Thursday, December 1, 2011

കാറ്റ്‌, പുഴയോട്‌





കാറ്റ്‌ പുഴക്കു സ്വന്തം
ഇച്ഛാനുസരണം വീശുന്നവൻ
പുഴയോ, സ്വത്വം മറന്നു
അനിയതരൂപത്തിലൊഴുകുന്നവൾ
കാറ്റ്‌ കഥയുടെ ചെപ്പു തുറന്ന്‌
പുഴയെ സമൃദ്ധയാക്കി
കഥകളിഷ്ടമായ പുഴ
കണ്ടതും, കേട്ടതും വിശ്വസിച്ചു
കാറ്റിന്റെ മൃദുലചലനങ്ങൾ
പുഴയിലെ ഓളങ്ങളിൽ
ഭാവതരംഗങ്ങൾ സൃഷ്ടിച്ചു
പുഴ കടലിനെ മറന്ന്‌
കാറ്റിനെ പ്രണയിച്ചു
(ഒഴുക്കിന്റെ മഹാഗതി നിർണ്ണയിക്കുന്നവൻ കടൽ)
കാറ്റു വീശുന്നിടത്തേക്കു മാത്രം
പുഴയൊഴുകി....
സ്നേഹവിശ്വാസങ്ങളുടെ
സങ്കീർത്തനങ്ങളായി
വിശുദ്ധപ്രണയമായി
സേവന വിധേയയായി
പ്രതിബദ്ധതയുടെ  മൂര്‍ത്തരൂപമായ്‌  
എപ്പോഴോ, കാറ്റിന്റെ
ദിശ മാറിയത്‌
പുഴയറിഞ്ഞില്ല...
കാറ്റിനപ്പുറത്തേക്കുള്ള
പുഴയുടെ ഗതിയെ
കാറ്റെപ്പോഴും വിലക്കി.......!
സ്നേഹരാഹിത്യങ്ങളുടെ
നിരാസങ്ങളുടെ
കൊടുങ്കാറ്റഴിച്ചു വിട്ടു
കാറ്റിന്റെ വന്യമായ
ചിറകടികൾ കേട്ട്‌
പുഴയുടെ താളത്തിലപസ്വരങ്ങളുടെ ചുഴികൾ....
ഉള്ളുരുക്കങ്ങളുടെ പിടച്ചിലിൽ
നിസ്സഹായ തേങ്ങലുകളായ്‌
ദിശയറിയാതെ
പുഴയിലെ ഓളങ്ങൾ
ചുരമിറങ്ങിവരുന്ന
മലങ്കാളിയെപ്പോലെ
കുത്തിമറിഞ്ഞ്‌ ,കലങ്ങിച്ചുവന്ന്‌ പുഴ...
വൈരാഗ്യത്തിന്റെ യുദ്ധമുറകൾ
അന്ത്യത്തിൽ
പടയൊഴിഞ്ഞ യുദ്ധഭൂമിപോലെ
...രോഷമെല്ലാം വെണ്ണപോലെ
കുതിർന്ന്‌
കലങ്ങിത്തെളിഞ്ഞ്‌
തെളിനീർത്തടാകം പോലെ
ശമസ്ഥായിയിൽ...പുഴ
സത്വരജസ്തമോഭാവങ്ങളിലൂടെയുള്ള
പുഴയുടെ സഞ്ചാരത്തിൽ
പകർച്ചയുടെ ശ്രുതിഭേദങ്ങളറിഞ്ഞ്‌
കാറ്റ്‌ പകച്ചു
നിരന്തരം അപഹാസ്യയാക്കപ്പെടുന്ന
വിശ്വത്തിൽ, കപടനാട്യത്തിന്റെ
പർദ്ദയണിഞ്ഞവർക്കായ്‌
ഒരിക്കലും ഒഴുകുവാനാകില്ലെന്ന
പുഴയുടെ വാക്കുകൾക്ക്‌
അലകിന്റെ മൂർച്ഛ
പാതി മുറിഞ്ഞ സംഗീതം കണക്കെ
ചുളി വീണ ഓർമ്മകൾ കണക്കെ
ഗതി മുറിഞ്ഞുകിടന്നു പലവിധം
കുടിലതയുടെ ചാട്ടവാറുകൾ
ആക്രോശിച്ചു
"പെയ്തു നിറയേണ്ട ഒഴിയുക വേഗമെന്ന്‌"
ധാർഷ്ട്യത്തിന്റെ കൊമ്പു മുളച്ചവർ
വിഷമാലിന്യങ്ങളെറിഞ്ഞ്‌
നിറം കെടുത്തി , അരൂപയാക്കി, മൃതപ്രായയാക്കി.....
നെടുങ്കൻപാറക്കെട്ടുകൾക്കിടയിലൂടെ
ഞെങ്ങിഞ്ഞെരങ്ങിയൊഴുകി...
കഴുകി വിശുദ്ധമാക്കാൻ
കുത്തനെ....വിലങ്ങനെ.....സമാന്തരമായി
പുഴയുടെ ഒഴുക്കിന്റെ
സുതാര്യതയെ
തടുക്കാനെന്നോണം
കാറ്റെപ്പോഴും ക്രൗര്യതയോടെ 
എതിർ ദിശയിലേക്ക്‌
വീശി.........
എന്നാൽ പുഴ ഒഴുകേണ്ടവൾ
ഒഴുകുകയെന്നതത്രേ നിയോഗം
ആത്മവിശ്വാസത്തിന്റെ
തേരിലേറിയ പുഴയോട്‌
ആകാശത്തിന്റെ കാതരനീലിമ മന്ത്രിച്ചു
ഒഴുകുക...ഒഴുകുക....ഒഴുകി...ഒഴുകി
സ്ഫടികസമാനമാക്കുകീ ഭൂമിയെ.........................!


No comments: