Sunday, June 6, 2021

 എന്റെ കേരളം...... 2017.. അഖില ഭാരത സാഹിത്യ പരിഷത്

ജീവിതസംത്രാസത്തിൻ
കാഹളം മുഴങ്ങുമ്പോഴുമീ
പ്രവാസതീരത്തു നിന്നെപ്പോഴും
സ്വച്ഛമാം മൃദുസംഗീതമഴയായ്‌
പെയ്തു നിറയുന്നുയെന്നിലെൻ
ഗ്രാമഭൂമി......
അമ്മ തൻ നെഞ്ചിൽ നിന്നുണ്ട
മധുരമായ്‌ നുണയുന്നു ഇന്നുമെൻ
മലയാള മണ്ണിൻ വർണ്ണമയിൽപ്പീലി
വിടർത്തിയ കനവുകൾ
വാനോളമുയരുവാൻ നോവിൻ കഥകൾ
ചൊല്ലിപ്പഠിപ്പിച്ച താതന്റെ
വാക്കുകൾ മണിദീപങ്ങളായ്‌...
മന്നിലെ വെളിച്ചമായ്‌ വളരുവാൻ
ചിന്ത തൻ തിരി നീട്ടിത്തന്ന
ഗുരുഭൂതർ തൻ മൊഴിമുത്തുകളും
ശൈശവത്തിൽ പിച്ച വെക്കുവാൻ
പഠിപ്പിച്ചൊരാ മൺതരികളുമിന്നുമെൻ
ചേതസ്സിലാനന്ദകണികയായ്‌...
കേരത്തിൻ തേനൂറുന്നോരിളനീർക്കുടങ്ങളും
ഹരിതാഭമാം പുഞ്ചനെൽപ്പാടങ്ങളും
അഴകോലും നെല്ലോലക്കിളികൾ തന്നാരവവും
വാൽക്കണ്ണെഴുതിയൊരാ മഞ്ഞക്കിളി
തൻ ലാവണ്യവും ,ചിലങ്ക തൻ നിസ്വനമായ്‌
ലാസ്യമായൊഴുകും പുഴകളും
ഇതിഹാസനിർജ്ജരി പൊഴിച്ചു കോൾമയിർ
കൊള്ളിച്ചൊരാ പൈങ്കിളിപ്പെണ്ണും
സ്വർണ്ണമരാളങ്ങളായെൻ ചാരത്തു നിൽക്കെ
ഭൂപാളരാഗമുഖരിതമാം അഷ്ടപദി
യിലുണരുന്നൊരുഷസ്സിൻ മലരുകളും
രാവും പകലുമിണചേർന്നിടും
ഹേമന്തസന്ധ്യകളും താന്തമാമന്തഃ
രംഗത്തിന്നണിയറയിൽ
ദീപ്തമാം സ്മൃതികളായ്‌
കഥകളിയും കദളിപ്പഴവും
ഏറെ പ്രിയമായ കദളീമൂലനിവാസന്റെ
പുഞ്ചിരിദീപത്താലഞ്ചിതമാകുന്നുയെന്നലാ
സംസ്ക്കാരമണ്ഡലത്തിൻമുഗ്ദ്ധദീപ്തിയും...
കാലടിയിൽ നിന്നുയർന്നു സർവ്വഭൂമിയും
തൊട്ടു സർവ്വജ്ഞപീഠമേറിയ
ആദിശങ്കരൻ തൻ പാദധൂളികളണിഞ്ഞ കേരളമെനമിക്കുന്നു നിന്നെ ഞാൻ....
നാടോടിപ്പെരുമ നിറയും കല തൻ
അക്ഷയപാത്രം വിളമ്പിത്തന്ന
പെറ്റമ്മയാം മലയാളമെ നിൻ
തീരത്തിൻ മാറിലേക്കണയുന്ന
നീലിമ തൻ മക്കൾ പാടുന്നു വീണ്ടും
കടലമ്മ തൻ ചരിത്രഗാഥകളും
ശിരസ്സുയർത്തി നിൽക്കും സഹ്യനിരകൾ
തഴുകി തലോടുന്നു അലയാഴി തൻ
വീചികൾക്കൊപ്പം കേരളാംബയെ
കറുത്ത പൊന്നിൻ പൊത്തുകൾ നിറയും
നാട്ടുവഴികളിലിന്നും പൂക്കുന്നു
പിതാമഹർ കുറിച്ചിട്ട പാതകൾ
വർണ്ണവിവേചനമെന്യേയെല്ലാരും
കൈകൾ കോർത്തു പകരുന്നു സ്വരൈക്യത്തിൻ ശംഖുനാദങ്ങളും....
കല തൻ കേളികൊട്ടുണരുന്ന
ഹരിതമണ്ണിൻ ഹരിണഭാവത്തിന്നങ്കണ
പുണ്യമെ
നൽ കാന്തിയെഴും നിൻ നിറവിൻ
നിലാവുമുതിരുന്നു.....
തുഞ്ചനും കുഞ്ചനും ആശാനും
ഉള്ളൂരും വള്ളത്തോളും വൈലോപ്പിള്ളിയും പിയും ജിയും ചങ്ങമ്പുഴയും
തത്തിക്കളിച്ചൊരാ സാരസ്വതത്തിൻ
കളശിഞ്ജിതമുതിർക്കും നിളയിലെ
പഞ്ചമസ്വരധാരയാവുന്നുയെന്നിലാ
കാകളി പാടിയ ഗ്രാമസങ്കീർത്തനം
മഹിത മധുര മനോജ്ഞമാം മാതൃ
മണ്ണിൻ മതമൈത്രി തൻ മണിക്കിരീടവും
തിരുമൗലിയിൽ ചൂടി നിൽപ്പൂയെൻ
മാലേയസുഗന്ധമണിഞ്ഞ വള്ളുവപെൺകൊടി....

No comments: