Friday, June 4, 2021

 അഹല്യ ...ഇന്ദിരാബാലൻ

വിജനമാം തമോവീഥിയിലൂടെ
ശരവേഗത്തിലെത്തുമൊരു
തുരഗരഥത്തിൻ കുളമ്പടിക്കായ്
കാതോർത്തിരിപ്പൂ ബാഷ്പാകുലയിവൾ
ഗ്രീഷ്മവും വർഷവും ഹേമന്തവും
പെയ്തു നിർവ്വേദമന്ത്രമായവൾ
നിൽക്കയാണഞ്ജലീബദ്ധയായ്
ഇരുൾ ചൂഴുമീ വിപിനമധ്യേ
അശ്വാരൂഢനായിങ്ങെത്തുന്ന
അനിവാര്യമാം സത്യത്തിൻ
പാദപാംസുക്കളെ ധ്യാനിച്ചു
ആനത മൗലിയായി തീർന്നിവൾ
ചിത്തേ നിരൂപിക്കാത്തോരു പിഴയാൽ
തിരസ്കൃതയായപമാനിതയായ്
പതിപ്പൂ അശനിപാതമായ്
ശിരസ്സിങ്കൽ ഘോരശാപാഗ്നിയും
ശാന്തവീഥിതൻ ധാമമായൊരീ
ഉടജത്തിലെ ശിലാ മൗനമായവൾ
അഴലിൻ നീരുതിരുന്നു മന്നിൽ
ശാപരഹിത വേളയുമെണ്ണിയെണ്ണി
ഉണരുന്നൊരു മഹാഗീതി തൻ
ഞാണൊലി തീർക്കും പൂരുഷാ
കദനനിർഭരയാമിവൾക്കു കൊടുക്ക
ശാപമോക്ഷവും വൈകാതെ

No comments: