Tuesday, February 8, 2011

ആസ്വാദനം ----മണ്ണിന്റെ ആഴങ്ങളും വിണ്ണിന്റെ ഉയരങ്ങളും തേടിയ കവി

Varamozhi Editor: Text Exported for Print or Save










മണ്ണിന്റേയും മനുഷ്യന്റേയും ജീവശക്തി ആവാഹിച്ചെടുത്ത്‌ സ്വന്തം തൂലികയിലൂടെ മണ്ണിന്റെ ആർദ്ദ്രത നിറഞ്ഞ ആഴങ്ങൾ തേടിയും വിണ്ണിന്റെ ദീപ്തമാം ഉയരങ്ങൾ തേടിയും മലയാളത്തിന്റെ മണവും മനസ്സും നിറഞ്ഞ കാവ്യപ്രപഞ്ചമൊരുക്കിയ മഹാകവിയാണല്ലോ ഓ.എൻ.വി.ജ്ഞാനപീഠപുരസ്ക്കാരം കൊണ്ടും പദ്മവിഭൂഷൺ കൊണ്ടും അദ്ദേഹത്തിന്റെ സർഗ്ഗപ്രപഞ്ചം ഉയരങ്ങൾ താണ്ടിയിരിക്കുന്നു.



ശക്തിയെ ഉപാസിച്ചും സൗമ്യവാദത്തെ ധന്യവാദം ചെയ്തും ജനകീയശൈലികൊണ്ടും ,സംഗീതാത്മകത കൊണ്ടും സമ്പുഷ്ടമായ കാവ്യമണ്ണിൽ മൊഴികളുടെ ആഴങ്ങളിൽ പഴമനസ്സുകൾ കുഴിച്ചിട്ട നിധി തേടി ,വാഴ്‌വിന്റെ കയ്പ്പും മധുരമാക്കുന്ന രസമന്ത്രതന്ത്രമൊരുക്കി , ഒരു പൊരുളിൽ നിന്നു അപരമാം പൊരുൾ തേടി വാക്കിന്റെ കതിർ ജ്വലിപ്പിക്കുന്നതാണ്‌` അദ്ദേഹത്തിന്റെ രചനാപർവ്വം. കവിതയിൽ രണ്ടു കാലങ്ങളുണ്ടെന്നനുമാനിക്കാം. ഒന്ന്‌ നാഴികമണിയിലെ സൂചിപോലെ ചലനാത്മകമാണ്‌`. മറ്റൊന്ന്‌ ചലനരഹിതവും. ആദ്യത്തേത്‌ സാമയികവും രണ്ടാമത്തേത്‌ നിത്യവും. സാമയികമെന്നത്‌ പ്രസ്ഥാനങ്ങളായും പ്രവണതകളായും കവിതയിൽ കലരുന്നു. നിത്യം കവിതയെ കൽപ്പാന്തത്തോളം കൊണ്ടുപോകുന്നു .കവിതയുടെ കാലികതയും നിത്യതയും സാത്മീഭവിക്കുമ്പോഴാണ്‌ ആ രചനകൾ ഉദാത്തമാകുന്നത്‌,

എന്താണ്‌` ഓ.എൻ.വിക്കവിത എന്നതിന്‌ അദ്ദേഹം ഇങ്ങിനെ വെളിപ്പെടുത്തുന്നു. "ഏതു കുഞ്ഞുചെടിക്കും ഒരു വക ഋതുബോധമുണ്ടല്ലോ. പൂക്കുന്നതും കായ്ക്കുന്നതും ഇല കൊഴിഞ്ഞു വിരയ്ക്കുന്നതും വീണ്ടും തളിർക്കുന്നതും സ്വയം നെയ്തുവിടർത്തുന്ന പച്ചപ്പുടവയണിഞ്ഞാഹ്ലാദിക്കുന്നതുമെല്ലാം ചെടിയുടെ മാറി മാറി വരുന്ന ഋതുക്കളോടുള്ള പ്രതികരണമാണല്ലോ. ഈ മണ്ണിൽ വേരോടിനിൽക്കുന്ന ഒരു ചെടിയാണ്‌` തന്റെ കവിതയുമെന്നദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു. അതു മനുഷ്യാവസ്ഥകളാകുന്ന ഋതുക്കളോടു പ്രതികരിക്കുന്നു. മനുഷ്യർ എവിടേയും ഒരു പോലെയാണെന്നും നാട്ടിപുറത്തെ കായൽക്കരകളിൽ ചീയുന്ന തൊണ്ടു പോലെ സ്വയം ചീഞ്ഞ്‌ മറ്റുവരുടെ കയ്യിൽ തങ്കനാരുകളായി മാറുന്ന മനുഷ്യമുഖങ്ങളുടെ സത്യങ്ങളെയാണ്‌` "ആഗ്ര" കോതമ്പുമണികൾ" എന്നീ കവിതകളിലൂടെ അനാവരണം ചെയ്യുന്നത്‌. ഇന്ത്യൻ ജീവിതത്തിന്റെ ദൈന്യതയിലേക്ക്‌ ഈ പ്രമേയങ്ങൾ വിരൽ ചൂണ്ടുന്നു. വ്യത്യസ്ത വസ്തുപ്രതീകങ്ങളിലൂടെ ഒരേ രാജ്യത്തെ , ഒരേ കാലത്തെ "നരജീവിതമായ വേദന" തന്നെയാണ്‌` കവിത കണ്ടെത്തുന്നത്‌. അസുഖകരങ്ങളായ സാമൂഹ്യാവസ്ഥകളെ പറ്റി ചോദ്യങ്ങൾ ചോദിച്ചുകൊണ്ട്‌ മണ്ണട്ടയെപ്പോലെ ചിലരുടെ ഭദ്രസുഷുപ്തിയെ അലോസരപ്പെടുത്താൻ കവിതക്കു കഴിയുന്നുണ്ടേങ്കിൽ അവ സാർത്ഥകങ്ങളാകുന്നു.




മരണത്തെ ധീരമായി സ്വയം വരിച്ച നിശാഗന്ധിയേയും ,ജനിച്ചെന്ന തെറ്റിനു ജീവിക്കുകെന്നേ വിധിക്കപ്പെടുന്ന സാധാരണതയേയും അന്യോന്യം കിടനിർത്തിക്കൊണ്ട്‌ ,നിലനിൽപ്പ്‌ എന്ന അവസ്ഥയുടെ ഭാഗികദർശനം സാക്ഷാൽക്കരിക്കുകയാണ്‌"നിശാഗന്ധി നീയെത്ര ധന്യ" എന്ന കവിതയിലൂടെ. മരണമെന്ന തിക്താനുഭവം കാൽപ്പനികതയുടെ മായാപ്രപഞ്ചത്തിൽ വച്ചു മധുരീകരിക്കപ്പെടുന്നു. ഒപ്പം നിസ്സഹായയ ഒരു പെൺകിടാവിന്റെ ചിത്രവും വ്യംഗ്യമാകുന്നു.

സർവ്വപ്രാണനാശത്തെ മുഖാമുഖം കണ്ടുകൊണ്ടിരിക്കുന്ന മനുഷ്യബോധത്തിന്റെ വിഹ്വലതയും വിലാപവുമാണ്‌ "ഭൂമിക്കൊരു ചരമ ഗീതം" എന്ന കവിതയിൽ വിവക്ഷിക്കുന്നത്‌. ചരമശുശ്രൂഷാഗാനത്തിന്റെ മട്ടിൽ എഴുതപ്പെട്ട പ്രസ്തുതകവിത ജീവജാലങ്ങളുടെ മുഴുവൻ കണ്ണുനീരും ഉള്ളിലൊതുക്കിയിട്ടുണ്ട്‌. പാരിസ്ഥിതികമായ ഒരു യാഥാർത്ഥ്യത്തിന്റെ വാങ്മയചിത്രം.



ലവണമായലിഞ്ഞുചേർന്ന ജീവിതലാവണ്യമാണ്‌ "ഉപ്പ്‌" എന്ന കവിത. മനുഷ്യജീവിതത്തിന്റെ കണ്ണീരുപ്പു കലർന്ന ആസ്വാദ്യതയെയാണ്‌ കവി അഭിവാദനം ചെയ്യുന്നത്‌. ഒരു വലിയ കാവ്യാനുഭവം ഈ കവിത തരുന്നു. കവിതയിലെ വാക്ക്‌ ശബ്ദാർത്ഥതലങ്ങൾക്കതീതമായി സഞ്ചരിക്കുന്നു. കുറച്ചു വരികളിലൂടെ ഒരു വലിയ തത്വത്തിലെക്ക്‌ കൊണ്ടുപോകുന്നു. അപമാനിക്കപ്പെടുന്ന സ്ത്രീത്വത്തിന്റെ നേർച്ചിത്രം പകരുകയാണ്‌` "ബാംസുരി" എന്ന കവിതയിലൂടെ.


ലോകജീവിതത്തുടർച്ചയുടെ സൗന്ദര്യസാരമത്രയും ഒരു ശംഖിനുള്ളിൽ നിറച്ചുവെച്ചതു പോലെ. ആ ശംഖൂതുമ്പോൾ നമുക്കു മുന്നിൽ തുറക്കപ്പെടുന്ന മഹാപ്രപഞ്ചം. രസസാന്ദ്രതയുടെ അഭൗമലാവണ്യം ഇവിടെ പ്രത്യക്ഷമാകുന്നു. സൗന്ദര്യത്തിന്റെ സർഗ്ഗതലത്തേയും ,ആസ്വാദനതലത്തേയും അന്യോന്യം ബന്ധിപ്പിക്കുന്നത്‌ രസമല്ലഅതെ മറ്റൊന്നല്ല.
"പ്ലാവില കോട്ടിയ കുമ്പിളിൽ തുമ്പതൻ-
പൂവുപോലിത്തിരിയുപ്പുതരിയെടു-
ത്താവി പാറുന്ന പൊടിയരിക്കഞ്ഞിയിൽ
തൂവി പതുക്കെപ്പറയുന്നു മുത്തശ്ശി
ഉപ്പു ചേർത്താലെ രുചിയു‍ൂ കഞ്ഞിയിൽ
ഉപ്പുതരി വീണലിഞ്ഞു മറഞ്ഞുപോം
മട്ടിലെന്നുണ്ണീ നിൻ മുത്തശ്സിയും
നിന്ന നിൽപ്പിലൊരുനാൾ മറഞ്ഞ്പോം"


കവിതയുടെ തുടക്കം തന്നെ വായനക്കാരനെ കവിതയിൽ വിലയിപ്പിക്കുന്നതിനോടൊപ്പം ജീവിതത്തിന്റെ ആദിമപ്പൊരുളിലേക്ക്‌ ബോധത്തെ നയിക്കുകയും ജീവിത നശ്വരതയെ വെളിപ്പെടുത്തുകയും ചെയ്യുന്നു. ഇവിടെയാണ്‌` കവി ക്രാന്തദർശിയാകുന്നത്‌. യോഗസ്ഥനായിത്തീർന്ന്‌ ജ്ഞാനം കൊണ്ട്‌ കവി സർവ്വവും അന്തരാ ദർശിക്കുന്നു.

മലയാളിയുടെ നിത്യസാധാരണമായ ജീവിതത്തിൽ നിന്നും സ്വീകൃതമായ "പ്ലാവിലയും, ആവി പാറുന്ന പൊടിയരിക്കഞ്ഞിയും "ചക്രവാളത്തിന്നപ്പുറത്തേക്കു മറഞ്ഞുപോയ കാലസ്മരണകളുടെ ചിറകടിയുയർത്തുന്നു. ആസ്വാദകൻ കവിതയിലെ ഉണ്ണിയായി പകർന്നാടുകയും കൃത്രിമത്വമില്ലാത്ത ഗ്രാമീണതയുടെ സ്വച്ഛശുദ്ധത നമ്മെ പൊതിയുകയും ,രുചിബിംബങ്ങളുടെ പാൽനുര പതഞ്ഞുപൊങ്ങുകയും ചെയ്യുന്നു. അനിർവ്വചനീയമായ ഒരവസ്ഥവിശേഷം ഇവിടെ സംജാതമാകുന്നു.

മുത്തശ്ശിയും കൊച്ചുമകനും അടങ്ങിയ ഈ കവിതയിൽ കഞ്ഞിയിൽക്കലർത്തുന്ന ഉപ്പ്‌ ജീവിതങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്ന രൂപകമായിത്തീരുന്നു.ലാവണ്യത്തിന്റേതുപോലെ സ്നേഹവാത്സല്യങ്ങളുടെയും, ജീവിതത്തിന്റേയും, പ്രപഞ്ചസ്നേഹത്തിന്റെയും പ്രതിനിധാനം കൂടിയാണ്‌` ഉപ്പ്‌ എന്ന ബിംബകൽപ്പന. ആദ്യഭാഗത്തിൽ നിന്നും രണ്ടാം ഭാഗത്തിലേക്ക്‌ പകർന്നു മാറുന്നത്‌ പ്രവചനാതീതമായ അർത്ഥവ്യാപ്തിയിലേക്കാണ്‌."പിന്നെയൊരുനാൾ കടൽ കണ്ടു ഞാൻ
വെറും മണ്ണിൽ കിടന്നുരുളുന്ന , കാണാതായ
തൻ കുഞ്ഞിനെയോർത്തു നെഞ്ഞു ചുരന്ന പാൽ
എങ്ങും നിലയ്ക്കാതൊഴുകിപ്പരന്നതിൽ
മുങ്ങിമരിക്കുന്നൊരമ്മയെക്കണ്ടു ഞാൻ"

നെഞ്ഞു ചുരന്ന പാൽ നിറഞ്ഞൊഴുകി ഒരു കടലായി അതിൽ മുങ്ങിമരിക്കുന്ന ഒരമ്മയുടെ ചിത്രം എത്ര വികാരസാന്ദ്രതയോടെയാണ്‌` കവി ആവിഷ്ക്കരിച്ചിരിക്കുന്നത്‌`. ഇവിടെ സ്നേഹാധിക്യത്തിന്റെ കടലായി ഉപ്പിന്‌ ഭാവപരിണാമ സംഭവിക്കുന്നു. അപ്പോൽ നിയതാർത്ഥകമായ ഒരു രൂപകം എന്ന നിലയിൽ നിന്നു തെന്നി മാറി ,കവിതയുടെ സന്ദിഗ്ദ്ധാർത്ഥകതയുടെ സൗന്ദര്യവും പ്രസരിക്കുന്നു
"ജീവിതത്തെ സഹ്യവും സാധ്യവും ലാവണ്യമയവും അവിച്ഛിന്നവും പ്രേമപൂരിതവുമാക്കുന്നതെന്തോ അതത്രേ കവിതയിലെ ലവണം"

ലവണ മുത്തശ്ശി, കടൽ ,അമ്മ, എന്നീ രൂപഭാവങ്ങളായി പരകായപ്രവേശം നടത്തുന്നു. ഇതിലൂടെ ഉപ്പോളം ചെറുതും കടലോളം വലുതുമായ ഒരു രുചിബോധം വായനക്കാരനുള്ളിൽ സ്ഥാനം പിടിക്കുന്നു. കവിതകളിലെ ആന്തര ഭാവസംഗീതം എടുത്തുപറയേണ്ട സവിശേഷതയാണ്‌. പരിണാമത്തിന്റെ പടവുകൾ പിന്നിടുമ്പോഴും ഓ.എൻ.വിയുടെ കാവ്യപ്രപഞ്ചംഹൃദയംഗമമായ രാഗവിസ്താരത്തിന്റെ പദവിയിലാണിപ്പോഴും. കൽപ്പനകളുടെയും പദജാതങ്ങളുടേയും സംഘർഷങ്ങളല്ല മറിച്ച്‌ സൗഹാർദ്ദമാണ്‌` ഓ.എൻ.വി.ക്കവിതക്കൊപ്പമുത്ത്‌. അതുകൊണ്ടു തന്നെ ആ അനുഭൂതിശ്ര്ംഗത്തിലേക്ക്‌ വായനക്കർ അനായസേന സംവഹിക്കപ്പെടുന്നു. അവിടെ കവികർമ്മവും സഫലമാകുന്നു.

2 comments:

ganga said...
This comment has been removed by the author.
ganga said...

..അറിയാതെ ജനനിയെ പരിണയിച്ചൊരു യവന തരുണന്റെ കഥയെത്ര
പഴകി...
പുതിയ കഥയെഴുതുന്നു വസുധയുടെ മക്കളിവര്‍
വസുധയുടെ വസ്ത്രമുരിയുന്നു..
വിപണികളിലവ വിറ്റു മോന്തുന്നു വിടനഖര
മഴു മുനകള്‍ കേളി തുടരുന്നു
കത്തുന്ന സൂര്യന്റെ കണ്ണുകളില്‍ നിന്നഗ്നി
വര്‍ഷിച്ചു രോഷമുയരുന്നു...........
.............................................
മോദമാം നിറനിലാവൊരു തുള്ളിയെങ്കിലും ചേതനയില്‍
ശേഷിക്കുവോളം ..
നിന്നില്‍ നിന്നുരുവായി
നിന്നില്‍ നിന്നുയിരാര്‍ന്നോരെന്നില്‍
നിന്നോര്‍മകള്‍ മാത്രം...........
.........................................

ഇനിയും മരിക്കാത്ത ഭൂമി നിന്നാസന്ന മൃതിയില്‍
നിനക്കാത്മ ശാന്തി....
{ഭൂമിക്കൊരു ചരമ ഗീതം }

i always feel so great about this poem...what lines!!!!!awesome...

ഉപ്പു....
ഉപ്പു ചേര്‍ത്താലേ രുചിയുല്ലു കഞ്ഞിയില്‍
ഉപ്പുതരി വീണലിഞ്ഞു-
മറഞ്ഞു പോം മട്ടില്‍ എന്നുണ്ണി
നിന്‍ മുത്തശ്ശിയും
നിന്ന നില്‍പ്പില്‍ ഒരു നാള്‍ മറഞ്ഞു പോം
എങ്കിലും നിന്നിലെ ഉപ്പായിരിക്കുമീ
മുത്തശ്ശി എന്നും
എന്നുന്ന്ണിയെ വിട്ടെങ്ങു പോകുവാന്‍....
.........................................
......എന്റെ നാവിന്നുരം വയ്പ്പിച്ചു പണ്ട് ഞാന്‍
പിന്നെയൊരു നാള്‍ കടല്‍ കണ്ടു ഞാന്‍
വെറും മണ്ണില്‍ കിടന്നുരുളുന്ന
കാണാതായ തന്‍ കുഞ്ഞിനെയോര്‍ത്ത്
നെഞ്ച് ചുരന്ന പാല്‍ എങ്ങും നിലയെക്കാതോഴുകി പരന്നു
അതില്‍ മുങ്ങി മറിക്കുന്നൊരു അമ്മയെ കണ്ടു ഞാന്‍ .......

{മരണമില്ലാത്ത കവിതകള്‍}