ചുരം
പൊള്ളും പനിക്കിടക്കയിൽ
നിന്നും ചുരമിറങ്ങി വരുന്നുണ്ട്
ഓർമ്മകൾ തൻ ലാവകൾ
ജീവിതത്തിൻ്റെ വളവുകൾ
തിരിവുകൾ എതിരുകൾ
കോമരം കണക്കെ ഉറഞ്ഞു
തുള്ളുന്നവ, നെറ്റിയിൽ
നിന്നൊഴുകും ചുടുചോരയിൽ
കട്ട പിടിച്ചു വിറങ്ങലിച്ചു കിടന്നവ
തൃക്കണ്ണിൽ നിന്നാളിയ
തീയിൽ ദഹിച്ചു പടിഞ്ഞാറ് -
കടലിൽ മുങ്ങിത്താണ സന്ധ്യ
ശ്യാമരാവുകൾ വഴി തടഞ്ഞു
പുഴയിലേക്കെറിഞ്ഞ നക്ഷത്രങ്ങൾ
പരിഹാസക്കനലിൽ വെന്തെരിഞ്ഞവ
കരളിൽ താഴിട്ടു കരുതി വെച്ച
ത്തല്ലിക്കെടുത്തിയ കനവുകൾ
കുറുകിക്കൊണ്ടരികിലണയവെ
കൊത്തിക്കൊത്തിയാട്ടിയോർ
തിരസ്ക്കാരത്തിൻ സൂചിമുനകൾ
അധീശത്വത്തിൻ തൊഴിക്കാലുകൾ
അനാഥമായ് നട തള്ളിയോർ
വരി തെറ്റാതെ നിരതെറ്റാതെ
ദഹിക്കാതകത്ത് കനം വെച്ച്
ചീർത്ത് കിടപ്പുണ്ട്, അതിദ്രുതം
ചുരമിറങ്ങി വരുന്നുണ്ടവ ഞാനാദ്യം, ഞാനാദ്യമെന്ന് കലമ്പൽ കൂട്ടി.....!
.....
No comments:
Post a Comment