Thursday, February 3, 2022

മൗനവും വാക്കും

 മൗനവും വാക്കും.... ഇന്ദിരാ ബാലൻ


മൗനത്തിന് തിരശ്ശീലയിട്ടു

പറയുക വാക്കുകളുച്ചത്തിൽ

അടിയറവ് പറയാതെ

നീതിക്ക് വേണ്ടി കലഹിക്കണം

മൗനത്തിലുറഞ്ഞു പോയാൽ

കിട്ടില്ല നീതിയൊരിക്കലും

പറയാനുള്ളതാണ് വാക്കുകൾ

പറയേണ്ട നേരത്തത്

പറഞ്ഞില്ലെങ്കിൽ

പക്ഷി കണക്കെയവ

ഝടുതിയിൽ പറന്നു പോവാം

കടലെടുക്കും തീരം പോൽ

അസ്തമിക്കാം

കനവിൽ , മയക്കത്തിൽ

 വഴുതി വീഴുന്നുണ്ട്

വാക്കുകളിങ്ങനെ

അകമേ വാക്കിൻ്റെ 

ചില്ലകൾ പൂക്കുമ്പോൾ

പകർത്തിവെക്കണം വേഗം

തിക്കിതിരക്കി 

മുന്നിലെത്തുവാൻ

തിരയടിക്കുന്നുണ്ട്

വജ്റ വാക്കുകൾ...

ചുട്ടി കുത്തി, 

മെയ്ക്കോപ്പുകളണിഞ്ഞ്

കനലായും ,പാൽനുരയായും 

വേഷപ്പകർച്ചകളിൽ

രംഗവേദിയിലെത്തുന്നുണ്ടവ

അകത്തേക്ക് മടങ്ങുവാൻ

വെമ്പുന്നുണ്ട് ചിലത്

മൗനം വേണ്ടിവിടെ

വാക്കിൻ്റെ ശിഖരമായ്

പൂത്തു പടരണം

മൗനത്തിൻ അടിവേരുകൾ

പിഴുതെറിഞ്ഞ് 

വാക്കിൻ വടവൃക്ഷമായ്

നിസ്വരാമപരർക്ക്

കുടയായ് തണൽ വിരിച്ചാലും

 ഉപാസിക്കുക വാക്കിനെ

ലോകത്തിൻ ശബ്ദമായ്

ഉച്ചത്തിലുച്ചത്തിൽ പ്രതിധ്വനിച്ച്

അറിവിൻ തിരി വെളിച്ചമാവണം

മൗനത്തിൻ നാവാകണം

ചക്രവാളങ്ങൾക്കപ്പുറവും

ജ്വലിച്ചുയരണം വാക്കിൻ്റെ

പൊൻക്കതിരുകളായി....!

No comments: