Sunday, June 6, 2021

 ശിരോലിഖിതം....

കിന്നരിത്തലപ്പാവ് വെച്ച വാക്കുകൾ വന്ന്
തോളിൽ തട്ടുമ്പോൾ
കണ്ടില്ലെന്ന് നടിക്കാതെ
മുന്നോട്ട് നീങ്ങാനാവുമോ
പ്രണാമം ചൊല്ലി വാക്കുകളുമായി
സംവദിക്കുമ്പോൾ
കാണാം ഓർമ്മകളുടെ
ചുരുട്ടി വെച്ച പന്തിപ്പായകൾ
പായകൾ തന്നെ ജീവിതത്തിൽ
നിന്നും കാണാമറയത്താണ്
പിന്നെങ്ങിനെ പന്തിപ്പായകളെ
ഓർമ്മ വരും
എന്നാൽ ചില വാക്കുകൾ
വരികൾ ഓർമ്മകളുടെ
തോളത്ത് കയറിയാണ് വരിക
ആനയും അമ്പാരിയുമായി
മഴയിൽ കുതിർന്നവ
വെയിലത്ത് വാടിയവ
വസന്തത്തിൽ പുഷ്പിച്ചവ
മഞ്ഞിൽ കനത്തവ
മണ്ണിൽ പുതഞ്ഞുപോയവ
ഒറ്റയടിക്ക് ചികഞ്ഞെടുക്കാനാവാത്ത വിധം
എല്ലാം ഈ പന്തിപ്പായയിൽ
ഒളിഞ്ഞിരിപ്പുണ്ട്
കാലത്തിന്റെ ബാക്കിപത്രങ്ങളായി
ജീവിത സന്ധികളെ
ഇഴ വിടർത്തി നോക്കാൻ
ഇടക്കൊക്കെ ഇതൊന്ന് നിവർത്തിയിടാം
വിശ്വാസവും യുക്തിയും
കെട്ടുപിണഞ്ഞു കിടപ്പുണ്ട്
വിധി രേഖകൾ വളഞ്ഞും
പുളഞ്ഞും ഒഴുകുമ്പോൾ
ഒന്ന് മാത്രംതെളിഞ്ഞുകിടപ്പുണ്ട്,
വെള്ളിയിഴകൾക്കിടയിൽ
ശിരോലിഖിതം....
അതത്രെ പൃഥയുടെ വ്യഥയായതും
പാണ്ഡുവിന്റെ മൃത്യുവായതും
യാഞ്ജസേനിയുടെ ചിരിയായതും
സൂര്യപുത്രനെ സൂതപുത്രനാക്കിയതും
കണ്ണന് അമ്പേറ്റതും
എന്തിനേറേ കുരുക്ഷേത്രയുദ്ധം പോലും
ഇന്നും ചാവേറുകളുടെ
പടനീക്കങ്ങൾക്കറുതിയില്ല
എല്ലാം കണ്ടും കേട്ടും
ഒരു നെടുവീർപ്പിൽ
ശക്തിഹീനരായി
കിന്നരി തലപ്പാവ് വെച്ച്
തട്ടിയുണർത്തിയ വാക്കുകൾ
പോലും തൊഴുത് മടങ്ങുന്നത് കാണാം......!

No comments: