
വെൺമയും ലാവണ്യവും
ഇഴ ചേർന്നവളെ
നീയെപ്പോഴും ശാന്തി മന്ത്രം
ചൊല്ലി നിൽക്കുന്നു!
എപ്പോഴെങ്കിലും വിടരുന്ന
മിഴിദളങ്ങളിൽ അലിവിന്റെ ആർദ്രത....
ആകാശത്തെ ശുക്രനക്ഷത്രം പോലെ
സ്വച്ഛതയുടെ അടയാളമായി നീ.................
അടിത്തട്ടിലെ അലമാലകളുടെ
ഇരമ്പലിനെ ആരേയുമറിയിക്കാതെ
സ്വയം ഏറ്റെടുത്തങ്ങനെ...............
ഇച്ഛിക്കുന്നവർക്കെന്തും നൽകുന്നവൾ
ബാഹ്യഗന്ധങ്ങളുടെ കപടനാട്യങ്ങളില്ലാതെ
നുണകളുടെ പന്തലിപ്പില്ലാതെ
നിന്റെ ആത്മവിശുദ്ധിയാൽ
നീ തിളങ്ങി.....
വെൺമയുടെ പ്രഭാപൂരത്തിൽ
കണ്ണുകൾ മങ്ങി,നിനക്കു മുന്നിൽ
കുനിഞ്ഞ ശിരസ്സുകൾ
പരിഭവത്തിന്റേയും, പരാതികളുടേയും
കൂരമ്പുകളെയ്യാതെ
കാലം കുറിച്ചിട്ട നേരങ്ങളിൽ
മന്ദസ്മിതത്തിന്റെ മാറ്റുമായി
കാരുണ്യത്തിടമ്പേന്തിയ നീ...................
അകൃത്രിമശോഭയോടെ
വിരാജിക്കുന്ന സൗന്ദര്യശിൽപ്പം പോലെ...
നിന്നെ വർണ്ണിക്കുവാൻ ഉൽപ്രേക്ഷകളേറെ വേണം
നിന്റെ പുഞ്ചിരിയിൽ പടർന്നിരിക്കുന്ന
നീലാംബരിയുടെ രാഗച്ഛവി
ആരുമറിഞ്ഞില്ല
ഈർപ്പത്തിന്റെ കനിവില്ലെങ്കിലും
പ്രഭാതങ്ങൾക്കു് മോഹഭംഗമേൽപ്പിക്കാതെ
സ്വതഃസിദ്ധചൈതന്യത്താൽ
വെള്ളപ്പുടവയണിഞ്ഞു നീ വന്നു
പ്രതിഫലേച്ഛയില്ലാതെ
ഫലങ്ങൾ പൊഴിക്കുന്ന കൽപ്പതരുവെ...നിന്റെ നാമം
അന്വർത്ഥമായിരിക്കുന്നു.
"മന്ദാരമെ" അനന്യ വിശുദ്ധിയുടെ
പര്യായമായി ഭൂമിക്കു മീതെ
നീ ശിരസ്സുയർത്തി നിന്നാലും....................
3 comments:
എപ്പോഴെങ്കിലും വിടരുന്ന
മിഴിദളങ്ങളിൽ അലിവിന്റെ ആർദ്രത....
ആകാശത്തെ ശുക്രനക്ഷത്രം പോലെ
സ്വച്ഛതയുടെ അടയാളമായി നീ.................
വരികളിഷ്ടപ്പെട്ടു.
എല്ലാ ഭാവുകങ്ങളും നേരുന്നു!
" ബാഹ്യഗന്ധങ്ങളുടെ കപടനാട്യങ്ങളില്ലാതെ
നുണകളുടെ പന്തലിപ്പില്ലാതെ
നിന്റെ ആത്മവിശുദ്ധിയാൽ
നീ തിളങ്ങി.....
കാലം കുറിച്ചിട്ട നേരങ്ങളിൽ
മന്ദസ്മിതത്തിന്റെ മാറ്റുമായി
കാരുണ്യത്തിടമ്പേന്തിയ നീ...
അകൃത്രിമശോഭയോടെ
വിരാജിക്കുന്ന സൗന്ദര്യശിൽപ്പം പോലെ..."
- വര്‍ണ്ണനയുടെ വര്‍ണപെരുക്കം,സുധി അന്യമാകുന്ന ലോകത്ത് ചിന്തയുടെ വിശുദ്ധി തിളങ്ങുന്ന, കണ്ണ് തുറപ്പിക്കുന്ന,ചിന്തിപ്പിക്കുന്ന വരികള്‍- കവിത കൊള്ളാം.
അതെ ചിന്തോദ്ദീപകമീ കവിത
Post a Comment