Friday, February 17, 2017

നൂപുരധ്വനി


നവരാത്രി നിലാവിൻ പൊയ്കയിൽ
മുങ്ങിക്കുളിച്ചീറൻ ചുറ്റി വലം
വെച്ചു തൊഴുതു പടികളിറങ്ങി
മൗനമുടച്ച ദിനങ്ങളിൽ
സ്വർണ്ണാംഗുലീയം കൊണ്ടു നാവിൽ
കുറിച്ച ഹരിശ്രീയിൽ നിന്നും
നൃത്തം വെച്ചുയിർക്കൊണ്ട സ്വര
ങളിന്നുമെൻ രസനയിൽ
ആദ്യാക്ഷരമന്ത്രത്തിൻ മാറ്റൊലികളായ്‌


തരിമണലിലൊ,അരിയിലൊ
മോതിരവിരൽ കൊണ്ടെഴുതിച്ച
സാരസ്വതസുകൃതത്തിൻ കൈ
പിടിച്ചിന്നും നടക്കുന്നു ജീവിത
പെരുംങ്കളിയാട്ട കനലിൽ ചവുട്ടി
അറിവിൻ പുതിയ പന്തങ്ങൾ,
അക്ഷരത്തിൻ ആകാശഗീതങ്ങൾ
പകരുന്നു ത്രിപുടതാളത്തിൻ 

അർത്ഥവിന്യാസങ്ങളെ...
പുതുമുളകളായ്‌ പൊട്ടിത്തളിർക്കുന്നു
സ്വരരാഗസുധ തൻ നാരായവേരുകളും
പിച്ചവെച്ചെത്തി അക്ഷരമധുവുണ്ടു
നാവിൽ പൊൻ തരികളുമായി
ചിണുങ്ങിയ പിഞ്ചുബാല്യത്തിൻ
മണ്ണിൽ ചവുട്ടി നിൽക്കവെ
എത്തിനോക്കുന്നു കരിമഷിയെഴുതി
കടൽ കവർന്ന തീരത്തിൻ കാലങ്ങളും
മിഴികളിലഞ്ജനമെഴുതി നിൽക്കും
കുന്നിമണികൾ പോലെ കവിയുന്നു
അക്ഷരത്തേരിറങ്ങി വന്ന സ്വപ്നങ്ങളും
തുഷാരഹാരമണിഞ്ഞ വാക്കിന്നഗ്നിയും
അമൃതും, അഴലും പുണ്യവുമേകി
തീർക്കുന്നു ഹൃദയനഭസ്സിൽ
നവമൊരക്ഷര ഗീതത്തിൻ ചിലമ്പൊലികളെ...
..
LikeShow more reactions
Comment

No comments: