ശിവരാമൻ....
(ഇന്ന് ജൂലൈ 19.. കോട്ടക്കൽ ശിവരാമേട്ടന്റെ ഓർമ്മ ദിനം)
പകർന്നാട്ടങ്ങൾക്കായി
പടിയിറങ്ങുമ്പോൾ
തൊടിയിലെ കിളികളോടും
മുറ്റത്തെ പൂക്കളോടും
മണ്ണിന്റെ തണുപ്പിൽ
ഉറങ്ങിയുണർന്ന്
മഴയെ ക്ഷണിക്കുന്ന
തവളകളോടും
അടുക്കളയിലെ കുറിഞ്ഞിയോടും
ഉമ്മറക്കാവൽക്കാരനായ
നായയോടും
ശിവരാമൻ കുശലം
പറയുമായിരുന്നു
അന്നന്ന് കെട്ടുന്ന
വേഷത്തെ മനസ്സിലേക്കാവഹിച്ച്
തോളിലെ സഞ്ചിയുടെ
കൈയ്യൊതുക്കി
ഒന്ന് മുറുക്കിത്തുപ്പി
വെററിലച്ചെല്ലം
സഞ്ചിയിൽ വെച്ച്
പടികൾ കയറി
അരങ്ങുകളിലേക്ക്
യാത്ര തിരിക്കുന്ന ശിവരാമൻ
ഇടവഴിയിലെ നാട്ടുകാരോട്
കനമില്ലാതെ ചിരിച്ചും വർത്തമാനം പറഞ്ഞും
നടന്നു നീങ്ങുന്ന ശിവരാമൻ
പുൽനാമ്പുകൾ പോലും മഹാനടന് മുന്നിൽ ഭവ്യതയോടെ
ജീവിതകളിയരങ്ങിൽ
പകരക്കാരനായി എത്തി
അഭിനയത്തിന്റെ കൊടുമുടി
കയറിയ ലാവണ്യം
പ്രകൃതിയും അമ്മയും സ്ത്രീയും
ഒരു പോലെ തന്നിലെ
നടനിലേക്ക് ഏറ്റെടുത്ത
അഭിനയപ്രതിഭ
ഏറ്റെടുക്കലിന്റെ
പരകോടിയിൽ
ഭാവപ്രപഞ്ചം വിരിയിച്ച
ശിവരാമൻ
അരങ്ങു വെളിച്ചങ്ങളിൽ
അഭിനയത്തിന്റെ കാന്ത ശേഷിയിൽ
സമാനതയില്ലാത്ത
അരങ്ങുകളിലെ മോഹിനി
പ്രണയിനിയായും സഖിയായും
ഭാര്യയായും അമ്മയായും
പുരുഷനിൽ നിന്നും
സ്ത്രീയിലേക്കുള്ള കൂടുമാറ്റത്തിന്റെ
പകരം വെക്കാനില്ലാത്ത ചാരുതകൾ
പാതിരാവിലെ പ്രപഞ്ചത്തിന്റെ
പകർന്നാട്ടങ്ങൾ !
ഓരോ വാക്കിലും വർത്തമാനത്തിലും
" ശിവരാമൻ "
ആയിരം വട്ടം വാക്കുകളിൽ
കയറി വരുന്ന ഗുരുനാഥനും
ഗുരുത്വമായി നേടിയ
അരങ്ങുകളും
അണിയറയിലെ
കളിവിളക്കിൻ വെളിച്ചത്തിന്റെ
മിനുക്കിൽ നിന്നും
ജീവിതത്തിന്റെ
പടിയിറങ്ങിപ്പോയി
കർക്കിടകത്തിലെ
മഴമേഘങ്ങളുടെ
തിരനോട്ടം നടക്കുമ്പോൾ
ജീവതത്തിന്റെ അണിയറയിൽ
അവസാന മിനുക്കുപണിയും
പൂർത്തിയാക്കി മടങ്ങിയ
ശിവരാമൻ....
ആ അസാന്നിധ്യത്തിലും
ശിവരാമയരങ്ങുകൾ
പൂർവ്വാധികം തിരയടിച്ചു വരുന്നത്
കേൾക്കാം..... തോടിയോ
പന്തുവരാളിയോ കല്യാണിയോ
ഒക്കെയായി.....
No comments:
Post a Comment