അവിചാരിതമായ നക്ഷത്ര മുഹൂർത്തങ്ങൾ...
ഒരിക്കലും നിനച്ചിരിക്കാതെയാണ് ചില മുഹൂർത്തങ്ങൾ നമുക്ക് മുന്നിൽ അൽഭുതം വിതറി വന്നെത്തുക...അങ്ങിനെയുള്ള രണ്ടു ദിവസങ്ങളായിരുന്നു ഫെബ്രുവരി 19, 20 തീയതികൾ .ബാംഗ്ലൂരിലെ കൂട്ടുകാരിയും എഴുത്തുകാരിയുമായ ബ്രിജിക്കൊപ്പം ഒരു കോഴിക്കോട് യാത്ര . സുഖമില്ലാത്ത കാരണം പലകുറി ഞാനൊഴിഞ്ഞു മാറിയിട്ടും ഏതോ നിയോഗം പോലെ ആ യാത്ര അനിവാര്യമായിത്തീർന്നു. മലയാളത്തിന്റെ പ്രിയ എഴുത്തുകാരി ശ്രീമതി. കെ.പി. സുധീരയുടെ "സ്വർഗ്ഗവാതിൽ " എന്ന നോവലിന്റെ പ്രകാശനത്തിനുള്ള സ്നേഹപൂർണ്ണമായ ക്ഷണം പലതിനും സാക്ഷിയായി..... ഓർമ്മയിൽ സൂക്ഷിക്കാൻ. അഷറഫ് താമരശ്ശേരി എന്ന വലിയ മനുഷ്യൻ ദുബായിൽ മരണപ്പെടുന്നവരുടെ മൃതദേഹം എംബാം ചെയ്ത് യാതൊരു വിധ പ്രതിഫലവും സ്വീകരിക്കാതെ അവരുടെ ഇടങ്ങളിലേക്ക് അയക്കുന്നു. മരിച്ചവർക്ക് വേണ്ടി ജീവിക്കുന്ന അഷറഫ് കേന്ദ്ര കഥാപാത്രമായ ഇതിവൃത്തമാണ് സ്വർഗ്ഗവാതിൽ. മറ്റുള്ളവരുടെ അനുഭവങ്ങളിലൂടെ ജീവിതം ചമച്ചെടുത്ത ആ തൂലികക്ക് പ്രണാമം: ആ ചടങ്ങിലൂടെ പല നല്ല സുഹൃത്തുക്കളേയും കാണാൻ കഴിഞ്ഞു. അന്വേഷിയിലെ ഉദ്യോഗസ്ഥയും സുഹൃത്തുമായ അനിത, സ്നേഹ വാൽസല്യങ്ങളോടെ എപ്പോഴും കരുതലോടെ അന്വേഷിക്കുന്ന വർമ്മ സാർ... അദ്ദേഹം സമ്മാനിച്ച പുസ്തകങ്ങൾ (മാതൃഭൂമി ബുക്‌സ്) കവി നാലാപ്പാടം പത്മനാഭൻ എന്നിവരെയൊക്കെ അവിടെ വെച്ച് കണ്ടു. മറ്റു പലരേയും പരിചയപ്പെട്ടവരിൽ ഒരാളായ ബിന്ദു ഗൗരി,... ഇതൊക്കെ എന്നെ സംബന്ധിച്ച് വലിയ സന്തോഷങ്ങൾ! 20 ന് സുധീരാജിക്കൊപ്പം വൈകുന്നേരം വരെ ഞാനും ബ്രിജിയും. പ്രിയ എഴുത്തുകാരിക്കൊപ്പം പങ്കിട്ട നിമിഷങ്ങളിൽ ഒരു മണിക്കൂറോളം ജ്ഞാനപീഠ ജേതാവും എഴുത്തിന്റെ മഹാപ്രഭുവുമായ എം. ടി. ക്കൊപ്പം വീണു കിട്ടിയ അപൂർവ്വ നിമിഷങ്ങൾ. വളരെ സ്വാഭാവികമായി പല വിഷയങ്ങളിലൂടെയും സംസാരിച്ചപ്പോൾ അച്ഛനെ (വാഴേങ്കട കുഞ്ചുനായർ ) ക്കുറിച്ചും ഉള്ള ഓർമ്മകളും അദ്ദേഹം പറഞ്ഞു. ഒപ്പം കാറൽമണ്ണക്കാരനായിരുന്ന അച്ഛനെ സന്ദർശിച്ചിരുന്ന മാതൃഭൂമിയിലെ ചിത്രകാരനായിരുന്ന എ .എസ്സി നെക്കുറിച്ചും (അത്തിപ്പറ്റ ശിവരാമൻ ) സംസാരിച്ചു. അദ്ദേഹത്തിന്റെ കഥകളുടെ സമാഹാരം കയ്യൊപ്പിട്ട് വാൽസല്യപൂർവ്വം എനിക്കും ബ്രിജിക്കും നൽകി. ഇതിനൊക്കെ കാരണമായത് സുധീരാ ജിയാണ്. അവരുടെ സ്നേഹത്തിനു മുമ്പിലും വാക്കുകളില്ല.... ജീവിതത്തിലെ കണ്ണീർ മായ്ച്ചു കളയുന്നത് ചിലപ്പോൾ ഇത്തരം സന്തോഷങ്ങളാണ്. ഈ യനുഭവം അക്ഷരങ്ങളിലൂടെ കുറിച്ചിടാൻ കിട്ടിയ ഈ നിമിഷങ്ങൾ എന്റെ ജീവിതത്തിൽ അപ്രതീക്ഷിതമായി വന്നു മിന്നിയ നക്ഷത്ര ശോഭ തന്നെയാണെന്ന് കുറിച്ചു കൊണ്ട് സ്നേഹം തന്ന വാൽസല്യം തന്ന പരിഗണന തന്ന എന്നെ മനസ്സിലാക്കിയവർക്ക് ആദരങ്ങളർപ്പിച്ചു കൊണ്ട് വാക്കുകൾക്ക് വിരാമം കുറിക്കുന്നു...
ഇന്ദിരാ ബാലൻ
No comments:
Post a Comment