Friday, July 13, 2012

അത്താണി



പണ്ട്‌........
നിന്നെ മറികടക്കാതെ
മറ്റൊരു വഴിയിലെത്താനാവുമായിരുന്നില്ല.
ജീവിതത്തിന്റെ ധൃതിഗതികളിൽ
നീയൊരനാവശ്യമായിരുന്നു
പക്ഷേ തളർച്ചയിൽ
നീ-അത്യാവശ്യമായിരുന്നു
കിതപ്പാറ്റാൻ, നോവുകളഴിക്കാൻ, ചുമടുകളിറക്കാൻ
നേരമ്പോക്കുകൾ പറയാൻ
വിരസതകൾക്ക്‌ യാത്ര ചൊല്ലി
ദിവാസ്വപ്നങ്ങളുടെ കൂടൊരുക്കാൻ
അടഞ്ഞുകിടക്കുന്ന വഴികളുടെ
കനത്ത വാതിലുകൾ തള്ളിത്തുറന്ന്‌
പുതിയ വഴികൾ നെയ്തെടുക്കാൻ
കാറ്റിനേയും വെളിച്ചത്തേയും സ്വീകരിക്കാൻ
എല്ലാം ...നിന്റെ സാന്നിധ്യം അനിവാര്യമായിരുന്നു
ജീവിതത്തോടിത്രയും ഇഴുകിച്ചേർന്നിരുന്ന നീ
ഇന്നെവിടെയാണ്‌?
വികസനത്തിന്റെ വേഗവഴിയിൽ നിന്നും
നീ പറിച്ചെറിയപ്പെട്ടിരിക്കുന്നു
നിന്നെ തിരയാനോ കണ്ടെത്താനോ
ആധുനികകാലത്തിന്റെ കരങ്ങൾക്ക്‌
നേരമില്ല.....

പറിച്ചെറിഞ്ഞെങ്കിലും നിന്റെ സ്വത്വത്തെ
ആരാലും നിഷേധിക്കാനാവില്ല
ഓർമ്മകളിൽ നിനക്കേറെ തിളക്കമുണ്ട്‌
താങ്ങും തണലുമായിരുന്ന
നിന്റെ പേര്‌ പച്ചകുത്തിയിട്ടതുപോലെ(അത്താണി)


അത്താണികൾ നഷ്ടപ്പെട്ടവരാണ്‌
ഇന്നിന്റെ സന്തതികൾ
നിന്റെ ഇടങ്ങൾ
ആർദ്രത വറ്റിയ
പരിഷ്ക്കാരത്തിന്റെ സിമന്റുബഞ്ചുകൾ
കയ്യേറിയിരിക്കുന്നു...


No comments: