Thursday, March 3, 2022

യുദ്ധം

-യുദ്ധം.....


ജീവിതത്തിൻ്റെ
മൂക്കുകയർ വലിച്ചുകൊണ്ട്
അവരവരോടുള്ള
യുദ്ധത്തിലാണ്
മനുഷ്യരെന്നും
കുടുംബം, സമൂഹം, രാഷ്ട്രം ....
ജീവിതമാകുന്ന
രസതന്ത്രശാലയിൽ
രാസപരീക്ഷണങ്ങൾക്ക്
വിധേയരായി
ജീവനെ കടപുഴക്കുന്ന
മഹാമാരികളുടെ
കൈപ്പിടിയിലായിരുന്നു.
പ്രളയമായും 
പകർച്ചവ്യാധികളായും
പടർന്നു പന്തലിച്ച്
 അവ കരിഞ്ഞുണങ്ങുമ്പോൾ
രക്തം പുരണ്ട
  പിടച്ചടക്കലിൻ്റെ
 ആർത്തി മൂത്ത
അങ്കങ്ങൾക്ക് 
നാന്ദി കുറിയ്ക്കുന്നു.
പതിനെട്ട് അക്ഷൗഹിണികൾ
വേണ്ട... ഒരു തോക്കിൻക്കുഴൽ
മതി ....
യുദ്ധത്തിന് തന്നെ എത്രയെത്ര
തരംതിരിവുകൾ!
നിലയ്ക്കും വിലയ്ക്കും
അനുസരിച്ചുള്ള
യുദ്ധ സാമഗ്രികൾ.....
വെട്ടിയും നിരത്തിയും
മണ്ണിടിക്കുന്നത് പോലെ
നിത്യവും പൂവറുത്തിടുന്ന പോലെ
വീട്ടകങ്ങളിൽ, മുറ്റത്ത്,വഴിയോരങ്ങളിൽ
ആസിഡും  വാക്കത്തിയും
നേർക്കുനേരെ കുതിയ്ക്കുമ്പോൾ
അതാ .... കേൾക്കുന്നു
രക്തബന്ധങ്ങളുടെ ....
രാജ്യങ്ങളുടെ പോർവിളികൾ..
തോക്കുകളുടെ അലർച്ചകൾ...
ആകാശവും ഭൂമിയും കടലും
ഒരുപോലെ യുദ്ധനിലങ്ങൾ
തന്ത്രശാലിയായ മനുഷ്യൻ
വികസനത്തിൽ കരയും കടലും
മാത്രമല്ല, ആകാശത്തേയും
വരുതിയിലാക്കി....
വികസനം യുദ്ധത്തിന്നാവരുത്
അതൊരു കുടക്കീഴിൽ
അണിനിരക്കുന്ന
സ്നേഹ സൗഹൃദങ്ങൾക്കാകണം!
ഭ്രാന്തിൻ്റെ മദപ്പാടുകൾ തീർത്ത്
മദയാനകളുടെ ചിന്നം വിളികൾ
ഭയത്തിൻ്റെ മുൾമുനയിൽ
നിന്ന് ചിറകിട്ടടിക്കുന്നവർ
രക്ഷതേടിയുള്ള നിലവിളികൾ
പെറ്റ വയറിൻ വിലാപങ്ങൾ
കാതിലലയ്ക്കുന്നുണ്ട്
കടലലകളായ്....
മണ്ണോ ചാരമോ
ആയിപ്പോകേണ്ട
കേവല മനുഷ്യൻ
അറിവ് നേടിയെങ്കിലും
തിരിച്ചറിവുകളില്ലാതെ
പിടിച്ചടക്കലുകളിലെ
രക്തക്കറകളുടെ
കുരുക്ഷേത്രം
ആസ്വദിയ്ക്കുകയാണ്  ...
യുദ്ധത്തിലെപ്പോഴും
നഷ്ടങ്ങളും 
തകർച്ചകളുമല്ലാതെ
സമാധാനമെവിടെ?

..




No comments: