Sunday, June 6, 2021

 എന്റെ ഭാരതം - 2018 അഖില ഭാരത സാഹിത്യ പരിഷത്തിൽ അവതരിപ്പിച്ച കവിത

ലോകമേ തറവാടെന്നു ചൊല്ലിയ കവീശ്വരനെ
വണങ്ങി ഞാൻ പാടുന്നു ഭാരതാംബെ
മഹിതമാം നിൻ പവിത്രഗാഥയും
വന്ദിപ്പിൻ ഭാരതത്തെ വന്ദിപ്പിൻ ഭാരതത്തെ
വാഴ്ത്തുവിൻ അഖിലലോക ഭാഷാസ്നേഹത്തേയും
ഏതു ഭാഷയാണേലും അമ്മതൻ
നെഞ്ചിൽ നിന്നുയരുന്ന
പാട്ടിൻ താളവുമീണവുമൊന്നുപോലെ
പൂജിപ്പിൻ വേദ വൃക്ഷം നട്ടു ജ്ഞാനത്തിൻ
മഹാസാഗരമൊഴുക്കിയ ഭാരത മണ്ണിനേയും
സർവ്വൈക്യത്തിൻ ശംഖു നാദം മുഴക്കിയുയർത്താം
നമുക്കീ ദേശസ്നേഹത്തിൻ
ത്രിവർണ്ണ പതാകയേയും
അറിവിൻ കേദാരങ്ങളായി നളന്ദയും തക്ഷശിലയും
വാർത്തെടുത്തു ദേശത്തിന്നഖണ്ഡതയും
നാനാത്വത്തിലെ ഏകത്വമായ് ഉയരുന്നിവിടെ
മതേതരത്വത്തിൻ സ്നേഹ ശാദ്വലഭൂവും
അസ്വാതന്ത്യത്തിൻ കാരിരുമ്പുകൾ ഭേദിച്ചു
സ്വാതന്ത്ര്യത്തിൻ വിത്തുപാകിയ
ദേശാഭിമാനികൾ സമരം ചെയ്ത മണ്ണിത്
ഭാരതാംബ തൻ മാനം കാക്കുവതിന്നായ്
രക്തസാക്ഷികളായി പൊലിഞ്ഞു പോയെത്രയോ ദീപങ്ങൾ
അഹിംസാ മന്ത്രം ചൊല്ലിത്തന്നു ആദർശ മണ്ഡല സൗരയൂഥത്തിൻ
സൂര്യനായ് നിന്നു വെളിച്ചം തൂകിയ
ബാപ്പുജി തൻ മെതിയടികൾ പതിഞ്ഞ മണ്ണേ സാക്ഷി
പുകൾപെറ്റ തീരത്തിൽ ജനിച്ചെത്രയോ മഹാരഥർ
വ്യാസൻ ഭാസൻ കാളിദാസൻ വാൽമീകിയും ചരകനും ശുശ്രുതനും പിന്നെ ചാർവ്വാകനും
മന്നിലെ വിശ്രുതരായ് മൺമറഞ്ഞെങ്കിലും
ഇന്നും ഹൃൽ സ്പന്ദനങ്ങളായൊഴുകുന്നു
പെരുമ തൻ സങ്കീർത്തനങ്ങൾ
നവരസം വിരിയുന്ന മണ്ണിൽ സ്വരിതങ്ങളായ് നിറയുന്നു
അറുപത്തിനാലു കലകളുമനശ്വര മേളകർത്താരാഗങ്ങളും
നാടോടി വഴക്കങ്ങളും
താഴ്വരകളെ ചുംബിച്ചുണർത്തി കുപ്പിവളക്കിലുക്കത്തിൻ
പൊട്ടിച്ചിരികളായി പാദസരത്തിൻ മണിക്കിലുക്കങ്ങളായി
ബഹുഭാവ സംഗീത മുരളീരവങ്ങളായി ഒഴുകുന്നു
സിന്ധൂനദീതട സഞ്ചയങ്ങളും
അതിവൃഷ്ടിയെ തടുത്തൊരാ കണ്ണന്റെ ഗോവർദ്ധനം പോലെത്രയോ
മഹാമേരുക്കളും കേശഭാരക്കീരീടമണിഞ്ഞു നിൽപ്പുണ്ടിവിടെ
അദ്വൈതത്തിൻ ശാന്തിമന്ത്രം
ചൊല്ലിയ ആദിശങ്കരനേയും
നമിച്ചു നീങ്ങാം
ഇതിഹാസത്തിൻ താളുകളുണർന്നു പാടുന്നു വീണ്ടുമീ
ഭാരത മണ്ണിൻ അനശ്വര ഗീതികൾ
അശോക ചക്രം വിരിഞ്ഞ മണ്ണിൽ നിന്നുമുറക്കെ സാഭിമാനം പറയുന്നു
ഞാനും ഭാരത പുത്രി....!

No comments: