തുന്നു
പൂവിട്ടുണർന്ന പുലരികളെ
ബാല്യത്തിൻനിറച്ചാർത്തുകളായ്
കൂട്ടുകാരൊത്തു കളിച്ചു നടന്നതും
കാറ്റിലൂർന്നു വീഴും
മാമ്പഴം പെറുക്കാൻ
ഞാനോ നീയോയെന്ന് നിനച്ച് കിതച്ചോടിയെത്തിയ നാളുകൾ
ചരൽക്കല്ലുകളെറിഞ്ഞ് പരസ്പരം
കലഹിച്ചുമിണങ്ങിയും കൂട്ടുകൂടിയും
നാട്ടിടവഴിയിലൂടെ നടന്നേറി
പാഠപുസ്തകങ്ങളുമായി
കലപില കൂട്ടി പുല്ലിനും പൂവിനും
കഥകൾ ചൊല്ലിക്കൊടുത്തൊരേ
ബഞ്ചിലിരുന്നു പഠിച്ച നാളുകളും
ബാല്യത്തിൻ കുസൃതികളോരോന്നുമീ
മനസ്സിൽ വന്നു തിക്കിതിരക്കവെ
എത്രയാർദ്രമായിരുന്നു കൂട്ടുകാരാ
മഞ്ചാടിമണികളൂർന്നുവീണൊരാ ദിനങ്ങൾ
ജുഗൽബന്ദിയാടിയ
ജീവിത നടനവേദിയിൽ നിന്നും
ജീവിതത്തിന്നുപ്പു രസം
കുടിച്ചു താണ്ടി
കനൽപ്പാതകളേറെ
തിരസ്ക്കാരത്തിൻ തീയിൽ വെന്തുരുകിയെത്രയോ..
നേടിയെടുത്തു നവമൊരൂർജ്ജത്തിൻ
കാന്തികശേഷിയും
ഉരച്ചുരച്ചു തേച്ചുമിനുക്കിയ
ജീവിതത്തിൽ വിരിഞ്ഞു
പുതു സൗഗന്ധികപ്പൂക്കളും
പാത്രധർമ്മമറിഞ്ഞാടിയെത്രയോ
നടനവേദികളിലെ തിരയൊലികളായി
പൈതൃകത്തിൻ പെരുമയിൽ
കുളിച്ചു നിൽക്കുമ്പോൾ
ഉലയിലൂതിക്കാച്ചിയ പൊന്നു
പോലെ വിളങ്ങുന്നിതരങ്ങിലും
പച്ചയായ് കത്തിയായ് താടിയായ്
മിനുക്കായ്, നോക്കായ്, അലർച്ചയായ്
എത്രയെത്ര ഭാവപ്പകർച്ച -
കളേകിയരങ്ങിലെ കരുത്തായ്
വാഴേങ്കടയിലമരും ദേവൻ്റെ അരുമയാം
ദാസനായാടുന്നതും കാൺമൂ
അറിയുന്നു ഞാനീ കളിയരങ്ങിലെ
മാസ്മരികമാം ഇന്ദ്രജാലങ്ങളും
കളിക്കൂട്ടുകാരനിൽ നിന്നുമുയർന്നു
അഭിമാനസ്തംഭമായി വളർന്ന
കലാകാരാ കോടി കോടി വന്ദനം
ജ്വലിച്ചുയരട്ടെ നിൻകീർത്തിപാരിലെങ്ങും
തുടിക്കട്ടെ വിശ്വത്തിൻ ദേവസ്പന്ദങ്ങളായി

No comments: