Monday, January 31, 2022

നിളയോട്

 നിളയോട്.......


നിളേ ഉറങ്ങുന്നുവോ നീ

ഒഴുകുവാൻ മറന്ന് നിശ്ചലം

നിൻ വെള്ളിച്ചിലങ്ക തൻ

നിസ്വനങ്ങളുമിന്നെവിടെ?

എത്രയൂർജ്ജസ്വലയായ്

ഒഴുകിയിരുന്നവൾ

അസ്ത പ്രജ്ഞയാം കിടപ്പ്

കണ്ടതിനോവു പടരുന്നു 

ബോധകോശങ്ങളിൽ

ജട പൂണ്ട കബരീഭരം

വിഷാദച്ഛവി കലർന്ന കണ്ണുകൾ

ശോഷിച്ച നിൻ കൈകാലുകൾ

ചൈതന്യവും വറ്റിവരണ്ടു

ഒരൊറ്റ ഞൊടിയിൽ

കാകോളമെറിഞ്ഞു 

വിഷലിപ്തമാക്കി നിന്നെ

കഥകൾ ചൊല്ലി ചിരിച്ച് 

വഴുതും പരൽമീനുകൾ

മത്സ്യഗന്ധികളുറങ്ങും

വെള്ളമണൽക്കൊട്ടാരങ്ങൾ

കടും വിഷമേറ്റടിയറവ് ചൊല്ലി

ഭാരതത്തിൻ മഹിമ കേൾപ്പിച്ചോൾ

കേവലമൊരു പുഴയായല്ലാതെ

തോളോടു തോളുരുമ്മി നിന്നവൾ

പാരിൽ പൈതൃകത്തിൻ

കൊടിക്കൂറയണിഞ്ഞവൾ

പാടിപ്പുകഴ്ത്തി കവികളെത്രയോ

നിൻ പെരുമതൻ ചരിതങ്ങൾ

ഇരുട്ടുമൂടിയ വഴികളിൽ

വെളിച്ചത്തിൻ വഴിച്ചാലുകീറിയവൾ

ഗായത്രിയായും മംഗലനദിയായുമെല്ലാം

 നിൻ  പരകായപ്രവേശങ്ങളല്ലയോ

പശ്ചിമഘട്ടത്തിൽ നിന്നുമുണർന്ന്

അറബിക്കടലിലേക്ക് ലക്ഷ്യമിട്ടവൾ

പാതിവഴിയിൽ മുറിഞ്ഞു കിടപ്പൂ

പതിതന്നരികിലണയാനാകാതെ

മാരിക്കാറണിക്കോളുകൾ 

പടരുമ്പോൾ വീറോടെ

 നൃത്തമാടുന്ന വർഷപാതത്തിൽ

മാത്രം നീ വേഷപ്രച്ഛന്നയായി     മലങ്കാളിയെപ്പോൽ

 കുത്തിയൊഴുകുന്നു

മാനവർ തൻ ക്രൂരകൃത്യ-

ങ്ങൾക്കിരയായി നീയും 

സംസ്കാര സ്രോതസ്സിൻ 

ചാലു വററിച്ചു

നേടുന്നതത്രെ

 വികസനത്തിൻ 

പുതിയ തന്ത്രങ്ങൾ ...!

No comments: