Sunday, June 6, 2021

 അകമേ പൂക്കുന്ന കണിപ്പൂവുകൾ..... ഇന്ദിരാ ബാലൻ

ഏതാഘോഷങ്ങളും നന്മയിലേക്കുള്ള സന്ദേശങ്ങളാണ്‌. 29 വർഷക്കാലമായി ബെംഗളൂരു ജീവിതത്തിന്റെ ഭാഗഭാക്കായിട്ടും ഓണം ,വിഷു ആഘോഷങ്ങളുടെയെല്ലാം ഹരിത സ്മരണകൾക്ക് തിളക്കം കൂടുന്നത്‌ കാലത്തിന്റെ പുഴയിലൊഴുകിപ്പോയ നീലനീരദതാരുകൾ നിറഞ്ഞ നാടിന്റെ ഓർമ്മചിന്തുകൾക്കു തന്നെയാണ്‌. മീനമാസത്തിന്റെ യാഗഭൂവിൽ നിന്നും ഗ്രീഷ്മതാപങ്ങളകന്ന് ചാരിയ ജാലകം മെല്ലെ തുറന്നെത്തുന്ന മേടപ്പെൺകൊടി ഒരുക്കിവെക്കുന്ന എന്റെ വിഷുക്കണികൾക്ക് അമ്മയുടെ വാൽസല്യം ചാലിച്ചെടുത്തതിന്റെ സുഗന്ധവും സൌന്ദര്യവുമാണ്‌. എല്ലാ ആഘോഷങ്ങളും ഈ കന്നഡ മണ്ണിൽ കൊണ്ടാടുമ്പോഴും അറിയാത്ത ഒരു വിഷാദത്തിന്റെ നോവ് അലട്ടാറുണ്ട്‌. പ്രളയവും കലാപങ്ങളും കയ്യേറി ഭൂമിയെ ചവിട്ടുത്താഴ്ത്തി ദു:ഖത്തിന്റെ കനൽവിതറി കടന്നു പോയാലും ഋതുക്കൾ ഋതുഭേദങ്ങളെ അടയാളപ്പെടുത്തികൊണ്ടേയിരിക്കുന്നു. ഈ മറുനാട്ടിലും പലയിടങ്ങളിലും കണിക്കൊന്ന നേരത്തെത്തന്നെ തന്റെ വരവറിയിച്ച് സമൃദ്ധമായി പൂത്തുനിൽക്കുന്നുണ്ട്.
മേടം ഒന്നാം തീയതിയാണല്ലൊ വിഷു. സൂര്യൻ മീനം രാശിയിൽ നിന്ന് മേടം രാശിയിലേക്ക് പ്രവേശിക്കുന്ന വിഷുവിന്റെ തലേ ദിവസത്തെ--വിഷു സംക്രമമെന്ന് വിശേഷിപ്പിക്കുന്നു. പിറ്റേന്ന് “വിഷുവത്ത്” ആണ്‌. രാപ്പകൽ ഒത്ത സമയം. കാർഷികസംസ്ക്കാരത്തിന്റെ ജൈവസാന്നിധ്യം കൂടിയാണ്‌ വിഷു. ഭൂമിയുടെ മാറിൽ പുതിയ ചാലുകൾ കീറി ഉഴുതുമറിച്ച് പുതു ജീവൻ പകരുന്നനന്മയുടെ, കാലഹരണപ്പെട്ടുക്കൊണ്ടിരിക്കുന്ന സംസ്ക്കാരത്തിന്റെ ബീജാവാപം നടത്തുന്നു . കാലത്തിന്റെ പകർച്ചയിൽ ജീവിതമാറ്റങ്ങളിൽ . ഇന്ന് ഏതൊന്നും മാറ്റത്തിനു വിധേയമാക്കപ്പെട്ടതുപോലെ ആഘോഷങ്ങൾക്കും മാറ്റം വന്നിട്ടുണ്ടാകാം. നഗരസംസ്ക്കാരത്തിൽ സദ്യയൊരുക്കുക, പാർട്ടി നൽകുക എന്നതിൽ കവിഞ്ഞ മറ്റ് അർത്ഥതലങ്ങളൊന്നും കാണാറില്ല. അർത്ഥവും അതിൽ നിന്നുയരുന്ന മാനങ്ങളും ഒന്നും കാലത്തിന്റെ തിരക്കിൽ ആവശ്യമില്ലായിരിക്കാം.എല്ലാത്തിനും ഏകതാനമായ രസവും രുചികളുംമാത്രം.ഋതുസങ്കലനത്തിൽ ഓരോന്നും ആരവങ്ങളില്ലാതെ വന്നു പോവുന്നു!
നാട്ടിൽ അമ്മയൊരുക്കിയിരുന്ന കണിയോർക്കുമ്പോൾ കാഴ്ച്ചകൾ ജലാവർത്തങ്ങളാകുന്നു.കണിക്കുള്ള വിഭവങ്ങൾ വീട്ടുവളപ്പിൽ നിന്നുതന്നെ എടുക്കും. ഇടതൂർന്നു നിൽക്കുന്ന പ്ളാവും,മാവും കവുങ്ങുമെല്ലാം തലയാട്ടി ചിരിച്ചു നിൽക്കും. മാർച്ച് ഏപ്രിൽ കാലത്തു പൂത്തുനില്ക്കുന്ന മാവുകൾ .കണ്ണു മിഴിക്കുന്ന ഉണ്ണിമാങ്ങകൾ. പൂങ്കുലയോടു കൂടി എറിഞ്ഞു താഴേക്കു വീഴ്ത്തി ചുണ മാറാത്ത മാങ്ങകൾ കടിച്ചു തിന്നുമ്പോൾ ചിരി മുഴുവൻ ചുണ കൊണ്ടു പൊള്ളിപ്പോവും. അതൊക്കെ വെച്ച് അമ്മക്കൊപ്പം നടക്കും കണിയൊരുക്കാൻ ഒരു അമ്മത്തം നടിച്ച്...ഒരായിരം സംശയങ്ങളും ചോദ്യങ്ങളുമായി...... പ്ളാവിലെ ചക്കക്ക് വിഷു ദിവസം “ചക്കയെന്നു” പറയാൻ പാടില്ലെന്നും “പനസമെന്നാണ്‌”പറയുകയെന്നും അമ്മ പറയും. പിന്നെ അതിന്റെ കാരണം അറിഞ്ഞാലെ സമാധാനം ആവു. ചോദ്യങ്ങൾ ഏറെയായാൽ അമ്മക്കു ശുണ്ഠി വരും. എന്നാലും കുറുമ്പുകളിലൂടെ ഉത്തരം കിട്ടാതെ നിരവധി ചോദ്യങ്ങൾ മനസ്സിലവശേഷിച്ചിരുന്നു. ചിലതൊക്കെ അങ്ങിനെയാണ്‌` ഇപ്പോഴും ഉത്തരം കിട്ടാതെ അലയുന്നു.
ഓർമ്മകൾക്ക് തിടം വെക്കുമ്പോൾ കൊന്നപൂവും ശ്രീകൃഷ്ണനുമായുള്ള ബന്ധങ്ങളും കഥയുമൊക്കെ കുട്ടിക്കാലത്തെന്ന പോലെ ഇപ്പോഴും മനസ്സിൽ ഓടിയെത്തുന്നു. ഒരിക്കൽ ഒരു ക്ഷേത്രത്തിൽ പൂജ കഴിഞ്ഞ് പൂജാരി അമ്പലം അടച്ച് പോകുമ്പോള് ഒരു ചെറിയ കുട്ടി ചുറ്റുമതിലിനകത്ത് പെട്ടുപോകുന്നത്രെ. പേടിച്ച് നിലവിളിച്ച കുഞ്ഞിനെ സന്തോഷിപ്പിക്കാന് സാക്ഷാല് ഉണ്ണിക്കണ്ണന് തന്നെ പ്രത്യക്ഷപ്പെടുകയും തന്റെ അരഞ്ഞാണം കുട്ടിക്ക് കളിക്കാന് കൊടുക്കുകയും ചെയ്യുന്നു. പൂജാരി വന്ന് വീണ്ടും ക്ഷേത്രം തുറന്നപ്പോള് ശ്രീകോവിലിനകത്തെ ദേവാഭരണം കുട്ടിയുടെ കൈയ്യില് കാണുകയും ക്ഷോഭിക്കുകയും ചെയ്യുന്നു. കരഞ്ഞുകൊണ്ട് കുട്ടി വലിച്ചെറിഞ്ഞ അരഞ്ഞാണം ചെന്ന് തങ്ങിയത് തൊട്ടടുത്തുള്ള മരത്തിലാണ്. ആ അരഞ്ഞാണം കുലകുലയായി പൂക്കളുടെ രൂപത്തില് മരം മുഴുവന് തൂങ്ങിക്കിടന്നെന്നാണത്രെ കണിക്കൊന്നയുടെ കഥാതന്തു. ഐതിഹ്യങ്ങളും കഥകളും പലതുമുണ്ടാകാം. എല്ലാം സർഗ്ഗാത്മക ഭാവനകളുടെ ഫലശ്രുതികളാണെന്നനുമാനിക്കാം. എന്തായാലും സമയമാകുമ്പോൾ പലതും ആഘോഷങ്ങളും സംസ്കാരങ്ങളുമൊക്കെയായി മാറുന്നു. ഉഷ്ണത്തിന്റെ കാഠിന്യത്തിൽ കാട് പോലും കരിഞ്ഞു നിൽക്കുമ്പോൾ ഇടക്ക് കൊന്നപ്പൂങ്കുലകൾ ഞാന്ന് കിടക്കുന്ന കൊന്നമരങ്ങൾ കാണുമ്പോൾ എവിടെയായാലും അകവും പൂത്തു പോവും.
കുട്ടിക്കാലത്ത് വിഷുക്കണി ഒരുക്കാനായി അമ്മ കുട്ടികളായവരോടൊക്കെ നേരത്തെ കിടന്നുറങ്ങാൻ പറയും.കാരണം കണി ഒരുക്കുന്നത്‌ ആരും കാണാൻ പാടില്ല. അതിരാവിലെ എണീട്ടു മാത്രം കണി കാണുക.. പക്ഷെ കണിയൊരുക്കുന്നതൊന്നു കാണാനുള്ള മോഹം ഉള്ളിൽ വളരും...ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടക്കും. എപ്പോഴോ ഉറങ്ങിപ്പോയിട്ടുണ്ടാവും. അമ്മ വിളിച്ചുണർത്തുമ്പോൾ കണി കാണാൻ കണ്ണു മുറുക്കിയടച്ച് അമ്മക്കൊപ്പം കൈപിടിച്ചു നടക്കും. കത്തിച്ചു വെച്ച അഞ്ചു തിരിയിട്ട നിലവിളക്കിന് മുന്നിൽ സ്വർണ്ണത്തേക്കാൾ നിറമുള്ള ഓട്ടുരുളിയിൽ സമൃദ്ധമായ കൊന്നപ്പൂക്കൾ കൊണ്ടലങ്കരിച്ച നവധാന്യങ്ങളും കയ്ഫലങ്ങളും കൃഷ്ണ വിഗ്രഹവും സ്വർണ്ണവും,കോടിമുണ്ടും നാണയങ്ങളുമെല്ലാം അങ്ങിനെ നീളുന്നു.... അമ്മ ഒരുക്കി വെച്ച കണി. കണ്ണു തുറന്നു നോക്കി പ്രാർത്ഥിക്കാൻ പറയും. , എല്ലാവരേയും വിളിച്ചുണർത്തി കണി കാണിച്ച ശേഷം അകത്തെ മുറിയിൽ വയ്യാതെ കിടക്കുന്ന അച്ഛനു കാണിക്കും. അതിനു ശേഷം പുറത്തെ തൊഴുത്തിലുള്ള പശുക്കൾക്കും, മറ്റു കന്നുകാലികൾക്കും,പാടത്തെ പണിയായുധങ്ങൾക്കും കണി കാണിക്കും. അപ്പോഴൊക്കെ അമ്മയുടെ പിന്നാലെ ഒരു വാലു പോലെ ഞാനും നടക്കും. പിന്നീടാണ്‌ വിഷുക്കൈനീട്ടം. അതിനുശേഷം ഉൽസാഹത്തിന്റെ പൂത്തിരികളും കമ്പിത്തിരികളും പടക്കങ്ങളുടെയുമൊക്കെ ബഹളമാണ്‌.പിന്നെ ഏടത്തിയമ്മമാരും ചേച്ചിമാരും ഒക്കെ പ്രഭാത ഭക്ഷണം, ഉച്ചക്കുള്ള വിഷുക്കഞ്ഞി, പുഴുക്ക് എന്നിവയൊക്കെ ഉണ്ടാക്കുന്ന തിരക്കിലായിരിക്കും.ഒരുൽസവം കണക്കായിരിക്കും ആ ദിവസം. സ്നേഹത്തിന്റേയും സഹവർത്തിത്വത്തിന്റേയും, സാഹോദര്യത്തിന്റേയും ഇഴ ചേർന്നു കിടന്നിരുന്ന ആ കാലമെല്ലാം ഇന്നു വിദൂരതയിലാണ്‌. അമ്മ ഒരുക്കി വെച്ച കണിയുടെ കാലത്തിന്റെ മിഴിയും എന്നേക്കുമായി അടഞ്ഞു.
ഇപ്പോൾ ഈ മറുനാട്ടിലും നഷ്ടപ്പെട്ട പഴയ വിഷുസ്മരണകൾ ചേർത്തുവെച്ച് കണിയൊരുക്കുമ്പോൾ അറിയാതെ നിറയുന്ന കണ്ണുനീരിനു മുന്നിൽ കുട്ടികളെ മനസ്സിലാക്കിപ്പിക്കാൻ അമ്മ ചെയ്തിരുന്നതുപോലെയൊക്കെ ചെയ്യുന്നു. പക്ഷേ ഇവിടെ പരിമിതികൾ ധാരാളമല്ലേ.നാടിന്റേയും, നാട്ടു സംസ്ക്കാരത്തിന്റേയും പുതുമകൾ നഷ്ടപ്പെടുന്ന ഇക്കാലത്ത് പുതുതലമുറക്കും ഇതിലൊന്നും വലിയ താല്പ്പര്യങ്ങൾ കാണാറില്ല. എന്നാലും ചെറുപ്പത്തിൽ ശീലിച്ചത് ഇപ്പോഴും അനുഷ്ഠിക്കുന്നു. വളരുമ്പോൾ ചിന്തകൾ കനം വെക്കുമ്പോൾ പല ശീലങ്ങളും മാറ്റിവെക്കാൻ കഴിയുമെങ്കിലും ചിലതൊക്കെ അമ്മയുടെ ചന്ദനം ചാലിച്ച സ്നേഹം പോലെ ഇന്നും ഒപ്പമുണ്ട് .....
.കാലമെന്ന രഥം പിന്നിട്ട് ദൂരമേറെയായെങ്കിലും ഓർമ്മകളുടെ അശ്വങ്ങളുമായി ജന്മമണ്ണിന്റെ ആർദ്ര തീരങ്ങളിലേക്ക് ഇപ്പോഴും മനോയാത്ര ചെയ്യുന്നു . അവിടെ വാൽക്കണ്ണെഴുതി ഒറ്റക്കൊമ്പിലിരുന്നു പാടുന്ന മഞ്ഞക്കിളിയോ,വിത്തും കൈക്കോട്ടും പാടുന്ന വിഷുപ്പക്ഷിയോ ഒക്കെ ആയി അമ്മ പകർന്നു നൽകിയ സംസ്ക്കാരങ്ങൾ മുന്നിൽ ചിറകു വിരുത്തി പറക്കാറുണ്ട്‌. . നമ്മുടെ പ്രിയപ്പെട്ടവരെ ഓർക്കാനുള്ള നിമിഷങ്ങൾ കൂടിയാണ്‌ ഈ ആഘോഷവേളകൾ എന്നു കൂടി അറിയുന്നു. .കന്നഡ നാട്ടിൽ അവരുടെ പുതുവർഷം “ഉഗാദിയാണ്‌”...എല്ലാ ഭാഷകളുടെയും സംസ്ക്കാരങ്ങൾ തമ്മിൽ അഭേദ്യമായ ബന്ധമുണ്ട്‌. ...ഇവിടെ ഈ മണ്ണിൽ എന്നെപ്പോലെ നിരവധിപ്പേരുണ്ടാകാം ഓർമ്മക്കൂടുകളിലേക്കു ചേക്കേറിക്കൊണ്ട്‌. അസഹിഷ്ണുതയുടേയും പ്രതികാരത്തിന്റേയും യുദ്ധമുറകളുടേയും വിത്തുകൾ വിതക്കാതെ എല്ലാ മനുഷ്യമനസ്സുകളിലും സ്നേഹത്തിന്റേയും കരുണയുടേയും കരുതലിന്റേയും കണിപ്പൂവുകൾ വിരിയട്ടെ. എല്ലാവർക്കും ഹൃദയം നിറഞ്ഞ വിഷുവാശംസകൾ!

No comments: