Sunday, June 6, 2021

 കച്ചമണിക്കിലുക്കം.... ഇന്ദിരാ ബാലൻ

നിശ്ശബ്ദ വേദന തൻ
മേളപ്പെരുക്കത്തിൽ
മീലിത നേത്രനായ്
കിടപ്പൂ മഹാശയൻ
നിസ്സഹായത തൻ
തടവറയിൽ
ഏകാന്തനായാതുരൻ
ഓർമ്മകളിൽ തപിച്ച്
മനസ്സിൻ
ആളൊഴിഞ്ഞരങ്ങിൽ
കൊഴിഞ്ഞ കാലത്തിലെ
കൊഴുത്ത രംഗങ്ങൾക്ക്
പുനർജന്മം തേടുകയാവാം!
ചുവരിൽ കോണിൽ
ചിലന്തിവലയിൽ
കുടുങ്ങിയ ചിത്രശലഭം
ചിറകിട്ടടിക്കുന്നു
നെടുനാളായി
കോപ്പുകളുറങ്ങുന്ന
കളിപ്പെട്ടിയുടെ
മൂലയിലിരിക്കുന്നു
തുറു കണ്ണുമായൊരു
തടിച്ച വയസ്സൻ പല്ലി!
തിരശ്ശീല നീങ്ങിയ
കാലത്തിൻ കളിയരങ്ങിൽ
സൂര്യതേജസ്സിയന്നവണ്ണം
സത്വരജസ്തമോ ഭാവത്തിൻ
തിലകം ചാർത്തി
വർണ്ണരാജിയാർന്നോരു
മൂർത്ത ബിംബങ്ങളായി
കളിവിളക്കിൻ ദീപ്തശോഭയിൽ
അതീത കാലത്തിൻ
യുഗപ്രഭാവൻമാരാം
കഥാപുരുഷൻമാർ
കഥാനായകൻമാർ
സ്വകായത്തിൽ
പരകായങ്ങളായി
വളർന്നിന്ദ്രധനുസ്സൊളി ചിതറു-
മുടലുമായ് ഉയിർക്കൊണ്ടു
കർമ്മഭൂമിയിൽ
ധർമ്മത്തിന്നവതാരമായ്
വ്റീളാവിവശയാം
മാനിനിയുടെ
നീലോൽപ്പല നേത്രങ്ങളിലെ
നിനവായ്
കനവായ് നിറഞ്ഞു നിൽക്കും
മനോരമണനായ്
ദുർവ്വിധിതൻ ശാപഗ്രസ്തതയിൽ
രാജ്യധർമ്മദാര പരിത്യക്തനായ്
ശപ്തമാം നിമിഷത്തിലുയർന്ന
നാഗഫണദംശത്താൽ
വിരൂപ ഗാത്രനായ്
സൂതനായ് അശ്വഹൃദയജ്ഞനായ്
സ്വപുത്രനെ വധിക്കുവാൻ
നിയുക്തനാം ഭക്തനായ്
പക തൻ പരശുവേന്തിയ
രൗദ്രമൂർത്തിയായ്
മൃത്യുവിൻ കരാള വക്ത്രത്തിലകപ്പെട്ട
മക്കളെയോർത്ത്
ഹതാശനായ്
ദുഃഖത്തിൻ ഘനശ്യാമബിംബമായ്
ലങ്കാപുരി തന്നശോകവനികയിൽ
ശിംശിപാവൃക്ഷത്തണലിലമരും
സീതാ വൃഥക്കൊരു സ്നേഹ
സാന്ത്വന സന്ദേശമായ്
ദ്രാവിഡ പുത്രിതൻ ലാസ്യമായ്
അനന്തമായോരാത്മാംശങ്ങളെത്രയെത്ര !
നോവും നിനവുകളിൽ
തപ്തനിശ്വാസങ്ങൾ പതിക്കവെ
ധനാശിച്ചുവടിൻ നൈമിഷികതയെ-
ക്കുറിച്ചോർത്തു പോയോ?
വ്രണിതമായ് കിടക്കുമാ വപുസ്സും മനസ്സും
സ്മരണയിലൊരു കളിവിളക്കിൻ
തിരിയായ് ജ്വലിക്കവേ
യുഗങ്ങളും മന്വന്തരങ്ങളു
മേറെക്കൊഴിഞ്ഞെന്നാലും
തിരയടിക്കുമിവിടെയാ
അഷ്ടക്കലാശത്തിൻ
കച്ചമണിക്കിലുക്കങ്ങളും...!

No comments: