Saturday, June 26, 2010

രുദ്രതാളം

കനലുതിരും രുദ്രതാളത്തിലമർന്നു
കടുന്തുടികൊട്ടിയുണരുന്നു ജീവിതങ്ങൾ
രുധിരദാഹം മൂത്തു ജടയഴിച്ചു ചടുലമായ്‌
ചുടലനൃത്തമാടി രക്തവർണ്ണമാക്കുന്നു പകലിരവുകളെ.............


നോവിൻ ഞണ്ടുകളിറുകുന്നു ഹൃത്തടങ്ങളിൽ
മൗനവാത്മീകങ്ങളിലൊളിയുന്നു ദീപശിഖകളും
പാഴ്‌ത്തിരകളായവശേഷിപ്പൂ പലരും
ചിറകൊടിയും ചിന്തകൾ പേറി വ്രണിതമനസ്ക്കരായ്‌................


കൂരിരുൾ പാകി നന്മ തൻ കാന്തിയകറ്റി
പടർന്നുകയറുന്നധർമ്മത്തിൻ വേരുകൾ വേടുകളായി
സപ്തവർണ്ണത്തിൻ വില്ലു വിരിയിക്കുവാൻ
വെളിച്ചം വിതറുന്ന പകലോൻ തൻ വീചികളെവിടെ?...........


കൈമുകുളങ്ങളുയർത്തി നഗ്നമാം വാനം നോക്കി
വിലപിപ്പൂ നീരിന്നുഴറും വേഴാമ്പൽപ്പോലനേകർ
മറയുന്നു സ്മേരവക്‌ത്രങ്ങൾ തീർക്കുന്നു രുധിരക്കളങ്ങൾ
ഉഴുതു മറിക്കുന്നു ശാന്തികവാടങ്ങളെ.................


ഗർത്തങ്ങളിലേക്കിഴയുന്നു വെളിച്ചത്തിൻ വിരലുകൾ
അന്ധതമിസ്രമാകുന്നു അപരാഹ്‌നങ്ങളും
കനലിൽ നിന്നൊരുനെയ്‌ത്തിരിനാളമുയരുന്നുവോ
ശുഭകാമന തൻ പൂക്കളം തീർക്കാനായ്‌.....................

2 comments:

Anonymous said...

കിടിലന്‍ പോസ്റ്റ്‌...
നിങ്ങളുടെ ഈ പോസ്റ്റ്‌ എനിക്ക് വളരെ ഇഷ്ടപ്പെട്ടു.
മലയാളത്തിലുള്ള പോസ്റ്റുകള്‍ ഇനിയും പ്രതീക്ഷിക്കുന്നു...
സസ്നേഹം
അനിത
JunctionKerala.com

ഭൂതത്താന്‍ said...

"ഗർത്തങ്ങളിലേക്കിഴയുന്നു വെളിച്ചത്തിൻ വിരലുകൾ
അന്ധതമിസ്രമാകുന്നു അപരാഹ്‌നങ്ങളും
കനലിൽ നിന്നൊരുനെയ്‌ത്തിരിനാളമുയരുന്നുവോ
ശുഭകാമന തൻ പൂക്കളം തീർക്കാനായ്‌....................."

നമുക്ക് പ്രത്യാശിക്കാം ചേച്ചി ...നല്ല വരികള്‍ ..പെട്ടെന്ന് മനസ്സിലാകുന്നവയും ..ഇനിയും പ്രതിക്ഷിക്കുന്നു നല്ല വരികള്‍

ഓ .ടോ : ഈ വേഡ് വെരി ഒഴിവാക്കിക്കൂടെ ചേച്ചി