Sunday, June 25, 2017

അച്ഛൻ പറഞ്ഞത്


ഭീതി തൻ പെരുമ്പാമ്പുകൾ
ചുറ്റി വരിഞ്ഞോരു രാവിൽ
മൃതസഞ്ജീവനിയായണയുന്നിതാരേ
മായ്ക്കാത്ത കാലത്തിൻ കളിയച്ഛനോ


ചുട്ടുപൊള്ളുമീ ജീവിത തിക്തമേറെ
കുടിച്ചവശയായൊരീ മകൾക്കിത്തിരി
പ്രാണവായുവിറ്റുവാൻ വന്നതോ താതൻ
ശ്രുതിലയ വിന്യാസങ്ങളില്ലിവിടെ
സ്നേഹക്കൂട്ടിൻ നറും തേനുമില്ല
അവശേഷിപ്പതീ പാഴ് മഞ്ഞേറ്റു
വിറച്ച പാട്ടിന്നപസ്വരങ്ങൾ മാത്രം
ഇരുൾ സർപ്പങ്ങൾ ചീറ്റിനിൽക്കുന്ന
നേരത്തു കേട്ടേൻ ആർദ്രമാമൊരു സ്വരം
പഠിച്ചുവോ മകളെ നീ ജീവിത നിലങ്ങളിൽ
പോരാട്ടത്തിൻ അർത്ഥശാസ്ത്രങ്ങൾ
ഇടറിയോ മറുമൊഴി ചൊല്ലിയോ
കലങ്ങിയോ മിഴിയിണകൾ
വായിക്കാതെപ്പോയോരു
പുസ്തകത്തിൻ താളുകളായിവൾ
മൂകഗംഭീരമാം ഘനനിമിഷങ്ങൾ
മുന്നിലൂടൊരു മിന്നലായ് വീശി
ചേറിക്കൊഴിച്ചു നെല്ലും പതിരും
തമോപൂർണ്ണമീ പാത മാത്രം ബാക്കി
കഴിഞ്ഞു കാലത്തിൻ പാതിയും
കള്ളച്ചൂതുകളെയെറിഞ്ഞു തോൽപ്പിക്കുക
ഭിക്ഷയാണീ ബാക്കിപത്രവും
മകളെ നീയിതു ഊതിത്തെളിച്ചു
മണിവിളക്കാക്കീടേണമെന്ന് ചൊല്ലി
പകലിൻ ശിരോവസ്ത്രമീ പ്രകൃതി
അണിയുന്ന നേരത്തെൻ സ്വപ്ന
രഥ്യ തൻ പടികളിറങ്ങിപ്പോയി
ആകുല മാനസനായച്ഛൻ...!

No comments: