Sunday, June 6, 2021

 തീർത്ഥയാത്ര.... ഇന്ദിരാ ബാലൻ

വെന്തുപാകമാവുന്നൊരന്നമായി
തിളച്ചുതൂവുന്നീ മൺകുടത്തിൽ
കരിയും പുകയുമേറേററെ
കടുത്തുവെങ്കിലും വഴിത്താരകൾ
അഗ്നിനാവുകൾ നക്കി തുടച്ചു
ശുദ്ധിയേകി കേട്ടേൻ കവിത തൻ
ആരോഹണാവരോഹണങ്ങൾ
വീണ്ടുമെതിരേൽക്കുന്നു പുലരികൾ
പാടി മറന്നൊരു തുലാവർഷപച്ചയെ
മാഞ്ഞു പോയൊരാ മലകളുംപൂക്കളും
പുഴകളും ,തേടിവന്നരികിലെത്തി
തുയിലുണർത്തുന്നു ഹൃദയരാഗങ്ങൾ
പാഴ് വേലയെന്ന് നിനച്ച് തച്ചുടച്ച
വാക്കിൻ ചിപ്പിയെതേച്ചുമിനുക്കി
പകരുന്നിതാ വർണ്ണങ്ങൾ
കുഴയുന്ന പകലുകൾ
കനക്കുന്ന രാത്രികൾ
വീണ്ടും പിറക്കുന്ന പുലരികൾ
ഉദയാസ്തമയങ്ങളെത്രയോ
തീപ്പുകയേറ്റു കാത്തിരുന്നു
ചിറകുവിടർത്തും വെൺ
കൊടിക്കൂറയൊന്നു കാണുവാൻ
കണ്ടൂ പേ പിടിച്ച ബീഭൽസ താളങ്ങൾ
കേട്ടൂ ശാസന തന്നിടിവാളൊച്ചകൾ
അറിഞ്ഞു ജീവിതത്തിൻ ചോർച്ചകളുമേറെ
ജീവിതമെന്നാൽ രഥഘോഷത്തിൻ
കയറ്റിറക്കങ്ങളത്രെ
ഈ തേരുരുൾ പായിക്കലത്രെ
തീർത്ഥയാത്രയും
ഏറ്റെടുക്കുന്നു ഞാനുമീ
കനലിൽ വെന്തു കുറുകിയ
ജീവിത മഹാകാവ്യത്തേയും!

No comments: