അതിജീവനം - ഇന്ദിരാ ബാലൻ
ഊർന്നിറങ്ങാം
വിഷാദത്തിൻ
കരിനീലിമയിൽ നിന്നും
വലിച്ചു പൊട്ടിക്കാം
ഭയത്തിൻ
നെരിപ്പോടുകളേയും
പൊട്ടിമുളയ്ക്കുമിനിയും
പുതുസ്വപ്നത്തിൻ
വിത്തുകൾ
കാണാം പൂക്കും
ജീവിതവല്ലരികളെ
കേൾക്കാം കാതിൻ
മധുരമാംമീണങ്ങളേയും
ചേർത്തുവെക്കാം
കുളിരേകും
കുയിൽനാദങ്ങളേയും
കൊടും വിലാപക്കാഴ്ചകൾ -
ക്കവധി നൽകി
നയിക്കാം മനസ്സിനെ
പുതിയ തുയിലുണർത്തിൻ
താഴ് വരകളിലേക്ക്
പിടഞ്ഞുവീഴുമല്ലെങ്കിൽ
ജീവിതത്തിന്നുച്ചവെയിലിൻ
പെരുക്കങ്ങളിൽ
കെട്ടഴിച്ചുവിടുക
മുറുകി വലിയും
ബോധകോശങ്ങളേയും
ഉരുക്കഴിക്കുകയനുനിമിഷം
അതിജീവനത്തിൻ മന്ത്രങ്ങൾ
കാണണമിനിയും നമുക്കീ
ഹരിതാഭമാം ഭൂമിയെ
ചാലിക്കും നിറക്കൂട്ടിൻ
വർണ്ണ വിസ്മയങ്ങളേയും
പൊരുതി ജയിച്ചു നേടണം
പുതിയ വാഴ് വിൻ തേരൊലികൾ
കൈക്കുമ്പിളിലെതിരേൽക്കാം
മാറ്റത്തിൻ ചാന്ദ്രസ്പർശങ്ങളേയും
കൊളുത്തി വെക്കാം അതി-
ജീവനത്തിൻ തിരിവെളിച്ചങ്ങളേയും....!
No comments:
Post a Comment