Sunday, June 25, 2017

അപൂർവ്വാനുഭവത്തിന്റെ കാൽപ്പാടുകൾക്കൊപ്പം ..17.6.2017


മലയാളകവിതയിൽ മയൂരവർണ്ണങ്ങളുടെ പീലി വിടർത്തി കാവ്യപൂങ്കുലകൾ പൊഴിച്ച മഹാകവി പി കുഞ്ഞിരാമൻ നായരുടെ അനുസ്മരണയോഗം അവിസ്മരണീയാനുഭവമായി.
2017 ജൂൺ 17 ശനിയാഴ്ച്ച തിരുവനന്തപുരത്തു വെച്ച് മഹാകവി പി ഫൌണ്ടേഷനും ഭാരത് ഭവനും സംയുക്തമായാണു ഈ കാവ്യസ്മൃതിക്ക് തിരി തെളിച്ചത്. പരിപാടിയുടെ മുന്നോടിയായി തലേ ദിവസം മലയാളത്തിന്റെ പ്രിയ കവി ഡോ: പുതുശ്ശേരി രാമചന്ദ്രനെ മലയാള കവിതയുടെ അക്ഷരസുകൃതമായ ശ്രീമതി സുഗതകുമാരിടീച്ചർ അദ്ദേഹത്തിന്റെ വസതിയിൽ വെച്ച് സംഘാടകരുടെ നേതൃത്വത്തിൽ പൊന്നാടയണിയിച്ച് ആദരിച്ചു. മലയാളത്തിനു മറക്കാനാകാത്ത ഒരു കാവ്യസംഗമമായി മാറിയ നിമിഷങ്ങൾ. പി ഫൌണ്ടേഷൻ സെക്രട്ടറി ശ്രീ എം. ചന്ദ്രപ്രകാശ്, ഭാരത് ഭവൻ സെക്രട്ടറി ശ്രീ പ്രമോദ് പയ്യന്നൂർ, ശ്രീ മുരളീധരൻ,സുധാകരൻ രാമന്തളി, ചിത്രകാരി ബ്രിജി കൂടാതെ മറ്റു ചില സഹൃദയർ എന്നിവർക്കൊപ്പം എനിക്കും ഈ ധന്യമുഹൂർത്തത്തിനു സാക്ഷിയാകാൻ കഴിഞ്ഞു എന്നത് ജീവിതത്തിലെ മഹാഭാഗ്യമായി കരുതുന്നു. കവികളുടെ വർത്തമാനത്തിലും കവിത നിറഞ്ഞുതുളുമ്പി. സുഗതകുമാരിടീച്ചറുടെ കവിതയായ “ഇനിയീ മനസ്സിൽ കവിതയില്ല” എന്ന കവിത പ്രണാമമായി ചൊല്ലി. ഒപ്പം എന്റെ ഒരു കവിതയും ടീച്ചർ ചൊല്ലാൻ ആവശ്യപ്പെട്ടു. അക്ഷരപുണ്യം എന്ന കവിത വായിച്ചു. പദ്യത്തിൽ ചൊല്ലാതിരുന്നപ്പോൾ ടീച്ചർ പറഞ്ഞു കവിത വൃത്തത്തിൽ എഴുതണം. ഗദ്യമെഴുതേണ്ട...ഒപ്പം “പ്രോസ് ഈസ് വാക്കിംഗ് ആൻഡ് പോയട്രി ഈസ് ഡാൻസിങ്ങ്”...എന്നും ടീച്ചർ കൂട്ടിച്ചേർത്തു. സ്വാഭാവികമായും എന്റെ മനസ്സിൽ തോന്നിയ സംശയം ഞാൻ ചോദിച്ചു. വർത്തമാനകാലത്ത് മുഖ്യധാരയിലും അല്ലാതേയും കൂടുതൽ കാണുന്നത് ഗദ്യകവിതകളല്ലെ. എന്താണു അതിനിത്ര പ്രചാരം സാഹിത്യലോകം നല്കുന്നതെന്ന്...ടീച്ചർക്ക് ഒരുത്തരമെ പറയാനുണ്ടായിരുന്നുള്ളു എഴുതുന്നവർ എഴുതട്ടെ ..കഥകളിപദങ്ങൾ കേട്ട് വളർന്ന കുട്ടിയല്ലെ പദ്യത്തിൽ എഴുതു. എഴുതാൻ ഭാഷയും ആശയവും വാക്കുകളും ഉണ്ട്.. അത് കളയാതെ വൃത്തത്തിൽ തന്നെ എഴുതു എന്നു. സത്യത്തിൽ ഒരു പാടു സന്തോഷം തോന്നി. നേരിട്ട് ടീച്ചർ ഇങ്ങിനെ പറഞ്ഞത് ജീവിതത്തിലെ വലിയൊരു അനുഗ്രഹമായി അനുഭവപ്പെട്ടു.
ജൂൺ 17 നു രാവിലെ വൈലോപ്പിള്ളി സംസ്കൃതിഭവനിൽ രാവിലെ 9.30 നു പി സ്മൃതി മണ്ഡപത്തിൽ നടത്തിയ പുഷ്പാർച്ചനയോടുകൂടി മഹാകവിയുടെ 39 താമത് ചരമവാർഷികദിനാചരണത്തിനു നാന്ദി കുറിച്ചു.
മലയാളത്തിന്റെ അതിർത്തികൾ മറികടന്ന് വിശ്വമാനവികതയുടെ വേരുകൾ ആഴ്ത്തിയ മഹാകവിയുടെ കവിതകളെ കുറിച്ച് പുഷ്പാർച്ചനയിൽ പങ്കെടുത്തവർ വാചാലരായി. കവി പി നാരായണക്കുറുപ്പ്,എം ആർ.ജയഗീത, മഹാകവിയുടെ പുത്രൻ ശ്രീ രവീന്ദ്രൻ നായരും കുടുംബവും ,സഹൃദയരും സംഘാടകർക്കൊപ്പം അവിടെ സന്നിഹിതരായിരുന്നു. പിന്നീട് ഭാരത് ഭവൻ വേദിയിൽ പി കവിതകളുടെ കാവ്യാഞ്ജലി, പി പുരസ്ക്കാരസമർപ്പണം ,കവിയോർമ്മ,കവിസമ്മേളനം,സാംസ്ക്കാരികസെമിനാർ, പി കവിതകളുടെ ചിത്രപ്രദർശനം, സോപാനസംഗീതം, ഫറൂഖ് അബ്ദുൾ രഹ് മാൻ സംവിധാനം നിർവ്വഹിച്ച “കളിയച്ഛൻ സിനിമ” എന്നിവക്ക് തിരശ്ശീല ഉയർന്നു. പി കവിതകളുടെ കാവ്യാഞ്ജലി പുതിയ കാലത്തെ കുട്ടികളാണു ആലപിച്ചതു. സാംസ്ക്കാരികത അന്യമാകുന്ന ഈ കാലത്ത് കുട്ടികളിലേക്ക് കാവ്യസംസ്ക്കാരം പകർന്നുകൊടുക്കുക എന്നത് വലിയൊരു സാംസ്ക്കാരികദൌത്യമാണു. ആ കടമയാണു കാവ്യാഞ്ജലിയിലൂടെ നിർവ്വഹിക്കപ്പെട്ടതു. ശേഷം നടന്ന ചിത്രപ്രദർശനം കേരള ലളിതകലാ അക്കാദമി വൈസ് ചെയർമാൻ ശ്രീ നേമം പുഷ്പരാജ് ഉല്ഘാടനം ചെയ്തു. ചിത്രകാരികളായ ഗ്രേസി ഫിലിപ്പ്, ബ്രിജി എന്നിവർ കവിയുടെ കവിതകളെ ആസ്പദമക്കി വരച്ച ചിത്രങ്ങളാണു പ്രദർശനത്തിലുണ്ടായിരുന്നത്. കവിയോർമ്മ പുഴയും കടലും പോലെ ഉൾച്ചേർന്നുകിടക്കുന്ന മഹാകവിയുടെ ജീവിതത്തേയും സാഹിത്യത്തേയും അടയാളപ്പെടുത്തുന്നതായിരുന്നു. എം.ചന്ദ്രപ്രകാശ് അദ്ധ്യക്ഷതവഹിച്ച വേദിയിൽ വി രവീന്ദ്രൻ നായർ. പ്രമോദ് പയ്യന്നൂർ ,കെ എ മുരളീധരൻ, മാധവൻ പുറച്ചേരി, പീ.വി. കൃഷ്ണൻ എന്നിവർ കവിയോർമ്മകൾ പങ്കു വെച്ചു. കവിസമ്മേളനത്തിൽ പ്രൊഫസ്സർ അലിയാർ കുഞ്ഞ് അദ്ധ്യക്ഷത വഹിച്ചു. പട്ടാമ്പി കോളേജിൽ 87..88 കാലത്ത് മലയാളം എം എ ക്കു എന്റെ അദ്ധ്യാപകനായിരുന്നു അലിയാർ മാഷ്. 30 വർഷത്തിനു ശേഷമുള്ള ഈ കൂടിക്കാഴ്ച്ചയും മനസ്സിൽ മറ്റൊരു സന്തോഷമായി. മാഷും ആ സന്തോഷം വേദിയിൽ പങ്കുവെച്ചു. കവിയരങ്ങിൽ അമ്പലപ്പുഴ ശിവകുമാർ. ദിവാകരൻ വിഷ്ണുമംഗലം,സുമേഷ് കൃഷ്ണൻ, അനുജാഗണേഷ്, ജയശ്രീ ഇ എസ്, ഹരി നീലഗിരി ,ജി.വിശ്വംഭരൻ നായർ,ഇന്ദിരാബാലൻ എന്നിവർ പങ്കെടുത്തു. സ്വന്തം കവിതകളും ,കവിയെക്കുറിച്ചുള്ള കവിതകളും കവിയരങ്ങിൽ അവതരിപ്പിച്ചു. പിന്നീട് വേദി ഉണർന്നത് “മലയാളഭാഷയും സംസ്ക്കാരവും” എന്ന വിഷയത്തിലുള്ള ഗഹനമായ പണ്ഡിതപ്രാഭാഷണങ്ങൾക്കായിരുന്നു. കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ, ശ്രീ കാർത്തികേയൻ നായർ, മുൻ ഡയറക്ടർ ശ്രീ എം ആർ തമ്പാൻ ,പ്രൊഫസ്സർ ഒലീന എന്നിവർ ഭാഷയുടെ ഉൽഭവവും, വളർച്ചയും ,വഴിപിരിയലുകളും തുടങ്ങി എല്ലാ സാങ്കേതിക ജ്ഞാനങ്ങളേയും ആഴത്തിൽ രേഖപ്പെടുത്തി. അതിനുശേഷം ശ്യാം കുമാർ പന്തളത്തിന്റെ നേതൃത്വത്തിൽ അഖിൽ, യെശ്വന്ത് എന്നിവർ നയിച്ച സോപാനസംഗീതമായിരുന്നു. ജയദേവകവിതയുടെ അർത്ഥതലങ്ങളിലേക്ക് സോപാനസംഗീതത്ത്ന്റെ മാസ്മരികതയിലൂടെ നടന്നേറിയ നിമിഷങ്ങൾ സദസ്സിനെ സംഗീതസാന്ദ്രമാക്കി.7 മണിയോടുകൂടിയായിരുന്നു മലയാളത്തിലെ മഹാപ്രതിഭകൾ അണിനിരന്ന ഉജ്ജ്വലമായ അരങ്ങ്. പൊതുസമ്മേളനവും പുരസ്ക്കാരസമർപ്പണവും.. കെ.എ മുരളീധരൻ ആദ്ധ്യക്ഷം വഹിച്ച ചടങ്ങിൽ പ്രമോദ് പയ്യന്നൂർ സ്വാഗതവും എം ചന്ദ്രപ്രകാശ് ആമുഖപ്രഭാഷണവും നടത്തി. മലയാളത്തിന്റെ പ്രിയപ്പെട്ട കവി ശ്രീകുമാരൻ തമ്പി മഹാകവിയെക്കുറിച്ച് അനുസ്മരണപ്രഭാഷണം നടത്തി. പിയുടെ സ്മരണാർത്ഥം പി ഫൌണ്ടേഷൻ ഏർപ്പെടുത്തിയ “കളിയച്ഛൻ” പുരസ്ക്കാരം ശ്രീകുമാരൻ തമ്പി മലയാളത്തിന്റെ പ്രശസ്ത എഴുത്തുകാരൻ ശ്രീ സി. രാധാകൃഷ്ണനു നല്കി. നിളാകഥാപുരസ്ക്കാരം സിതാരക്കും, താമരത്തോണി കവിതാപുരസ്ക്കാരം അമ്പലപ്പുഴ ശിവകുമാർ, ദിവാകരൻ വിഷ്ണുമംഗലം എന്നിവർക്കും,വൈജ്ഞാനികഗ്രന്ഥത്തിനുള്ള പയസ്വനി പുരസ്ക്കാരം രവീന്ദ്രൻ നായർക്കും, വിവർത്തനത്തിനുള്ള തേജസ്വനി പുരസ്ക്കാരം മൂഞ്ഞിനാട് പത്മകുമാറിനും, നോവലിനുള്ള സമസ്തകേരളം പി. ഓ പുരസ്ക്കാരം യു.കെ കുമാരനും നല്കി. വേദിയിൽ കാനായി കുഞ്ഞിരാമൻ, ജോർജ്ജ് ഓണക്കൂർ,
ശ്രീകുമാരൻ തമ്പി എന്നിവരെ പൊന്നാടയണിയിച്ച് ആദരിച്ചു. ടി ആർ അജയൻ സുധാകരൻ രാമന്തളി. ചന്ദ്രശേഖരൻ തിക്കോടി എന്നിവർ ആശംസാപ്രസംഗം നടത്തി. നന്ദിപ്രസംഗത്തോടെ പൊതുസമ്മേളനത്തിനു വിരാമം കുറിച്ചു.അവസാനയിനമായി മഹാകവിയുടെ ജീവിതത്തേയും കവിതയേയും അടിസ്ഥാനമാക്കി നിർമ്മിച്ച “കളിയച്ഛൻ” സിനിമയുടെ പ്രദർശനത്തോടെ മഹാകവി പി അനുസ്മരണത്തിനു യവനിക വീണു. .മണ്മറഞ്ഞ മഹത് വ്യക്തികൾ ഇവിടെ അടയാളപ്പെടുത്തി കടന്നുപോകുന്നത് ധാർമ്മികമായ വലിയൊരു ഉത്തരവാദിത്വമാണെന്ന് ഓർമ്മിപ്പിച്ച ഈ കാവ്യയാത്ര സത്യത്തിൽ അപൂർവ്വാനുഭവത്തിന്റെ കാല്പ്പാടുകളാണു വ്യക്തിപരമായി എനിക്കു സമ്മാനിച്ചത്. ഒരു ദിവസം മുഴുവൻ നീണ്ടു നിന്ന ഈ കാവ്യതീർത്ഥയാത്രയിൽ ഭാഗഭാക്കാകാനും സാക്ഷിയാകാനും സാധിച്ചത് കുട്ടിക്കാലത്ത് മഹാകവി ശിരസ്സിൽ കൈവെച്ചനുഗ്രഹിച്ച നിമിഷങ്ങളായിരുന്നു എന്ന വിശ്വാസം ഇപ്പോൾ പൂർണ്ണമായും ഊട്ടിയുറപ്പിക്കപ്പെടുന്നതിന്റെ ചാരിതാർത്ഥ്യത്തോടെ ഈ മഹാപ്രതിഭാസംഗമവേദിയുടെ താളുകൾ അടയ്ക്കട്ടെ...!

No comments: