Sunday, June 20, 2010

സ്നേഹഗംഗ

ഉച്ചസൂര്യൻ
തെല്ലൊന്നു ചാഞ്ഞപ്പോൾ
ഭൂതലമൊന്നു
മയക്കത്തിലാണ്ടപ്പോൾ
പാതി മയക്കം
മിഴികളെ പുൽകി
ഉൾത്താപമൊഴിഞ്ഞു മനം
സ്വച്ഛന്ദം പറക്കവെ
ആരിതെന്നെ
വന്നു തലോടുന്നു
കോമളമൃദു പല്ലവ-
പുടങ്ങളാലെ
അത്ഭുതസ്തബ്ധയായ്‌
നിൽക്കുന്ന ഞാൻ
മുന്നിലെ മായിക-
ക്കണ്ണാടിയിൽ കാണുന്നതെന്തഹൊ...
വിസ്മയ കാന്തി
ചൊരിഞ്ഞു തെല്ലൊരു
മന്ദഹാസം പൂണ്ടു
വന്നു നിൽപ്പതെൻ ചാരത്തു
സ്നേഹഗംഗയാം
ചാരുസ്വരൂപിണിയമ്മ.............
താരാട്ടുപാട്ടു
കുറുക്കിയൊഴിച്ചൊരാ
വെണ്ണക്കല്ലോലുമങ്ക-
ത്തിലമർന്നിരുന്നു
ഇത്തിരികൂടിയാ-
നെഞ്ചിലെ മധുരമുണ്ണുവാൻ
ഉൽക്കടാവേശത്തിൻ
ചിറകു വിടർത്തുന്നിതെൻ മനം
വചനപീയൂഷധാരയാലീ-
മഹീതലത്തെ ,നിധി-
കുംഭമാക്കിയാ മഹിത സ്നേഹം
ചെന്തീയിലുരുകുന്ന
നെഞ്ഞകത്തിന്നൊരു
സാന്ത്വന കുളിർ-
സങ്കീർത്തനമായി...
ഒരു മാത്ര തീർന്നതില്ലതിൻ മുൻപേ
നിനയാതെ നീണ്ടൊരാ-
തീനാവുകൾ ,
ശിഥിലമാക്കിയെൻ
സ്നേഹ കല്ലോലത്തെ......
താരാട്ടിൻ ശീലായിറങ്ങി-
വന്നൊരാ മായികക്കാഴ്ച തൻ-
കണ്ണാടിയും മറഞ്ഞുപോയി
കരിമുകിൽ മാലകൾക്കുള്ളിലേക്കായ്‌...............

No comments: