Friday, February 17, 2017

വളപ്പൊട്ടിന്റെ സംഗീതം


രഥചക്രങ്ങളുരുണ്ട
പടിയിറക്കത്തിൻ ചരിത്രം
കുറിച്ചുന്മാദത്തോടെ
പാതിരാവിലുണർന്നു
പൊട്ടിച്ചിരിപ്പൂ


വളപ്പൊട്ടുകൾ
മണ്ണെണ്ണ തിരിയിൽ
മഷി മുക്കി,കണ്ണിമ ചിമ്മാതെ
പൊട്ടിയ സ്വപ്നങ്ങൾ
ചേർത്തു വെച്ചു,ശുഭ
പ്രതീക്ഷ തൻ മാല കോർത്തു
പുലരിശംഖിലുദിക്കുന്ന
പുതിയ സ്വപ്നത്തിൻ
കഴുത്തിൽ ചാർത്തുവാൻ
ഗതകാലത്തിൻ നിഴലിലമർന്ന
കനവിനെയോർത്ത്‌
വിണ്ടുകീറിയ വ്രണങ്ങളിലമർന്ന്
പൊട്ടിച്ചിരിപ്പൂ വീണ്ടുമീ
വളപ്പൊട്ടുകൾ....
വിഷം തീണ്ടാത്ത കാലത്തിൻ
പടവിൽ നിന്നും തെന്നിയകന്ന്
സ്നേഹനിരാസത്തിൻ
പത്തിയിലമർന്ന്
തിരസ്കൃത കനലും പേറി
വിജയത്തിന്നരങ്ങിലെ
കളിക്കോപ്പഴിച്ചു വെച്ചു
യാത്ര തിരിച്ചു ,സാന്ധ്യ
രാഗവുമണിഞ്ഞ്‌
കടൽ സാക്ഷിയായ്‌.....
ദാഹം തീർത്ത തണ്ണീർത്തടങ്ങൾ
പുസ്തകതാളിന്നിടയിലൊളിപ്പിച്ച
മയിൽപ്പീലിത്തുണ്ടുകൾ
സ്വപ്നങ്ങൾക്ക്‌ നിറം ചാലിച്ച
ഇരട്ടിമധുരങ്ങൾ
നിറഭേദങ്ങൾ തൻ കുന്നിമണികൾ
മാല കോർത്ത വളപ്പൊട്ടുകളെല്ലാം
അഗ്നിനാവുകൾക്കന്നമായതും
വെയിൽപ്പക്ഷിയായ്‌ ദേശാന്തര
ങളിലലഞ്ഞു പറന്നതും
പൊട്ടിയൊലിച്ചു തീർക്കുന്നു
നോവിൻ കടലാഴങ്ങൾ....
കടലിൻ മഹാമൗനത്തിൻ
വാല്മീകത്തിലടയിരുന്ന്
തോറ്റിയുണർത്തുന്നു
ജീവനത്തുടിപ്പിൻ സ്വരപല്ലവികൾ
ആത്മതമസ്സകറ്റി സരസ്വതീ
യാമങ്ങളിലുണർന്നു കുറിച്ചിട്ട
സംക്രമഗീതങ്ങൾ....
കാലത്തിൻ ഗതിവേഗങ്ങൾ
തുഴഞ്ഞെത്തിനിൽപ്പു പാതി വഴിയിൽ
തിരയടിച്ചാർത്തെത്തുന്നു പേർത്തും
വളപ്പൊട്ടിൻ മൂകരാഗങ്ങളും
ശിലാമൗനങ്ങളിൽ തളച്ചിട്ട വാക്കുകളും....
രാഗവിരാഗത്തിൻ പെരുക്കങ്ങളി
ലർദ്ധയാമങ്ങളിൽ കടുന്തുടി
യിലുണർന്ന രുദ്രനടനത്തിൽ
തീയെരിഞ്ഞ ഫാലനേത്രങ്ങളും
വെയിൽ കുടിച്ചു തളർന്ന
പകലുകളും, വിസ്മൃതിയിലാണ്ട
സ്വപ്നത്തിൻ ചിറകനക്കങ്ങളും
ചിക്കിയുണരുമ്പോൾ
അനുഗമിച്ചത്തുന്നു ഉന്മാദ
ത്തിൻ പൊട്ടിച്ചിരിയായ്‌
വളപ്പൊട്ടിൻ ഭ്രാന്തമാം
കിലുക്കങ്ങൾ വാഗ്‌ സ്ഥലികളായ്‌........

No comments: