വിവർത്തനം...
ചില ജീവിതങ്ങൾ
അങ്ങിനെയാണ്
എത്ര ശ്രമിച്ചാലും
വിവർത്തനം ചെയ്യാൻ കഴിയാതെ
അകമുറികളിൽ
കല്ലിച്ചു കിടക്കും
കാപട്യം ,സഹതാപം
ക്രൂരത, സഹനം,
സ്നേഹം, കാരുണ്യം....
അസഹിഷ്ണുതയുടെ
എത്രയെത്ര മുഖങ്ങൾ
ഇപ്പോൾ മുഖവും
നഷ്ടപ്പെട്ട് സഞ്ചരിക്കുന്നവർ...
വിവർത്തനം ചെയ്യുമ്പോൾ
ആത്മാവ് നഷ്ടപ്പെടരുത്
ആത്മാവില്ലെങ്കിൽ
വില്ലുപോലെ
വളഞ്ഞ് മുന്നിൽ
വന്നു നിൽക്കുന്നു ചോദ്യം
ആത്മാവ് മാത്രമല്ല
ശരീരവും നഷ്ടപ്പെടരുത്
ശരീരമെത്രയോ തവണ
ദഹിച്ചു കഴിഞ്ഞത്
ചില ചിരികൾ, നോട്ടങ്ങൾ, ഭാവങ്ങൾ
ഒരിയ്ക്കലും
വിവർത്തനം ചെയ്യപ്പെടാനാകാതെ
കിടക്കും
അതിൽ ഒരായുസ്സിൻ്റെ
കനൽപ്പൂക്കൾ
തെഴുത്ത് നിൽക്കും
പരിണാമഗുപ്തിയിൽ
ഒരു സൂഫി സംഗീതത്തിൻ്റെ
അനുരണനങ്ങളെപ്പോലെ
ഉരുക്കിവാർത്തെടുത്ത
ജീവിതത്തിൻ്റെ
നേർക്കാഴ്ചകളായി
വിവർത്തനങ്ങൾക്കുമതീതമാണ്
ചില ജീവിതങ്ങളുടെ
ഭൂമി ശാസ്ത്രം..!
No comments:
Post a Comment