Monday, February 7, 2011

ജീവന്റെ ശീലുകൾ


ജീവന്റെ ശീലുകൾ ആർദ്രമായ്‌ പാടി ഞാൻ
പടിയിറങ്ങും സന്ധ്യയെ നോക്കിനിൽക്കെ
അകലെ നിന്നേതോ നോവിൻ ശ്രുതികൾ
പെരുമഴയായ്‌ വന്നു കാതിലലയ്ക്കവെ


ഉടുപുടവ കീറിപ്പറിഞ്ഞുറക്കച്ചടവുമായ്‌
നെഞ്ചില ടക്കി പ്പിടിച്ചൊരു കുഞ്ഞുമായ്‌
മോഹങ്ങൾ കത്തീയമർന്നോരടുപ്പിൽ നിന്നും
കനലൂതിയൂതിയെരിഞ്ഞു വരുന്നവൾ


പച്ചമാംസം കടിച്ചുകുടയാനായ്‌
വ്യാഘ്രങ്ങളൊരു പറ്റം ചീറ്റിനിൽപ്പൂ
പേടിച്ചരണ്ട മിഴികൾ പരതുന്നു
പ്രാണരക്ഷാർത്ഥം പിടിവള്ളികൾ

എറിയുന്നു വാക്കിൻ ശരങ്ങൾ വഴിക്കണ്ണുകൾ
കാർക്കിച്ചുതുപ്പുന്നു പകൽമാന്യന്മാർ
കൈതവമേതുമറിയാത്ത കാലത്തിൽ പെണ്ണേ
ഏതു ചെളിക്കുണ്ടിലേക്കാഴ്ത്തി നിന്നെ?


തമസ്സു തുപ്പുന്ന കാമവെറിയന്മാർ തൻ-
കയ്യിലെ കരുവായോ പെൺകൊടി നീ?
പെരുകുന്നനുക്ഷണം മാരകകൃത്യങ്ങൾ
നിർദ്ദയം മായ്ക്കുന്നു നിയമവും സത്യവും


ഉറ്റവരില്ലാതെ ആർത്തയായലയുമിവളെ
ഏറ്റെടുത്താലും ക്ഷണത്തിൽ വസുന്ധരേ..............
ആത്മവീര്യത്തിൻ ദീപശിഖ പകർന്നു
കാത്തീടുക പെണ്മക്കൾ തൻ മാനാഭിമാനവും....

No comments: