
ഇന്നു രാവിലെ കേട്ട വാർത്ത ശുഭമായിരുന്നില്ല. എന്റെ സഹോദര പുത്രിയുടെ മകൻ അവളെ വിട്ടു പോയിരിക്കുന്നു. ഈറ്റു നോവിന്റെ കടച്ചിലിൽ കാത്തിരുന്നു കിട്ടിയ ഉണ്ണി നഷ്ടപ്പെടുമ്പോഴുണ്ടാകുന്ന വേദന എത്ര വലുതാണ്.ലോകത്തെ ഏറ്റവും വലിയ ദുഃഖം മക്കളെ നഷ്ടപ്പെടുന്ന അമ്മമാരുടേതായിരിക്കും. അവളെ ആശ്വസിപ്പിക്കുവാൻ വാക്കുകളില്ല. അവളുടെ ദുഃഖത്തിൽ പങ്കു ചേരാൻ മാത്രമേ സാധിക്കു. ഈ കവിത ആ അമ്മക്കു വേണ്ടി സമർപ്പിക്കുന്നു
പകൽ വെളിച്ചത്തിലേക്കൊന്നെത്തിനോക്കാതെ
യാത്ര ചൊല്ലിയൊരുണ്ണീ, നീയെൻ ജീവനിലുദിച്ച സൂര്യൻ
പത്തുമാസമൊരേ ഹൃദയത്തുടിപ്പിൻ താളമായ്
എൻ ജീവനിലലിഞ്ഞു ചേർന്ന വാത്സല്യശംഖേ
നിനയ്ക്കാതെയിരിക്കുന്ന നേരത്തല്ലയോ കഷ്ടം
പുക്കിൾക്കൊടിബന്ധമറുത്തടർന്നു പോയതും
വിങ്ങുമെൻ ചിത്തത്തിന്നുത്തരമെങ്ങുനിന്ന്?
നീറി ചുരന്നൊഴുകുന്നു നെഞ്ഞിലെ പുഴയും
എങ്ങോഴുക്കുമുണ്ണീ നിനക്കായ് കാത്തുവെച്ച
വാത്സല്യദുഗ്ദ്ധത്തിൻ കദനനീരാഴിയും?
തപ്തമാനസത്തിലൂർന്നിറങ്ങുന്നു തിരയിളക്കങ്ങൾ
തപിക്കും രശ്മികൾ തൻ ഉഷ്ണപ്രവാഹമുയരുന്നു
കാണാതെ കണ്ടിട്ടുമെൻ കണ്മണീ നിനക്കി-
ത്തിരി നറും പാലിറ്റിക്കാനാകാത്ത പാപി ഞാൻ
അമ്മയല്ലേ ഞാനൊരു വെറും പാവമമ്മ
ഈറ്റുനോവിൻ കടച്ചിലിൽ വേവുന്നൊരമ്മ
എന്നുണ്ണിക്കായ് നെഞ്ഞിലൂറും വാത്സല്യപ്പുഴയുമായ്
കാത്തിരിപ്പൂയിനി മറുജന്മത്തിലേക്കായ്
5 comments:
" പത്തുമാസമൊരേ ഹൃദയത്തുടിപ്പിൻ താളമായ്
എൻ ജീവനിലലിഞ്ഞു ചേർന്ന വാത്സല്യശംഖേ"
കുട്ടി വേര്‍പെട്ട അമ്മയുടെ വേദന മനസ്സിലാക്കാവുന്നതാണ്. എന്നാല്‍ ഈ അമ്മയുടെ വേദന വായനയില്‍ താങ്ങാന്‍ ആവുന്നില്ല. " ജീവനിലലിഞ്ഞു ചേർന്ന വാത്സല്യശംഖേ" ഈ പ്രയോഗം എങ്ങനെ സാധിക്കുന്നു? ഏറ്റവും പ്രിയപ്പെട്ടവരെ ഇനി " വാത്സല്യശംഖേ" എന്ന് വിളിക്കാം.
" തപ്തമാനസത്തിലൂർന്നിറങ്ങുന്നു തിരയിളക്കങ്ങൾ
തപിക്കും രശ്മികൾ തൻ ഉഷ്ണപ്രവാഹമുയരുന്നു"
ചുട്ടുപൊള്ളുന്ന വേദന ചുഴ്നിരങ്ങുകയാണ്. തുളുമ്പുന്ന കല്പനകള്‍ കൊണ്ടും വിരിയുന്ന ബിബ കല്പനകള്കൊണ്ടും കവിത സംബന്നമാകു ന്നതിവിടെയാണ്, ഭേദപ്പെട്ട കവിത.
ഒരു കവിക്ക് ഇത്തരം ദുര്നന്തങ്ങള്‍ ഇപ്പോഴും കിട്ടിക്കൊണ്ടിരിക്കുമോ? കഷ്ടം.
എന്തായാലും ആ നീറുന്ന വയറിന്റെ കടയുന്ന വേദന ഈ കവിതയില്‍ ചുറ്റി പ്പടര്‍ന്നു കിടപ്പുണ്ട്. വാത്സല്യശംഖേ, ഈ പ്രയോഗം എവിടെനിന്ന് വരുന്നു ദൈവമേ?
പത്തുമാസമൊരേ ഹൃദയത്തുടിപ്പിൻ താളമായ്
എൻ ജീവനിലലിഞ്ഞു ചേർന്ന വാത്സല്യശംഖേ
തപ്തമാനസത്തിലൂർന്നിറങ്ങുന്നു തിരയിളക്കങ്ങൾ
തപിക്കും രശ്മികൾ തൻ ഉഷ്ണപ്രവാഹമുയരുന്നു
ഈറ്റുനോവിൻ കടച്ചിലിൽ വേവുന്നൊരമ്മ
എന്നുണ്ണിക്കായ് നെഞ്ഞിലൂറും വാത്സല്യപ്പുഴയുമായ്
നെഞ്ഞിലൂറും വാത്സല്യപ്പുഴയുമായ്, ഈ പ്രയോഗവും ഭാഷയിലെ അനായാസതയും നിയന്ത്രണവും ബിംബങ്ങളുടെ സംരുധ്ഹിയും ഈ വേദനയുടെ നിമിഷങ്ങിലും കവിഞ്ഞു ഒഴുകുന്നു. ഇതിലപ്പുറം ഈ കവിത വായിക്കാന്‍ ആകില്ല, ഇത് യാഥാര്‍ത്ഥ്യം കൂടി അല്ലെ? ഞാന്‍ എന്ത് പറയാന്‍?
aa ammayude vedana nerittu kettum kandum enikku manassilayi...pakshe ee kavitha vayichappol undaya oru vedana enikkappol thonniyirunnillaa..nannayittundu...orammayude hrudayathil ninnum varunna vakkugal...ella makkalum ee oru sneham allenkil valsalyathine kaanathe jeevikyathirikkatte...amma athu thanne alle ellem....
അമ്മയുടെ മാത്രം എന്ന് പറയാനാവില്ല, ആര്‍ദ്ര ഹൃദയമുള്ള വരുടെ വാക്കുകള്‍ കവിതയായി ഒഴുകുന്നു, നല്ല കവിത......
അമ്മയുടെ മാത്രം ഹൃദയ വേദനയല്ല , ആര്‍ദ്ര ഹൃദയമുള്ള എല്ലാവരുടെയും ഹൃദയത്തിന്റെ തുടിപ്പ് മാത്രമാണത്.
നൊമ്പരം ആണിത്, സ്വംതം വേദന പകര്‍ത്താന്‍ കവികല്‍ക്കല്ലാതെ ആര്‍ക്ക് കഴിയും?
കവിത ചെതിയിട്ടുന്ടു ടോ.
Post a Comment