Tuesday, January 5, 2010

ആസ്വാദനം------ഇന്ദിരാബാലൻ

സീതയെക്കാളിഷ്ടം ദ്രൗപദിയെ(ഒറിയ നോവലിസ്റ്റ്‌ പ്രതിഭാറായിയുടെ "ദ്രൗപദി" എന്ന നോവലിനെ മുൻനിർത്തി ഒരാസ്വാദനം)


"സ്ത്രീയെന്നും ആദരിക്കപ്പെടേണ്ടവളാണെന്ന്‌ പൗരാണിക മതം ഉദ്‌ഘോഷിക്കുമ്പോഴും അവളെന്നും പ്രത്യേക അഴികൾക്കുള്ളിൽ നിന്ന്‌ പീഡിപ്പിക്കപ്പെടുകയാണെന്ന സത്യം നാം വിസ്മരിച്ചു കൂടാ. "ശക്തി" യെന്നതു കൊണ്ടുദ്ദേശിക്കുന്നത്‌ ധാർമ്മികമാണെങ്കിൽ അത്‌ പുരുഷനേക്കാൾ ഒരു പടി ഉയരത്തിലാണ്‌ സ്ത്രീയിലെന്ന്‌ മഹാത്മാഗാന്ധി പോലും പറഞ്ഞിട്ടുണ്ട്‌. മൃഗീയ ശക്തിയാണെങ്കിൽ പുരുഷനിലുള്ളത്രയും മൃഗീയത സ്ത്രീയിലില്ലതാനും. മൃഗങ്ങൾ അവരുടെ അതിജീവനത്തിനു വേണ്ടി കൊന്നു തിന്നുമ്പോൾ , മനുഷ്യൻ സ്വാർത്ഥലാഭങ്ങൾക്കു വേണ്ടി ആ ഹീനകൃത്യം ചെയ്യുന്നു. അപ്പോൾ വിവേചനശക്തിയില്ലാത്ത മൃഗത്തിനേക്കാൾ മനുഷ്യൻ അധഃപതിക്കുന്നു. മനനം ചെയ്യുന്നവനാണല്ലോ മനുഷ്യൻ. നിസ്വാർത്ഥവും, ലളിതവും, ആത്മനിയന്ത്രണവും , പ്രാർത്ഥനാനിർഭരവുമായ ഒരു ജീവിതത്തിൽ നിന്നേ ഉദാത്തമായ മാനസിക ഭാവം കൈവരു.



എന്നും രാമായണ മഹാഭാരതാദികൾ വായിച്ചു വളർന്ന ഒരു കുടുംബാന്തരീക്ഷത്തിലായിരുന്നു എന്റെ ജനനവും. കുട്ടിക്കാലത്തെ ഏറെ വായിച്ചതു്‌ രാമായണത്തിനേക്കാൾ ,മഹാഭാരതമായിരുന്നെന്നു പറയാം. അന്നേയുള്ള വായനയിൽ നിന്നും മനസ്സിലേറെ പതിഞ്ഞു നിന്നത്‌ സീതയേക്കാളേറെ ദ്രൗപദിയായിരുന്നു. വളരുന്തോറും ദ്രൗപതിയോടുള്ള ഇഷ്ടം കൂടി ആദരവും ആരാധനയുമായി. അത്രയും ശക്തയായ ഒരു കഥാപാത്രത്തിനൊപ്പം തുലനം ചെയ്യുവാൻ ഇക്കാലത്തെ വായനക്കിടയിൽ മറ്റൊരു കഥാപാത്രത്തെ എനിക്കു കാണാൻ കഴിഞ്ഞിട്ടില്ല. ലോക ക്ലാസ്സിക്കുകളിൽ ശക്തരായ സ്ത്രീ കഥാപാത്രങ്ങളുണ്ടേങ്കിലും. ദ്രൗപദിയോടൊപ്പം ചേർത്തു വെക്കാന്‍ കഴിഞ്ഞിട്ടില്ല.

അസാധാരണത്വം കൽപ്പിക്കാതെ സാധാരണ സ്ത്രീകളുടെ തലത്തിൽ വെച്ചു നോക്കിയാലും അഗ്നി നക്ഷത്രം പോലെ ജ്വലിച്ചു നിൽക്കുന്നത്‌ ദ്രൗപദി തന്നെയാണെന്ന്‌ നിസ്സംശയം പറയാം. ഈ അഭിപ്രായം വ്യക്തിപരം മാത്രം. പുനർ വായനയിലൂടേയും, വ്യത്യസ്ത നിരീക്ഷണങ്ങളിലൂടേയും കേരളത്തിലെ കഥകളിയരങ്ങിലൂടേയും ദ്രൗപദി അവതരിപ്പിക്കപ്പെടുമ്പോൾ .ശ്രേഷ്ഠവും കരുത്തുറ്റതുമായ ആ കഥാപാത്രത്തിനോട്‌ മനസ്സ്‌ ഇഴുകിച്ചേർന്നു. ഏകാന്തതയിൽ പലപ്പോഴും ദ്രൗപദി എന്റെ ചിന്താമണ്ഡലത്തിൽ കടന്നു വരാറുണ്ട്‌. അവരനുഭവിച്ച സംഘർഷങ്ങളും , വിഹ്വലതകളും എന്നെ വല്ലാതെ വീർപ്പു മുട്ടിക്കുന്നതു പോലെ പലപ്പോഴും അനുഭവപ്പെട്ടിരുന്നു. തിരിച്ചും മറിച്ചും വായിക്കുമ്പോഴും ഒരിക്കലും മായാത്ത ശക്തിയായി തന്നെ അവർ നിലകൊണ്ടു. ത്യാഗവും, സഹനവും, സ്നേഹവും ആവോളം നൽകിയിട്ടും ദ്രൗപദിക്കു നീതി ലഭിച്ചുവോ?പലയവസരങ്ങളിൽ അധിക്ഷേപത്തിന്നിരയാകുമ്പോഴും യജ്ഞകുണ്ഠത്തിൽ നിന്നും പിറന്നവൾ യാഗാഗ്നിയിലെ ഹവിസ്സായി ഉരുകുകയായിരുന്നില്ലേ? "കുരുക്ഷേത്ര യുദ്ധത്തിന്‌ ദ്രൗപദിയാണ്‌ കാരണമായിത്തീരുന്നതെന്ന കുറ്റം അവൾക്കു മേൽ പതിയുന്നു"നൃശംസരായ കൗരവന്മാരുടെ പിടിയിൽ നിന്ന്‌ ലോകത്തെ രക്ഷിക്കാൻ വേണ്ടി നടത്തിയ വേദന നിറഞ്ഞ ഒരു ശസ്ത്രക്രിയയായിരുന്നു മഹാഭാരത യുദ്ധം "എന്നാണ്‌ ഒറിയ നോവലിസ്റ്റായ പ്രതിഭാറായ്‌ തന്റെ ദ്രൗപദി എന്ന നോവലിലൂടെ അനാവരണം ചെയ്യുന്നത്‌ .ലോകത്തെ രക്ഷിക്കാനും ശാന്തിയും, ഐക്യവും പുനഃസ്ഥാപിക്കുവാനും ആവശ്യമായ നടപടികളെടുക്കാനുമാണ്‌ ദ്രൗപദി പാണ്ഡവരെ പ്രേരിപ്പിച്ചതു്‌. അല്ലാതെ വെറുമൊരു വ്യക്തിവൈരാഗ്യത്തിന്റെ കഥയല്ലെന്ന്‌ നോവലിസ്റ്റ്‌ വ്യക്തമാക്കുന്നു. എണ്ണമറ്റ യാതനകളും ,അപമാനങ്ങളും നേരിട്ടിട്ടും ദ്രൗപദി പിൻതിരിയുകയോ വിശ്രമിക്കുകയോ ചെയ്തിട്ടില്ല. ദ്രൗപദിയുടെ വാക്കുകളിലൂടെ............................."എനിക്കു വേണമെങ്കിൽ സീതാദേവിയെപ്പോലെ ഭൂമി മാതാവിന്റെയുള്ളിൽ അഭയം തേടാമായിരുന്നു. "എന്നാലത്‌ തന്റെ ജന്മോദ്ദേശ്യത്തിന്‌ കടകവിരുദ്ധമായിത്തീരുമെന്ന്‌ മനസ്സിലാക്കുന്നു. ജീവിത പ്രതിസന്ധികളിൽ മനുഷ്യർ ആത്മഹത്യകളിൽ ഒടുങ്ങന്നതിനു പകരം ,ഒരു നിമിഷം തന്റെ ജന്മ നിയോഗത്തെക്കുറിച്ച്‌ കൂലങ്കഷമായി ചിന്തിച്ചാൽ എത്രയെത്ര ആത്മഹത്യകളൊഴിവാക്കാം.അതീന്‌ അനിവാര്യമായിട്ടുള്ളത്‌ മാനസികശക്തിയാണ്‌. ദ്രൗപദിയെ വായിക്കുമ്പോൾ വായനക്കരനും അവരുടെ മാനസികച്ചിന്തകള്‍ക്കൊപ്പം വന്നുചേരുന്നതു പോലെ. മഹത്തായ ലക്ഷ്യത്തിനു വേണ്ടി ഏതൊരാളും സ്വാർത്ഥം ത്യജിക്കണം എന്നും മനസ്സിലാക്കാനാവുന്നു.

ഈ നോവലിൽ കൃഷ്ണനും കൃഷ്ണയും തമ്മിലുള്ള സഖാസഖീബന്ധം അതുല്യവും അന്യാദൃശവുമാണ്‌. നിർവ്വചനങ്ങൾക്കതീതമാണ്‌ ആ ബന്ധം. പ്രക്ഷുബ്‌ധമായ ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും ശത്രുതയും രക്തച്ചൊരിച്ചിലും ഭയാനകമായ ഹിംസയും യുദ്ധവും കാണുകയും അനുഭവിക്കുകയും ചെയ്യുമ്പോഴും ശാശ്വത സമാധാനത്തിനു വേണ്ടി ദ്രൗപദിയുടെ ഹൃദയം കേഴുകയായിരുന്നു. അപ്പോഴും അവർ പ്രാർത്ഥിക്കുന്നത്‌ "യുദ്ധത്തിന്റെ മേഘങ്ങൾ ലോകത്തിൽ പറക്കാതിരിക്കട്ടെ ,മനുഷ്യരുടെ നിസ്സാരമായ അഭിപ്രായവ്യത്യാസങ്ങൾ മൂലം ഇന്ദ്രപ്രസ്ഥവും ഹസ്തിനാപുരവും ഒരു പോലെ ഈ ഭൂമി ഛിന്നഭിന്നമാകാതിരിക്കട്ടെ എന്നാണ്‌"`. ഇത്‌` എത്രമേൽ നിസ്വാർത്ഥമായ പ്രാർത്ഥനയാണ്‌.
ഒരു പെണ്ണായി ജനിച്ചതിന്റെ നിസ്സഹായത ജീവിതത്തിൽ പലപ്പോഴും അനുഭവിക്കുന്നതോടുകൂടി ,പുരുഷാധിപത്യം നിറഞ്ഞ ഈ ലോകത്തിൽ സൗന്ദര്യമുള്ള ഒരു സ്ത്രീയുടെ ജീവിതം ശപിക്കപ്പെട്ടതാണെന്നും ദ്രൗപദി തിരിച്ചറിയുന്നു. അനുഭവിച്ച നരകയാതനക്കെല്ലാം സൗന്ദര്യം തന്നെ ഒരു കാരണമായിത്തീരുന്നു. സ്ത്രീ വെറുമൊരു വിൽപ്പന ചരക്കാണോ? അവൾക്ക്‌ സ്വതന്ത്രമായ വ്യക്തിത്വമില്ലേയെന്നും കൗരവസഭയിൽ അധിക്ഷേപത്തിന്നിരയാകുമ്പോള്‍ ഈ കഥാപാത്രം ചോദിക്കുന്നുണ്ട്‌. സ്ത്രീയുടെ ധാർമ്മിക രോഷം തന്നെയാണിവിടെ പ്രതിഫലിക്കുന്നത്‌. വർത്തമാനകാലത്ത്‌ പുരോഗമന പ്രസ്ഥാനങ്ങളും ,സ്ത്രീ ശാക്തീകരണങ്ങളും തഴച്ചു വളരുമ്പോഴും സ്ത്രീ ചൂഷണത്തിന്നിരയായി പീഡനങ്ങളനുഭവിക്കുന്നു. ഈയവസരത്തിൽ സ്ത്രീ ജന്മത്തെ തന്നെ വെറുക്കപ്പെടുന്ന സ്ത്രീകളിൽ നിന്നും ദ്രൗപദി വ്യത്യസ്തയാകുന്നത്‌ ഇവിടെയാണ്‌. നോക്കുക, ഇത്രയൊക്കെ അനുഭവിച്ചിട്ടും അടുത്ത ജന്മത്തിലും താൻ സ്ത്രീയായി ജനിക്കണമെന്ന്‌ തന്നെ മോഹിക്കുന്നു. അത്‌ വിചിത്രമല്ല. സ്ത്രീ അമൃത ജനനിയാണെന്ന ബോധം കൂടിയാണ്‌. സ്ത്രീക്കു മാത്രമെ മുലപ്പാലിന്റെ രൂപത്തിൽ കുഞ്ഞിന്റെ വായിലേക്ക്‌ അമൃതു പകരാൻ കഴിയു. മതൃത്വത്തിന്റെ നിർവ്വിശേഷമായ മഹത്വമാണിവിടെ ദൃശ്യമാകുന്നത്‌.



അഞ്ചു പേർ ഭർത്താവായിട്ടുള്ളവൾ എന്ന സമൂഹത്തിന്റെ അധിക്ഷേപത്തിനും ദ്രൗപദി ഇരയാവുന്നു. പതിവ്രതയിൽ നിന്നും വ്യഭിചാരിണിയെന്ന പേര്‌ കൽപ്പിക്കുന്നു. അത്‌ പഞ്ചഭൂതങ്ങളാണെന്ന സത്യം അറിഞ്ഞുകൊണ്ടു തന്നെ മറക്കപ്പെടുന്നു. ഓരോ സ്വഭാവവും ഒന്നിൽ നിന്ന്‌ ബഹുടൂരത്തിലാണ്‌. അവയോരോന്നുമായി സമരസപ്പെട്ടുപ്പോകുക എന്ന ദുഷ്ക്കരമായ കൃത്യം ദ്രൗപദിയുടെ ജീവിതത്തിലുടനീളം സംഭവിക്കുന്നു. വിഭിന്ന സ്വരങ്ങളെ സ്വരൈക്യത്തിലേക്ക്‌ നയിക്കുകയാണ്‌ ദ്രൗപദിയുടെ കർത്തവ്യം. അത്‌ അവർ വിജയകരമായി നിർവ്വഹിക്കുവാൻ ശ്രമിക്കുന്നുണ്ട്‌. ഏതവസ്ഥയോടും സ്ത്രീ പൊരുത്തപ്പെടുക എന്ന ഒരർത്ഥവും ഇവിടെ നിഴൽ വിരിക്കുന്നു. ഓരോ സന്ദർഭത്തിലും ആത്മസംയമനം പാലിച്ച്‌ നീതിബോധത്തോടെ ജീവിച്ച ദ്രൗപദിയെ ആർക്കാണിഷ്ടപ്പെടാതിരിക്കുക. ! മനസ്സിന്റെ വേദനകളത്രയും പകരുന്നത്‌ ബന്ധുവും, ആത്മമിത്രവുമായ ശ്രീകൃഷ്ണനോടാണ്‌. "ധനം, ഐശ്വര്യം, സാമർത്ഥ്യം, യശസ്സ്‌ ,സുഹൃത്തുക്കൾ. ബന്ധുക്കൾ, ഭർത്താവ്‌ ,പുത്രൻ, പുത്രി, ഭാര്യ, ഈ കൂട്ടത്തിൽ വേദനയറിയുന്ന ഒരു ബന്ധു ഉണ്ടായിരിക്കേണ്ടതാവശ്യമാണ്‌. സുഖത്തിൽ സുഖം ചാലിച്ച്‌ ആനന്ദം നൂറിരട്ടിയാക്കുകയും ,ദുഃഖത്തിൽ പങ്കു ചേർന്ന്‌ വ്യഥ കുറക്കുകയ്യും ചെയുന്ന ബന്ധു."എന്ന്‌ നോവലിസ്റ്റ്‌ ദ്രൗപദിയിലൂടെ സൂചിപ്പിക്കുന്നു. ആ മിത്രമാകുന്നത്‌ കൃഷ്ണനാണ്‌. ഹൃദയാലുവായ മിത്രത്തിന്റെ മുന്നിൽ മനസ്സു തുറന്നാൽ ഹൃദയം ആകാശം പോലെ സ്വതന്ത്രവും, ഉദാരവും ,പ്രകാശപൂർണ്ണവുമായിത്തീരും. എന്നാൽ മറ്റുള്ളവരുടെ മനസ്സറിയുന്ന ഗോവിന്ദനോട്‌ ഒന്നും പറയേണ്ടി വരുന്നില്ല. അദ്ദേഹത്തെ കാണുമ്പോള്‍ തന്നെ ഉദയസൂര്യന്റെ സ്പർശമേറ്റ്‌ ഇതൾ വിരിയുന്ന പൂവു പോലെ മനസ്സ്‌ താനെ തുറക്കുമെന്നാണ്‌ ദ്രൗപദിയുടെ മതം. ഗോവിന്ദന്റെ മുമ്പിൽ ദ്രൗപദിയുടെ എല്ലാ വ്യഥകളും അറിയാതെ തന്നെ അനാവൃതമാകുന്നു.



ദ്രൗപദിയുടെ അഭാവത്തിൽ അഞ്ചുപേരും അനുഭവിക്കുന്ന സംഘർഷങ്ങൾ പലവിധ ഭാവഹാവാദികളോടെ ദ്രൗപദിയോടേറ്റുമുട്ടുന്നു. നിപുണതയോടെ അവരനുഭവിക്കുന്ന പലവിധ നോവുകളുടെ ആഴം സീമാതീതമായി വരച്ചുകാണിക്കുവാൻ നോവലിസ്റ്റിന്‌ കഴിഞ്ഞിട്ടുണ്ട്‌. ഭൂമിയിൽ ധർമ്മ സംസ്ഥാപനാർത്ഥം പഞ്ച പാണ്ഡവരുടെ ഭാര്യയായി എന്നതിനാൽ ഐവരോടും പൊരുത്തക്കേടുകൾക്കിടയിലും സമരസപ്പെടുവാൻ അവർ തയ്യറാവുന്നു. വിയോജിപ്പിനേയും യോജിപ്പാക്കി മാറ്റുന്ന അസാധാരണ വൈഭവം ഈ ശക്തയായ കഥാപാത്രത്തിലൂടെ അഭിദർശിക്കാം.





സ്ത്രീത്വത്തിന്റെ സമസ്യകൾക്കെതിരെ പോരാടുന്ന സ്ത്രീ ചിത്തത്തിന്റെ ആവിഷ്ക്കാരം മാത്രമല്ല പ്രതിഭാറായിയുടെ "ദ്രൗപദി" .ലോകമെമ്പാടുമുള്ള മനുഷ്യവർഗ്ഗത്തിനുവേണ്ടി സംസാരിക്കുന്ന ഒരാധുനിക മനസ്സാണ്‌ "ദ്രൗപദി"യെന്ന നോവലിലൂടെ ആവിഷ്‌കൃതമാകുന്നത്‌. സ്ത്രീ, ആര്യവനിത, രാജ്ഞി എന്നിങ്ങനെയുള്ള ഇടുങ്ങിയ വേലിക്കെട്ടുകൾ ഭേദിച്ച്‌ വയസ്സ്‌, വർഗ്ഗം‌, ജാതി, മുതലായ വിഭാഗീയതകള്‍ തകർത്ത്‌ മുന്നോട്ടു വരുന്ന മാനവികതയാണത്‌. മഹാഭാരതത്തിൽ നിന്നും തികച്ചും വ്യത്യസ്തയായ ദ്രൗപദിയാണ്‌ ` പ്രതിഭാറായിയുടേത്‌. അവൾ അടിച്ചമർത്തപ്പെട്ടവരുടെ ,മൗനങ്ങളുടെ രസനയാകുന്നു. പ്രതികൂലാവസ്ഥയിലും നിർഭയത്വവും , ധീരതയും കാഴ്‌ച വെച്ച ദ്രൗപദി സ്ത്രീ വർഗ്ഗത്തിനു തന്നെ അഭിമാനമാണ്‌. നീതി ലഭിക്കേണ്ട ഈ ലോകത്ത്‌ ദ്രൗപദിയെ അറിയുകയും, പഠിക്കുകയും ആവശ്യമാണ്‌. വെറും വായനയല്ല. പല തലങ്ങളിലൂടേയും ,സൂക്ഷ്മനിരീക്ഷണത്തോടെ അപഗ്രഥനാത്മകമാക്കണം. സ്ത്രീകൾ കരുത്തുറ്റവരും ,നന്മതിന്മകളെ തിരിച്ചറിഞ്ഞ്‌ ലോകത്തിനു ദീപവുമായിരിക്കണം. നിത്യവും ലോകത്തിലെല്ലായിടത്തും , മനുഷ്യനുള്ളിലും, പുറത്തുമൊരു കുരുക്ഷേത്രയുദ്ധം നടന്നുകൊണ്ടിരിക്കുന്നു. എല്ലാവിധ അന്യായങ്ങൾക്കും മനുഷ്യത്വമില്ലായ്മക്കുമെതിരെ ദ്രൗപദിയെ പോലെ പോരാടാനുള്ള കരുത്ത്‌ സജ്ജമാക്കുക. എന്നേ ഹൃദയത്തിൽ അവരോധിച്ച ദ്രൗപദിയുടെ കരുത്തിനിപ്പോൾ മാറ്റ്‌ കൂടിയിരിക്കുന്നു. വായനയുടെ അന്ത്യത്തിൽ നീറിപിടിക്കുന്ന ഒരു നോവാകുമ്പോഴും , കടുത്ത മഞ്ഞായും, മഴയായും, വേനലായും .......വ്യത്യസ്ത ഭാവപ്പകർച്ചകളുടെ ശക്തിസ്രോതസ്സായി ദ്രൗപദി എന്റെ മനസ്സിന്റെ മുറ്റത്ത്‌ അഭൗമപ്രഭയോടെ നിറഞ്ഞു നിൽക്കുന്നു.

No comments: