Social Icons

ലേഖനങ്ങൾ

                                            നീലോൽപ്പ്ലങ്ങളെ തേടി

അതെ വർഷങ്ങൾക്കു മുമ്പ് 28ആം വയസ്സിൽ (5.1.2006)നീലോല്പ്പലങ്ങളെ തേടിപ്പോയെന്നു വിശ്വസിക്കാനിഷ്ടപ്പെടുന്ന എന്റെസഹോദരി പുത്രി സ്മിത...അവളുടെ ഓർമ്മകളിടയ്ക്കിടെ വന്ന് എന്നെ മറന്നുവോ ഇന്ദുചേച്ചി എന്നു ചോദിക്കുന്നതുപോലെ,,സ്വപ്നം കണ്ട് ഞെട്ടിയുണറാറുണ്ട്..ഉണർന്നാൽ കുറെ നേരത്തിനു അവളുടെ ഓർമ്മകൾ വളക്കിലുക്കമായും കവിതചൊല്ലലായും മിമിക്രി കാണിക്കലുമായി അവസാനം ജീവിത വേദന പറഞ്ഞ നിമിഷങ്ങളും മനസ്സിനെ മഥിക്കും.കുട്ടിക്കാലം മുതൽ എപ്പോഴും എനിക്കൊപ്പം ഒരു വാലു പോലെ നടന്നിരുന്ന കുട്ടി ഒരു പാടു സംശയങ്ങളുമായി..അവളുടെ പല സംശയങ്ങൾക്കും പലപ്പോഴും മറുപടി കൊടുക്കാനാകില്ലായിരുന്നു. നല്ല മിടുക്കി എല്ലാ കാര്യങ്ങൾക്കും. ആരെന്തു പറഞ്ഞാലും എന്നോടോടി വന്നു പറയുമായിരുന്നു. ഞാൻ പട്ടാമ്പി പഠിക്കുമ്പോൾ കോളേജ് ഡേക്ക് ഒരു ദിവസം അവളെനിക്കൊപ്പം വന്നു..ശരിയല്ലാത്ത കാര്യങ്ങൾക്ക് ഉരുളക്കുപ്പേരി പോലെ മറുപടി കൊടുക്കാൻ മിടുക്കി. പഠിത്തം കഴിഞ്ഞു കുറച്ചുകാലം അവൾ ബാംഗ്ളൂരിൽ എനിക്കൊപ്പമുണ്ടായിരുന്നു.പിന്നീട് വിവാഹിതയായി..കുട്ടികളും ഒക്കെ ആയി കഴിഞ്ഞ കാലം. എപ്പോഴൊ ജീവിതത്തിന്റെ ചാക്രികതയിൽ അവളെയുംകുറേശ്ശെയായിനഷ്ടപ്പെട്ടുക്കൊണ്ടിരുന്നു.സൂര്യതാപങ്ങളിലെരിഞ്ഞ അവളുടെ പകലുകൾ , അമാവാസികളെ കാത്ത ശ്യാമസന്ധ്യകളെപോലെ എപ്പോഴൊക്കെയോ അവളുടെ മനസ്സിന്റെ താളം നഷ്ടപ്പെട്ടു. രാത്രികൾക്ക് പെരുമഴക്കാലത്തിന്റെ ഭീകരത.പട്ടുനൂലിൽ വാർത്തെടുത്ത അവളുടെ സ്വപ്നങ്ങൾ മെല്ലെ മെല്ലെ പൊഴിയുകയായിരുന്നു. പലപ്പോഴും അവളുടെ ഓർമ്മകൾ പടിയിറങ്ങിപ്പോയി പരസ്പരവിരുദ്ധമായി എന്തൊക്കെയോ പറഞ്ഞുകൊണ്ടിരുന്നു. മനസ്സിന്റെ ചില്ലയിൽ കൂടുകെട്ടിയ പേക്കിനാപക്ഷികൾ അവളെ ഭീതിയുടെ മുൾമുനയിൽ നിർത്തി. ഓരോ ദിവസവും യാഥാർത്ഥ്യങ്ങളിൽ നിന്നും അകന്നു മറ്റേതോ ലോകത്തായി.. ഒരു മാലാഖയെപ്പോലെ ഉണ്ടായിരുന്ന കുട്ടി.ഒരു ധനുമാസ സന്ധ്യയിൽ മുറ്റത്തെ കുളത്തിലേക്ക് കയ്യും കാലും മുഖവും കഴുകാനായി പോയി. സമയമേറെയായിട്ടും അവളെ കാണാതിരുന്നപ്പോൾ അവളുടെ അമ്മ (തങ്കചേച്ചി )എല്ലായിടത്തും തിരഞ്ഞു..അവസാനംആകുളത്തിലും...ഭീതിദമായൊരു നിശ്ശബ്ദത അവിടെ തളം കെട്ടിയിരുന്നു. .ആരോടുമൊന്നും പറയാതെ ആ മഹാമൌനത്തിന്റെ പടവിലെ പായലിൽ പാദമിടറി അവളുടെ വളക്കിലുക്കത്തിന്റെ ചിരി അവശേഷിപ്പിച്ച് നീലജലാശയത്തിലെ നീലോൽപ്പലങ്ങളെ തേടി ആഴങ്ങളിലേക്ക്അവൾ പോയിയെന്ന സത്യം അംഗീകരിക്കാനാകാതെ ഉൾക്കിടിലം പൂണ്ട നിമിഷങ്ങൾ....അന്ന് വല്ലാത്ത ഒരു ദിവസമായിരുന്നു..അന്നു രാവിലെയായിരുന്നു കലാമണ്ഡലം ഹൈദരാലി അപകടത്തിൽ അന്ത്യം വരിച്ചത്..ആ വാർത്തയുടെ നടുക്കത്തിലാണു പ്രിയപ്പെട്ട സ്മിതയും യാത്ര പറഞ്ഞെന്ന വാർത്ത.ഞങ്ങളിലേക്ക് വിശ്വസിക്കാനാവാതെ ഒരു പേമഴയായെത്തിയത് . ....ഓർക്കുമ്പോൾ ഇപ്പോഴും ആവേദനഞരമ്പുകളെകോച്ചിവലിക്കുന്നു.ജീവിച്ചിരിക്കുമ്പോൾ നമ്മളാരും ഇതൊന്നും ഓർക്കില്ല. നഷ്ടപ്പെടുമ്പോഴെ വേദനയുടെ ആഴം ബോധ്യപ്പെടു. ഇന്നും സ്മിത എനിക്കു തീരാത്ത ഒരു വേദനയാണു.എന്നെ ഒരുപാടവൾക്ക് ഇഷ്ടായിരുന്നു. ഒരു മുളന്തണ്ടിലെ വ്യഥിതലയനമായി അവളിന്നും ഓർമ്മകളിൽ നിറയുന്നു...ഒപ്പം നിറയുന്ന കണ്ണുകളൂം......

                          പൂക്കാതിരിക്കാനാവതില്ല


പൂക്കാതിരിക്കാനെനിക്കാവതില്ല എന്ന കവി അയ്യപ്പപണിക്കരുടെ കാവ്യവരികളോർക്കുമ്പോൾ ജീവിതം കൂടുതലും എഴുത്തും വായനയുമായി നീങ്ങുമ്പോൾ എഴുതാതിരിക്കാനെനിക്കാവതില്ല എന്ന ഒരവസ്ഥയിലേക്കെത്തിപ്പെടുന്നതുപോലെ...ജീവിതത്തിൽ പല ഉന്മാദാവസ്ഥകളും ഉണ്ടു. മറ്റുള്ളവരെ നോക്കി അവൾക്ക്/അവനു ഭ്രാന്താണെന്നു പറയുമ്പ്പോൾ സ്വയം ഉള്ളിലേക്ക് നോക്കുന്നതും നല്ലതു തന്നെ. അങ്ങിനെ പറയുന്നവരിലും ഭ്രാന്തിന്റെ അംശങ്ങൾ കാണാം. ബോധം നഷ്ടപ്പെട്ട ഭീകരമായ ഒരു ഭ്രാന്താവസ്ഥയല്ലാതെ എല്ലാവരിലും ഭ്രാന്തിന്റെ പല അംശങ്ങൾ പതിയിരിക്കുന്നുണ്ടെന്നത് ഒരു വാസ്തവമാണു. സർഗ്ഗാത്മകതയുള്ളവരിൽ ഉന്മാദത്തിന്റെ അനുപാതം കൂടിയിരിക്കും.ഉള്ളിലുള്ള വിഷയങ്ങൾക്കനുസരിച്ച് ഏറ്റക്കുറച്ചിലുകളും സംഭവിക്കാം.സർഗ്ഗാത്മകതയിൽ മനസ്സ് അഭിരമിക്കുമ്പോൾ  ബാഹ്യലോകങ്ങളൊ വിശ്വാസസംഹിതകളൊ പ്രത്യയശാസ്ത്രങ്ങളൊ ഒന്നും ഉൾക്കൊണ്ടെന്നു വരില്ല. ഘടകവിരുദ്ധമായ എതിർദിശകളിലേക്ക് മനസ്സ് സഞ്ചരിച്ചെന്നു വരാം. സ്ത്രീകളിൽ പലരിലും ഇത് പലതരത്തിലും അനുഭവപ്പെടാം എന്ന് മനഃശാസ്ത്രപഠനങ്ങൾ നിരീക്ഷിക്കുന്നു. വെറും വീട്ടമ്മയായ ഒരു സ്ത്രീക്ക് അവളുടെ ഉള്ളിലുള്ള വിഹ്വലതകളെ താൻ ചെയ്യുന്ന വീട്ടുജോലികളിലൂടെ പുറത്തേക്കൊഴുക്കുന്നു. ഒരെഴുത്തുകാരിയെ സംബന്ധിച്ച് അവളുടെ രചനകളിലൂടെ അതു വെളിപ്പെടുത്തുന്നു.സ്ത്രീയുടെ ഭ്രാന്തിനെ പലപ്പോഴും അവളുടെ വൈകാരികതലങ്ങളിലെ വിഭ്രമാത്മകതയുടെ വേലിയേറ്റവുമായി ബന്ധപ്പെടുത്തി കാണാം.ഒരു സ്ത്രീ ഒറ്റപ്പെടുമ്പോൾ അവൾ സ്വയം ഒരു സാങ്കല്പ്പികസ്ത്രീയായി ബോധമനസ്സ് കാണുകയും അവളോട് തന്നെ അപരയോടെന്നതുപോലെ സംസാരിക്കുകയും ചെയ്യുന്നു. ഇതിനെ മനോരോഗമായി സമൂഹം കാണുന്നു.1892 ൽ അമേരിക്കൻ കഥാകാരിയായ ഷാർലറ്റ് പെർക്കിൻസ് ഗിൽമാനെഴുതിയ “യെല്ലോ വോൾ പേപ്പർ” എന്ന കഥ ഈ അഭിപ്രായത്തെ സാധൂകരിക്കുന്നതാണു. എഴുതാനും വായിക്കാനും ഇഷ്ടമായ അതിലെ സ്ത്രീകഥാപാത്രത്തിനു അതിനുള്ള സ്വാതന്ത്ര്യം വിലക്കുകയും അവളെ പൂട്ടിയിടുകയും ചെയ്യുന്നതിലൂടെ അവൾ മനോരോഗിയെന്നഅവസ്ഥയിലേക്കെത്തപ്പെടുകയും,പഴകി മഞ്ഞച്ച ഒരു ചുമർകടലാസിൽ ഒരു രൂപം തെളിയുന്നതായി കാണുകയും ,ആ രൂപം പിന്നീട് ജയിലലടക്കപ്പെട്ട ഒരു സ്ത്രീയായി ആ കഥാപാത്രത്തിനു അനുഭവപ്പെടുകയും ചെയ്യുന്നു. പിന്നീടവർ ആ രൂപവുമായി സംവദിക്കാനും തുടങ്ങുന്നു. അവനവനോട് തന്നെ സംസാരിക്കാൻ തുടങ്ങുന്നതിലൂടെ ഉന്മാദം മൂർദ്ധന്യത്തിലെത്തുന്നു. ഏകാന്തതയിൽ ഒറ്റപ്പെടുമ്പോൾ ഒരു പക്ഷെ മനസ്സ് തീവ്രമായ ഒരവസ്ഥയിലെത്തിപ്പെടാം. അസ്വാഭാവികതയോടെയാണു.സമൂഹം ഈയവസ്ഥയെ വീക്ഷിക്കുക.പിന്നീട് ആസ്ത്രീ ചുമർ പൊളിച്ച് പുറത്തുവരികയും നിലത്തിഴയുന്നതായും അനുഭവപ്പെടുന്നു. ഇതു മനസ്സിന്റെ പരകായങ്ങളാണു.ആ സ്ത്രീയല്ല ഇവിടെ കഥാനായിക തന്നെയാണു നിലത്തിഴയുന്നത്.
മലയാളത്തിലെ നിരവധി എഴുത്തുകാരികൾ ഇത്തരം സ്ത്രീയുടെ അബോധപരമായ സമീപനങ്ങളെയും സ്വപ്നങ്ങളെയും ആധാരമാക്കി രചനകൾ നിർവ്വഹിച്ചിട്ടുണ്ട്. അതിലൊന്നാണു സാറാജോസഫിന്റെ :“ഓരോ എഴുത്തുകാരിയുടെ ഉള്ളിലും എന്നത്”.സ്ത്രീക്കന്യമായ വിപുലമായ ലോകത്തിൽ പുരുഷനു അനുവദിക്കപ്പെടുന്നതുപോലെ അതിലെ സ്ത്രീ കഥാപാത്രം ആശയസംവാദങ്ങൾ നടത്തുവാൻ ആഗ്രഹിക്കുന്നു. എന്നാൽ കുടുംബം എന്ന മതിൽക്കെട്ടും സദാചാരസംഹിതകളും അവളെ അതിനു സമ്മതിക്കുന്നില്ല.അതിൽ നിന്നെല്ലാം പുറത്തു കടന്നു സാഹിത്യത്തിന്റെ ആശയസമൃദ്ധിയിലെക്കെത്താൻ അവൾ തിരഞെടുക്കുന്ന വഴിയാണു മേബിൾ അമ്മായിയുടെ വീട്.ഇവിടെ സ്വയം നിലപാടുകളെടുക്കുന്ന ഒരു സ്ത്രീയെ അഭിദർശിക്കാം.അതുകൊണ്ട് തന്നെ ജയദേവനെന്ന സുഹൃത്തുമായി അവൾ ആശയസംവാദങ്ങൾ നടത്തുന്നു. അവളുടെ രീതികളും ഇടപെടലുകളും കാണുന്ന ഭർത്താവായ പുരുഷോത്തമനനുഭവപ്പെടുന്നത് അവൾക്കു ഭ്രാന്തായാണു. സമൂഹം കല്പ്പിച്ച അതിർവരമ്പുകൾ സ്ത്രീ താണ്ടുമ്പോൾ അവളെ അഹങ്കാരിയോ നിഷേധിയൊ ഭ്രാന്തിയൊ ഒക്കെയായി മുദ്ര കുത്തുന്നതും സ്വാഭാവികം. ഇതിലെ രണ്ടു കഥകളും വ്യത്യ്സ്ത ബിംബങ്ങളിലൂടെ ആഖ്യാനം ചെയ്യാൻ ശ്രമിക്കുന്നത് ഒരേ വസ്തുത തന്നെയാണു. മേബിൾ അമ്മായി അവളുടെ സ്വപ്നമാണു.സ്വപ്നത്തെ യാഥാർത്ഥ്യവല്ക്കരിക്കുകയാണു കഥാകൃത്ത് ചെയ്യുന്നത്.ഒടുവിൽസ്വാതന്ത്ര്യത്തിന്റെ വാതിൽ കൊട്ടിയടക്കുമ്പോൾ അവൾ കൈവീശി ഇറങ്ങി നടക്കുന്നു. കൈ വീശുക സ്വന്തം ഇച്ഛയിൽ നടക്കുക എന്ന ധ്വന്യാത്മകത സൃഷ്ടിക്കുന്നു.“എന്റെ കൈകൾ ദിക്കുകളെ തൊട്ട് മടങ്ങി വന്നു,ചിറകുള്ള കാറ്റ് എന്റെ മുടിയിഴകളെയും വസ്ത്രത്തലപ്പുകളെയും ഇളക്കിവിട്ടു.എന്റെ മുടിയഴിഞ്ഞുവന്ന് ആകാശം മുട്ടുകയും എന്റെ പാവാട വട്ടം ചുഴറ്റി ഭൂമിയെ പൊതിയുകയും ചെയ്തു എന്ന വ്യാഖ്യാനത്തിലേക്ക് കഥാകാരിയെത്തുന്നത് സ്ത്രീയുടെ സർവ്വതന്ത്രസ്വാതന്ത്ര്യത്തിലേക്കാണു. ഇതേ ഭാവത്തിന്റെ അനുരണനങ്ങൾ തന്നെയാണു " മുടിത്തെയ്യമുറയുന്നു "എന്ന സാറടീച്ചറുടെ മറ്റൊരു കഥയിലും.“കുളി കഴിഞ്ഞ് മുടി വിടുർത്തിയിട്ട് മുടി കോതി...മുടി കോതി... മുറ്റത്തു നില്ക്കാൻ ഇഷ്ടപ്പെടുന്ന ലളിതയെന്ന കഥാപാത്രം സ്വാതന്ത്ര്യം കൊതിക്കുന്ന സ്ത്രീമനസ്സിന്റെ വാങ്മയചിത്രമാണു. വീട്ടിലുള്ള എല്ലാവരും അവളോട് മുടി കെട്ടിവെക്കാൻ പറയുന്നു. അധികാരത്തിന്റെ ശാസനകൾ അവളെ ചീകി ചീകി ഞരമ്പുകളെ
കൂടി ചീകിവലിച്ചെടുത്ത് കഴുത്തിന്റെ പിന്നിൽ മുറുക്കി മുറുക്കി പിന്നിയിടുന്നതായ അനുഭവത്തിന്റെ അവസ്ഥാന്തരങ്ങൾ കഥാകൃത്ത് കോറിയിടുന്നു. ലളിതയുടെ വിചാരതലങ്ങളിലൂടെ പ്രതിരോധങ്ങൾ ബിംബവല്ക്കരിക്കുന്നത് ശ്രദ്ധിക്കാം അഥവാ മുടി പിന്നിയിട്ടാലും അത് പാമ്പു പോലെ പുറത്തിഴയുകയും അവളുടെ പുറത്ത് പത്തി
നീർത്തി നക്കുകയും തോളത്തൂടെ
ഇഴഞ്ഞ് കൊത്തുകയും ചെയ്യാറുണ്ടെന്നു..ഇതു അബോധമനസ്സിന്റെ പ്രതിരോധത്തിന്റെ പ്രതീകസൂചകങ്ങളാണു. അവസാനം മന്ത്രവാദിയെക്കൊണ്ടുവന്ന് അവളുടെ മുടിയഴിച്ചിടലിനെ അവസാനിപ്പിക്കാൻ ശ്രമിക്കുന്നത് നിഷേധിക്കപ്പെടുന്ന സ്ത്രീസ്വാതന്ത്ര്യത്തിന്റെ ചിഹ്നങ്ങളാണു.എന്നാൽ അവസാനം അവൾക്കെതിരേയുള്ള വിരുദ്ധനിലപാടുകൾക്കെതിരെ ലളിതയെന്ന കഥാപാത്രത്തിൽ നിന്നും ദുർഗ്ഗയായി പരിണമിക്കുന്നു.സ്ത്രീയുടെ രണ്ടു ഭാവങ്ങളാണിവിടെ പ്രത്യക്ഷമാകുന്നത്.സാത്വികതയിൽ നിന്ന് സമൂഹമാണു അവളെ ആസുരതയിലേക്കെത്തിക്കുന്നത് ..വേണ്ടി വന്നാൽ ഒരു സ്ത്രീ അസ്വാതന്ത്ര്യത്തിന്റെ ജയിലറകൾക്കുള്ളിൽ നിന്നും സ്വാതന്ത്ര്യത്തിലേക്കോ മരണത്തിലേക്കോ നടന്നടുക്കാൻ ധൈര്യമുള്ളവളാണു എന്ന പ്രഖ്യാപനമാണു പരോക്ഷമായി കഥാകൃത്ത് അനാവരണം ചെയ്യുന്നത്...ത്രിശൂലം നീർത്തി കണ്ണിലുധിരം പൊട്ടി, കുരുതി തട്ടിയെറിഞ്ഞ് ,ചിലമ്പെറിഞ്ഞുടച്ച് ,മുല പറിച്ചെറിഞ്ഞ് മുടി വീശിയാടി കാവിറങ്ങിയോടുന്ന ലളിത പ്രതികാരദുർഗ്ഗയായ കണ്ണകിയായി പരിണമിക്കുമ്പോൾ ചുറ്റമ്പലത്തിൽ മഹാദേവിയുടെ കരിങ്കൽ മുലകൾ പോലും ചുരന്ന്
ഓളം വെട്ടുന്ന കുരുതിയിലേക്ക് മുലപ്പാലിറ്റ് വീഴ്ത്തി പ്രകൃതി തന്നെ സമൂഹത്തിന്റെ കാപട്യങ്ങളോട് പടവെട്ടുന്നു.സ്ത്രീ പ്രകൃതി തന്നെയാണു. അരികുവല്ക്കരിക്കപ്പെടുത്തുമ്പോൾ അവളുടെ അബോധപരമായ സമീപനങ്ങളിൽ പോലും പ്രതിരോധത്തിന്റെ വാളുകൾ ഉറയൂരുന്നു .ഇതൊരു പക്ഷേ ഉന്മാദമായി കാണാൻ മാത്രമെ സമൂഹത്തിനാവുകയുള്ളു. അതിനെ ഭ്രാന്തായും മുദ്ര കുത്തി അവളെ വീട്ടകങ്ങളിലേക്ക് തന്നെ എത്തിക്കാൻ സമൂഹം തിടുക്കം കൊള്ളുന്നു.യുക്തികൾക്കതീതമായാണു ഭ്രാന്ത് ലോകത്തേയും ജീവിതത്തേയും അനുഭവിക്കുക.രോഗത്തിന്റെ ഭാഷയിലേക്കത് ജീവിതത്തെ മാറ്റിയെഴുതുന്നു.അധികമായ സംവേദനത്വവും വിഷാദതല്പ്പരതയും ആണു ഇത്തരം മനോഭാവങ്ങളിലേക്ക് സ്ത്രീകളെ തള്ളിവിടുന്നതും വൈകാരികാസ്ഥിരതയുടെ മൂർച്ഛകളിലേക്കെത്തിക്കുന്നതും. 
ഇത്തരമൊരു സാമൂഹികചുറ്റുപാടിൽ അവൾക്കും പൂക്കാതിരിക്കാനാവതില്ല........'


  പിയുടെ കളിയച്ഛൻ എന്ന കവിതയിലെ മാനങ്ങൾ


മലയാള സാഹിത്യം പഠിക്കുമ്പോൾ മഹാകവി പി യുടെ കവിതകളും പഠിച്ചിരുന്നെങ്കിലും ജീവിതത്തിൽ വന്നു ചേരുന്ന ചില നിയോഗങ്ങളാൽ വീണ്ടും പിയുടെ കവിതകളുമായി നിരന്തരം സമ്പർക്കം പുലർത്താൻ കാരണങ്ങളുണ്ടായി.അപ്പോഴാണു ആ കവിതകളുടെ സവിശേഷത ഏറേയും ബോധ്യപ്പെടുന്നത്.ഓരോ കവിതകളുടെയും ഇഴ വിടർത്തുമ്പോൾ തെളിയുന്ന അർത്ഥതലങ്ങൾ. സഹ്യപർവ്വതത്തിന്റെ ഉയരവും അറബിക്കടലിന്റെ ആഴവും .....
. കേരളത്തിന്റെ സാംസ്ക്കാരികപൈതൃകത്തിന്റെ വാങ്മയചിത്രങ്ങളോടൊപ്പം ദേശാതിർത്തികളും ഉല്ലംഖിച്ച് കവിതയുടെ മാനങ്ങൾ നിറയുന്നു. ഇന്ന് ഏറ്റവുമധികം വെല്ലുവിളികൾ നേരിടുന്ന പാരിസ്ഥിതികപ്രശ്നങ്ങൾ അന്നു തന്നെ കവി വിഷയമാക്കിയിരുന്നു. ഋഷിതുല്യരായ കവികൾ ദീർഘദർശനം ഉള്ളവരായിരിക്കുമല്ലൊ. .അതുപോലെ അധിനിവേശപ്രത്യയ ശാസ്ത്രങ്ങളോടുള്ള രോഷം, സ്ത്രീവാദചിന്ത, നിലവിലുള്ള അസമത്വങ്ങളോടുള്ള പ്രതിരോധം എന്നുവേണ്ട കവിതക്കു വിഷയമാക്കാത്ത വിഭവങ്ങളില്ല.ഇന്നു കാവ്യരചനയുടെ ഭൂപടം തിരുത്തിയെഴുതിക്കഴിഞ്ഞെങ്കിലും കവിതയുടെ വസന്തങ്ങൾ തീർത്ത കവിത്രയങ്ങളും ശേഷം വന്ന ഇടപ്പള്ളി,ചങ്ങമ്പുഴ,ജി,ശങ്കരക്കുറുപ്പ്,ബാലാമണിയമ്മ, പി കുഞ്ഞിരാമൻ നായർ,വൈലോപ്പിള്ളി,ഇടശ്ശേരി,വെണ്ണിക്കുളം തുടങ്ങി അയ്യപ്പപ്പണിക്കർ,ഓ എൻ വി കുറുപ്പ് ,സുഗതകുമാരി തുടങ്ങി നിരവധി കവികൾ തീർത്ത കാവ്യഭൂമിക മലയാളസാഹിത്യത്തിൽ ഹരിതാഭ പരത്തി തന്നെ നില്ക്കുന്നു. വർണ്ണിക്കുകയും ശബ്ദിക്കുകയും ചെയ്യുന്നവനാണു കവി. എഴുതുന്നതെല്ലാം സമൂഹത്തിൽ ചലനങ്ങൾ സൃഷ്ടിച്ചുകൊള്ളണം എന്ന നിർബന്ധമൊന്നും അവകാശപ്പെടാനാവില്ല. പക്ഷേ നല്ല രചനകൾ ഭദ്രസുഷുപ്തികളെ തകർക്കുക തന്നെ ചെയ്യും. ഏതുകാലത്തെഴുതിയാലും കവിത ശക്തിയുള്ളതാണെങ്കിൽ അതു വർത്തമാനകാലത്തും പ്രസക്തിയാർന്നതായിരിക്കും. കവിതാവഴികളുടെ അന്വേഷണ ചാലുകൾ അടയുന്നില്ല. ഇങ്ങിനെയുള്ള അവസരത്തിലാണു പിയുടെ “കളിയച്ഛൻ” എന്ന കവിത വീണ്ടും വീണ്ടും വായിക്കാനിടയായതു. അതിലെ കഥാപാത്രമായ ശിഷ്യൻ ഏതോ കഥകളി കലാകാരനായിരുന്നു എന്ന ധാരണ തീർത്തും അസ്ഥാനത്തായതും ..കളിയച്ഛനിലെ ഗുരു പ്രപഞ്ചവിധാതാവിലേക്കെത്തുന്നു. പാപം/പുണ്യം ഈ ദ്വന്ദ്വത്തെക്കുറിച്ചുള്ള സംഘർഷം പി എന്നും അനുഭവിച്ചിരുന്നുവെന്ന് അദ്ദേഹത്തിന്റെ കവിതകളിൽ നിന്നും ആത്മകഥയിൽ നിന്നും മനസ്സിലാക്കാം.മറ്റൊരു കവികളിലും കാണാത്ത പാപബോധത്തിന്റെ വേടുകൾ കവിതകളിൽ ആഴ്ന്നിറങ്ങിയിരുന്നത് കാണാം.നിരന്തരമായി മഥിച്ചിരുന്ന അന്തഃസംഘർഷങ്ങൾ നിറഞ്ഞതായിരുന്നു ആ കവിമനസ്സ്. ആത്മനൊമ്പരങ്ങളുടെ ചിതയാണു കളിയച്ഛൻ എന്നു വിവക്ഷിക്കുമ്പോഴും ആത്മവ്യഥകൾക്കപ്പുറം അതു സമൂഹത്തിലെ മനുഷ്യനെന്ന ബഹുസ്വരതയിലേക്കെത്തുന്നു.ഗുരുനാഥന്റെ അഥവാ കളിയച്ഛന്റെ അനുഗരഹാശ്ശിസ്സുകളോടേ അരുമശിഷ്യന്റെ അരങ്ങേറ്റം നടക്കുന്നു. അരങ്ങേറ്റം അവാച്യമായ അനുഭവമായതോടെ ശിഷ്യനായ നടനു അഹന്തയേറുന്നു.ഇവിടെ കളിയച്ഛനെ ജഗല്പിതാവായും നടനെ കേവലമൊരു മനുഷ്യനായും വായിച്ചെടുക്കാം.ഒന്നാമനാകണമെന്ന സ്വാർത്ഥമോഹത്താൽ വിനയം നഷ്ടമാകുന്നു. താൻ കെട്ടേണ്ട വേഷം നിശ്ചയിക്കാൻ തനിക്ക് പൂർണ്ണാധികാരമുണ്ടെന്ന ധാർഷ്ട്യത്തിന്റെ നെല്ലിപ്പലകയിൽ ശിഷ്യൻ നില്ക്കുന്നു. അഹങ്കാരവും,സ്വയം വലിയവനെന്ന മിഥ്യാഭിമാനവും ഉള്ള മനുഷ്യർ സകലതിനേയും ധിക്കരിക്കുന്നു. അപ്പോൾ എല്ലാറ്റിനുമുപരി അവനവൻ തന്നെയാണു വലിയവനെന്ന ധാരണയിൽ തെറ്റുകളിലേക്ക് കൂപ്പുകുത്തുന്ന നിരവധി പേർ നമുക്കു ചുറ്റുമുണ്ട്.അവിടെ മനുഷ്യന്റെ ദുരന്തം ആരംഭിക്കുന്നു. കിരീടം ചെരിയുകയും ചുട്ടി അടരുകയും മുദ്രകൾ പിഴക്കുകയും താളം തെറ്റുകയും ചെയ്യുന്നതിലൂടെ ജീവിതത്തിന്റെ സന്തുലിതാവസ്ഥ നഷ്ടപ്പെടുന്നു. പിന്നീട് പാപബോധം വേട്ടയാടുകയായി. എല്ലാവരിൽ നിന്നുമകന്ന് ഒറ്റപ്പെടുന്ന അവസ്ഥയിലേക്കെത്തുന്നു. മാപ്പർഹിക്കാത്ത ഗുരുനിന്ദ/പിതൃനിന്ദ ഈശ്വ്വരനിന്ദയുടെ ഫലമായി വർദ്ധിച്ച ദുഃഖത്തിന്റെ കൊടുമുടിയും പേറി അലഞ്ഞുതിരിയേണ്ടിവരുന്ന കവിമനസ്സിനെ സാമാന്യവും വിശേഷവും ഇഴ പിരിച്ചെടുക്കാൻ കഴിയാത്ത വിധം പി. കളിയച്ഛനിൽ ആവിഷ്ക്കരിച്ചിരിക്കുന്നു.തകർച്ചയുടേ അഗാധഗർത്തത്തിൽ നിന്നും ഉൾവിളിയുണ്ടാകുന്നു...ഉന്മത്ത ഗൌരവം കളഞ്ഞ് സർവ്വാപരാധവും പൊറുക്കണമെന്ന്. ശിഷ്യൻ കളിയച്ഛൻ അഥവാ ആദിപിതാവിനു മുമ്പിൽ സാഷ്ടാംഗം വീഴുന്നു. വീരവും,ബീഭൽസവും,കരുണവും, അവസാനം ശാന്തവും കലർന്ന സമസ്താപരാധ ക്ഷമാപണം ഏതൊരു ഹൃദയത്തേയും മഥിക്കാതിരിക്കില്ല. രസങ്ങളൊക്കെ തന്നെ മനുഷ്യമനസ്സിന്റെ ചിന്താമണ്ഡലങ്ങളെയും പ്രവൃത്തികളേയും പരിണാമവിധേയമാക്കുന്നു. ധാർഷ്ട്യത്തിൽ നില്ക്കുമ്പോൾ സകലതും തന്റെ കാല്ക്കിഴിലാണെന്ന ബോധത്താൽ അപരാധങ്ങൾ ചെയ്തുകൂട്ടുന്നു. തനിക്കു വഴികാട്ടിയായി മാർഗ്ഗനിർദ്ദേശം നല്കിയവർക്കു നേരെ പോലും അഹങ്കാരത്തിന്റെ മുഷ്ടികൾ ഉയരുന്നു. ഒരു നിമിഷത്തിന്റെ ഗതിയിൽ സംഭവങ്ങൾക്കു തീർത്തും മറ്റൊരു വഴിത്തിരിവുണ്ടാകുന്നു. ആത്മവിശകലനത്തിനു തയ്യാറാകുമ്പോൾ മാത്രമെ അവനവനിലെ തെറ്റുകൾ മനസ്സിലാകു. ഉൾമനസ്സ് അന്ധത വരിക്കുമ്പോൾ ഈ ലോകം തന്നെ അന്ധകാരമയമാകുന്നു. ഒരിത്തിരി വെളിച്ചത്തിനു വേണ്ടി മനസ്സുകൾ കേഴുന്നു. ആത്മപീഡനത്തിന്റെ പടവുകൾ കയറിക്കയറി അവസാനം തിരിച്ചറിവിന്റേതായ ഒരു തലത്തിലേക്ക് എത്തുന്നിടത്ത് കളിയച്ഛനു തിരശ്ശീല വീഴുന്നു.ബോധമനസ്സും അബോധമനസ്സും തമ്മിലുള്ള അപരിമേയമായ പ്രതിക്രിയയുടെ പരിണതഫലമാണു കളിയച്ഛൻ എന്ന കവിത. ദുഃഖത്തിന്റെ ഘോരാവസ്ഥയിലും അകലെയൊരു മലമുകളിൽ ആർദ്രമന്ദസ്മിതം കാണുവാൻ കവിക്കു കഴിയുന്നുണ്ട്, അതാണു പ്രതീക്ഷയുടെ തിരിവെളിച്ചം. പീലിമുടിവനമാലകൾക്കപ്പുറത്ത് പ്രീതിപ്പൊലിമ തൻ പൊൻ തിടമ്പാകുന്ന ജ്യോതിസ്വരൂപനെ കവി കാണുന്നു.ഇവിടെ ഭക്തിയെന്നത് കേവലമല്ലെന്ന് നിരീക്ഷിക്കേണ്ടിയിരിക്കുന്നു. ഭൗതിക ജീവിതത്തെ ധന്യമാക്കാനുള്ള ആത്മീയതയാണു കവിതയിലൂടെ കൈവരിക്കുന്നത്.ജീവിതം തെറ്റുകളുടെ കൂമ്പാരമാവുകയും വീണ്ടും വീണ്ടും പശ്ചാത്താപം ഏറ്റുവാങ്ങുകയും ചെയ്യുന്ന ഒരു കവിമനസ്സിനേയും കാണാം. ഇതിലെ ശിഷ്യൻ സമൂഹത്തിലെ ഓരോ മനുഷ്യർ കൂടിയാണെന്ന ബോധം ആന്തരികധാരയായി വർത്തിക്കുന്നു.ഓരോരുത്തർക്കും കെട്ടിയാടാനുള്ള വേഷം പ്രപഞ്ചശക്തി നല്കിയിട്ടുണ്ട് അത് ആത്മാർത്ഥതയോടേയും ധർമ്മബോധത്തോടേയും നിർവ്വഹിക്കുകയെന്ന അർത്ഥതലങ്ങളിലേക്കു കളിയച്ഛൻ എത്തിനില്ക്കുമ്പോൾ അന്തരശ്രുതി നഷ്ടപ്പെട്ട ചേങ്ങിലതാളം പോലെ ഈ കാവ്യം ഹൃദയധമനികളിലൊഴുകുന്നു.

            ശൈവതാളത്തിന്റെ കടുന്തുടി നാദം ...

ലോകകഥകളുടെ അടയാളങ്ങൾ ഉൾക്കൊള്ളുമ്പോഴും കേരളീയമെന്ന് വിശേഷിപ്പിക്കാവുന്ന എഴുത്തിന്റെ ഇടങ്ങൾ ഉത്തരാധുനിക കാലത്തെ കഥകളുടെ നീക്കിയിരിപ്പുകളാണു.കാഴ്ച്ചയുടെയും എഴുത്തിന്റേയും വഴിയിൽ അന്യമാക്കപ്പെടുന്ന അനുഭവങ്ങളാണു ഉത്തരാധുനികതയിലേറേയും. സ്വത്വാന്വേഷികളുടെ കലാപത്തിൽ നിന്നും മലയാള കഥ വീണ്ടും ജീവിതയാഥാർത്ഥ്യങ്ങളിലേക്കെത്തുകയാണിവിടെ. ദൈനംദിനജീവിതങ്ങളെ കഥയിലേക്കാവാഹിച്ച് സ്വപ്നങ്ങളിലൂടെയും ഭ്രമാത്മകതയിലൂടെയും പുതിയ പുതിയ കഥകളുടെ വഴിത്താരകൾ തെളിയുന്നു. ആഖ്യാനങ്ങളിൽ തന്നെ നിരവധി കഥകളുടെ ചുരുളുകളഴിയുന്നു.
ഡി സി ബുക്സ് പ്രസിദ്ധീകരിച്ച കഥാകൃത്ത് എം.ചന്ദ്രപ്രകാശിന്റെ “പുഴ മൽസ്യത്തിൽ ഒഴുകുമ്പോൾ”എന്നകഥാസമാഹാരത്തിൽ നിരവധിജീവിതങ്ങളുടെ സംഘർഷങ്ങളും വിഹ്വലതകളും വ്യഥകളും പരകായപ്രവേശങ്ങളും ഇഴചേർന്നുകിടക്കുന്നു. വിഭ്രാത്മകതയുടെ തീരങ്ങളിൽ നിന്നും മനുഷ്യശക്തിക്കതീതമായ ഭാവങ്ങളെ കൈക്കൊണ്ട് ജീവിതത്തിന്റെ സൂക്ഷ്മതലങ്ങളിലൂടെ വിഹരിക്കുമ്പോൾ നിലവിലുള്ളതിൽ നിന്നും ദിശകൾ കൈയടക്കത്തോടെ മാറ്റുന്നു. ശീർഷകത്തിൽ തന്നെ ഒരസാധാരണത്വം അനുഭവപ്പെടുന്നു.പുഴയാണു മൽസ്യത്തിലൊഴുകുന്നത്.പുഴ ജീവിതവും മൽസ്യങ്ങൾ അനുഭവങ്ങളുമാണെന്ന് കഥാകൃത്ത് തന്നെ വ്യക്തമാക്കുന്നു. ചടുലമായ ശൈവതാളത്തിന്റെ കടുന്തുടി നാദം നെഞ്ചിലേറ്റി ഭ്രമാത്മകസ്വപ്നങ്ങളുടെ താഴ്വരകളിലേക്ക് അഖണ്ഡാത്മബോധത്തിന്റെ അക്ഷസൂത്രം തേടി നടക്കുന്ന തീർത്ഥാടനമാണു ചന്ദ്രപ്രകാശിന്റെ കഥകൾ.
ചിട്ടപ്പെടുത്തിയ ജീവിതക്രമങ്ങളെ ,പെരുമാറ്റച്ചട്ടങ്ങളെ,ലംഘിക്കുന്ന നിഷേധിക്കപ്പെടുന്ന സ്വാതന്ത്ര്യത്തിന്റെ അവസ്ഥയായ ഉന്മാദത്തിന്റെ വീചികളും പല കഥകളിലും ദൃശ്യമാകുന്നു. അതോടൊപ്പം തന്നെ പുതിയ ശബ്ദത്തിന്റെ സൌന്ദര്യവും മൌലികതയും ഉൾച്ചേർന്നിരിക്കുന്നു.
‘മൌനത്തിന്റെ തീർത്ഥാടനങ്ങൾ“ എന്നാണു കഥയിലൂടെയുള്ള സഞ്ചാരത്തെ ഗബ്രിയേൽ ഗാർസിയ മാർക്കേസ് വിശേഷിപ്പിക്കുന്നതെന്ന് കഥ തുഴഞ്ഞ വർഷങ്ങളെക്കുറിച്ചെഴുതുമ്പോൾ ചന്ദ്രപ്രകാശ് രേഖപ്പെടുത്തുന്നുണ്ട്. അശാന്തി പകർന്ന ജീവിതത്തീരങ്ങളിൽ അടിഞ്ഞുകൂടിയ അനുഭവങ്ങളുടെ വലിയ മൽസ്യങ്ങളും ചെറിയ മൽസ്യങ്ങളും എല്ലാം ഈ കഥകൾക്ക് വേറിട്ടൊരു ദിശാബോധം നിർണ്ണയിക്കുന്നു.
അമാവാസിയുടെ പിടിയിലമർന്ന ചന്ദ്രന്റെ പേടിച്ചരണ്ട മുഖം കണ്ടാണു ദിഗംബരൻ ഗോവിന്ദപുരം ഗ്രാമത്തിലെത്തുന്നത് ആദ്യകഥയായ ദിഗംബരൻ എന്ന കഥയിലെ വാചകമാണു ഇത്. ദിഗംബരൻ ശിവന്റെ പര്യായമാണു. ശിവന്റെ ഉത്തരവാദിത്വം അശരണരെ രക്ഷിക്കുകയെന്നതാണു. പേടിച്ചരണ്ട ചന്ദ്രൻ എന്നുദ്ദേശിക്കുന്നത് ഗോവിന്ദപുരം ഗ്രാമവാസികളെയാണു .. ഓരോ പദത്തിന്നിടയിലും ഒളിഞ്ഞിരിക്കുന്ന മൌനങ്ങളിൽ നിരവധി അർത്ഥവ്യന്യാസങ്ങൾ വായിച്ചെടുക്കാം. അമാനുഷികങ്ങളായ നാമങ്ങൾ കഥാപാത്രത്തിനു നല്കുമ്പോൾ തന്നെ അതു ലൌകികതയിൽ നിന്നും അലൌകിക തലത്തിലേക്കെത്തുന്നു. പ്രാക്തനതയുടെ അടയാളങ്ങൾ കഥയിൽ കൊണ്ടുവരുമ്പോഴും വർത്തമാന സാങ്കേതിക ലോകത്തേയും ഒപ്പം നിർത്തി കഥയുടെ കൈവഴികളിൽ പുതിയ മാനങ്ങൾ നിറയ്ക്കുന്നു. രണ്ടു തലയുള്ള ഒരു ചെകുത്താൻ ഗ്രാമത്തെ ഭീതിയുടെ മുൾമുനയിൽ നിർത്തിയതറിഞ്ഞ്, ഗ്രാമവാസികളുടെ കത്തു കിട്ടിയാണു ദിഗംബരൻ ഈ ഗ്രാമത്തിലെത്തുന്നതു.മനുഷ്യമനസ്സിൽ തന്നെ രണ്ടു ഭാവങ്ങളുണ്ടല്ലൊ.ദൈവവും ചെകുത്താനും.ഒരു ഗ്രാമത്തെ വിശുദ്ധിയിലേക്കു നയിക്കുവാനും ആ ഗ്രാമത്തെ ഗ്രസിച്ചിരിക്കുന്ന കാളകൂടവിഷത്തിൽ നിന്നും രക്ഷിക്കുക എന്ന ദൗത്യവും ദിഗംബരനിൽ വന്നു ഭവിക്കുന്നു. അതോടൊപ്പം തന്നെ ആധുനികകാലത്ത് നടക്കുന്ന ഒളിച്ചോട്ടത്തിന്റേയും ആൾമാറാട്ടത്തിന്റേയും നവസാങ്കേതികപശ്ച്ചാത്തലവും കഥാകൃത്ത് ഒരുക്കിയിട്ടൂണ്ട്.പഴമയെ സ്വീകരിക്കുന്നതിന്നൊപ്പം പുതുമയേയും കൈപിടിച്ചു നിർത്തുമ്പോഴാണു കഥക്ക് പ്രസക്തിയേറുക.ആ ഒരു രചനാതന്ത്രം ഈ കഥയിൽ കാണുന്നു.
പ്രണയത്തിന്റെ തീക്ഷ്ണാനുഭൂതികൾ രൂപകങ്ങളിലൂടെയും വർണ്ണനകളിലൂടെയും പറയാതെ പറയുന്ന കഥയാണു ”കന്യക.
’ മിന്നാരം കല്ലിന്റെ ഭംഗിയുള്ള കണ്ണുകൾ“ എന്ന ബിംബസൂചനയിലൂടെ തീക്ഷ്ണമായ ഒരു പ്രണയോർമ്മത്തിളക്കത്തിന്റെ പൊൻ നൂലുകൾ വിടരുന്നു. വാക്കുകൾ വർണ്ണങ്ങളിൽ ലയിക്കുന്നു. പ്രണയനിർഭരത കാഴ്ച്ച വെച്ച സോളമന്റെ സങ്കീർത്തനങ്ങളോടാണു കഥാനായകൻ പ്രണയത്തെ ഉപമിക്കുന്നത്. ഒപ്പം തന്നെ വശ്യതയും വന്യതയും പരസ്പരപൂരകമാവുന്ന സന്ദർഭങ്ങളും കാണാം . ഉദാഹരണമായി “കാട്ടുകടന്നലുകൾ തേൻ തേടി പോകുന്ന ജമന്തിപ്പൂക്കളെ ഞാൻ ഓർത്തു,അപ്പോൾ ഇക്കിളിപ്പെട്ടതുപോലെ നീ മൊഴിഞ്ഞു, ഇന്നലെ ഞാനൊരു ജമന്തിപൂവ് സ്വപ്നം കണ്ടു. അതു കേൾക്കുമ്പോൾ നായകൻ ജലസ്പർശമേറ്റ നാഗമാകുന്നു. അടുത്തു വരുന്ന കാട്ടാറിന്റെ താളമായി നിന്റെ പാദസരങ്ങൾ ശബ്ദമുണ്ടാക്കിയതും കസവു പതിഞ്ഞ പാവാടത്തുമ്പിലേക്ക് ഒരു പൂമ്പാറ്റ മണത്തുവന്നതും ഞാൻ കണ്ടു” എന്നു പറയുന്നിടം വൈരുദ്ധ്യങ്ങളും സാമ്യങ്ങളും രത്യനുഭവങ്ങളുടെ തീവ്രാനുഭൂതിയും നിറഞ്ഞതാണെന്ന് പരോക്ഷമായി അറിയാനാകും. ഒരു പെൺകുട്ടിയുടെ സ്വപ്നത്തിലേക്ക് ദൈവം ഇറങ്ങിവരുന്നതുപോലെ ഒരു കന്യകയുടെ നഗ്നതയിലേക്ക് പിശാച് ഉണരുന്നു എന്ന് കഥാന്ത്യത്തിൽ പറയുമ്പോൾ സ്വപ്നത്തോടൊപ്പം യാഥാർത്ഥ്യവും സന്നിവേശിപ്പിക്കുന്നു.
ഒരു തിരചിത്രത്തിന്റെ ഘടനയും പിരിമുറുക്കവും നാടകീയതയും അലിഞ്ഞുചേർന്ന കഥയാണു‘തിരക്കഥ“.സ്വന്തം മനസ്സിന്റെ ഉള്ളറകളിൽ രൂപാന്തരം പ്രാപിക്കുന്ന ബിംബങ്ങളിലൂടെ കഥ ഉരുത്തിരിയുന്നു. പല്ലി ഒരു കഥാപാത്രഘടനയോടെ പല സന്ദർഭങ്ങളിലും എത്തുന്നു. പ്രവചനശക്തിയുള്ള ജീവിയാണു പല്ലി എന്ന വിശ്വാസത്തെ ഈ സന്ദർഭങ്ങൾ ഊട്ടിയുറപ്പിക്കുന്നു. പല്ലി ഒരു പ്രവാചകനെപ്പോലെ വീടിന്റെ ഉത്തരങ്ങളിലും കഴുക്കോലുകളിലും സ്ഥാനം പിടിക്കുന്നു. എന്തെങ്കിലും പറയുമ്പോൾ പല്ലി ചിലച്ചാൽ പറയുന്നത് സത്യമാകുന്നു എന്നത് പഴയ ഒരു കേരളീയവിശ്വാസമാണു. അത്തരം വിശ്വാസങ്ങൾ എത്രത്തോളം ശരിയാണെന്നു പറയാനാകില്ല. അനുഭവത്തിലൂടെയാണല്ലൊ വിശ്വാസങ്ങൾ വളരുന്നത്.ഓർമ്മകളുടെ വേലിയേറ്റവും വേലിയിറക്കവും കഥയിലുടനീളം അടിസ്ഥാനധാരയാകുന്നു. സമൃദ്ധിയിലും മഹാശൂന്യതയുടെ കനൽ പാടങ്ങളിലൂടെ നടക്കാൻ വിധിക്കപ്പെട്ടവർ ഒളിഞ്ഞും തെളിഞ്ഞും വരുന്നു. കഥാ സന്ദർഭങ്ങളിൽ ഗൌരവം നിറഞ്ഞ നിമിഷങ്ങളിൽ വിഷയത്തിന്റെ പിരിമുറുക്കം കുറയ്ക്കാനായി കഥാകൃത്ത് നർമ്മം വിതറാൻ ശ്രമിക്കുന്നുണ്ട്. ഈ കഥയിലെ ശ്രീദേവിയുടെ ഭർത്താവായ സുകു ട്രാഫിക് ജംഗ്ഷനിലെ ഗാന്ധിപ്രതിമയിൽ തലയിടിച്ചാണ് മരിച്ചതെന്ന് ശ്രീദേവി ഓർക്കുകയും ഒപ്പം തന്നെ സമാശ്വാസം കണ്ടെത്തുന്നതു ഗാന്ധിപ്രതിമയുടെ തലയിലിടിച്ച് മരിക്കുന്നതു ധന്യമാണല്ലൊഎന്നോർത്തുമാണ് .അക്ഷരാർത്ഥത്തിൽ വിമർശനാത്മകമായ പരിഹാസമാണിവിടെ ദ്യോതിക്കുന്നത്.ആത്മസംഘർഷങ്ങളുടെ ഉമിത്തീയിൽ വെന്തുമരിക്കുന്ന പല കഥാപാത്രങ്ങളും തിരയ്ക്കു പിന്നിലും മുന്നിലുമായി അണി നിരക്കുന്നത് ശ്രദ്ധേയം. കഥയേക്കാൾ കഥ പറയുന്ന രീതിക്ക് പ്രാധാന്യം നല്കി വിഭ്രാത്മകമായപരിസരം സൃഷ്ടിച്ച്കഥയെ ഒളിപ്പിക്കാനും യാഥാർത്ഥ്യങ്ങളെ കഥയിൽ ചാലിച്ച് അഭാവം സൃഷ്ടിക്കാനുമുള്ള ഒരു ത്വര പല കഥകളിലും കാണുന്നു. ആഖ്യാനത്തിന്റെ നൂതനസാധ്യതകൾ തേടുന്നവയാണു ചന്ദ്രപ്രകാശിന്റെ കഥകളെന്ന ഡോ:പി കെ തിലകിന്റെ നിരീക്ഷണത്തോട് പൂർണ്ണമായും യോജിക്കാം.
രാത്രിയും ശലഭങ്ങളും തമ്മിൽ നടക്കുന്ന സംവാദമാണു ”നിശാശലഭങ്ങളുടെ സങ്കീർത്തനം“. ലോകവിവരങ്ങളും പ്രകൃതി നിയമങ്ങളും അറിയുന്ന ഒരു തത്വചിന്തകന്റെ പരിവേഷം ശലഭങ്ങൾക്കുണ്ടെന്നു തോന്നാം. രാത്രിയുടെ പല സന്ദേഹങ്ങൾക്കും കൃത്യമായ മറുപടികൾ ശലഭങ്ങൾ നല്കുന്നു. ഭൂമിയിലെ മനുഷ്യരും ജീവിതങ്ങളും സംഘർഷങ്ങളും പ്രാരാബ്ധങ്ങളും കാപട്യങ്ങളും നാടകങ്ങളുമെല്ലാം അവരുടെ സംഭാഷണമദ്ധ്യേ കടന്നു വരുന്നു. എല്ലാം കണ്ട് മടുത്ത രാത്രിയുടെ പരിദേവനങ്ങളും. പകലാവാൻ കൊതിക്കുന്ന രാത്രിയും മരണത്തെ ഭയക്കുന്ന രാത്രിയേയും കാണാം. സങ്കീർത്തനങ്ങൾ പലപ്പോഴും കടന്നു വരുന്നു. രാത്രിയെ ശലഭങ്ങൾ സമാശ്വസിപ്പിക്കുന്നത് ശുഭജീവിതത്തിന്റെ സങ്കീർത്തനങ്ങൾ ആലപിച്ചുകൊണ്ടാണു.രാത്രി പകൽ എന്നത് ജീവിതവും മരണവുമാണെന്ന ജീവിതദർശനത്തിലേക്ക് ഈ കഥ വിരൽ ചൂണ്ടുന്നു. മരണം അവസാനമല്ലെന്നും അതു ജീവിതത്തിന്റെ തുടർച്ചയാണെന്നും ഉള്ള ചിന്തയുടെ തിരിവെളിച്ചത്തിൽ മരണസങ്കീർത്തനത്തിന്റെ ചുടലരാഗവുമായി ചിത്രശലഭങ്ങൾ രാത്രിയുടെ ജഡത്തിൽ നിന്ന് പകലിലേക്ക് ചേക്കേറിക്കഴിഞ്ഞിരുന്നെന്ന് പറയുന്നതിലൂടെ ജീവിതത്തിന്റെ അവസ്ഥാന്തരങ്ങൾ പ്രത്യക്ഷമാകുന്നു. പ്രകൃതി നിയമങ്ങൾ അനിഷേധ്യമാണെന്നും മനുഷ്യശക്തിക്കതീതമായ ഒരു ശക്തിവിശേഷത്തിന്റെ കൈവിരുതിനനുസരിച്ചെ പ്രപഞ്ചത്തിനു ചലിക്കാനാകൂയെന്ന ശാസ്ത്രീയ പാഠവും ഈ കഥയിൽ നിഗൂഹനം ചെയ്യുന്നു . ബെർഗ് മാന്റെ ഏഴാം മുദ്ര എന്ന കഥയാണു നിശാശലഭങ്ങളുടെ കഥക്ക് പ്രേരകമായതെന്ന് കഥാകൃത്ത് സൂചിപ്പിച്ചതോർക്കുന്നു .
ദുർഗ്ഗാദേവി എന്ന കഥയിൽ ഒരു കുട്ടി ജനിച്ച് മനുഷ്യനായി മാറുന്നതിന്നിടയിൽ സംഭവിക്കാവുന്ന പരിവർത്തനത്തെ അനാവരണം ചെയ്യുന്നു. കുട്ടിയായിരിക്കുമ്പോൾ മുലപ്പാലിലൂടെ കുട്ടിയുടെബോധസുഷിരങ്ങളിലേക്ക് നല്കുന്നതു നന്മയുടെ കാന്തിയാണു. അമ്മയും കുഞ്ഞും തമ്മിൽ മാതൃത്വനിർവ്വിശേഷമായ ബന്ധമാണുടലെടുക്കുന്നത് . സാധാരണവ്യവഹാരത്തിൽ നിന്നു കഥ പറയുമ്പ്പോൾ തന്നെ ഈ കഥാപാത്രങ്ങളുടെ പേരിൽ ദൈവീകമായ അംശം ബോധ്യപ്പെടും ദുർഗ്ഗ ജഗദംബയാണു. ഈ ഭൂമിയെ പരിപാലിക്കുന്നവൾ. ശിവൻ മനുഷ്യനെന്ന സങ്കല്പ്പമാകാം. മാതാവും കുഞ്ഞും..കുഞ്ഞു വളരുന്തോറും മനസ്സിന്റേതായ രാസമാറ്റങ്ങൾ സംഭവിച്ച് അല്പ്പാല്പ്പമായി നന്മ നഷ്ടപ്പെട്ട് കുടിലതകൾ കുടിയേറുന്നു. ഒരു മനുഷ്യന്റെ അടിസ്ഥാനസ്വഭാവം മനസ്സിലാകുന്നത് മുതിർന്നതിനു ശേഷമാണു. ജീവിതത്തിന്റെ നിമ്നോന്നതകൾ സ്വഭാവത്തിൽ പിരിമുറുക്കങ്ങൾ സൃഷ്ടിക്കുന്നു. പശ്ച്ചാത്തലങ്ങളും അനുഭവങ്ങളും നന്മകളെ കവർന്നെടുത്തെന്നും വരാം എന്ന സാമാന്യതത്വം വിവക്ഷിക്കാം.ഒരാൾക്കു ശേഷം മറ്റൊരാൾ എന്ന ജീവിതാവർത്തനം..വഴികാട്ടിയും അടിമയും ഒരേ ധാരയിൽത്തന്നെയാണു വർത്തിക്കുന്നത്. പിശാച് വെറുക്കപ്പെടേണ്ടവൻ എന്നറിയുമ്പോഴും ശിവങ്കുട്ടി അതിനെ വഴികാട്ടിയായി കാണാനുംശ്രമിക്കുന്നു .പരസ്പരദ്വന്ദ്വങ്ങൾ .പരസ്പരപൂരകങ്ങൾ എന്ന അവസ്ഥാവിശേഷത്തിലേക്ക് ഈ കഥയുടെ അർത്ഥതലങ്ങളെത്തുന്നു. ആത്യന്തികമായി എല്ലാം ഒന്നെന്ന സത്യം. നന്മയുണ്ടെങ്കിലേ തിന്മയും ഉള്ളു. കൈലാസ ദുർഗ്ഗ എന്ന കഥക്കും ദുർഗ്ഗാദേവി എന്ന കഥക്കും ചില ഭാവസാധർമ്മ്യങ്ങൾ കാണുന്നു.
സർപ്പവിജയത്തിലെ യുക്തിവാദിയുടെ വേഷമണിഞ്ഞ മാധവൻ ആന്തരികമായി വിശ്വാസികൂടിയാണു. യുക്തിവാദം എന്നതൊരു മേലങ്കി മാത്രം. സ്വന്തം മനസ്സിന്റെ വിഹ്വലതകളും സംഘർഷങ്ങളും തന്നെയാണു ഗുളികനിലൂടെ കാണുന്നത്. തന്നെ വേട്ടയാടുന്ന സർപ്പം മനസ്സിന്റെ ആകുലതകൾ തന്നെയാണു. അതൃമാൻ മൊല്ലാക്ക. ഒരു മദ്ധ്യവർത്തി മാത്രം. മനുഷ്യനു പ്രശ്നങ്ങൾ കുന്നുകൂടുമ്പോൾ ആത്മാർത്ഥമായി സഹായിക്കാൻ ഒരാളുണ്ടാകണം എന്ന തോന്നൽ
തീവ്രമാകും.സ്വന്തം പ്രശ്നങ്ങളിൽ നിന്നും രക്ഷപ്പെടാൻ ശ്രമിക്കുന്ന മാധവന്റെ മനസ്സ് കണ്ടെത്തുന്ന ആശാകേന്ദ്രമാണു അന്തൃമാൻ മൊല്ലാക്ക. മാധവന്റെ പ്രതിലോമ പ്രക്രിയകളോടുള്ള ആസക്തിക്കുള്ള മറയാണു യുക്തിവാദം. വർത്തമാനകാലത്ത് കാണുന്ന കാപട്യം നിറഞ്ഞ മുഖങ്ങളിലൊന്നാണു മാധവനെന്ന കഥാപാത്രം. വാക്കുകളിൽ മാത്രം ആദർശങ്ങളും പ്രവൃത്തികളിൽ ആദർശമില്ലായ്മയും വർത്തമാനകാല സത്യങ്ങളാണു.യുക്തിയും വിശ്വാസവുമെല്ലാം ആപേക്ഷികമാണു. ഒന്നിനെ മറയ്ക്കാൻ മറ്റൊന്ന്.വിരുദ്ധദ്വന്ദ്വങ്ങൾ സൃഷ്ടിച്ച് യഥാർത്ഥസ്വത്വം മറയ്ക്കുന്ന സമൂഹമനുഷ്യന്റെ തന്ത്രങ്ങൾ ഈ കഥയിലൂടെ വെളിപ്പെടുന്നു. അപ്രിയ സത്യങ്ങൾ ഭാവനയിൽ ചാലിച്ച് സമൂഹമനസാക്ഷിക്ക് മുമ്പിലേക്കിട്ടു തരുന്നു കഥാകൃത്ത്.
കാലികസംഭവങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്ന കഥയാണു“യുദ്ധം അവസാനിക്കുന്നു” എന്നത്.തീവ്രവാദത്തിന്റേയും ഭീകരവാദത്തിന്റേയും ഇടിമിന്നലുകൾ ഗർജ്ജിച്ച് ലോകത്തെ നശിപ്പിച്ചുകൊണ്ടിരിക്കുന്ന ഈ വേളയിൽ ഈ കഥ തികച്ചും അന്വർത്ഥമാകുന്നു. ശ്രീലങ്കൻ തീവ്രവാദികൾക്ക് തോക്കുകൾ സംഭരിച്ചു നല്കിയിരുന്ന തീരദേശവാസിയുടെ മകനായ മുരുകനാണു കേന്ദ്രകഥാപാത്രം. അച്ഛൻ ജയിലിലായതോടെ മുരുകൻ ഒറ്റപ്പെടുന്നു. ആയുധപ്പുരയുടെ കാവല്ക്കാരനായി ജോലി ചെയ്യുന്ന മുരുകന്റെ വിചാരതലങ്ങളിലൂടെ കഥയുടെ ഇഴകൾ വിടരുന്നു. തണുപ്പുള്ള പ്രഭാതത്തിൽ ആകാശത്ത് മഴമേഘങ്ങളുടെ ഇടറുന്ന കാൽ പാടുകൾ നോക്കിയിരിക്കെ മുരുകൻ ആത്മഗതം ചെയ്യുന്നു,“സ്വപ്നം കാണാതിരിക്കാൻ ആർക്കെങ്കിലും കഴിയുമോ”?അത് ലോകത്തോടുള്ള വലിയ ചോദ്യമാണൂ. സ്വപ്നം കാണുക എന്നത് ഒരു പൌരന്റെ ജനാധിപത്യാവകാശമാണു. അവിടെ വലിയവനെന്നോ ചെറിയവനെന്നോ ഭേദമില്ല. ആയുധപ്പുരകൾക്ക് കാവൽ നില്ക്കുമ്പോൾ ...ഉള്ളിലെ ആയുധങ്ങൾക്ക് സ്വപ്നമില്ലല്ലൊ...എന്നു പറയുമ്പോൾ വിശദീകരണം നല്കാം. ആയുധങ്ങൾ നാശങ്ങൾക്കല്ല ധർമ്മത്തിനു വേണ്ടി ഉപയോഗിക്കുമ്പോൾ അവിടെ ആയുധങ്ങൾക്കും സ്വപ്നം ഉണ്ടു. ഒരു നാടിനു വേണ്ടി നന്മക്കു വേണ്ടി യുദ്ധം ചെയ്യുകയെന്നത് ധർമ്മമാണു. സ്വപ്നം കാണാൻ അവകാശമില്ലെന്ന് പറയുന്നത് പ്രതിലോമപരമാണു. കുടിലിനും കൊട്ടാരത്തിനും ഒരു പോലെ സ്വപ്നം കാണാൻ അവകാശമുണ്ടെന്ന സത്യം ഈ കഥയിലൂടെ മനോഹരമായി ആവിഷ്ക്കരിച്ചിരിക്കുന്നു. നിലവിലുള്ള അരാഷ്ട്രീയതകൾക്കെതിരേയും അരാജകത്വത്തിന്നെതിരേയും ഉള്ള വെല്ലുവിളി തന്നെയാണു സ്വപ്നം കാണുകയെന്നത്. യുദ്ധം അവസാനിക്കുന്നതോടെ പലരുടെയും കർമ്മമണ്ഡലം ശൂന്യമാകുന്നു. മനുഷ്യജീവിതം തന്നെ സ്വന്തം മനസ്സിനോട് നിരന്തരം യുദ്ധം ചെയ്തുകൊണ്ടിരിക്കുന്നു. എന്നാലും യുദ്ധമില്ലാത്ത സമാധാനപൂർണ്ണമായ ഒരു കാലത്തെ സ്വപ്നം കാണാം.
സംഗീതം എന്ന കഥയിലൂടെ സമൂഹത്തിൽ കഴിവുള്ളവരെ ചിലസ്ഥാപിതതാൽപ്പര്യങ്ങൾക്കു വിധേയമാക്കി സംരക്ഷിക്കപ്പെടുന്നതിന്റെ ചിത്രം വിലയിരുത്തപ്പെടുന്നു. വിഷ്ണു അമ്മയുടെ ഗർഭപാത്രത്തിൽ നിന്നും പിറന്നുവീണത് വീൽ ച്ചെയറി ലേക്കാണു . ജന്മനാ രണ്ടു കാലുകളും ഇല്ലാത്തവൻ. വിധിയുടെ വെല്ലുവിളി സ്വീകരിച്ചുകൊണ്ട് വിഷ്ണുവിന്റെ ജീവിതത്തിലേക്ക് സംഗീതമെത്തുന്നു. സംഗീതവും കൂട്ടുകാരിയായ ചീരുവും വിഷ്ണുവിന്റെ മനസ്സിൽ മോഹനസങ്കല്പ്പങ്ങളുണർത്തുന്നു.
കുടുംബത്തിലെ താളപ്പിഴകൾ തന്റെ കുറവുകളെക്കാൾ വിഷ്ണുവിനെ അസ്വസ്ഥനാക്കുന്നു. സംഗീതത്തിന്റെ വായ്ത്താരികൾ അതിജീവനത്തിന്റെ ഔഷധമായി മാറുന്ന സമയത്ത് വിഷ്ണുവിന്റെ മോചനത്തിനായി കരുമാടി എന്ന കഥാപാത്രംഎത്തുന്നിടത്ത് കഥക്ക് വഴിത്തിരിവാകുന്നു . അധികാരത്തിന്റേയും അധീശത്വത്തിന്റേയും തടവറയിലെ ആസ്ഥാനഗായക പദവി പട്ടം വലിച്ചെറിഞ്ഞു തനിക്കൊപ്പം സമൂഹത്തിലേക്കിറങ്ങണമെന്ന കരുമാടിയുടെ നിർദ്ദേശം വിഷ്ണു സ്വീകരിക്കുന്നു. കലയും കലാകാരനും സമൂഹത്തിന്റേയാണെന്ന മഹത്തായ മാനവിക ആശയത്തിന്റെ വാതിലാണു ഇവിടെ തുറക്കുന്നത്.
'കലാകാരന്റെ ചലനാത്മകതയെ പ്രതിരോധിക്കുന്ന ചുറ്റുപാടുകളോടുള്ള പ്രതികരണമായി
' ഡോ;പി കെ തിലക് ഈ കഥയെ കാണുന്നു.
പാണ്ഡവൻ കുന്നിലെ കാക്കൾ ഒരു പ്രണയദുരന്തത്തിന്റെ സാക്ഷ്യപത്രമാണു. കുഞ്ഞുണ്ടന്റെ കാമുകിയായ താമര അന്യമതസ്ഥനായ മൊയ്തുവിനൊപ്പം ഒളിച്ചോടിപ്പോയി ഗർഭിണിയായി രണ്ടു പേരും കൂടി പുഴയിൽ ചാടി ആത്മഹത്യ ചെയ്തു കിടക്കുന്ന കാഴ്ച്ച കാണുന്ന കുഞ്ഞുണ്ടന്റെ മനോമുകുരത്തിലൂടെ കഥയുടെ കെട്ടുകൾ അഴിയുന്നു. പ്രണയഭംഗം, മരണം, ബലിക്കാക്ക, എന്നീ ദുരാനുഭവബിംബങ്ങളിലൂടെയാണു കഥയുടെ രചനാനിർവ്വഹണം. ഭീതിജനകവും ബീഭൽസവും നിറഞ്ഞ സ്തോഭജനകമായ അന്തരീക്ഷമാണു വായനക്കാരനു മുന്നിലെത്തുന്നത്. അവസാനം ഉറഞ്ഞാടുന്ന തെയ്യത്തെപോലെ കുഞ്ഞുണ്ടൻ ഇരുട്ടിലൂടെ പുറത്തേക്കോടുന്നു. ബോധാബോധങ്ങളുടെ എരിഞ്ഞടങ്ങാത്ത കനലിൽ ചവുട്ടിയാണു കുഞ്ഞുണ്ടൻ തുള്ളുന്നത്. തെയ്യം ചന്ദ്രപ്രകാശിന്റെ പല കഥകളി ലും കെട്ടിയാടുന്നുണ്ട്.. മണ്ണും മനുഷ്യനും തമ്മിലൂള്ള അഭേദ്യമായ ബന്ധമാണു തെയ്യങ്ങളിലൂടെ ബഹിർസ്ഫുരിക്കുന്നതു. പാർശ്വവല്ക്കരിക്കപ്പെടുന്നവർക്കുവേണ്ടി തെയ്യം ഉറഞ്ഞുതുള്ളുന്നു. ഒരു മനഃസംസ്ക്കരണത്തിനും ഈ കെട്ടിയാടൽ ഹേതുവാകുന്നു.
പച്ചയായ മനുഷ്യജീവിതത്തിന്റെ ദൃശ്യാവിഷ്ക്കാരമാണു തെയ്യങ്ങൾ. തെയ്യങ്ങളിലൂടെ നാട്ടു നന്മ വീണ്ടെടുക്കാം എന്ന വഴിത്തിരിവിലേക്കു പാണ്ഡവൻ കുന്നിലെ കാക്കളെത്തെന്നു.
ഭൂമിയിൽ ഏതു നിസ്സാരജീവിക്കും അതിന്റേതായ ധർമ്മങ്ങൾ പുലർത്താനുണ്ടെന്നും മനുഷ്യൻ എത്ര വലിയവനെങ്കിലും അവനെതിരേയും നിസ്സാരജീവികൾക്ക് പ്രതിരോധം നടത്താം എന്നുള്ള ചിന്തയാണു പുഴു എന്ന കഥക്കാധാരമാകുന്നത്.വസുധൈവ കുടുംബകം എന്ന ഭാരതീയ സംസ്കൃതിയുടെ വലിയ അർത്ഥം ഈ കഥ ഉൾക്കൊള്ളുന്നു. ഭൂമി എന്നത് മനുഷ്യനും ജീവജാലങ്ങൾക്കും ഒരു പോലെ ജീവിക്കാൻ അവകാശമുള്ളതെന്ന ആസ്തിക്യദർശനം. മനുഷ്യനിലെ താൻ വലിയവനെന്ന അഹന്തയെ കെടുത്താനും നിസ്സാരവല്ക്കരിക്കാനും പ്രപഞ്ചവിധാതാവാൽ ജീവൻ നല്കിയ ഏതു സാധുജീവിക്കും സാധിക്കുമെന്ന തത്വത്തിലൂടെ കഥക്കു പരിസമാപ്തി കുറിക്കുന്നു. എഴുത്തിന്റെഇന്ദ്രജാലവൈഭവത്തോടെ ചെറിയതിലൂടെ വലിയ കാര്യങ്ങൾ പറയാൻ എഴുത്തുകാരനു സാധിക്കുന്നു എന്നത് പ്രത്യേകം പ്രസ്താവ്യമാണ് ..
ഗൃഹാതുരത്വവും പ്രണയാനുഭൂതികളും നിറഞ്ഞ ഓർമ്മകളുടെ കുളമുണരുന്ന കഥയാണു അടയാളം. മനുഷ്യനെത്ര വളർന്ന് ദേശാന്തരങ്ങളിലെത്തിയാലും ഗ്രാമത്തിന്റെ വിശുദ്ധി നിറഞ്ഞ ചില അടയാളങ്ങൾ മനസ്സിലവശേഷിക്കും. ആ കുളപ്പടവുകളിലിരുന്ന് കേട്ട കഥകളും ഇതിഹാസങ്ങളുമെല്ലാം ജീവിതത്തിന്റെ തന്നെ ഭാഗഭാക്കാകേണ്ടവയാണെന്നറിയുമ്പോഴാണു ഉള്ളിലെ ചിന്തകൾക്ക് കനം വെക്കുന്നതു. ജന്മത്തിന്റെ നാരായവേരുകളിലാണു അറിവിന്റെ പടുമരങ്ങൾ. അമ്മയുടെ പുക്കിൾക്കൊടി ബന്ധം പോലെ ആദിമബോധമുണർത്തുന്ന അവ അടർത്തിമാറ്റാനാവാത്തവയാണെന്നും അടയാളങ്ങളെന്ന കഥ ഓർമ്മപ്പെടുത്തുന്നു. ജീവിതത്തിൽ പഠിക്കേണ്ടതും അറിയേണ്ടതുമായ നിരവധി വിഷയങ്ങളിലൂടെ ചന്ദ്രപ്രകാശിന്റെ തൂലിക എഴുത്ത് പഥങ്ങൾ തേടുന്നു. അർത്ഥവത്തായ പ്രയാണങ്ങൾ. ഇതു ഒറ്റയടിക്കു കോരിക്കുടിക്കാനാവില്ല. പല വിചിന്തനങ്ങളുടെ കൈവഴികളിലൂടെയാണു ഈ സമാഹാരത്തിലെ കഥകളുടെ ഒഴുക്ക്.. എല്ലാ കഥകളും സ്പർശിക്കാനും കഴിഞ്ഞിട്ടില്ല.വിമ്മിട്ടങ്ങളും വിഷമങ്ങളും ഉള്ളിലേക്കെടുക്കുന്ന എഴുത്തുകാരൻ താനറിയാതെ നീലകണ്ഠനാവുന്നു എന്ന അടൂർ ഗോപാലകൃഷ്ണന്റെ വിശേഷണത്തിലൂടെ നിരവധി അർത്ഥതലങ്ങളിലേക്ക്
ഊളിയിട്ടുകൊണ്ട് തല്ക്കാലം ഈ പഠനത്തിനു വിരാമം കുറിക്കട്ടെ.


റോബോട്ടുകളാകുന്ന മനുഷ്യർ

ബാംഗ്ളൂരിലെ ഇന്നത്തെ ബസ്സു യാത്രയിലെ വിശേഷം കണ്ടപ്പോൾ ഈ കുറിപ്പിവിടെ ചേർക്കാമെന്ന് തോന്നുന്നു. നവ സാങ്കേതിക കാലത്ത് മനുഷ്യന് ഏതു കാര്യവും തൽസമയം അറിയാനുള്ള സ്മാർട്ട് ഫോണാണ് എല്ലാവരുടേയും കയ്യിലുള്ളത്. പക്ഷേ ഈ ഫോണിൽ മാത്രമായി ഒതുങ്ങുന്നു മനുഷ്യ ജീവിതം എന്നത് ദുഃഖകരമായ അവസ്ഥയാണ് ജനിപ്പിക്കുന്നത് . നഗരത്തിലെ ഗതാഗത കുരുക്കിൽ പെട്ട് നമ്മുടെ വിലപ്പെട്ട സമയവും അപഹരിക്കപ്പെടുന്നു. പക്ഷേ അപ്പോഴും യാത്രക്കാർ നിന്നും ഇരുന്നും ഒന്നുമറിയാതെ ഫോണുകളെ നോക്കി പുഞ്ചിരിച്ച് നിൽക്കയും ഇരിക്കയും ചെയ്യുന്നു. പണ്ടാണെങ്കിൽ സ്വയം ചിരിച്ചാൽ വട്ടാണെന്ന് പറയും. വട്ടിന്റെ രൂപവും ഭാവവും മാറി കുറച്ചു കൂടി ഹൈജീനിക്കായി കാര്യങ്ങൾ. കുരുക്കൊതുങ്ങി ബസ്സ് നീങ്ങിയപ്പോഴും വിശേഷങ്ങൾക്ക് മാറ്റമില്ല .കൊച്ചു കുട്ടികളും കൗമാരക്കാരും യൗവ്വന യുക്തരും മധ്യവയസ്ക്കരും വൃദ്ധരും എല്ലാവരും തന്റെ കയ്യിലെ മൊബൈൽ ഫോണിൽ കുരുങ്ങിക്കിടക്കുന്നു. വളരെ ദുർല്ലഭം പേർ മാത്രം യാത്ര ചെയ്യുന്ന ബോധത്തിൽ സഞ്ചരിക്കുന്നു. കാലത്തിന്റെ അവസ്ഥയിൽ ഞാനടക്കം ഉള്ള സമൂഹം എത്തിപ്പെടുന്നത് വൻ വിപത്തിലേക്കല്ലെ എന്നു് തോന്നി. ഫോൺ ബാഗിനുള്ളിൽ എടുത്തു വെച്ചിട്ടുണ്ടെങ്കിൽ കൂടി കാഴ്ചയുടെ പ്രേരണയിൽ കയ്യും മനസ്സും ഫോണിലേക്ക് നീളുന്നു. അബോധപരമായ സമീപനത്തിൽ മസ്തിഷ്ക്കത്തേയും ബുദ്ധിയേയും മന്ദീഭവിപ്പിച്ച് .സംഘർഷങ്ങളും ആകുലതകളും വരിഞ്ഞുമുറുകുന്നു. മനുഷ്യന്റെ മനസ്സും ചിന്തയും മരവിപ്പിക്കുന്ന ഒരാസന്ന ഭാവി ഒരു പക്ഷേ നമുക്കു മുന്നിൽ തുറക്കാം .അവിടെ നഷടപ്പെടുന്നത് സർഗ്ഗാത്മകതയുടെ നിമിഷങ്ങളാണ് .വായനയൊ എഴുത്തോ മറ്റു പ്രവൃത്തികളൊ ഒക്കെ നിന്നു പോകുന്നു. എഫ്.ബിയും വാട്സാപ്പും നോക്കി നോക്കി കണ്ണിനും ബുദ്ധിക്കും ഏൽക്കുന്ന ക്ഷതങ്ങളും നിസ്സാരമല്ല എന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. അറിയാതെ മാനസിക രോഗങ്ങളിലേക്കും സംഭവങ്ങൾ എത്തിയേക്കാം .ഇവിടെയാണ് ഏതൊന്നിന്റേയും നല്ലതും ചീത്തയും മനസ്സിലാക്കേണ്ടത് .പണ്ടത്തെ വായനശാലക ളും ആൽമരച്ചുവടുകളും തണ്ണീർ പന്തലുകളും സംവാദങ്ങളുടെ ആരോഗ്യപരമായ ഇടങ്ങളായിരുന്നു. എന്നാൽ ഇന്നത്തെ ആധുനിക സൗകര്യ ഇടങ്ങളൊ? സോഷ്യൽ ഇടങ്ങളും ഗ്രൂപ്പുകളും സാമൂഹ്യ നന്മക്കും വ്യക്തി ബന്ധങ്ങൾ സുദൃഢമായിരിക്കാനും ആയിരിക്കണം .അതിനു പകരം വ്യക്തിഹത്യകളും വൈരാഗ്യങ്ങളും അനുദിനം വർദ്ധിക്കയാണ് പല ഇടങ്ങളിലും.ഇങ്ങിനെയാകുമ്പോൾ ശക്തമായ മാനസികഉലച്ചിലുകൾ സംഭവിക്കുകയും, സമൂഹം രോഗാതുരമാകുകയും ചെയ്യുന്നു. ഈയവസ്ഥയിൽ നിന്നും സ്വയം മാറാനേ പറ്റു. ഇല്ലെങ്കിൽ മാനസിക രോഗികളുടെ എണ്ണം കൂടുന്ന ഒരു സമൂഹത്തെയായിരിക്കും നേരിടേണ്ടി വരിക. രാവിലെ എണീട്ട് ചായ കുടിക്കുന്നതിൻ മുമ്പേ എത്ര സന്ദേശങ്ങൾ എത്ര ലൈക്കുകൾ എന്ന ചിന്തയിൽ മനുഷ്യർ ജീവിക്കാൻ തന്നെ മറന്നു പോകുന്നു. ഇത്രയും പുരോഗമനം ഇല്ലാത്ത കാലത്ത് ഇത്തിരി കൂടിയൊക്കെ നന്മയും സ്നേഹവും വിശ്വാസവും ബഹുമാനവുമൊക്കെ നമ്മുടെ മനസ്സിൽ ഉണ്ടായിരുന്നില്ലേ - .മനുഷ്യർ റോബോട്ടുകളായി മാറുന്നു.ബസ്സു യാത്രയിൽ ഫോൺ നോക്കി ഇരുന്ന വ്യക്തി ഇറങ്ങേണ്ട സ്ഥലം വിട്ടു പോയി .ബസ്സിടങ്ങൾ മാത്രമല്ല വീട്ടകങ്ങളും പൊതു വഴിയോരങ്ങളും എല്ലാം സ്മാർട്ട് ഫോൺ പുഴയിൽ മുങ്ങിക്കൊണ്ടിരിക്കയാണ് .- ബസ്സിറങ്ങി നടക്കുമ്പോൾ വളർച്ചയുടെ കാലം എവിടേക്ക് എന്നൊരു ആധി തലക്കു മുകളിൽ ഒരറക്കവാൾ പോലെ തൂങ്ങിക്കിടന്നു. ഒരു നിയന്ത്രണം ഇല്ലെങ്കിൽ ഒപ്പം എല്ലാ ബന്ധങ്ങളും ശിഥിലമാകുന്ന വലിയൊരു കുരുക്കായി മാറാം'.


ജീവിതത്തിലെ സാത്വികതയും അരങ്ങിലെ രാജസവും

( 2015ലെ കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്ക്കാരം പ്രണബ് മുഖർജിയിൽ നിന്നും സ്വീകരിക്കുന്നു)
ഓരോ മനുഷ്യനിലും സാത്വികം രാജസം താമസം എന്നീ സ്വഭാവഘടനകൾ ഉൾച്ചേർന്നിട്ടുണ്ടല്ലൊ. ചിലർ പരമ സാത്വികരാവും. പക്ഷെ അവർ വിഹരിക്കുന്ന മേഖലകളിൽ ആ സ്ഥാനത്തിന്നനുസരിച്ചുള്ള സ്വഭാവം വേണ്ടിവരും. പക്ഷെ മനുഷ്യൻ എന്ന നിലക്ക് എന്നും ഒരേ തരത്തിലായിരിക്കും അങ്ങിനെയുള്ളവരെ കാണുക. കഥകളിരംഗത്തെ കുലപതിയായ അച്ഛന്റെ മകൻ...അച്ഛന്റെ പാത പിന്തുടരുന്ന സാത്വികനായ മകൻ .പത്മശ്രീ വാഴേങ്കട കുഞ്ചുനായരുടെ മകനും കേരളകലാമണ്ഡലം പ്രിൻസിപ്പാളായി റിട്ടയേർഡ് ചെയ്ത കഥകളി നടനുമായ ശ്രീ വാഴേങ്കട വിജയൻ. അദ്ദേഹം എന്റെ ജ്യേഷ്ഠനും കൂടിയാകുന്നു.(മണിയേട്ടൻ)
ഇന്നലെ ജാലഹള്ളി കഥകളിയരങ്ങിലെ സുപ്രധാന വേഷം കെട്ടിയ ശ്രീ സോമൻ, വെങ്കിട്ടരാമൻ എന്നിവരെല്ലാം മണിയേട്ടന്റെ ശിഷ്യന്മാർ. ആശാനെക്കുറിച്ച് അവർക്കൊക്കെ വിനയത്തോടെ മാത്രമെ സംസാരിക്കാൻ കഴിയു. കാരണം ആശാൻ എന്നും ലാളിത്യമാർന്ന വ്യക്തി. ഒരിക്കലും മണിയേട്ടന്റയത്രയും വിനയമുള്ളൊരു കലാകാരനെ കണ്ടിട്ടില്ല. അത്രയും പച്ചയായ ഒരു നാട്ടുമ്പുറത്തുകാരൻ. അരങ്ങിലെ രാജസ പ്രൌഢി. എത്രയൊ അംഗീകാരങ്ങൾ അദ്ദേഹത്തിനു ഇക്കാലത്തിന്നിടയിൽ ലഭിച്ചിട്ടുണ്ട്. 2015 മുതൽ അംഗീകാരങ്ങളുടെ പ്രവാഹമായിരുന്നു. 2015 ലെ കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്ക്കാര ജേതാവായിരുന്നു. പക്ഷെ അങ്ങിനെയുള്ള യാതൊരു ഭാവങ്ങളും അദ്ദേഹത്തിലില്ല. എങ്ങിനെ ഇത്രയും ലളിതമാവാൻ കഴിയുന്നു എന്നു പലപ്പോഴും തോന്നിയിട്ടൂണ്ടു. അരങ്ങിലെ മികച്ച നടനും കളരിയിലെ ആധികാരികമായ അറിവുള്ള അധ്യാപകനും. സാധാരണ കാണുന്ന മനുഷ്യനിൽ നിന്നും അരങ്ങിലെ രാജസപ്രൌഢിയായി മാറുന്ന മണിയേട്ടന്റെ വേഷങ്ങൾ. ആ പരകായപ്രവേശങ്ങൾ കാണുമ്പോഴും അല്ഭുതാദരങ്ങളെ തോന്നിയിട്ടുള്ളു. പച്ചവേഷങ്ങളും കെട്ടുമെങ്കിലും ഞാനധികം കണ്ടിട്ടുള്ളത് കത്തിവേഷങ്ങളാണു. ദക്ഷയാഗത്തിലെ ദക്ഷൻ ,രാജസൂയത്തിലെ ശിശുപാലൻ,രാവണൻ, ഹിരണ്യകശിപു, പിന്നെ വെള്ളത്താടി ഹനുമാൻ
തുടങ്ങിയവ.അച്ഛന്റെ കൃത്യമായ ശിക്ഷണത്തിൽ അഭ്യാസം സിദ്ധിച്ച മകൻ! സഹവേഷക്കാർക്ക് അരങ്ങിൽ സപ്പോർട്ട് ചെയ്യുന്ന നടൻ. പ്രത്യേകിച്ച് ലവണാസുരവധത്തിലെ ഹനുമാനാണെങ്കിൽ ഒപ്പം ചെയ്യുന്ന ലവകുശന്മാർ കുട്ടികളാണെങ്കിൽ അവർക്കനുകൂലമായി ഈ നടന്റെ രംഗവൈഭവം കാണാം. കത്തിവേഷത്തിന്റെസമ്മോഹനസൌന്ദര്യം അദ്ദേഹത്തിന്റെ വേഷങ്ങളിൽ പ്രകടമാണു. ഗുരുനാഥനും അച്ഛനുമായ കലാകാരനെപ്പോലെ അരങ്ങത്തെത്തിയാൽ മെയ്യും മനസ്സും ഇഴുകിച്ചേർന്ന കഥാപാത്രങ്ങൾ.വർത്തമാനക്കാലത്ത് പല അരങ്ങുകളിലും പല നടന്മാർ കാണികളെ രസിപ്പിക്കാനുള്ള മനോധർമ്മങ്ങൾ അതിരു കവിഞ്ഞു ചെയ്യാറുണ്ട്. എന്നാൽ മണിയേട്ടന്റെ വേഷങ്ങൾ ഔചിത്യപൂർണ്ണങ്ങളാണു.അനാവശ്യമായി ഒരു ചലനം പോലും അദ്ദേഹത്തിന്റെ വേഷത്തിൽ കാണില്ല. . അരങ്ങിന്റെ ഔചിത്യബോധത്തിലും പാത്രബോധത്തിലും ,മിതത്വത്തിലും നിഷ്ക്കർഷയുള്ള നടൻ. മറ്റൊരാളുടെ വേഷത്തേക്കാൾ മികച്ചതാകണമെന്നൊ അല്ലെങ്കിൽ തന്റെ വേഷത്തേക്കാൾ കുറഞ്ഞതാകണം മറ്റൊരാളിന്റെ വേഷമെന്നോ ഉള്ള ചിന്തകളൊന്നും അച്ഛനെപ്പോലെ മണിയേട്ടനും ഇല്ല. അത്രക്കു സാത്വികതയാണു. കേരളീയരും വിദേശീയരുമായ എത്രയോ ശിഷ്യസമ്പത്തുക്കൾ മണിയേട്ടനുണ്ട്. എന്റെ കുട്ടിക്കാലത്ത് ജോവൻ ഡെന്നച്ചി എന്ന വിദേശി വനിത വാഴേങ്കട മണിയേട്ടന്റെ ശിക്ഷണത്തിൽ കഥകളി അഭ്യസിച്ചിരുന്നു. അതുപോലെ എത്രയോ പേർ .ജോവൻ ഡെന്നച്ചിയെ ഞങ്ങളൊക്കെ ആനിചേച്ചിയെന്നാണു വിളിച്ചിരുന്നത്. അവർ ഞങ്ങളുടെ കുടുംബാംഗത്തെ പോലെയായിരുന്നു. ഓണത്തിനും വിഷുവിനുമൊക്കെ അവർ ഞങ്ങൾക്കെല്ലാവർക്കും ഓണക്കോടികൾ വാങ്ങിത്തന്ന് വീട്ടിലുണ്ടാവും. അത്രയും അടുത്ത ബന്ധം ഉണ്ടായിരുന്നു. അമേരിക്കക്കാരിയായ അവർ ഇപ്പോൾ അമേരിക്കയിലാണെന്നു തോന്നുന്നു. മണിയേട്ടൻ കലാമണ്ഡലം അധ്യാപകനായിരിക്കുമ്പോൾ അവിടുത്തെ പരിപാടികൾക്കൊക്കെ പോവുമായിരുന്നു. മണിയേട്ടന്റെ റൂമിലും കലാമണ്ഡലം ഗോപിയേട്ടന്റെ ക്വാർട്ടേഴ്സിലും ആണു താമസിക്കുക. മണിയേട്ടൻ കളി കഴിഞ്ഞുവരുമ്പോൾ എപ്പോഴും കയ്യിലൊരു മിഠായിപ്പൊതിയുണ്ടാകും.. അന്നന്നു കുട്ടികളായിട്ടുള്ളവരുടെ കയ്യിലാണത് കൊടുക്കുക. കുറെ ക്കാലം ഞാനായിരുന്നു അതിന്റെ അധികാരി. പിന്നൊന്നു, മണിയേട്ടൻ യാത്ര പോകുമ്പോൾ വീടിന്റെ പടി കയറി പോയാലും വിളിച്ചു പറയും മുറ്റത്തെ തെങ്ങിഞ്ചോട്ടിൽ പോയി കളിക്കരുതെന്നു. കുട്ടികളിലുള്ള ശ്രദ്ധയും പരിഗണനയും. ഏതു കുട്ടികളോടാണെങ്കിലും അതു വിളിച്ചു പറഞ്ഞെ യാത്ര പോകുള്ളു. അത്തരം കാര്യങ്ങൾക്കൊന്നും ഇപ്പോഴും മാറ്റമില്ല.
നാട്ടിൽ ചെന്നാൽ തിരിച്ചുപോരുമ്പോൾ ആ കരുതലിൽ ഇപ്പോഴും പറയും‘ സൂക്ഷിച്ചു പൊക്കോളൂണ്ടു“. മണിയേട്ടന്റെ ഏടത്തിയമ്മയും എപ്പോഴും ചിരിച്ച മുഖത്തോടെ മാത്രം കാണുന്ന രാജുവേടത്തി (രാജലക്ഷ്മി) എനിക്കമ്മയുടെ സ്ഥാനത്തു തന്നെയായിരുന്നു. കുട്ടിക്കാലത്ത് അവരൊക്കെയായിരുന്നു വീട്ടിലധികവും. അച്ഛൻ അസുഖബാധിതനായി കിടന്നപ്പോൾ ഇവരുടെയൊക്കെ തണലിലായിരുന്നു എന്റെ കുട്ടിക്കാലവും.ഒക്കെ പോയ കാലത്തെ മധുരം നിറഞ്ഞ ഇങ്ങിനി വരാത്തവണ്ണം പൊയ്പോയ സ്മൃതികൾ. ഇപ്പോഴും കളിയരങ്ങുകൾക്കു മുമ്പിൽ ഇരിക്കുമ്പോൾ കേളിക്കൊപ്പം ഉയരുന്ന രാഗവിസ്താരങ്ങൾ നഷ്ടപ്പെട്ടുപോയെ എതൊക്കെയോ നല്ല കാലത്തെ പിടിച്ചുകുലുക്കും. പൂത്തുനില്ക്കുന്ന കണിക്കൊന്നപ്പൂ പൊലെ. ഇന്നലത്തെ കഥകളിയരങ്ങു കണ്ടപ്പോൾ എപ്പോഴും ഓർക്കാറുണ്ടെ ങ്കിലും മണിയേട്ടനെക്കുറിച്ച് എഴുതണമെന്നു തോന്നി. കുറെ സ്നേഹിക്കാൻ മാത്രം അറിയാവുന്ന സാധുവായ ഒരു മനുഷ്യൻ . അതിലപ്പുറം അദ്ദേഹത്തിനു ഒന്നിന്റേയും ഭാരങ്ങൾ ഇഷ്ടമല്ല. അതുകൊണ്ടു തന്നെ വെള്ളിനേഴി ഗ്രാമത്തിൽ കുടുംബസമേതം നിസ്വനായി ജീവിക്കുന്നു. എത്രയോ ഉയർന്ന കലാകാരനായിട്ടും വിനയത്തിന്റെ ഏറ്റവും ഉയർന്ന പടിയിൽ. മണിയേട്ടനു പ്രണാമം.!

No comments:

 
Blogger Templates