Sunday, June 6, 2021

 നീലക്കടമ്പുകൾ.... ഇന്ദിരാ ബാലൻ

പുറത്ത് മണൽക്കടാണെങ്കിൽ
അകത്തൊരു വൃന്ദാവനം പണിയു
സ്വപ്നം കാണാൻ
ആരും പഠിപ്പിക്കേണ്ടതില്ലല്ലൊ
അവിടെ നീലക്കടമ്പുകൾ പൂക്കട്ടെ
യമുനയിലെ ഓളങ്ങൾ
വേണുവൂതട്ടെ
ഈ അസഹിഷ്ണുതയുടെ
കനലാഴിയിൽ വെന്ത് മരിക്കാതെ
മയിൽപ്പീലിക്കൺകളെ സ്വപ്നം കാണാം
രാധാകൃഷ്ണ പ്രണയത്തിന്റെ
ആത്മീയ വിസ്തൃതിയറിയണം
സ്നേഹത്തിന്റെ വർണ്ണപ്പീലി
വിരിയിക്കാൻ
എത്ര ഋതുക്കൾ പൂത്താലും
കൊഴിഞ്ഞാലും
ചിലതിന് മാറാനാവില്ല
സ്വാഭാവികതകൾ
അങ്ങിനെയാണ്
കണ്ണുകളിലെപ്പോഴും
അവിശ്വാസത്തിന്റെ
തീനാളങ്ങൾ എരിയും
ജീവിതത്തെ മുനകൂർത്ത
കത്തിയാൽ വരഞ്ഞ്
ഉപ്പും മുളകും പുരട്ടും
അല്ലെങ്കിൽ കാഞ്ഞ
എണ്ണയിലിട്ട് പൊരിക്കും
ഉള്ളിലെ
സംശയ സഞ്ചികളിൽ
വിഷം നിറച്ചു വെക്കും
സ്വയം ജയിക്കാൻ
അവിചാരിത നേരങ്ങളിൽ
വിഷസർപ്പങ്ങളെപ്പോലെ
ചീറ്റി
വെന്ത് വെണ്ണീറാക്കും
മുകളിലേക്കാണെങ്കിലും
താഴേക്കാണെങ്കിലും
തലോടിയാലും
മുറിവുകൾ തീർക്കുന്ന
മുള്ളുമുരിക്കുകൾ
ഇവിടെ സംരക്ഷണവലയങ്ങൾ
സ്വയം തീർത്തെ മതിയാകു
ഒരു തച്ചനെപ്പോലെ
ജീവിതം അഴിച്ചു
പണിയേണ്ടി വരും
വൈരുധ്യങ്ങളുടെ
ആകെത്തുകയിൽ
ഒഴുകുന്ന കണ്ണീരിൽ
പുഞ്ചിരി തെളിയേണമെങ്കിൽ
സ്വപ്ന ഭൂവിലേക്ക്
യാത്ര തിരിക്കുക തന്നെ...
സമയം കളയാതെ
പൂത്തു നിൽക്കുന്ന
നീലക്കടമ്പിൻ തീരങ്ങളിലേക്ക് ....

No comments: