Monday, December 20, 2010

കുന്നിമണികൾ

കുന്നിൻ ശിരസ്സിലുതിർന്നു കിടക്കും
കുന്നിമണികൾ പെറുക്കി ഞാനെത്തവേ
മാരിക്കാറുകൾ ദംശിച്ചോരംബരം കണക്കെ
അഴലിന്റെ കാളിമ പൂണ്ടു നിൽപ്പൂ
നിശ്ച്ചലം നിരാലംബമെൻ ഗേഹം
കെട്ടുപോയ കർപ്പൂരസന്ധ്യ തൻ-
കൽവിളക്കിൽ എണ്ണ വറ്റിപ്പോയോരു
പടുതിരിവെളിച്ചമാടിയുലയവെ
ആഞ്ഞടിച്ചതാ വരുന്നൊരു കൊടുംങ്കാറ്റിൻ
കരാളഹസ്തങ്ങളാ വെളിച്ചത്തേയും പൊലിച്ചീടുവാൻ.....................
ഒരു മൺചിരാതിൻ കനിവുപോലുമില്ലാതെ
കനത്തുകിടക്കും തമസ്സിൻ പടുമൗനത്തിൻ
കരിഞ്ചിറകടർത്തിയെൻ കരളിൽ നിന്നൊരാ-
ർത്തനാദമുയരവെ, പൂമുഖത്തൂണു പോലും
നിർവ്വികാരത പൂണ്ടു നിൽപ്പൂ.
ഇതളടർന്ന കാലത്തിന്നോർമ്മത്തിളക്കങ്ങൾ
പേറി നിൽക്കുന്ന ഉത്തരത്തിലിരുന്നൊരു
ഗൗളി ചിലച്ചതിൻ വാലു മുറിച്ചിട്ടുകിടന്നു പിടയുന്നു
എന്തേ ദുർന്നിമിത്തങ്ങൾ ഇത്ഥമെന്നെൻ
മനമാരായവെ,ഉത്തരം തേടി
ഞാനമ്മ തൻ ചാരത്തേക്കണയവെ

അച്ഛന്റെ ദീനശയ്യക്കരികിലിരിക്കുന്നമ്മ
നെഞ്ചു കലങ്ങി വിതുമ്പുന്നു വിരഹാതുരം
എൻ വിളി കേട്ടുവോ തിരിഞ്ഞൊന്നു നോക്കിയോ
കാണ്മൂ നിറഞ്ഞു വേവുന്ന മിഴിയിണയും മനസ്സും
അച്ഛനില്ലായിനി മക്കളെ ഇഹലോകത്തിൽ
ജീവിതപ്രയാണം കഴിഞ്ഞു തുഴഞ്ഞുപോയ്‌.
ഒരു കൊള്ളിയാൻ മിന്നി കരളിലൊരു
കുടം പേമാരി പെയ്തു ................!
ശതസഹസ്രം ജന്മങ്ങൾക്കു പുനർജ്ജന്മമേകിയ
കളിയരങ്ങിലെ ഉജ്ജ്വലദീപമണഞ്ഞേ പോയി
ദ്രുതനടനമാടിയ പാദങ്ങളാടില്ലിനി കലാശങ്ങൾ
മുദ്രപുഷ്പങ്ങളാൽ പ്രപഞ്ചം വിരിയിച്ച
വിരലുകൾ വിടരില്ലിനി, നവരസഭാവങ്ങളിഴ ചേർന്നു-
തുടിച്ച മിഴിയിണയും തുറക്കില്ലായിനിയൊരിക്കലും
എന്ന സത്യത്തിൻ മുൾമുനയിൽ കോർത്തു വലിച്ചൂ മാനസം..............
തോടിയോ മുഖാരിയോ ഏതു രാഗതന്തുവാണീ-
യരങ്ങിലഴിഞ്ഞു വീഴുവതും?
നോവുകളെല്ലാം മറച്ചുകൊണ്ടാതുരശരീരനായ്‌
ഒരു ദശാബ്ദം പിന്നിട്ടു ദീനശയ്യയിലായ്‌
ലോകമെ നീയറിഞ്ഞില്ലേയീ മഹാനടന-
രങ്ങോഴിഞ്ഞതും കളിക്കോപ്പഴിച്ചുവെച്ചതും
അപ്പോഴതാ ചിതറി വീണെൻ വിഷാദപർവ്വത്തിലേക്കായ്‌
പാവാടഞ്ഞൊറിയിൽ ഞാൻ കാത്തുവെച്ച കുന്നിമണികളെല്ലാം...............................

3 comments:

ജയിംസ് സണ്ണി പാറ്റൂർ said...

എന്നാലായരങ്ങതു ശൂന്യമാകില്ല
ആടേണം കളിയാട്ടമതു നിയോഗം

Kalavallabhan said...

കവിതകളെഴുതുമ്പോഴും കണ്ണില്പെട്ടതൊക്കെയാവും വിഷയമാവുന്നത്, ഇവിടെ സ്വന്തമനുഭവം തന്നെ വിഷയമായി.
ഇവിടെ വായിച്ച എല്ലാ കവിത്കളിലും വാക്കുകളുടെ ഒരു ശക്തി, മൂർശ്ച കാണാനാകുന്നുണ്ട്.
നല്ല കവിതകൾ

SUJITH KAYYUR said...

ee kunni manikalkku muthu manikalude chantamund.