Sunday, June 25, 2017

അക്ഷരപുണ്യം


നവരാത്രി നിലാവിൻപൊയ്കയിൽ
മുങ്ങിക്കുളിച്ചീറൻ ചുററി വലം -
വെച്ചു തൊഴുതു പടികളിറങ്ങി
മൗനമുടച്ച ദിനങ്ങളിൽ
സ്വർണ്ണാംഗുലീയം കൊണ്ടു നാവിൽ
കുറിച്ച ഹരിശ്രീയിൽ നിന്നും
നൃത്തം വെച്ചുയിർക്കൊണ്ട സ്വര-
ങ്ങളിന്നുമെൻ രസനയിൽ ആദ്യാ-
ക്ഷര മന്ത്രത്തിൻ മാറെറാലികളായ്


തരിമണലിലൊ, അരിയിലൊ
മോതിരവിരലിൽ തൊട്ടുമ്മ വെച്ച
അക്ഷരപുണ്യത്തിൻ കൈ പിടിച്ചിന്നും
നടക്കുന്നു, ജീവിത പെരുങ്കളിയാട്ട
കനലിൽ ചവുട്ടി ......
അറിവിൻ പുതിയ പന്തങ്ങൾ
അക്ഷരത്തിന്നാകാശ ഗീതങ്ങൾ
പകരുന്നു ത്രിപുട താളത്തിൻ
അർത്ഥവിന്യാസങ്ങളെ
പുതമുളകളായ് പൊട്ടിത്തളിർക്കുന്നു
സ്വരരാഗസുധ തൻ നാരായവേരുകളും
പിച്ചവെച്ചെത്തി അക്ഷര മധുവുണ്ടു
നാവിൽ പൊൻതരികളുമായ്
ചിണുങ്ങിയ പിഞ്ചു ബാല്യത്തിൻ
മണ്ണിൽ ചവുട്ടി നിൽക്കവെ
എത്തി നോക്കുന്നു കരിമഷിയെഴുതിയ
കടൽ നക്കിയ കാലത്തിൻ തീരങ്ങളും
മിഴികളിലഞ്ജനമെഴുതി നിൽക്കും
കുന്നിമണികൾ പോലവെ കവിയുന്നു
അക്ഷരത്തേരിറങ്ങി വന്ന സ്വപ്നങ്ങളും
തുഷാരഹാരമണിഞ്ഞു നിൽക്കും
വാക്കിന്നഗ്നിയും അമൃതും തീർക്കുന്നു
അഴലും പുണ്യവുമേകി ഹൃദയ നഭസ്സിൽ
നവമൊരക്ഷരഗീതത്തിൻ നൂപുരധ്വനികൾ:

No comments: