Friday, June 4, 2021

 സുകൃതം ....ഇന്ദിരാ ബാലൻ

ഉറങ്ങാതെയുണർന്നിരിപ്പുണ്ട്
ദീപ്തമാമൊരു മുഖം മനസ്സിൽ
അമ്മയെന്ന രണ്ടക്ഷരത്തിൻ
വ്യാപ്തിയായ് അമൃതമഴയുതിർത്ത്
കണ്ണിലൊളിപ്പിച്ച കടൽ നാദങ്ങളായ്
വാക്കുകളിലലിയും പുഴയലകളായ്
നേരിന്നൊളി പകരും കനലുകളായ്
പ്രപഞ്ചതാളത്തിൻ ശംഖുനാദമായ്
വാൽസല്യം ചുരത്തും പാൽമണമായ്
ഒന്നു കാണുവാനൊന്നു മിണ്ടുവാൻ
തുടിക്കാറുണ്ടെൻ മനമെന്നുമെന്നും
വഴിയേറെ നടന്നു രാപ്പകലുകൾ
കടൽ കടന്നു പോയിവർഷങ്ങളും
രാവിൻ മൗനത്തിൻ പേക്കിനാപ്പക്ഷി
വന്നു നെഞ്ചു കൊത്തിപ്പറിക്കുമ്പോൾ
ചാരത്തണഞ്ഞു സ്നേഹമുത്തം
ചൊരിഞ്ഞു പൊതിയാറുണ്ടമ്മ
വാക്കിൻ ശക്തിയേകി മനസ്സിൻ
ചില്ലകൾ പൂത്തു വിരിയിക്കാറുണ്ട്
അരികെ വരില്ലയിനിയെന്നറിവെങ്കിലും
പേർത്തും കൊതിപ്പൂ ഞാനാ നെഞ്ചിലെ
ചൂട് നുകർന്നൊന്നു കൂടിയാ മടി -
ത്തട്ടിലെ താരാട്ടിന്നീണമായീടുവാൻ ....!

No comments: