Monday, August 24, 2009

സൌഹൃദ ഗീതം

ഉള്ളിലെരിയും നോവുകളൂതിക്കെടുത്തി
വരിക കൂട്ടരേയീ ശുഭദിനത്തിലേക്കായ്‌

ഒത്തുകൂടാം നമുക്കീ ചിങ്ങവെയിലിന്നൊളിയില്‍
അയവിറക്കാം മധുരമൂട്ടിത്തന്ന കനവുകളേയും
നഗരഭോഷ്ക്കിന്‍ മാലിന്യങ്ങളൊഴുക്കിക്കളഞ്ഞു
മാനസശുദ്ധരായ്‌ വെണ്‍മ തന്‍ തൂവല്‍ ചൂടി
വന്നുയീ ദിനത്തിലൊരു പുതുരാഗത്തിന്‍
പാര്‍വ്വണമഴപ്പെയ്ത്തായ്‌ നിറയുക
വിട ചൊല്ലിടാം വിഷാദ സംഗീതികള്‍ക്കും
കന്‍മഷ രഹിത ചിത്തരായ്‌ കൈകോര്‍ത്തിടാം
പുതുചിന്ത തന്‍ പരിവേഷം വഴിയുന്ന
ധ്വനിമണ്ഡപത്തിന്‍ ചിലങ്കയൊലിയുതിര്‍ത്തിടാം
ത്രസിക്കട്ടെയീ വസുന്ധര തന്‍ ഞരമ്പുകളും
നെയ്‌തെടുക്കാം ശാന്തിപര്‍വ്വത്തിന്‍ തീരങ്ങളും
നറുമണം വീശുമാ ചിന്താധാരകളെ
എതിരേറ്റു പാടിടാം നമുക്കൊരു സൌഹൃദ ഗീതവും
ഇത്തിരി നേരംകൂടിയിരുന്നു തണലേല്‍ക്കാം
പണ്ടു നാമൊത്തുകൂടിയ സ്നേഹമരച്ചോട്ടില്‍
പറഞ്ഞൊഴിക്കാം പരിഭവക്കനലുകള്‍
കോര്‍ത്തെടുക്കാം പുതുശക്തി തന്‍ ധ്വനികളും

1 comment:

ശ്രീ said...

അതെ. കുറച്ചു നാളേയ്ക്കെങ്കിലും എല്ലാം മറന്ന് ജീവിതം ആസ്വദിയ്ക്കാന്‍ കഴിഞ്ഞാല്‍ അത് തന്നെ ഭാഗ്യം!

നന്നായിട്ടുണ്ട്