Friday, June 18, 2021

 പ്രയാണപഥങ്ങൾ   ഇന്ദിരാ ബാലൻ


പൂക്കുന്നിതാ മനസ്സിലായിരം വർണ്ണച്ചിത്രങ്ങൾ
ശലഭങ്ങൾ, പൂക്കൾ ,വീശും മന്ദാനിലൻ
ചിറകു വെക്കുന്നിതാ സർഗ്ഗപഥങ്ങളും
പരവതാനി പട്ടുടുത്ത സ്വപ്നവീഥികൾ
നിർന്നിമേഷയായ് നിൽപ്പൂയിവിടെ
യിങ്ങനെ ദിവാസ്വപ്ന താലവുമേന്തി
 മൂളിപ്പറക്കുന്നു കരിവണ്ടുകളെപ്പോൽ
ചുറ്റും പുതിയ ചിന്തതൻ തേരൊലികൾ
താഴിട്ട ജനാലകൾ തളളിതുറക്കേണം
അതിജീവനത്തിൻ പാതകൾ താണ്ടുവാൻ
ആത്മശക്തി തൻ താക്കോലെടുത്തു
തുറക്കണം പ്രപഞ്ചത്തിൻ സാക്ഷകളും
കാണാമൊരായിരം അനുഭവത്തിന്നറകൾ
ഹർഷം ദൈന്യം കെട്ടുപിണഞ്ഞു കിടപ്പുണ്ടവിടെ
ബാല്യത്തിൻ മഞ്ചാടികൾ , വളക്കിലുക്കങ്ങൾ,
സ്വപ്നത്തിൻ മയിൽപ്പീലിത്തുണ്ടുകൾ
പൂത്ത കൊന്നകൾ ,വിരഹത്തിന്നശോകങ്ങൾ
വിടർന്ന പാരിജാതങ്ങൾ, മുറുക്കിച്ചോപ്പിച്ച തെച്ചികൾ
വരച്ചിടുന്നു ജീവിത നിറഭേദങ്ങളെത്രയോ
പച്ചയും കത്തിയും മിനുക്കും താടിയും കരിയും
വാർന്നു വീഴുന്നു വേഷപ്പകർച്ചകളായ്
വാക്കിൻ  തോടുകൾ പൊട്ടിച്ചക്ഷരങ്ങളായ് 
പിറക്കുന്നിവിടെ പുതിയ   പ്രയാണപഥങ്ങളും !

No comments: