Thursday, July 23, 2009
കഥ കഥാചെടി
അവിചാരിതമായി പെയ്ത പുതുമഴയില്‍ പൊങ്ങിയ മണ്ണിന്റെ ഗന്ധം ആസ്വദിച്ചു ,നിര്‍ന്നിമേഷനായി നില്‍ക്കുമ്പോഴാണ് അങ്ങേ വീട്ടിലെ ചങ്ങാതി ഒരു കഥാചെടിയുടെ ബീജം അരവിന്ദന് നല്‍കിയത്. മനസ്സിന്റെ പശിമ മുറ്റിയ മണ്ണില്‍ അരവിന്ദന് ആ വിത്തു കുഴിച്ചിട്ടു. പണ്ടുമുതലേയുള്ള അഭിലാഷമായിരുന്നു ഒരു കഥാചെടി നട്ടുപിടിപ്പിക്കുകയെന്നത്. അതറിയാമായിരുന്ന ഉറ്റസുഹൃത്ത് കൊടുത്ത ഉപകാരസ്മരണയുടെ നീല വെളിച്ചത്തില്‍ അരവിന്ദന്റെ മുഖം പ്രകാശമാനമായി. കഥാച്ചെടി നടുന്നതിന്റെ പ്രധാന ഉദ്ദേശ്യം അതിന്റെ വേരുകളിലൂടേയും ചില്ലകളിലൂടേയും ഇലകളിലൂടേയും പൂക്കളിലൂടേയും കായകളിലൂടേയും തന്റെ ആശയങ്ങള്‍ക്കു തിരി കൊളുത്തി ഫലം പൊഴിക്കുകയെന്നതായിരുന്നു. മഞ്ഞിലും, വെയിലിലും, മഴയിലും കണ്ണിലെ കൃഷ്ണമണിയെപോലെ കാത്തു സൂക്ഷിക്കുവാന്‍ ഒരു കാവലാളെ ഏര്‍പ്പെടുത്തി. രാത്രിയുടെ വന്യ നിശ്ശബ്ദതയില്‍ കാവലാള്‍ കണ്ണിമ പൂട്ടാതെ തന്റെ ചിരകാലസ്വപ്നത്തെ കാത്തു സൂക്ഷിക്കുന്നുണ്ടെന്നായിരുന്നു. അരവിന്ദന്റെ ധാരണ. ദിവസവും വെള്ളമൊഴിച്ച് ഔഷധവീര്യമുള്ള മരുന്നു തളിച്ച് പരിപാലിച്ചു. രാവും പകലും മണ്ണിന്റെ മണിവാതില്‍ തുറന്ന് കഥാചെടി പുറത്തു വരുന്നതും കാത്ത് അരവിന്ദന് ഭാവനാവിലാസത്തില്‍ കഴിഞ്ഞു. ഒരു ദിവസം കാലത്തെണീട്ടു നോക്കുമ്പോള്‍ കഥാചെടിക്കു തളിരില നാമ്പിട്ടിരിക്കുന്നു. കുഞ്ഞിക്കണ്ണു മിഴിച്ചു നില്ക്കുന്ന അതിന്റെ ഇളം തുടുപ്പു കണ്ടപ്പോള്‍ അരവിന്ദന്റെ ചിത്തം പരമാനന്ദത്തിലായി.വീട്ടിലോരോരുത്തരോടും തന്റെ കഥാ ബീജത്തിന് ചിറകു മുളച്ച കാര്യം പറഞ്ഞു. എനി ആ ചിറകു വിരുത്തി ഈ നീലാകാശം മുഴുവന്‍ സ്വച്ഛന്ദം വിഹരിക്കണം. അരവിന്ദന്റെ മനോവ്യാപാരമറിഞ്ഞവര്‍ മൂക്കത്തു വിരല്‍ വെച്ചു, പഠിപ്പില്‍ മിടുക്കനായ അരവിന്ദന് ഐച്ഛികമായിയെടുത്തു പഠിച്ച വിഷയം സയന്സ്സായിരുന്നു. ആഗോള വല്‍ക്കരണത്തിന്റെ കുതിപ്പില്‍ ശാസ്ത്രത്തിന്റെ നവലോകത്തേക്കുള്ള അരവിന്ദന്റെ കാല്‍വെയ്പ്പില്‍ അഭിമാനം പൂണ്ടവരാണ് ഇപ്പോള്‍ മൂക്കത്തു വിരലും വെച്ചു നില്‍ക്കുന്നത്. ശാസ്ത്രത്തിന്റെ ത്വരിതഗതിയെക്കുറിച്ചുള്ള സമഗ്രമായ പഠനങ്ങള്‍ നടത്തുന്നതിനിടക്ക് മനം മാറ്റം സംഭവിച്ച അരവിന്ദന്റെ കാര്യം കേട്ടവര്‍ നെറ്റി ചുളിച്ചു. പലരുടെയും മനസ്സില്‍ സംശയങ്ങള്‍ തല നീട്ടി. ബുദ്ധി മൂത്ത് ഇവനു ഭ്രാന്തായോ? പറയുന്നതെല്ലാം ഒരു ചെവിയിലൂടെ കേട്ട് മറ്റേ ചെവിയിലൂടെ അരവിന്ദന് പുറത്തേക്ക് വിട്ടു. തന്റെ അഭിലാഷം പൂവണിയിക്കണമെന്ന ദൃഢനിശച്യത്തില് അരവിന്ദന് മുന്നോട്ടു പോയി. ചെടിയുടെ വേരുകള്‍ അടിമണ്ണിലേക്ക് പടര്‍ന്നിറങ്ങാന്‍ തുടങ്ങിയിട്ടുണ്ടാവും. വേരു ചെന്നു തട്ടുന്നിടമൊക്കെ ഒന്നു ഞെട്ടട്ടെ. അരവിന്ദന്റെ ഉള്ളില്‍ ആനന്ദത്തിന്റെ നുര കുത്തിയൊഴുകി ചുറ്റും പാല്‍നിലാവു പൊഴിച്ചു. വിചാരധാരകള്‍കൊണ്ട് വികാരഭരിതനായി ഇരിക്കുമ്പോഴാണ് മൊബൈല്‍ ചിലക്കുന്നത്. ഫോണ്‍ ഓണ്‍ ചെയ്ത് ചെവിയോടു ചേര്‍ത്തുപിടിച്ചു. അങ്ങേ തലക്കല്‍ നിന്നും ഒരപരിചിത സ്വരം. ലൈന്‍ മാറിയാണ് വിളി, ഇപ്പോള്‍ എല്ലാം സൂക്ഷിക്കേണ്ടിയിരിക്കുന്നു. പലതിലും പല പല കുരുക്കുകള്‍. വിലപ്പെട്ട ഒരു നിമിഷം പാഴായതിന്റെ രോഷം അരവിന്ദന്റെ മുഖാരവിന്ദത്തില്‍ ചുവന്നു കിടന്നു. വീണ്ടും തന്റെ കഥാചെടിയുടെ സ്വപ്നസൌന്ദര്യ തലങ്ങളിലേക്ക് മനസ്സ് ഊളിയിട്ടിറങ്ങി. അതിന്റെ ഇലകള്‍ക്കു പുഴുക്കുത്തേല്‍ക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചു. ഇലയുടെ ഞരമ്പുകള്‍ ആരോഗ്യത്തോടെ ഞെളിഞ്ഞുനിന്നു. അപ്പോള്‍ മറ്റൊരു സന്ദേഹം, ഈ ചെടി ഏതു ദിശയിലേക്കായിരിക്കും തിരിയുക? സാംസ്ക്കാരികമോ, രാഷ്ട്രീയമോ, സാമൂഹികമോ ഹൊ.... രാഷ്ട്രീയമായാല്‍ മതിയായിരുന്നു. പിന്നെ ജീവിതം സാര്‍ത്ഥകമായി. വേണംന്ന് തോന്നുമ്പോള്‍ സ്വഭാവത്തിന്റെ കുപ്പായം ങനെ മാറ്റാലൊ. അത്രേം സ്വാതന്ത്ര്യം വേറെവിടെയുള്ളത്?. ഒപ്പം സമൂഹത്തിലങ്ങനെ വിളങ്ങേം ആവാം. എല്ലാവരുമൊന്ന് കാണട്ടെ. തനിക്കും ഇതിനെല്ലാം ആവുമെന്ന്. "ഓ...അപ്പോള്‍ മറ്റുള്ളോരെ കാണീക്കാനാ ഈ കാട്ടായങ്ങള് അല്ലെ? ഒരു ചോദ്യം . അരവിന്ദന് ചുറ്റിലും നോക്കി. ആരേം കാണുന്നില്ലല്ലൊ. ഹെയ്... ഇതിപ്പൊ ആരാ...? താന്‍ തന്റെ മുഖത്തേക്കൊന്നു നോക്ക്. വീണ്ടുമതെ സ്വരം. കേട്ട സ്വരത്തിന് സ്വന്തം ശബ്ദത്തോടു സാമ്യമുള്ളതായി തോന്നി. എന്തായാലും ആ ശബ്ദത്തിന്റെ ഉറവിടമന്വേഷിച്ച് അകത്തേക്കു നടന്നു. മുറിയില്‍ തൂക്കിയ കണ്ണാടിയിലേക്ക് നോക്കി. ദേ... അവിടിരുന്ന് ഒരു മാന്യന് പൊട്ടിച്ചിരിക്കുന്നു. തന്റെ അതേ ച്ഛായ. എടോ അരവിന്ദാ തന്റെ മനസ്സാക്ഷിയാണെടൊ ഞാന്‍. താനെന്തു മോഹിച്ചാ കഥാചെടി നട്ടത്? ജീവിതാനുഭവങ്ങളുടെ തീക്ഷ്ണതയും പച്ചയായ പൊള്ളുന്ന ഭാവങ്ങളും ഉണ്ടോ കയ്യില്‍? പരിചയമില്ലാത്ത വാക്കുകളും ആത്മാര്‍ത്ഥതയില്ലാത്ത ആശയങ്ങളുമെടുത്ത് കഥാചെടിക്കു വളമിട്ടാല്‍ ചെടി ചീഞ്ഞുപോകും. മണ്ണിനനുസരിച്ചേ വിത്തു പാകാവൂ. ഇല്ലെങ്കില്‍ ഉള്ളതും കൂടി ഇല്ലാതായി മൂക്കും കുത്തി താഴെ കിടക്കും മുഖച്ഛായ തന്നെ മാറിപ്പോവും. വാക്കുകളെ നക്ഷത്രങ്ങളാക്കുന്ന രസതന്ത്രം അറിയണം. ഇതെല്ലാം കേട്ട് അരവിന്ദന് മിഴിച്ചു നിന്നു. ഹൊ.... ഇതൊക്കെ വേണോ. ഇപ്പോള്‍ മുക്കിനും മൂലക്കും എഴുത്തുകാരുടെ മേളമല്ലെ. വാക്കുകള്‍ തപ്പിപിടിച്ച് തിരിച്ചും മറിച്ചും എഴുതിയാല്‍ കവിതയായി . എല്ലാം ഇന്‍സ്റ്റന്റു വിഭവങ്ങള്‍. കവികളുടെ ഭാരം കൊണ്ട് ഭൂമി കൂടി വീര്‍പ്പു മുട്ടിപ്പോകുന്നു. നിര്‍വ്വേദാവസ്ഥയുടെ നിശ്ചലതകള്‍ മാത്രം മുഴച്ചു നില്ക്കുന്നു.. എന്നിട്ടിയ്യാളെന്തേയീ പറയുന്നത്? പോടാ പുല്ലെയെന്ന ഭാവത്തില്‍ അരവിന്ദന് ചിരി കോട്ടി തിരിച്ച് കഥാചെടിക്കരികിലേേക്ക് നടന്നു. ഇതെന്തു കഥ? കഥാചെടിയെവിടെ? അതു് മുരടും പറിച്ച് രക്ഷപ്പെട്ടിരിക്കുന്നു. ദിശാബോധമില്ലാതോടിയ ചിന്തയുടെ ബാക്കിപത്രവുമായി അരവിന്ദന് ഇതികര്‍ത്തവ്യതാമൂഢനായി നിലകൊണ്ടു....... !
Subscribe to:
Post Comments (Atom)
1 comment:
കഥ അരവിന്ദനെ വിടടു പോയി .
Post a Comment