ചുണ്ടപ്പൂവിട്ടു തുടുത്തൊരെൻ മിഴിയിലേക്കു
പ്രണയസായകമെയ്ത ലാവണ്യമെ
കാട്ടുതേൻ പോലെ കലർപ്പറ്റ സ്നേഹ-
മുതിർത്തു പൂങ്കാവനമാക്കി നീ ജീവിതം
തുച്ഛമാം നിമിഷങ്ങളെ കോർത്തിണക്കി
വാർത്തെടുത്തു നീയൊരു ചന്ദ്രികാമണ്ഡലവും
യാത്രയാക്കീടുവാൻ വന്നതല്ലേ സഖീ
നടന്നേറെ ദൂരം നീയും കിടാങ്ങളും
മൃദുഹാസം പൊഴിച്ചാ പുഴയിലെ
ഓളങ്ങളും കുണുങ്ങി കഥകൾ ചൊല്ലിയാടി
നിൻ പാദത്തിലെ മണിനിസ്വനത്തിനായ്
വെള്ളിക്കൊലുസ്സുമായി വരാമെന്നേറ്റതല്ലേ?
തോളിൽ ചാഞ്ഞു തേങ്ങുന്ന പൈതലിൻ
വിതുമ്പലടക്കി കവിളിൽ മണിമുത്തമിട്ടു
വിഹ്വലയായ് നിൽക്കുന്ന നിന്നിലുയർന്ന-
നിശ്വാസമൊരു ചുടുതെന്നലായെന്നിലണഞ്ഞതും......
ഏറെ വഴി താണ്ടി ഞാൻ തിരിഞ്ഞുനോക്കീടവെ
തുളുമ്പുമാ മിഴികളുമെന്നോടോതിയതെന്തേ?
അകലേക്കകലേക്കായൊരു ബിന്ദു പോൽ
ചുരുങ്ങീടവെ നീയും കിടാങ്ങളും....
ഹേമന്തസ്വപ്‌നങ്ങളെ താലോലിച്ചു
ആവി വണ്ടിയിലേറി ഞാൻ യാത്രയായി
പൂത്തു നിൽക്കുമീ ജീവിതപൂവാടികയിൽ
കുങ്കുമം വാരിയണിഞ്ഞു നിൽപ്പൂ ചക്രവാളങ്ങളും
വൈദ്യുത ദീപാലംകൃത സന്ധ്യയിൽ
ദീപ്തമാമൊരു രംഗമണ്ഡപത്തിലേക്കായ്
കേശഭാരക്കിരീടം ചൂടി ഞാനൊരുങ്ങീടവെ
തേടിയെത്തിയതേതൊരു നനവിൻ സന്ദേശം?
ജീവിതപുസ്തകമെന്നേക്കുമായടച്ചു വെച്ചു
യാത്രയായെന്നോ സഖീയൊന്നുമുരിയാടാതെ?
ആട്ടവിളക്കിൻ തിരി ജ്വലിച്ചു കത്തുമ്പോഴും
തെളിയുന്നതെന്തു മനതാരിൽ നിന്നാർദ്രഭാവമോ!
തളരുന്നിതയ്യോ മനവും തനുവും
ചിതാഗ്നിയിലെരിയുന്നിതു ചിത്തവും
ഹൃദയകുടീരത്തിൽ നിനക്കായ് തീർത്ത
പാദസരത്തിൻ പ്രണയനിസ്വനം നിലച്ചു
തീവ്രദുഃഖത്തിന്നരങ്ങിലേകനായാടവെ
ആളിക്കത്തുന്നു മാനസത്തിൻ തിരിനാളവും
ഋതുപാദങ്ങൾ കൊണ്ടളന്നു കടന്നു പോകുന്നു
കാലത്തിൻ സമയമാപിനിയും..........................................!
1 comment:
Good Poem!
Post a Comment